ജോലിക്കാരികള്‍ക്ക് സമ്മാനം ഐഫോണ്‍ 16; ഈ വീട്ടിൽ ജോലികിട്ടാന്‍ എന്താണുവഴിയെന്ന് സോഷ്യല്‍മീഡിയ

കണ്ണടച്ച് കളിക്കുന്നതിനിടെ ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാമെന്നുപറഞ്ഞ് മൂന്നുവയസ്സുകാരി ക്‌സിസി അകത്തേക്ക് പോയപ്പോള്‍ വീട്ടുജോലിക്കാരികളായ ശ്രീയും നൈനാങ്ങും ഇങ്ങനെയൊരു സമ്മാനത്തേക്കുറിച്ച് സങ്കൽപിച്ചിട്ടേയുണ്ടായിരുന്നില്ല. താന്‍ പറഞ്ഞിട്ടേ കണ്ണുതുറക്കൂ എന്ന് സത്യംചെയ്യിച്ചായിരുന്നു ക്‌സിസി അകത്തേക്കുപോയത്. രക്ഷിതാക്കള്‍ക്കൊപ്പം പുറത്തുപോയിവരുമ്പോള്‍ കൊണ്ടുവരുന്ന എന്തെങ്കിലും ഭക്ഷണപ്പൊതിയായിരിക്കുമെന്നേ ആ നിമിഷംവരെ ശ്രീയും നൈനാങ്ങും ചിന്തിച്ചിരുന്നുള്ളൂ. പക്ഷെ, കണ്ണ് തുറന്നപ്പോഴാണ് അവര്‍ ശരിക്കും ഞെട്ടിയത്- ആപ്പിള്‍ ഐ ഫോണ്‍ 16-ന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍. ഒന്നല്ല, രണ്ടെണ്ണം.
മലേഷ്യക്കാരായ ജെഫ് ലിയോങ്, ഇന്ദിര കലിഞ്ജിയാന്‍ എന്നിവരാണ് തങ്ങളുടെ വീട്ടുജോലിക്കാരായ രണ്ട് സ്ത്രീകള്‍ക്ക് ആപ്പിളിന്റെ പുതിയ ഫോണ്‍ സമ്മാനമായി നല്‍കി ഞെട്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയും ചെയ്തു. ഇതോടെ ഈ വീട്ടിൽ ജോലികിട്ടാന്‍ എന്താണ് യോഗ്യത എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ ചോദിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവരുടെ വീട്ടിലെ അംഗങ്ങളേപ്പോലെയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള വീട്ടുജോലിക്കാരികളായ ശ്രീയും നൈനാങ്ങും. ജെഫും ഇന്ദിരയും ജോലിക്കുപോവുന്ന സമയത്ത് ഒരു കുറവുംവരുത്താതെയാണ് ഇവര്‍ വീട് നോക്കുകയും കുട്ടികളെ പരിചരിക്കുകയും ഭക്ഷണം പാകംചെയ്യുകയും ചെയ്യുന്നത്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് തങ്ങളേക്കാള്‍ അടുപ്പം അവരോടാണെന്ന് ഇരുവരും സമ്മതിക്കുന്നുമുണ്ട്. തുടര്‍ന്നാണ് സര്‍പ്രൈസ് സമ്മാനമായി കഴിഞ്ഞ ദിവസം ഐ ഫോണ്‍ 16 സമ്മാനിച്ചത്.
തങ്ങളുടെ ഓരോ ദിവസത്തേയും സംഭവങ്ങൾ വീഡിയോ എടുത്ത് യുട്യൂബിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് സമ്മാനത്തിന്റെ കാര്യവും പുറംലോകം അറിഞ്ഞത്. ജോലിയോ പദവിയോ നോക്കാതെ എല്ലാവരേയും ഒരുപോലെ കാണണമെന്നും തന്റെ വീട്ടില്‍ വീട്ടുജോലിക്കാരിയെന്നും വീട്ടുടമസ്ഥരെന്നുമുള്ള വിവേചമില്ലെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
Content Highlights: malaysian couple praisedgifterd their domestic helpers brand-n ew iPhones