'എപ്പോഴും ചില്ലുകൂടാരത്തിലിരിക്കാതെ ഇറങ്ങിനടന്നൂടെ'; ജസ്റ്റിന്റേയും നാന്‍സിയുടേയും ഒരു മുംബൈ പ്രണയകഥ

കാലം 1991, സെപ്റ്റംബറിലെ ഒരു സായാഹ്നം. മുംബൈയിലെ ലൂര്‍ദ്മാതാ ദേവാലയത്തിലെ അള്‍ത്താരയ്ക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ നാന്‍സി എന്ന പെണ്‍കുട്ടി തന്റെ ഭാവിജീവിതത്തെക്കുറിച്ച് അത്രയൊന്നും ചിന്തിച്ചിരിക്കാന്‍ വഴിയില്ല. മൂന്നുമാസംമുന്‍പ് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നഴ്‌സായി എത്തിയപ്പോള്‍മുതല്‍ മുംബൈ എന്ന മഹാനഗരത്തില്‍ അവളും കൂട്ടുകാരികളും അപരിചിത തീര്‍ഥാടകരെപ്പോലെ ചുറ്റിക്കറങ്ങുക പതിവായിരുന്നു. മലയാളം കുര്‍ബാന ചൊല്ലുന്ന ഒരു പള്ളി കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെയാണ് അവര്‍ ഈ ദേവാലയത്തിലെത്തുന്നത്.
ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലെ റിട്രീറ്റ് സെന്ററിന്റെ റിസപ്ഷനിലെത്തി മുറിഹിന്ദിയില്‍ അവര്‍ കാര്യങ്ങള്‍ തിരക്കി. ചില്ലുകള്‍കൊണ്ട് മറച്ച കൂടാരത്തില്‍നിന്ന് മുഖമുയര്‍ത്തി റിസപ്ഷനിസ്റ്റായ ചെറുപ്പക്കാരന്‍ പറഞ്ഞു: ''മലയാളികളാണല്ലേ? എല്ലാ ഞായറാഴ്ചയും ഇവിടെ മലയാളം കുര്‍ബാന നടക്കാറുണ്ട്.'' ആതിഥ്യമര്യാദയും വിനയവുമുള്ള വ്യക്തിത്വം-ആദ്യസംഭാഷണത്തില്‍ ആ ചെറുപ്പക്കാരനെക്കുറിച്ച് നാന്‍സിക്ക് തോന്നിയത് അങ്ങനെയാണ്. അവര്‍ പരസ്പരം പരിചയപ്പെട്ടു. തിരുവനന്തപുരം തക്കലയ്ക്കുസമീപമാണ് വീട്. പേര് ജസ്റ്റിന്‍. പിരിയാന്‍നേരം അവര്‍ പറഞ്ഞു:''ഞങ്ങള്‍ക്കിവിടെ ജസ്റ്റിനെമാത്രമേ പരിചയമുള്ളൂ''
''ഞാനിവിടെ ഇരുപത്തിനാല് മണിക്കൂറും ഉണ്ടാകും ഇതുതന്നെയാണ് എന്റെ ലോകവും'' -അയാള്‍ പറഞ്ഞു. പിന്നീടുള്ള ഞായറാഴ്ചകളില്‍ നാന്‍സിയും സുഹൃത്തുക്കളും ദേവാലയത്തില്‍ കുര്‍ബാനയ്‌ക്കെത്തി. പതിയെ അവര്‍ക്കിടയില്‍ സൗഹൃദം വളര്‍ന്നു. ഒരിക്കല്‍ നാന്‍സി അവനോടായി ചോദിച്ചു. ''ഇത്ര ചെറുപ്പത്തില്‍ത്തന്നെ ഇരുപത്തിനാല് മണിക്കൂറും നിങ്ങള്‍ എന്തിനാണ് ഈ ചില്ലുകൂടാരത്തില്‍ ഇരിക്കുന്നത്, വല്ലപ്പോഴും ഇറങ്ങി നടന്നുകൂടേ!'' അതിന് മറുപടിയെന്നോണം ജസ്റ്റിന്റെ മുഖത്ത് ഒരു മന്ദഹാസം നിഴലിക്കുന്നത് അവള്‍ കണ്ടു. അന്നേദിവസം, നാന്‍സിയും കൂട്ടുകാരികളും കുര്‍ബാനയ്ക്കുശേഷം തിരിച്ചുപോരുമ്പോള്‍ ബോംബെ തെരുവോരങ്ങളിലെ യാചകര്‍ വരിവരിയായി ദേവാലയത്തിലേക്ക് വരുകയായിരുന്നു. എല്ലാ ഞായറാഴ്ചയും ആ യാചകര്‍ക്ക് ദേവാലയത്തില്‍നിന്ന് പൈസ കൊടുക്കുമായിരുന്നത്രേ.
