‘ഒന്നിലേറെ ഭാര്യമാർ, തട്ടിപ്പുകാരൻ’ എന്നൊക്കെ കേട്ടു: ഫോട്ടോ കണ്ട് അമ്മ ആശങ്കപ്പെട്ടു-മേജർ ഋഷഭ്സിങ് സംബ്യാൽ

major rishabh singh sambyal|PHOTO:instagram.com/major_rs_sambyal/
major rishabh singh sambyal|PHOTO:instagram.com/major_rs_sambyal/

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എ.ഡി.സി (എയ്ഡ്-ഡി-ക്യാംപ്) മേജർ ഋഷഭ് സിങ് സംബ്യാലിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി തുടരുകയാണ്. 'നാഷണൽ ക്രഷ്' എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിച്ച ഋഷഭ് സിങ് സംബ്യാലിന്റെ രാജ് ഷമാനിയുമായി നടത്തിയ ഒരു പോഡ്കാസ്റ്റ് ഇപ്പോൾ വൈറലാണ്.

എഡിസി പദവിയിൽ നിന്ന് അടുത്തിടെ സ്വയം വിരമിച്ച അദ്ദേഹം രാഷ്ട്രപതി ഭവനിലെ തന്റെ ചുമതലകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമാണ് തുറന്നു സംസാരിച്ചത്. 12 വർഷത്തെ സൈനികസേവനത്തിനുശേഷമാണ് അദ്ദേഹം യൂണിഫോം അഴിച്ചുവെക്കുന്നത്.

രാജ്യത്തിന്റെ പ്രസിഡന്റിന്റെ നിഴലായി പ്രവർത്തിച്ച നാളുകളിലെ വ്യക്തിപരമായ ത്യാഗങ്ങളെക്കുറിച്ചും കരിയറിൽ മറഞ്ഞിരിക്കുന്ന യാഥാർഥ്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ജീവിതത്തിലുണ്ടായ ഏറ്റവും മോശം അനുഭവത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. താൻ വിവാഹിതനാണെന്നും ഒന്നിലേറെ ഭാര്യമാരും നിരവധി പ്രണയബന്ധങ്ങളുമുണ്ടെന്നുമൊക്കെയുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നതായി ഋഷഭ് പറഞ്ഞു. താൻ വഞ്ചകനും തട്ടിപ്പുകാരനുമാണെന്ന് വരെ ചില പോസ്റ്റുകളിൽ ആരോപിച്ചിരുന്നു. കർശനമായ പോലീസ് ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ, സുരക്ഷാ പരിശോധനകൾ എന്നിവയ്ക്ക് ശേഷമാണ് സൈന്യത്തിലെയും രാഷ്ട്രപതി ഭവനിലെയും പദവികളിൽ ഒരാൾ നിയമിക്കപ്പെടുന്നത്. എന്നിട്ടും ഇത്തരം അടിസ്ഥാനരഹിതമായ കഥകൾ പടച്ചുവിടുന്നത് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അപരിചിതരുടെ ഇത്തരം പ്രചാരണങ്ങളെക്കാളുപരി ഇത് തന്റെ മാതാപിതാക്കളെ എത്രത്തോളം ആശങ്കപ്പെടുത്തി എന്നതായിരുന്നു പ്രധാന പ്രശ്‌നം. രാഷ്ട്രപതി ഭവനിൽ ജോലി ചെയ്യവേ ഒരിക്കൽ തന്റെ അമ്മയുടെ ഫോണിലേക്ക് ഒരു ചിത്രം വന്നു. ഒരു പെൺകുട്ടിക്കും കുട്ടിക്കും ഒപ്പം നിൽക്കുന്ന ചിത്രമായിരുന്നു അത്. സന്ദർഭത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാൽ അമ്മ ഉത്കണ്ഠയോടെ രാഷ്ട്രപതിക്കൊപ്പം നിൽക്കുമ്പോൾ ആ ചിത്രം ഋഷഭിന് ഫോർവേഡ് ചെയ്തു. അമ്മയോട് അത് വിശദീകരിച്ച് സമാധാനിപ്പിക്കേണ്ടി വന്ന സാഹചര്യം ഏറെ സങ്കീർണമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.

