‘മരണശേഷമെങ്കിലും അവൾക്ക് സമീപം അന്ത്യവിശ്രമം വേണം’; മെർലിൻ മൺറോയുടെ ദുരൂഹ മരണവും തീരാത്ത നിഗൂഢതയും

ലോസ് ആഞ്ജലീസിലെ ബ്രെന്റ്‌വുഡിലെ ഫിഫ്ത്ത് ഹെലന ഡ്രൈവിലുള്ള വസതിയിൽ 1962 ഓഗസ്റ്റ് അഞ്ചിനാണ് മെർലിൻ മൺറോയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. അന്ന് 36 വയസ്സുമാത്രമായിരുന്നു അവരുടെ പ്രായം.
ഓഗസ്റ്റ് അഞ്ചിന് പുലർച്ചെ മുറിയിൽ ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ട് വീട്ടുജോലിക്കാരിയായ യൂനിസ് മുറേ അങ്ങോട്ടെത്തി. കിടപ്പുമുറി പൂട്ടിയ നിലയിലായിരുന്നു. തുടർച്ചയായി വിളിച്ചിട്ടും പ്രതികരണം കാണാതെ വന്നതോടെ അവർ മെർലിന്റെ ഡോക്ടറായ മാനസികാരോഗ്യ വിദഗ്ധൻ റാൽഫ് ഗ്രീൻസണിനെ വിളിച്ചു കാര്യം പറഞ്ഞു. ഏകദേശം മൂന്നരയായിക്കാണും. അയാൾ സ്ഥലത്തെത്തി. ജനൽ തകർത്ത് മുറിക്കുള്ളിലേക്ക് കയറി. പൂർണനഗ്നയായി ഒരു കയ്യിൽ ഫോണുമായി കമിഴ്ന്നുകിടക്കുകയായിരുന്നു മെർലിൻ. മുറിയിൽ മരുന്നുകുപ്പികൾ ചിതറിക്കിടപ്പുണ്ടായിരുന്നു. ഒരുപക്ഷെ ആത്മഹത്യയായിരിക്കാം എന്ന നിഗമനമുണ്ടെങ്കിലും 64 വർഷങ്ങൾക്കിപ്പുറവും നിഗൂഢമാണ് അവരുടെ മരണം. നിരവധി ഗൂഢാലോചനാസിദ്ധാന്തങ്ങൾ മെർലിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞു.
അതുകൊണ്ടുതന്നെ മരണശേഷം 2 പതിറ്റാണ്ടുകൾക്കപ്പുറം പോലും ലോസ് ആഞ്ജലീസ് പോലീസിന് ആ കേസ് വീണ്ടും പുനരന്വേഷിക്കേണ്ടി വന്നു. പോലീസിനൊപ്പം ആന്റണി സമ്മേഴ്‌സ് എന്ന മാധ്യമപ്രവർത്തകൻ സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചു. 650 ടേപ്പ് റെക്കോഡഡ് അഭിമുഖങ്ങളാണ് അദ്ദേഹം എടുത്തുകൂട്ടിയത്. അതൊരു കൊലപാതകമായിരുന്നില്ലെന്നും ആത്മഹത്യയാകാനാണ് വഴിയെന്നുമുള്ള നിഗമനത്തിൽ സമ്മേഴ്‌സ് എത്തി.
മരിച്ചുകിടക്കുമ്പോൾ മെർലിന്റെ ഒരു കയ്യിൽ ഫോൺ ഉണ്ടായിരുന്നതിനാൽതന്നെ ആരോടാണ് അവർ അവസാനം സംസാരിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ലോകം. അവൾ അവസാനം ഫോണിൽ വിളിച്ചവരിൽ ഒരാൾ അവളുടെ ഹെയർഡ്രസറായ സിഡ്‌നി ഗിലറോഫ് ആണെന്ന് സമ്മേഴ്‌സ് പറയുന്നുണ്ട്. അവൾ പ്രണയത്തിലായിരുന്ന റോബർട്ട് എഫ് കെന്നഡി വസതിയിലെത്തിയെന്നും അവളെ ഭീഷണിപ്പെടുത്തിയെന്നുമാണ് സിഡ്‌നിയോട് അവൾ പറഞ്ഞതെന്നാണ് അവർ നൽകിയ മൊഴി. എന്നാൽ ആഴ്ചാവസാനം അദ്ദേഹം കുടുംബത്തോടൊപ്പം നോർത്തേൻ കലിഫോർണിയയിലായിരുന്നു എന്ന വാദവുമായി അറ്റോണി ജോൺ ബേയ്റ്റ്‌സ് എത്തിയതോടെ ആ മൊഴി സംശയത്തിന്റെ നിഴലിലായി.