അവര്‍ ആ കാഴ്ചകള്‍ നോക്കിനില്‍ക്കേ കാല്‍മുട്ടുകളില്‍ കൈയൂന്നി ആയാസപ്പെട്ട് ഒരു ചെറുപ്പക്കാരന്‍ നടന്നടുക്കുന്നുണ്ടായിരുന്നു. അയാള്‍ യാചകരുടെ ഭിക്ഷാപാത്രത്തിലേക്ക് നാണയത്തുട്ടുകള്‍ വെച്ചുനല്‍കുന്നു. നാന്‍സിക്ക് സ്വന്തം കണ്ണുകളില്‍ അവിശ്വാസംതോന്നി. നിവര്‍ന്നുനില്‍ക്കാന്‍ കഴിയാത്ത ആ യുവാവ് ജസ്റ്റിനായിരുന്നു. പെട്ടെന്ന് അവള്‍ മുന്‍പ് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുപോയി: 'എന്തിനാണ് ഇപ്പോഴും ഈ ചില്ലുകൂടാരത്തില്‍ ഇരിക്കുന്നത്...' അതൊരു കൂരമ്പുപോലെ അവളുടെ മനസ്സില്‍ തറച്ചുനിന്നു. മൂന്നുമാസത്തിനപ്പുറം ഡിസംബര്‍ 24-ലെ ക്രിസ്മസ് രാവിൽ അവള്‍ അവനോടായി തന്റെ പ്രേമത്തെ അറിയിച്ചു.
''അഞ്ചുവയസ്സുള്ളപ്പോഴാണ് എനിക്ക് പോളിയോ പിടിപെടുന്നത്. അരയ്ക്കുകീഴ്പോട്ട് തളര്‍ന്നുപോയി. അഞ്ചാംക്ലാസിനുശേഷം ബി.കോം വരെ നാഗര്‍കോവിലില്‍ അച്ചന്മാരുടെ ഒപ്പമായിരുന്നു വിദ്യാഭ്യാസം. ഞാനന്ന് നന്നായി ചിത്രംവരയ്ക്കുമായിരുന്നു. എല്ലാം നഷ്ടപ്പെട്ടവനുമുന്‍പില്‍ കാലം തുറന്നിട്ട വാതിലായിരിക്കാമത്. ഒരു അംഗപരിമിതനോടെന്നപോലെ ആ വൈദികര്‍ ഒരിക്കലും എന്നോട് പെരുമാറിയിട്ടുമില്ല. ചിത്രം വരയോടൊപ്പം അക്കാലത്ത് നന്നായി വായിക്കുകയും കുറച്ചൊക്കെ എഴുതുകയും ചെയ്തിരുന്നു. തമിഴ് എഴുത്തുകാരായ സുജാതയും ജയകാന്തനുമാണ് ഇഷ്ടഎഴുത്തുകാര്‍. അഞ്ചുവാല്യങ്ങളായി ഇറങ്ങിയ കല്‍ക്കിയുടെ പൊന്നിയന്‍ സെല്‍വനൊക്കെ ഇരുന്നയിരിപ്പില്‍ വായിച്ചിട്ടുണ്ട്. നാഗര്‍കോവിലില്‍ ഒപ്പമുണ്ടായിരുന്ന വൈദികനാണ്, '86-ല്‍ ബോംബെയിലേക്ക് എന്നെ കൊണ്ടുവരുന്നത്.
