അലോപേഷ്യ ബാധിച്ച് മുടി നഷ്ടപ്പെട്ട കാമുകിക്കായി കാമുകൻ ചെയ്തത്; വൈറൽ വീഡിയോ

നല്ലപാതിക്കൊരു വിഷമം വരുമ്പോൾ നിഴൽ പോലെ കൂടെനിന്ന് ആശ്വാസം പകരുന്നവരുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു വീഡിയോയും അതിനൊരുദാഹരണമാണ്. അലോപേഷ്യ ബാധിച്ച് മുടി നഷ്ടപ്പെട്ട കാമുകിക്കു വേണ്ടി കാമുകൻ ചെയ്ത പ്രവർത്തിയാണ് ഹൃദയം തൊടുന്നത്.
ബാസ്ക്കറ്റ്ബോൾ പ്ലേയറായ റെക്സ് ചാപ്മാന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കാമുകി അലോപേഷ്യ മൂലം മുടി കൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടിയിരുന്നു, മനുഷ്യത്വം- എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒന്നരമിനിറ്റുള്ള വീഡിയോ ആരംഭിക്കുന്നത് കാമുകിയുടെ തല ഷേവ് ചെയ്യുന്ന കാമുകനിൽ നിന്നാണ്. കാമുകിയുടെ മുടി പൂർണമായും നീക്കം ചെയ്തതിനു ശേഷം കക്ഷി ട്രിമ്മർ തന്റെ തലയിലേക്കു മാറ്റുകയാണ്. തുടർന്ന് കാമുകിയെപ്പോലെ തന്റെ മുടിയും പൂർണമായും നീക്കം ചെയ്യുന്നു. ഇതുകണ്ട അമ്പരന്ന കാമുകി സങ്കടം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോക്കു കീഴെ കാമുകനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ശരീരത്തിന്റെ പ്രതിരോധാവസ്ഥ നഷ്ടപ്പെടുന്നതുവഴി ഹെയർഫോളിക്കിളുകൾ നാശമാകുന്നതാണ് അലോപേഷ്യക്കു കാരണം. ചിലപ്പോൾ വട്ടത്തിൽ ചെറിയ രൂപത്തിൽ തുടങ്ങുന്ന ഇവ കാലക്രമേണ കൂടുതൽ ശ്രദ്ധേയമായ രീതിയിൽ കൊഴിഞ്ഞുകാണപ്പെടും.
Content Highlights: Man goes bald after shaving girlfriend's head who suffers from alopecia