അവള്‍ ഏറെ സന്തോഷവതിയാണ്; അമ്മയായതിനുശേഷമുള്ള പ്രിയങ്ക ചോപ്രയെക്കുറിച്ച് അമ്മ മധു

പ്രിയങ്കാ ചോപ്ര, നിക് ജോനാസ്, മധു ചോപ്ര
പ്രിയങ്കാ ചോപ്ര, നിക് ജോനാസ്, മധു ചോപ്ര

ജനുവരി അവസാനമാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും തങ്ങള്‍ അച്ഛനമ്മമാരായ വിവരം ലോകത്തെ അറിയിച്ചത്. സറോഗസിയിലൂടെ തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ഉണ്ടായെന്ന് ഇരുവരും അറിയിച്ചപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ആ വാര്‍ത്തയെ വരവേറ്റത്. 

കുഞ്ഞിന്റെ ചിത്രങ്ങളോ പേരോ ഇരുവരും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ അമ്മയായതിനുശേഷമുള്ള പ്രിയങ്കയുടെ മാറ്റങ്ങളെക്കുറിച്ച് മനസ്സുതുറക്കുകയാണ് പ്രിയങ്കയുടെ അമ്മയും പ്രമുഖ കോസ്‌മെറ്റോളജിസ്റ്റുമായ മധു ചോപ്ര. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

കുഞ്ഞിനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും വൈകാതെ അവളെ കാണാന്‍ സാധിക്കുമെന്ന് കരുതുന്നതായും മധു പറഞ്ഞു. 'പ്രിയങ്കയെക്കുറിച്ചും മകനെക്കുറിച്ചും ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നേ ഇല്ല. എല്ലാ ചിന്തകളും കുഞ്ഞിനെക്കുറിച്ചാണ്'-മധു പറഞ്ഞു. 

കുടുംബത്തില്‍ കുഞ്ഞ് എത്തിയപ്പോഴുണ്ടായ മാറ്റങ്ങളില്‍ പ്രിയങ്ക ഏറെ സന്തോഷവതിയാണെന്ന് മധു ചോപ്ര പറഞ്ഞു. പ്രിയങ്കയും കുടുംബവും ലോസ് ആഞ്ജിലിസാണ് ഇപ്പോള്‍ താമസം. ഞാന്‍ ഇന്ത്യയിലും. അതിനാല്‍ അവരുടെ കുഞ്ഞിനെ കാണാന്‍ എനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. വൈകാതെ തന്നെ കുഞ്ഞിനെ കാണാന്‍ കഴിയുമെന്നാണ് കരുതുന്നത്. അവള്‍ വളരെ സന്തോഷവതിയാണെന്ന് കരുതുന്നു-അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രിയങ്കയെ കണ്ടുമുട്ടിയതിനുശേഷമേ കൂടുതല്‍ കാര്യം പറയാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. 

പ്രിയങ്കയുടെ മാതൃത്വം, യു.എസിലെ സ്ഥിരതാമസം, ജോലിയും പ്രൊഫഷണല്‍ജീവിതവും ഒന്നിച്ചു കൊണ്ടുപോകാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മധു അഭിമുഖത്തില്‍ പറഞ്ഞു. മുത്തശ്ശി ആയതില്‍ താന്‍ ഏറെ ആവേശത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: priyanka chopra, madhu chopra, motherhood, daughter, lifestyle