ഒഴിവുസമയങ്ങളില്‍ വരയ്ക്കാന്‍ കിട്ടുമായിരുന്നു. പാല്‍ക്കവറിന് മുകളിലുള്ള പരസ്യങ്ങളൊക്കെയായിരുന്നു ആദ്യകാലത്ത് വരച്ചത്. കൂടാതെ ലോഗോസും എംബ്ലവുമൊക്കെ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങി. അച്ചന്മാരുടെ മോട്ടോര്‍സൈക്കിള്‍വരെ പെയിന്റ്‌ചെയ്ത് അക്കാലത്ത് ഞാന്‍ പണം സമ്പാദിച്ചിട്ടുണ്ട്. യുവാവായിരുന്ന സമയത്ത് വിവാഹം മനസ്സില്‍പ്പോലുമില്ലാത്ത സങ്കല്പമായിരുന്നു. അംഗപരിമിതനെന്ന് സമൂഹത്തിന്റെ വിളിപ്പേരുള്ളതുകൊണ്ടാകാം ആ ചിന്ത രൂപപ്പെട്ടത്. പക്ഷേ, ഒരിക്കലും ഇക്കാര്യങ്ങള്‍ എന്റെ മനസ്സിനെ അലട്ടിയിരുന്നില്ല. ജീവിതത്തില്‍ എല്ലായ്പ്പോഴും ഞാന്‍ തികഞ്ഞ സന്തോഷവാനായിരുന്നു. അന്ന് ആരോ ഒരാള്‍ എന്നോടുചോദിച്ചു. വിവാഹം കഴിക്കുന്നില്ലേയെന്ന്. അവര്‍ക്ക് കൊടുത്ത മറുപടിയുണ്ട്: ഏതെങ്കിലുമൊരു പെണ്‍കുട്ടി ഇങ്ങോട്ടുവന്ന് എന്നെ സ്‌നേഹിക്കുന്നുവെന്ന് പറയുന്നുവെങ്കില്‍ മാത്രമേ ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. അങ്ങനെയൊരു പെണ്‍കുട്ടിയും പറയില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു'' -തന്റെ ലോകത്തെ ജസ്റ്റിന്‍ വരച്ചിടുന്നത് ഇങ്ങനെ.
നാന്‍സിയെ പരിചയപ്പെടുന്നതിനുമുന്‍പ് മുംബൈയിലെ പ്രശസ്തമായ റാം മൈക്ക എന്ന കമ്പനിയില്‍ ജസ്റ്റിന് ജോലി ലഭിച്ചു. അവര്‍ റാം ഗ്ലാസ് എന്നൊരു കമ്പനികൂടി ആരംഭിച്ചിരുന്നു. ഫൈബര്‍ ഗ്ലാസുകളില്‍ ഡിസൈന്‍ ചെയ്യലായിരുന്നു ജോലി. ഒരാള്‍ ചെറിയൊരു ഡിസൈന്‍ തരും. അത് ഫുള്‍സൈസില്‍ എന്‍ലാര്‍ജ്‌ചെയ്ത് വരച്ചുകൊടുക്കണം. അന്ന് സ്‌ക്വയര്‍ഫീറ്റിന് 40 രൂപ ലഭിക്കും. ഇന്ന് ജസ്റ്റിന്റെ കൈകളില്‍ കാണുന്ന ഊന്നുവടിയൊന്നും അന്നില്ലായിരുന്നു. എഴുന്നേറ്റു നടക്കാന്‍ പരസഹായം വേണം. സഹായികളെവെച്ച് അക്കാലത്ത് മാസം 40,000 രൂപവരെ സമ്പാദിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഇരുവരുടെയും മനസ്സിലുദിച്ച ആശയമായിരുന്നു ജസ്റ്റ്‌ന ആര്‍ട്ട് ആന്‍ഡ് ഇന്റര്‍നാഷണല്‍ (ജസ്റ്റിന്റെ JUSTയും നാന്‍സിയുടെ NAയും). ജസ്റ്റിന്‍ ഗ്ലാസുകള്‍ ഡിസൈന്‍ചെയ്യും. ബാക്കി ജോലിയെല്ലാം നാന്‍സിയും ചെയ്യും. മോട്ടോര്‍സൈക്കിളില്‍ ഗ്ലാസ് താങ്ങിപ്പിടിച്ച് ബോംബെയിലെ തെരുവായ തെരുവുകളിലൂടെയെല്ലാം അവര്‍ പാഞ്ഞു. ജീവിച്ചുകാണിക്കണമെന്ന വാശിയായിരുന്നു.
