സിനിമാക്കാലത്തെ പെരുന്നാൾ, മസാലദോശയും തരിക്കഞ്ഞിയും; വിശേഷങ്ങളുമായി നവാസും രഹ്നയും

കൊച്ചി: സ്നേഹത്തിന്റെ കിളിക്കൂടുപോലൊരു മൺവീട്... ആടും കോഴിയും കിളികളും മരങ്ങളുമൊക്കെ നിറഞ്ഞ മുറ്റം... മലയും പുഴയും പാടങ്ങളുമൊക്കെയുള്ള വടക്കാഞ്ചേരിയുടെ ഗൃഹാതുരമായ ഫ്രെയിം ഓർമിപ്പിച്ചുകൊണ്ട് ‘നെസ്റ്റ്’ എന്നു പേരിട്ട വീടിനുമുന്നിൽ നവാസും രഹ്നയും. മാനത്ത് ശവ്വാലമ്പിളി തെളിയുന്ന നേരത്ത് വിരുന്നെത്തുന്ന പെരുന്നാളിനെ കാത്തിരിക്കുകയാണ് മക്കളായ നഹ്‌റിനും റിഹാനും റിദ്‌വാനുമൊക്കെ. കോവിഡ് കാലത്തിനുശേഷം വിരുന്നെത്തുന്ന പെരുന്നാൾ ആഘോഷമാക്കണമെന്ന സ്വപ്നം എല്ലാ മുഖങ്ങളിലുമുണ്ട്... ഒരുപാട് പെരുന്നാൾവിശേഷങ്ങൾ പറയാനുണ്ടായിരുന്നു താരദമ്പതിമാരായ കലാഭവൻ നവാസിനും രഹ്നയ്ക്കും.
മസാലദോശയും തരിക്കഞ്ഞിയും
റംസാനിലെ നോമ്പ് എന്നു പറയുമ്പോൾ നവാസിന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഉമ്മയുടെ രൂപമാണ്.
“ഗ്രാമീണ ഭംഗിയുടെ അടയാളമായ വടക്കാഞ്ചേരിയിലാണ് ജനിച്ചത്. ബാപ്പ അബൂബക്കർ നാടക-സിനിമ നടനായിരുന്നുവെങ്കിലും വലിയ സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ദാരിദ്ര്യംനിറഞ്ഞ ജീവിതത്തിൽ വന്നെത്തുന്ന നോമ്പുകാലവും അങ്ങനെതന്നെ. കുട്ടിക്കാലത്ത് ഭക്ഷണം കാത്തിരിക്കുന്ന സന്ധ്യകളായിരുന്നു ഓരോ നോമ്പും. ദോശയിൽ കുറച്ച് സവാളയും ഉരുളക്കിഴങ്ങും വെച്ച് ചുരുട്ടിയെടുക്കുന്ന വിഭവമായിരുന്നു സ്പെഷ്യൽ. മസാലദോശയുടെ വലുപ്പമൊന്നുമില്ലെങ്കിലും ഉമ്മ ഉണ്ടാക്കിത്തന്ന അന്നത്തെ കുഞ്ഞുമസാലദോശയുടെ രുചി ഇപ്പോഴും നാവിലുണ്ട്. അന്നൊക്കെ അസർ നമസ്‌കാരം കഴിഞ്ഞാൽ ഞങ്ങൾ കുട്ടികളൊക്കെ പള്ളിയിൽ ‘തരിക്കഞ്ഞി’യുണ്ടാക്കുന്ന ആളുടെ അരികിലെത്തും. റവയും പാലും ഒഴിച്ച് ചെമ്പിൽ തരിക്കഞ്ഞി ഇളക്കുമ്പോൾ ചെമ്പിനു ചുറ്റും കൊതിയോടെ ഞങ്ങൾ കാത്തിരിക്കും...” -നവാസ് ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ കുട്ടികളുടെ മുഖത്ത് അദ്‌ഭുതം.
വല്യുമ്മയും ഓർക്കാത്ത വിശപ്പും
കൊച്ചി പള്ളുരുത്തിക്കാരിയായ രഹ്നയുടെ കുട്ടിക്കാലത്തെ നോമ്പോർമകളിലെല്ലാം വല്യുമ്മ പുഞ്ചിരിതൂകി നിൽക്കുന്നുണ്ടാകും.
“അഞ്ചു വയസ്സാകുമ്പോഴേക്കും നോമ്പെടുക്കാൻ ബാപ്പയും ഉമ്മയുമൊക്കെ പരിശീലിപ്പിച്ചിരുന്നു. വല്യുമ്മമാരോടായിരുന്നു പ്രധാന കൂട്ട്. നോമ്പെടുത്ത് ഉച്ചകഴിയുമ്പോഴേക്കും നല്ല വിശപ്പാകും. ഞാൻ ചെറുതായി കരഞ്ഞുതുടങ്ങും. അതു കാണുമ്പോൾ വല്യുമ്മ എന്നെ പറമ്പിലേക്കും മറ്റും കൂട്ടിക്കൊണ്ടു പോകും. അവിടെ കാഴ്ചകൾ കണ്ടുനടക്കുമ്പോൾ വിശപ്പിന്റെ കാര്യം മറക്കും. നോമ്പു തുറക്കാനുള്ള സമയമാകുന്നതുവരെ വല്യുമ്മ എന്നെയുമായി അങ്ങനെ പലയിടത്തും പോകും. മഗ്‌രിബ് ബാങ്ക് കൊടുക്കുന്ന നേരത്ത് നോമ്പു തുറക്കാനുള്ള വിഭവങ്ങളുമായി ഉമ്മ വിളിക്കുമ്പോഴാകും പിന്നെ ഞാൻ വിശപ്പിനെപ്പറ്റി ഓർക്കുന്നത്...” -രഹ്ന പറഞ്ഞതുകേട്ട് നവാസ് ചിരിച്ചു.