വിവാഹത്തിന് വിലക്ക്

രാഷ്ട്രപതിയുടെ എഡിസി എന്ന പദവി പുറത്തുനിന്ന് കാണുന്നതുപോലെ കേവലം തിളക്കമുള്ള ഒന്നല്ലെന്ന് മേജർ ഋഷഭ് വ്യക്തമാക്കുന്നു. 24 മണിക്കൂറും ജാഗ്രതയും പൂർണ്ണ സമർപ്പണവും ആവശ്യപ്പെടുന്ന ഈ പദവിയിൽ തുടരുമ്പോൾ വ്യക്തിജീവിതം പൂർണ്ണമായും മാറ്റിവെക്കേണ്ടി വരും. 'ഞാൻ ഇപ്പോഴും വിവാഹിതനല്ല. രാഷ്ട്രപതിയുടെ എഡിസിയായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് ആ കാലയളവിൽ വിവാഹം കഴിക്കാൻ അനുവാദമില്ലെന്ന കടുത്ത നിബന്ധനയുണ്ട്,' മേജർ ഋഷഭ് പറഞ്ഞു.

താൻ ചെയ്ത ഏറ്റവും വലിയ വ്യക്തിപരമായ ത്യാഗം കുടുംബത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും അകന്നുനിൽക്കേണ്ടി വന്നു എന്നതാണെന്ന് അദ്ദേഹം ഓർത്തെടുത്തു. ഒരു സാധാരണക്കാരനെപ്പോലെ പുറത്തിറങ്ങി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനോ യാത്രകൾ ചെയ്യാനോ സ്വന്തമായി ഒരു കുടുംബം കെട്ടിപ്പടുക്കാനോ ആ കാലയളവിൽ സാധിച്ചിരുന്നില്ല.

സാധാരണക്കാർക്ക് വിവിഐപിയെ അനുഗമിക്കുന്ന മിടുക്കനായ ഉദ്യോഗസ്ഥൻ മാത്രമാണ് എഡിസി. എന്നാൽ അതിനുപിന്നിൽ വലിയ ഉത്തരവാദിത്തങ്ങളും എപ്പോഴും പുലർത്തേണ്ട ജാഗ്രതയുമുണ്ട്. രാഷ്ട്രപതിയുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് ഏകോപിപ്പിക്കുക, ഔദ്യോഗിക പ്രോട്ടോക്കോളുകൾ പൂർണ്ണമായും പാലിക്കുക, വിവിഐപി സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്. രാഷ്ട്രപതിയുടെ സുരക്ഷയും പ്രോട്ടോക്കോളും നോക്കിനടത്തേണ്ടതിനാൽ സാധാരണജീവിതം ആസ്വദിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

അമ്മയും മകനും പോലൊരു ആത്മബന്ധം

സൈനിക സേവനത്തിൽ പ്രവേശിച്ച 2014 മുതൽ തനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ സമയം വളരെ കുറവായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ആദ്യമായി കണ്ടപ്പോൾ സ്വന്തം അമ്മ മുന്നിൽ നിൽക്കുന്ന ഒരു അനുഭവമാണ് തനിക്കുണ്ടായതെന്ന് മേജർ ഋഷഭ് പറഞ്ഞു. മൂന്ന് വർഷത്തെ ഈ സേവനകാലയളവിൽ രാഷ്ട്രപതിയുമായി പുലർത്തിയ ആത്മബന്ധം തികച്ചും വേറിട്ടതായിരുന്നു.

രാഷ്ട്രപതിയെ ആദ്യം കാണുമ്പോൾ അമ്മ മുന്നിൽ നിൽക്കുന്ന എന്ന തോന്നലാണ് തനിക്കുണ്ടായതെന്നും ഋഷഭ് പറഞ്ഞു.സമൂഹമാധ്യമങ്ങളിൽ രാഷ്ട്രപതിക്കൊപ്പം ഉള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൻതോതിൽ പ്രചരിച്ചിരുന്നു. സോഷ്യൽമീഡിയ ഇവരുടെ ബന്ധത്തെ അമ്മ-മകൻ ബന്ധത്തോടാണ് ഉപമിച്ചിരുന്നത്.

ഹാൻസം ലുക്കിലൂടെയും ഗാംഭീര്യമുള്ള വ്യക്തിത്വത്തിലൂടെയും സോഷ്യൽ മീഡിയയിൽ പെൺകുട്ടികളുടെ 'നാഷണൽ ക്രഷ്' എന്ന വിശേഷണവും മേജർ ഋഷഭ് നേടിയിരുന്നു. ഓഗസ്റ്റ് 21-നാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നന്ദിയറയിച്ചതും അനുഗ്രഹം തേടിയതും. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അദ്ദേഹം ഔദ്യോഗികമായി സേവനമവസാനിപ്പിച്ച വിവരം പുറംലോകമറിയുന്നത്.