ഒരു സാഹസിക കല്യാണക്കഥ
''ഞാനൊരാളെ ഇഷ്ടപ്പെടുന്നു, പോളിയോ ബാധിച്ച് ഇരുകാലുകളും അരയ്ക്ക് കീഴ്പോട്ട് തളര്‍ന്നുപോയ വ്യക്തിയാണയാള്‍. ഒളിച്ചോട്ടത്തിനോ രജിസ്റ്റര്‍ മാര്യേജിനോ ഞാന്‍ ഒരുക്കമല്ല. നിങ്ങളുടെ എല്ലാവരുടെയും സമ്മതത്തോടെ വേണം എനിക്ക് അദ്ദേഹത്തെ വിവാഹംചെയ്യാന്‍''-മുപ്പതുവര്‍ഷംമുന്‍പ് നാന്‍സി, വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എഴുതിയ കത്തിലെ വരികളായിരുന്നു അത്.
''അന്ന് എന്റെ മനസ്സിലൊരു തോന്നലുണ്ടായി, ഇങ്ങനെയുള്ളൊരാള്‍ക്ക് ജീവിതം കൊടുത്താലെന്താണെന്ന്. അങ്ങനെ തോന്നിയതെന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ എനിക്ക് ഇന്നും അറിയില്ല. മനസ്സില്‍ തോന്നിയ ഇഷ്ടത്തെക്കുറിച്ച് ആര്‍ക്കുമറിയില്ലായിരുന്നു. ഒരിക്കല്‍ കൂട്ടുകാരിയോട് മനസ്സുതുറന്നു. നിനക്ക് ഭ്രാന്താണോയെന്ന് അവള്‍ ചോദിച്ചു. പിന്നീട് ജസ്റ്റിനോട് നേരിട്ട് പറയുകയായിരുന്നു. അതുകേട്ടപ്പോള്‍ 'അങ്ങനെയൊക്കെ തോന്നാന്‍ എന്താണ് കാരണം, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ' എന്നായിരുന്നു മറുചോദ്യം. നാട്ടില്‍പോയപ്പോള്‍ എന്റെ ആല്‍ബങ്ങള്‍ നോക്കുന്നതിനിടെ ജസ്റ്റിന്റെ ഒരു ഫോട്ടോ അമ്മച്ചി കണ്ടുപിടിച്ചു.
ആരാണെന്ന് ചോദിച്ചപ്പോള്‍, കൂട്ടുകാരിയുടെ സഹോദരനാണെന്ന് പറഞ്ഞു. കല്യാണം കഴിച്ചതാണോയെന്ന് എന്നോട് ചോദിച്ചു. ഞാന്‍ തമാശയ്ക്ക് ഒരു ചൂണ്ടല്‍ എറിഞ്ഞു. എനിക്കിയാളെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, പോളിയോ ബാധിച്ച് രണ്ടുകാലുകള്‍ക്കും ചലനശേഷിയില്ല. ആ നിമിഷം അമ്മച്ചി ഞെട്ടിത്തരിച്ചുനിന്നു. അങ്ങനെയൊന്നും വാക്കുകൊടുത്തേക്കല്ലേയെന്നായി. ഇതിനിടെ എനിക്ക് ഒമാനിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിലേക്ക് ഓഫര്‍ വന്നു. പോകണോ വേണ്ടയോയെന്ന ആലോചനയിലായിരുന്നു ഞാന്‍'' -നാന്‍സി പറഞ്ഞു
''നാന്‍സി മനസ്സിലുള്ള ഇഷ്ടം പറയുമ്പോള്‍ എനിക്ക് മാസശമ്പളം എത്രയാണെന്നോ വെറും 450 രൂപ. അവള്‍ക്ക് 7000 രൂപയും. നാന്‍സി ഒമാനിലേക്ക് പോയപ്പോള്‍ സുഹൃത്തുക്കളില്‍ ചിലര്‍ എന്നോടുപറഞ്ഞു. ഇങ്ങനെയൊക്കെ പലരും പറയും ഒന്നും ആഗ്രഹിക്കരുതെന്ന്. എന്നാല്‍, വൈകാതെ ഒമാനില്‍നിന്ന് എന്നെത്തേടി അവളുടെ കത്തുവന്നു'' -ജസ്റ്റിന്‍ ഓര്‍ക്കുന്നു
''ഓര്‍ത്തുനോക്കുമ്പോള്‍ ഒരു സാഹസികകല്യാണമായിരുന്നു ഞങ്ങളുടേത്. 1993 നവംബര്‍ 29-ന് വിവാഹംചെയ്യാമെന്ന് ബോംബെയിലിരുന്ന് ജസ്റ്റിനും സലാലയിലിരുന്ന് ഞാനും തീരുമാനിക്കുന്നു. ഞങ്ങള്‍ തമ്മിലുള്ള ഇഷ്ടത്തിന് ആദ്യം എതിര്‍പ്പുപ്രകടിപ്പിച്ച പഴയ സുഹൃത്തുക്കളെല്ലാം പിന്നീട് ഞങ്ങള്‍ക്കൊപ്പം നിന്നു. കല്യാണത്തീയതിക്ക് ഒരു ദിവസം മുന്‍പാണ് എന്റെ ലീവ് ആരംഭിക്കുന്നത്. ഞാനന്ന് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എഴുതി. ഈമാസം 29-ന് ജസ്റ്റിനുമായുള്ള വിവാഹം നടത്താമെന്ന് വിചാരിക്കുന്നു. നിങ്ങളെല്ലാവരും വരുകയും അനുഗ്രഹിക്കുകയും കല്യാണം നടത്തിത്തരികയും വേണം.
അതിനൊപ്പം മറ്റൊരു സാഹസംകൂടി ഞങ്ങള്‍ ചെയ്തു. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീടുള്ള ഒരുക്കങ്ങളെല്ലാം ദ്രുതഗതിയിലായിരുന്നു. ബോംബെയിലേക്ക് ലീവിന് വന്നവര്‍വഴി എന്റെ ബ്ലൗസിന്റെ അളവ് കൊടുത്തുവിടുന്നു. എനിക്ക് മന്ത്രകോടി സാരി എന്റെ സുഹൃത്തുക്കളും ജസ്റ്റിനും ചേര്‍ന്നുവാങ്ങുന്നു. അങ്ങനെ ഒരുക്കങ്ങളെല്ലാം നടന്നു. വീട്ടുകാര്‍ വരുമോയെന്ന ചോദ്യത്തിന്, വരും വരാതിരിക്കില്ല എന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാനും ജസ്റ്റിനും ആദ്യമായി കണ്ടുമുട്ടിയ ലൂര്‍ദ്മാതാ ദേവാലയത്തില്‍വെച്ച് കാലം ഞങ്ങളെ ഒന്നിപ്പിച്ചു. അഞ്ചുവര്‍ഷത്തിനുശേഷം ഞങ്ങള്‍ക്ക് ആദ്യമകന്‍ പിറന്നു. അവന്‍ ഒന്നാംക്ലാസില്‍ ആയപ്പോള്‍ അവന്റെ സ്‌കൂളില്‍ത്തന്നെ എനിക്കും നഴ്‌സായി ജോലികിട്ടി. ന്യൂ ബോംബെയിലെ റോയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആദ്യ നഴ്‌സായിരുന്നു ഞാന്‍. ജസ്റ്റിന് കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ ഞാന്‍ ലീവെടുക്കും. ജസ്റ്റിന്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ബാക്കി കാര്യങ്ങളൊക്കെ ഞാന്‍ സഹായിക്കും. ഇന്നും അങ്ങനെ തുടരുന്നു.''
Content Highlights: nancy and justin inspirational love story