കലാഭവനും പെരുന്നാളും
കലാഭവനിലെ കലാകാരനായതോടെ തിരക്കുള്ള പെരുന്നാളുകളാണ് നവാസിനെ കാത്തിരുന്നത്. “പെരുന്നാൾ സമയത്താണ് ഗൾഫിൽ നല്ല പരിപാടികൾക്ക് അവസരം കിട്ടുന്നത്. അവിടെ പരിപാടി അവതരിപ്പിക്കാൻ നോമ്പുകാലം തീരാറാകുമ്പോഴേക്കും ഞാൻ യാത്രതുടങ്ങും. എത്രയോ പെരുന്നാളുകളാണ് മിമിക്രി പരിപാടികളുമായി ഗൾഫിൽ ചെലവഴിച്ചത്. എന്റെ ബാപ്പ മരിച്ച വാർത്ത അറിയുന്നതും ഒരു ഗൾഫ് പരിപാടിക്കിടെയാണ്. സ്റ്റേജിൽനിന്ന് ഇറങ്ങിവരുന്നതുവരെ ഇക്കാര്യം എന്നെ കൂട്ടുകാർ അറിയിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ ബാപ്പയുടെ മയ്യിത്ത് ഖബറടക്കുമെന്നതിനാൽ എത്രയും പെട്ടെന്ന് നാട്ടിലെത്താനായിരുന്നു എന്റെ ശ്രമം. എന്നാൽ, വിമാനം കിട്ടാതെ യാത്ര മുടങ്ങിയതോടെ ഞാൻ പൊട്ടിക്കരഞ്ഞു. ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ഒരു യാത്രയായിരുന്നു അത്...” -നവാസ് പറഞ്ഞു.
തിരുമേനി മുടക്കിയ പെരുന്നാൾ
സിനിമാക്കാലത്തെ പെരുന്നാളിൽ രഹ്നയുടെ മനസ്സിൽ ആദ്യം തെളിയുന്നത് 'സായ്‌വർ തിരുമേനി' എന്ന ചിത്രമാണ്.
“ആ സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നത് ഒരു നോമ്പുകാലത്താണ്. പെരുന്നാൾ ദിവസം വീട്ടിൽ വിടണമെന്ന് സംവിധായകനായ ഷാജൂൺ കാര്യാൽ അടക്കമുള്ളവരോട് ഞാൻ പറഞ്ഞിരുന്നു. എന്നാൽ, പെരുന്നാൾ അടുക്കാറായിട്ടും ഷൂട്ടിങ് തീർന്നില്ല. പെരുന്നാളിന് വീട്ടിൽ വരണമെന്ന് വല്യുമ്മ ആഗ്രഹവും പറഞ്ഞിരുന്നു. പെരുന്നാൾ ദിനത്തിൽ രാവിലെ ഒരു ഷോട്ട് എടുത്തിട്ടു പോകാമെന്നായി അവസാനത്തെ നിർദേശം. അതും വൈകിയതോടെ ആ പെരുന്നാളിന് വീട്ടിലെത്താനായില്ല... അതോടെ വല്യുമ്മയ്ക്ക് വലിയ സങ്കടമായി. ഏറ്റവും വലിയ സങ്കടം അടുത്ത പെരുന്നാൾ ആഘോഷിക്കാൻ വല്യുമ്മ ഈ ലോകത്തുണ്ടായിരുന്നില്ലെന്നതാണ്...” -രഹ്നയുടെ വാക്കുകളിൽ സങ്കടത്തിന്റെ നനവ്.
സകുടുംബം പെരുന്നാൾ
ഇത്തവണ വീട്ടിൽത്തന്നെ പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നവാസും രഹ്നയും.
“കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷത്തെ പെരുന്നാളും ആഘോഷിക്കാൻ പറ്റിയില്ല. ഇത്തവണ എല്ലാം സാധിക്കുമെന്ന പ്രതീക്ഷയിലാണ്. പല പെരുന്നാളുകളിലും വിദേശത്തായിരുന്ന ഞാൻ ഇത്തവണ മക്കൾക്കൊപ്പം പെരുന്നാൾ ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ്” -നവാസ് പറയുമ്പോൾ രഹ്ന ഒരു കാര്യം കൂടി പറഞ്ഞു: “പെരുന്നാൾ എന്നും സന്തോഷത്തിന്റെ കാലമാണ്. മക്കൾക്ക് നല്ല ഭക്ഷണമൊക്കെയുണ്ടാക്കിക്കൊടുത്ത്, അവർക്ക് പുതുവസ്ത്രങ്ങളൊക്കെ നൽകി ആഘോഷിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെതന്നെ...” -രഹ്ന മൈലാഞ്ചി മൊഞ്ചിൽ പുഞ്ചിരിച്ചു.
Content Highlights: kalabhavan navas rehana sharing perunnal memories