ഇന്ത്യ കണ്ട ഏറ്റവും വലിയ ഡീൽ; ഗുരുഗ്രാമിൽ 271 കോടിയുടെ പെന്റ്ഹൗസ് സ്വന്തമാക്കി വ്യവസായി

രാജ്യത്തെ റിയൽ എസ്റ്റേറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കുള്ള സിംഗിൾ-യൂണിറ്റ് റെസിഡൻഷ്യൽ വിൽപനയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഗുഡ്ഗാവ്. ഒന്നും രണ്ടുമല്ല, 271 കോടിയുടെ ഡീൽ! ഗുരുഗ്രാമിലെ ഡി.എൽ.എഫ് 'ദി ഡാലിയാസ്' പ്രൊജക്ടിൽ 271 കോടി രൂപ നൽകി പ്രമുഖ വ്യവസായിയായ മാനവ് സർദാനയാണ് അൾട്രാ ലക്ഷ്വറി പെന്റ്ഹൗസ് സ്വന്തമാക്കിയിരിക്കുന്നത്. വൻകിട വ്യവസായികളെയും നിക്ഷേപകരെയും അമ്പരപ്പിച്ചുകൊണ്ടാണ് കോടികളുടെ റിയൽ എസ്റ്റേറ്റ് ഡീൽ പുറത്തുവന്നിരിക്കുന്നത്. ഗുരുഗ്രാമിലെ സെക്ടർ 54-ൽ ഗോൾഫ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഡി.എൽ.എഫിന്റെ ഫ്‌ലാഗ്ഷിപ്പ് പ്രൊജക്ടിലാണ് മാനവ് സ്വന്തമാക്കിയ സ്വപ്‌ന ഭവനം.
ഏകദേശം 17,200 ചതുരശ്ര അടി സൂപ്പർ ഏരിയയും 10,500 ചതുരശ്ര അടി കാർപെറ്റ് ഏരിയയുമുള്ള വിശാലമായ പെന്റ്ഹൗസാണിത്. സൂപ്പർ ഏരിയയിൽ ചതുരശ്ര അടിയ്ക്ക് ഏകദേശം 1.58 ലക്ഷം രൂപ, കാർപെറ്റ് ഏരിയയിൽ ചതുരശ്ര അടിയ്ക്ക് ഏകദേശം 2.6 ലക്ഷം രൂപ എന്ന നിരക്കിലാണ് വില വരുന്നത്.
ഒരു നൂറ്റാണ്ടിലധികമായി വ്യവസായ രംഗത്തുള്ള ഡൽഹി-എൻ.സി.ആർ മേഖലയിലെ സർദാന കുടുംബത്തിലെ അംഗമാണ് മാനവ് സർദാന.ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇംപീരിയൽ ഓട്ടോ ഇൻഡസ്ട്രീസ്' ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്. വാഹനങ്ങളുടെ ഭാഗങ്ങളാണ് ഇവിടെ നിർമിക്കുന്നത്. 1969-ൽ മാനവ് സർദാനയുടെ പിതാവ് എസ്.ബി. സർദാനയും ജഗ്ജിത് സിങ്ങും ചേർന്നാണ് ഇംപീരിയൽ ഓട്ടോ സ്ഥാപിച്ചത്. ആഗോള പ്രൈവറ്റ് ഇക്വിറ്റി ഫേമായ വാർബർഗ് പിൻകസ്, കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് മാനവ് സർദാന ഇതിന്റെ സജീവ ഭാഗമായിരുന്നു. നിലവിൽ ഇംപീരിയൽ സിലിക്കൺ, ക്രൂസ് ഹൈഡ്രോളിക്‌സ് ഉൾപ്പെടെ കുടുംബത്തിന്റെ അധീനതയിലുള്ള ഒരു ഡസനിലധികം കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗമാണ് ഇദ്ദേഹം.
ഡി.എൽ.എഫ്; ശതകോടീശ്വരന്മാരുടെ താവളം
2024 ഒക്ടോബറിലാണ് ഡി.എൽ.എഫ് ഗുരുഗ്രാമിൽ 17 ഏക്കർ വിസ്തൃതിയിൽ 'ദി ഡാലിയാസ്' എന്ന അൾട്രാ-സൂപ്പർ ലക്ഷ്വറി പദ്ധതി പ്രഖ്യാപിക്കുന്നത്. പദ്ധതിയിൽ ആകെയുള്ള 420 അപ്പാർട്ട്മെന്റുകളുടെയും പെന്റ്ഹൗസുകളുടെയും വില ആരംഭിക്കുന്നത് തന്നെ 100 കോടി രൂപ-170 കോടി രൂപ മുതലാണ്. പദ്ധതി വഴി 40,000 കോടിയോളം രൂപയുടെ റവന്യൂ ലക്ഷ്യമിടുന്ന ഡി.എൽ.എഫ് ഇതിനകം 65 ശതമാനത്തിലധികം യൂണിറ്റുകളും വിറ്റഴിച്ചു.
നേരത്തെ പ്രമുഖ ഓഹരി വിപണി നിക്ഷേപകനായ മധുസൂദൻ (120.7 കോടി രൂപ), മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ (68.89 കോടി രൂപ) എന്നിവരും ദി ഡാലിയാസിൽ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു വ്യവസായി 380 കോടി രൂപ മുടക്കി ഈ പ്രോജക്റ്റിലെ നാല് ഫ്‌ളാറ്റുകൾ ഒന്നിച്ചെടുത്ത് ഒറ്റ വസതിയാക്കി മാറ്റിയതും വലിയ വാർത്തയായിരുന്നു.
മുംബൈയ്ക്ക് പിന്നാലെ ഡൽഹി-എൻ.സി.ആറിലെ ഗുരുഗ്രാമും ഇന്ത്യയിലെ അതിസമ്പന്നരുടെ പ്രിയപ്പെട്ട റിയൽ എസ്റ്റേറ്റ് കേന്ദ്രമായി വളരുകയാണെന്ന സൂചനയാണ് ഈ ഭീമൻ ഇടപാടിലൂടെ ലഭിച്ചിരിക്കുന്നത്. ഗുരുഗ്രാം വൈകാതെ ന്യൂയോർക്കിനെ മറികടക്കുമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.
Content Highlights: Businessman Manav Sardana purchased an ultra-luxury penthouse in Gurugram for 271 crore rupees., The property is located in DLF's flagship 'The Dahlias' project on Golf Course Road, Sector 54., The penthouse spans 17,200 sq ft super area and 10,500 sq ft carpet area., DLF The Dahlias has attracted top investors, industrialists, and celebrities like Shikhar Dhawan.