'വല്ലാതെ തടിവെച്ചല്ലോ, ആളെ മനസ്സിലാകുന്നില്ല’: സൈബർ ഇടങ്ങളിൽ ബോഡി ഷെയ്മിങ് നടി ലക്ഷ്മി മേനോൻ

മലയാളത്തിലും തമിഴിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി മേനോൻ. കുറച്ചുകാലമായി അഭിനയത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്നിരുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും അടുത്തിടെയാണ് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചത്. എന്നാൽ, ഈ ചിത്രങ്ങൾക്ക് താഴെ കടുത്ത സൈബർ ആക്രമണങ്ങളും ബോഡി ഷെയിമിങ് പരാമർശങ്ങളുമാണ് ഉയരുന്നത്.
താരത്തിന്റെ പുതിയ രൂപമാറ്റത്തെ ചുറ്റിപ്പറ്റിയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ നടക്കുന്നത്. 'വല്ലാതെ തടിച്ചുപോയി,' 'പഴയ സുന്ദരിയായിരുന്ന നടിക്ക് എന്താണ് സംഭവിച്ചത്,' 'ആളെ തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല' എന്നിങ്ങനെ വ്യക്തിപരമായ അധിക്ഷേപങ്ങൾ അടങ്ങിയ കമന്റുകളാണ് പുതിയ ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവികമായ മാറ്റങ്ങളെ പോലും കണക്കിലെടുക്കാതെ, സിനിമയിലെ പഴയ ഗ്ലാമർ സങ്കൽപ്പങ്ങളുമായി ഒത്തുനോക്കി വിചാരണ നടത്തുന്ന രീതിയിലാണ് പലരുടെയും പ്രതികരണങ്ങൾ.
ബോഡിഷെയിമിങ് രൂക്ഷമാകുമ്പോഴും അധിക്ഷേപിക്കുന്നവർക്ക് എതിരെ ശക്തമായ നിലപാടുമായി ഒരു വിഭാഗം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ ശാരീരിക മാറ്റങ്ങളെ മോശമായി വിമർശിക്കുന്നത് അങ്ങേയറ്റം തെറ്റായ പ്രവണതയാണെന്നും, പ്രായത്തിനനുസരിച്ചും ജീവിത സാഹചര്യങ്ങൾക്കനുസരിച്ചും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ഒരു വ്യക്തിയുടെയോ കലാകാരിയുടെയോ വ്യക്തിപരമായ കാര്യങ്ങളിൽ കയറി ഇടപെടുന്നതും, രൂപത്തെ അടിസ്ഥാനമാക്കി അപമാനിക്കുന്നതും തികച്ചും തെറ്റായ സംസ്‌കാരമാണെന്ന് അവർ പ്രതികരിച്ചു.
കുട്ടിക്കാലത്ത് തന്നെ സിനിമയിലേക്ക് എത്തിയ ലക്ഷ്മി മേനോൻ അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്. വിനയൻ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ' എന്ന മലയാള ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് ലക്ഷ്മി കടന്നുവന്നത്.'സുന്ദരപാണ്ഡ്യൻ', 'കുംങ്കി' എന്നീ സിനിമകളിലൂടെ തമിഴിൽ ശ്രദ്ധേയയായി. മികച്ച പ്രകടനത്തിന് തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ നടിയാണ്. കൂടാതെ 'ജിഗർതണ്ട', 'പാണ്ഡ്യനാട്', 'വേതാളം', 'കൊമ്പൻ' തുടങ്ങി മുൻനിര നായകന്മാർക്കൊപ്പം സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി. കരിയറിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ഉന്നത പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി താരം സിനിമയിൽ നിന്ന് താത്കാലിക ഇടവേളയെടുത്തത്. പിന്നീട് 'ചന്ദ്രമുഖി 2', 'ശബ്ദം' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.
Content Highlights: Actress Lakshmi Menon faces severe cyber attacks and body shaming over her recent photos., Social media trolls targeted her physical transformation, while fans strongly defended her against the abuse., Lakshmi Menon took a break from films for higher studies and later made a comeback with movies like Chandramukhi.