ബ്രേക്കപ്പായിട്ടും തുടരുന്ന സൗഹൃദം; സുസ്മിത സെന്നിന് 51-ാം പിറന്നാൾ ആശംസിച്ച് ലളിത് മോദി

മുൻ ഐപിഎൽ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയും ബോളിവുഡ് താരം സുസ്മിത സെന്നും തമ്മിലുള്ള ബന്ധം അവസാനിച്ചെങ്കിലും സൗഹൃദം തുടരുന്നു. സുസ്മിതയുടെ 51-ാം പിറന്നാളിനോടനുബന്ധിച്ച് ആശംസകളുമായി എത്തിയിരിക്കുകയാണ് ലളിത് മോദി. 'എന്റെ പ്രിയ സുഹൃത്ത് സുസ്മിത സെന്നിന് ജന്മദിനാശംസകൾ. എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കൂ' എന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലൂടെ അദ്ദേഹം കുറിച്ചത്.
2022-ൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവന്നതോടെ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മാലിദ്വീപിലെയും സാർഡീനിയയിലെയും അവധിക്കാല ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ലളിത് മോദി ബന്ധം പരസ്യമാക്കിയത്. സുസ്മിതയെ തന്റെ 'ബെറ്റർ ഹാഫ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണെന്നും കുറിച്ചിരുന്നു. ഇരുവരും വിവാഹിതരായെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിച്ചിട്ടില്ലെന്നും പിന്നീട് ലളിത് വ്യക്തമാക്കിയിരുന്നു.
2022 സെപ്റ്റംബറോടെ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. ഇൻസ്റ്റഗ്രാം പ്രൊഫൈൽ ചിത്രത്തിൽനിന്ന് സുസ്മിതയുടെ ചിത്രം നീക്കിയതും ബയോയിൽനിന്ന് താരത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കിയതുമാണ് ഇതിന് കാരണമായത്.
2026 ജൂണിൽ ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ സുസ്മിതയുമായുള്ള ബന്ധത്തെക്കുറിച്ച് ലളിത് മോദി തുറന്നുപറഞ്ഞിരുന്നു. ഇരുവരും വേർപിരിയാൻ പ്രധാന കാരണമായത് ഭൂമിശാസ്ത്രപരമായ അകലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. സുസ്മിതയുടെ ജോലിയും സിനിമാ ജീവിതവും ഇന്ത്യയിലായിരുന്നപ്പോൾ തന്റെ ജീവിതം ലണ്ടൻ കേന്ദ്രീകരിച്ചായിരുന്നു. അതിനാൽ ഒരുമിച്ച് മുന്നോട്ടുപോകാൻ ബുദ്ധിമുട്ടായെന്നും അദ്ദേഹം പറഞ്ഞു.എങ്കിലും സുസ്മിതയുമായുള്ള ബന്ധം തനിക്ക് ഏറെ പ്രത്യേകതയുള്ളതാണെന്നും അവരോട് ഇപ്പോഴും വലിയ സ്നേഹവും ബഹുമാനവുമുണ്ടെന്നും ലളിത് വ്യക്തമാക്കി. സുസ്മിതയെ 'വളരെ പ്രിയപ്പെട്ട സുഹൃത്ത്' എന്നും വിശേഷിപ്പിച്ചു. മക്കളായ റെനെയെയും അലിസയെയും ഒറ്റയ്ക്ക് വളർത്തുന്ന സുസ്മിതയുടെ ജീവിതത്തെയും അദ്ദേഹം പ്രശംസിച്ചു.
'ഗോൾഡ് ഡിഗർ' അധിക്ഷേപത്തിനെതിരെയും പ്രതികരണം
2022-ൽ ഇരുവരുടെയും ബന്ധം പരസ്യമായതിനു പിന്നാലെ സുസ്മിതയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. ലളിത് മോദിയുടെ സമ്പത്ത് ലക്ഷ്യമിട്ടാണ് താരം ബന്ധത്തിലേർപ്പെട്ടതെന്ന തരത്തിൽ ചിലർ 'ഗോൾഡ് ഡിഗർ' എന്ന് വിളിച്ചായിരുന്നു അധിക്ഷേപിച്ചത്. എന്നാൽ താൻ സാമ്പത്തികമായി സ്വതന്ത്രയാണെന്നും മറ്റാരുടെയും അംഗീകാരം ആവശ്യമില്ലെന്നും സുസ്മിത അന്ന് പ്രതികരിച്ചിരുന്നു.പിന്നീട് ഈ അധിക്ഷേപങ്ങളെക്കുറിച്ച് സംസാരിച്ച ലളിത് മോദി സുസ്മിതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. സ്വന്തം കഴിവിലൂടെ വിജയിച്ച, സാമ്പത്തികമായി സ്വതന്ത്രയായ വ്യക്തിയാണ് സുസ്മിതയെന്നും ഒരുമിച്ച് പുറത്തുപോകുമ്പോൾ പലപ്പോഴും ചെലവുകൾ വഹിച്ചിരുന്നത് താരം തന്നെയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.2025 ഫെബ്രുവരിയിൽ റീമ ബൗരിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചതോടെ ലളിത് മോദി പുതിയൊരു ബന്ധത്തിലേക്ക് കടന്നതായും സൂചന നൽകിയിരുന്നു. 25 വർഷത്തെ സൗഹൃദം പ്രണയമായി മാറിയെന്നായിരുന്നു അന്നത്തെ കുറിപ്പ്. വേർപിരിഞ്ഞ ശേഷവും സുസ്മിതയോടുള്ള സ്നേഹവും സൗഹൃദവും പരസ്യമായി പ്രകടിപ്പിക്കുന്ന ലളിത് മോദിയുടെ പിറന്നാൾ ആശംസയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
Content Highlights: Lalit Modi wished Sushmita Sen on her 51st birthday, maintaining a strong friendship after their breakup., Lalit clarified in a 2026 interview that geographical distance between London and India led to their split., Lalit defended Sushmita against past 'gold digger' trolls, praising her financial independence., The former IPL chairman continues to show respect and love for Sushmita as a dear friend.