പദവിയിലേക്ക് അപ്രതീക്ഷിത വരവ്

രാഷ്ട്രപതിയുടെ എഡിസിയാവുക എന്നത് താൻ നേരത്തെ ആസൂത്രണം ചെയ്ത ഒന്നായിരുന്നില്ല. ഒരു സൈനിക പരിശീലനത്തിനിടയിലാണ് കമാൻഡിംഗ് ഓഫീസർ ഈ തസ്തികയിലേക്ക് തന്നെ തിരഞ്ഞെടുത്ത വിവരം അറിയിക്കുന്നത്. ആരംഭത്തിൽ താൽപ്പര്യമില്ലാതിരുന്നെങ്കിലും, മുതിർന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷമാണ് ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുത്തത്. 'ഇതൊരു പരീക്ഷണം പോലെ ചെയ്യാൻ കഴിയുന്ന ഒന്നല്ല, പരാജയപ്പെട്ടാൽ അത് കരിയറിനെ ബാധിക്കും' എന്ന കമാൻഡിംഗ് ഓഫീസറുടെ ഓർമ്മപ്പെടുത്തൽ എപ്പോഴും മനസ്സിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ സാംബ ജില്ലയിലുള്ള ഗുര സ്ലാത്തീയ ഗ്രാമത്തിലെ ഡോഗ്ര രാജ്പുത് കുടുംബത്തിലാണ് ഋഷഭ് ജനിച്ചത്. സൈനിക പശ്ചാത്തലമുള്ള കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ അദ്ദേഹം 2013-ൽ എൻ.ഡി.എ പരീക്ഷ പാസ്സായി 2014-ൽ പരിശീലനം ആരംഭിച്ചു.

2017-ൽ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐ.എം.എ) നിന്ന് പ്രതിരോധ മാനേജ്‌മെന്റിൽ ബിരുദം നേടി സൈന്യത്തിന്റെ ഭാഗമായി. 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച മാർച്ചർമാർക്കുള്ള ട്രോഫി കരസ്ഥമാക്കിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായത്. തുടർന്ന്, കരസേനയിലെ അതിവിശിഷ്ടമായ '4 പാരാ സ്‌പെഷ്യൽ ഫോഴ്‌സ്' വിഭാഗത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, കഠിനമായ പരിശീലനം പൂർത്തിയാക്കുന്നവർക്ക് മാത്രം ലഭിക്കുന്ന അഭിമാനകരമായ 'ബലിദാൻ ബാഡ്ജും' സ്വന്തമാക്കി.

2023 മാർച്ച് മാസത്തിലാണ് രാഷ്ട്രപതിയുടെ എ.ഡി.സി ആയി അദ്ദേഹം നിയമിതനാകുന്നത്. രാഷ്ട്രപതിയുടെ പ്രോട്ടോക്കോൾ മാനേജ്‌മെന്റ്, സുരക്ഷ, പ്രമുഖ വിദേശ നേതാക്കളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഔദ്യോഗിക സന്ദർശനങ്ങൾ ഏകോപിപ്പിക്കൽ തുടങ്ങിയ നിർണായക ചുമതലകൾ അദ്ദേഹം കാര്യക്ഷമമായി നിർവഹിച്ചു.

എട്ട് വിദേശ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക നയതന്ത്ര സന്ദർശനങ്ങളിലും രാഷ്ട്രപതിയെ അനുഗമിച്ചു. രാഷ്ട്രപതിയുടെ വിശിഷ്ട സേവന ബാഡ്ജ്, ആർമി ചീഫിന്റെയും വൈസ് ചീഫിന്റെയും അഭിനന്ദനക്കത്തുകൾ എന്നിവയും നേടിയിട്ടുണ്ട്. സൈന്യത്തിൽ നീണ്ട സേവന പാരമ്പര്യവും ശോഭനമായ ഭാവി സാധ്യതകളുമുണ്ടായിരുന്നിട്ടും, പ്രായമാകുന്ന മാതാപിതാക്കളുടെ കൂടെ നിൽക്കുക, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം സന്നദ്ധ വിരമിക്കൽ സ്വീകരിച്ചത്.

Content Highlights: Major Rishabh Singh Sambyal addressed fake news about multiple wives and fraud allegations., He spoke about the strict rule forbidding marriage during his tenure as the President's ADC., He shared his deep, mother-son-like bond with President Droupadi Murmu., He retired early after 12 years of military service to support his aging parents.