അവസാന മണിക്കൂറുകളിൽ അവളോട് സംസാരിച്ചവരിൽ മറ്റൊരാൾ നടനായ പീറ്റർ ലാഫോഡാണ്. അത്താഴത്തിന് വീട്ടിലേക്ക് മെർലിനെ അദ്ദേഹം ക്ഷണിച്ചെങ്കിലും ഒട്ടുംവയ്യെന്ന് പറഞ്ഞ് അവൾ ആ ക്ഷണം നിരസിച്ചു. ശബ്ദത്തിൽതന്നെ അവളുടെ ക്ഷീണം തിരിച്ചറിഞ്ഞ പീറ്റർ അവളെ നിർബന്ധിച്ചില്ല. പീറ്ററിന്റെ ഭാര്യയായ പാറ്റിനോടും ജാക്കിനോടും(പ്രസിഡന്റ് കെന്നഡി) വിടപറയുക. നിങ്ങളോടും വിടപറയുകയാണ്. കാരണം നിങ്ങളൊരു നല്ല മനുഷ്യനാണെന്ന് പറഞ്ഞാണ് ആ കോൾ മെർലിൻ കട്ട് ചെയ്യുന്നത്. എന്തോ മോശമായത് സംഭവിക്കാനിരിക്കുന്നു എന്ന തോന്നലുണ്ടായെങ്കിലും മെർലിന്റെ വസതിയിലേക്ക് പോകാൻ തനിക്ക് തോന്നാത്തതിൽ പിന്നീട് പലപ്പോഴും പീറ്റർ പശ്ചാത്തപിച്ചിട്ടുണ്ട്.
ലോകത്തെ പിടിച്ചുകുലുക്കിയ മരണമായിരുന്നു മെർലിന്റേത്. എല്ലാ മാധ്യമങ്ങളുടെയും പ്രധാന തലക്കെട്ട്. ഓഗസ്റ്റ് എട്ടിന് വെസ്റ്റ്വുഡ് വില്ലേജ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലായിരുന്നു മെർലിന്റെ സംസ്‌കാരചടങ്ങുകൾ നടന്നത്. പക്ഷെ അതിനുമുൻപായി അവളുടെ പ്രിയപ്പെട്ടവർ ആ സംസ്‌കാര ചടങ്ങ് സ്വകാര്യമായി നടത്താനാണ് ആഗ്രഹിക്കുന്നതെന്നും എല്ലാവരും അത് മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ട് ഒരു പത്രക്കുറിപ്പ് ഇറക്കി.
മെർലിനോടുള്ള പൊതുജനത്തിന്റെ ഒബ്‌സെഷൻ എത്രത്തോളമായിരുന്നു എന്നത് സ്ഥാപിക്കുന്നതിനായി മെർലിൻ കടിച്ച ആപ്പിൾ ലേലത്തിൽ വച്ചതായുളള വാർത്തകൾ ഒരുകാലത്ത് പുറത്തുവന്നിട്ടുണ്ട്. പിന്നീട് ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ മെർലിനോടുള്ള ഒബ്‌സെഷൻ കാരണം അവരുടെ ശവക്കല്ലറയ്ക്ക് സമീപം സ്ഥലം വാങ്ങിയ ഒരു ബിസിനസ്സുകാരനുണ്ട്, റിച്ചാർഡ് പോഞ്ചർ. മെർലിനൊപ്പംഎന്നെന്നും കഴിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി അവളുടെ കല്ലറയ്ക്ക് തൊട്ടുമുകളിലായുള്ള സ്ഥലം അദ്ദേഹം വാങ്ങി. അവൾക്ക് അഭിമുഖമായി മുഖം താഴേക്കാക്കി തന്നെ അടക്കം ചെയ്യണമെന്നും അദ്ദേഹം നിർദേശം വച്ചിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അങ്ങനെ ചെയ്‌തെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ഈ സ്ഥലം വിറ്റതായാണ് റിപ്പോർട്ടുകൾ.
കല്ലറയ്ക്ക് സമീപം കല്ലറതന്നെ വാങ്ങിയ മറ്റൊരാൾ പ്ലേബോയ് സ്ഥാപകനായ ഹ്യൂ ഹെഫ്‌നറാണ്. 1992ൽ 75,000 ഡോളർ നൽകിയാണ് അദ്ദേഹം കല്ലറ സ്വന്തമാക്കിയത്. തന്റെ മാധ്യമ സാമ്രാജ്യത്തെ ഉന്നതങ്ങളിലെത്തിച്ച താരത്തിന് തൊട്ടടുത്ത് അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം.