ആരുടെയും സഹതാപം വേണ്ട, അഭിപ്രായങ്ങൾ കേൾക്കാനും തള്ളാനും ശക്തിയുണ്ട്- ഹർനാസ് സന്ധു

ഹർനാസ് കൗർ, ലാക്മെ ഫാഷൻ വീക്കിൽ നിന്ന് | Photos: instagram.com/harnaazsandhu_03/
ഹർനാസ് കൗർ, ലാക്മെ ഫാഷൻ വീക്കിൽ നിന്ന് | Photos: instagram.com/harnaazsandhu_03/

ലാക്മെ ഫാഷൻ വീക്കിലെ ചിത്രങ്ങൾ പുറത്തുവന്നതോടെ മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവിന് തടിവെച്ചതിന്റെ പേരിൽ കടുത്ത ബോഡിഷെയിമിങ് നേരിടേണ്ടിവന്നിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ആക്രമണം കടുത്തതോടെ തനിക്ക് സിലിയാക് ഡിസീസ് എന്ന ആരോഗ്യ പ്രശ്നമാണെന്നും വണ്ണം വെക്കാൻ കാരണം ഇതാണെന്നും അവർ വെളിപ്പെടുത്തുകയും ചെയ്തു. സന്ധുവിന്റെ ആരോഗ്യപ്രശ്നങ്ങൾ  അറിഞ്ഞതോടെ അവർക്ക് പിന്തുണയറിയിച്ച് ഒട്ടേറെപ്പേരെത്തുകയും ചെയ്തു. എന്നാലിപ്പോൾ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തനിക്കാരുടെയും സഹാതാപം ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹർനാസ്. ‌

മോശമായ അഭിപ്രായങ്ങൾ കേൾക്കാനും അവഗണിക്കാനും താൻ ശക്തയാണ്. എന്നാൽ ഇത്തരം ആരോപണങ്ങൾ നേരിടേണ്ടിവരുന്ന എല്ലാവരുടെയും കാര്യം ഇങ്ങനെയല്ല. അതെല്ലാം ബാധിക്കുന്ന ഒട്ടേറെയാളുകളുണ്ടാകും. അവർക്ക് ഇതെല്ലാം ഭീഷണിയായി തോന്നിയേക്കും. മിസ് യൂണിവേഴ്സ് ആണോ അല്ലയോ എന്നത് വിഷയമല്ല, ഓരോരുത്തരും എങ്ങനെയാണോ ആ രീതിയിൽ അവരെ ബഹുമാനിക്കേണ്ടതുണ്ട്. നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിക്കൂ.. ഹർനാസ് പറഞ്ഞു.

മറ്റുള്ളവരുടെ കാഴ്ചപ്പാട് മാറ്റുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, നിങ്ങൾ ആത്മവിശ്വാസമുള്ളവരാണെങ്കിൽ പിന്നെയാർക്കും നിങ്ങളെ തടുക്കാനാവില്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞദിവസമാണ് വണ്ണം വച്ചതിനെച്ചൊല്ലി നെ​ഗറ്റീവ് കമന്റുകൾ കടുത്തതോടെ തനിക്ക് സിലിയാക് രോഗമാണെന്ന് ഹർനാസ് വെളിപ്പെടുത്തിയത്. പലർക്കും തനിക്ക് ഗ്ലൂട്ടൻ അലർജിയാണെന്ന് അറിയില്ലെന്നും ആർക്കും തന്റെ ഈ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നുമാണ് ഹർനാസ് പറഞ്ഞത്. ഗോതമ്പും അതുപോലുള്ള പല വസ്തുക്കളും കഴിക്കാൻ കഴിയില്ല. അന്ന് മെലിഞ്ഞിരിക്കുന്നു എന്ന് കളിയാക്കിയവരൊക്കെ ഇന്ന് തടിച്ചി എന്നു വിളിച്ച് കളിയാക്കുന്നുവെന്നും ഹർനാസ് പറഞ്ഞിരുന്നു.

2021 ഡിസംബറിലാണ് ഹർനാസ് സന്ധു മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്.

സിലിയാക് രോഗം

ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടൻ ശരീരത്തിലെത്തുക വഴി ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന അവസ്ഥയാണ് സെലിയാക്. ഒരു ഓട്ടോ ഇമ്യൂൺ അസുഖംകൂടിയാണിത്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ശരീരത്തിനെതിരേ പ്രവർത്തിക്കുന്ന അവസ്ഥ. ശരീരഭാരം കൂടാനും കുറയാനും ഇത് കാരണമാകും. ദീർഘകാലദഹനപ്രശ്നങ്ങളുമുണ്ടായേക്കും.  

Content Highlights: miss universe harnaaz kaur sandhu, bodyshaming, weight gain, celiac disease