ജ്യോതിയും വന്നു, വെളിച്ചവും വന്നു; ബുൽധാനയിലെ വയർവുമൺ

പ്രകാശം എന്നാണ് ജ്യോതി എന്ന വാക്കിന്റെ അർഥം, മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ധാമൻഗാവിലുള്ളവർക്ക് ജ്യോതിയെന്നാൽ പ്രകാശം കൊണ്ടുവരുന്നവളാണ്, അവരുടെ സ്വന്തം വയർ വുമൺ. കഴിഞ്ഞ നാല് വർഷമായി ഇലക്ട്രിസിറ്റി വകുപ്പിൽ വനിതാ ലൈൻമാനാണ് ജ്യോതി. കറന്റ് പോയോ, ജ്യോതിയെ വിളിച്ചാൽ കാര്യം നടക്കും എന്നാണ് ഗ്രാമത്തിലുള്ളവർ പറയുന്നത്. ഇലക്ട്രിക് പോസ്റ്റിലും മറ്റും അനായാസേന ജ്യോതി കയറുന്നത് ആദ്യമെല്ലാം അത്ഭുതത്തോടെ കണ്ടിരുന്ന നാട്ടുകാർക്ക് ഇന്നത് പതിവുകാഴ്ചയാണ്.
'കറന്റു പോയാൽ അവർ എന്നെ വിളിക്കും. ഞങ്ങൾക്ക് ജോലി ചെയ്യുന്നതിന് അങ്ങനെ പ്രത്യേകിച്ച് സമയമില്ല. 24 മണിക്കൂർ എന്ന് പറയാം. കോൾ വന്നാൽ പോകണം, അത് അർദ്ധരാത്രിയാണെങ്കിലും'.. ഇലക്ട്രിക് പോസ്റ്റുകളിൽ കയരാനും ഉയർന്ന വോൾട്ടേജുള്ള ട്രാൻസ്ഫോർമറുകളും വയറിങ്ങും ഗൗരവത്തോടെ കൈകാര്യം ചെയ്യാനും ജ്യോതി മിടുക്കിയാണ്. സ്വന്തം ഗ്രാമത്തിൽ തന്നെയാണ് ജ്യോതി ജോലി ചെയ്യുന്നത്. ആരുടെയെങ്കിലും കോൾ വന്നാൽ വൈകാതെ ബൈക്കുമെടുത്ത് ജ്യോതി ഇറങ്ങും. തന്റെ ഗ്രാമത്തെ സേവിക്കാൻ കിട്ടിയ അവസരത്തെ അഭിമാനത്തോടെയാണ് ജ്യോതി നെഞ്ചോട് ചേർക്കുന്നത്. 'ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ വലിയ സംതൃപ്തി ലഭിക്കും' ജ്യോതി പറയുന്നു. കാലുകളിൽ ഷൂസും കൈകളിൽ ഗ്ലൗസും ധരിച്ചാണ് ജ്യോതിയുടെ പോസ്റ്റ് കയറ്റം.
സ്ത്രീകൾക്ക് സുരക്ഷിതമായി ഏതു ജോലിയും ചെയ്യാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ജ്യോതി. കാലങ്ങളായി നിലനിൽക്കുന്ന സ്റ്റീരിയോടൈപ്പുകളെയാണ് താൻ പ്രവൃത്തിയിലൂടെ മായ്ച്ചുകളയുന്നതെന്ന് ജ്യോതി അഭിമാനത്തോടെയാണ് പറയുന്നത്. 'ആളുകൾ കരുതിയിരുന്നത് ഇത് പുരുഷന്മാരുടെ ജോലിയാണെന്നാണ്. ഏത് സ്ത്രീക്കും ഈ ജോലി ചെയ്യാനാകും. സുരക്ഷിതമായി ചെയ്യാനാകുമെങ്കിൽ സ്ത്രീകൾക്ക് ഏത് ജോലിയും ചെയ്യാനാകും.' അവൾ പറയുന്നു. തിരഞ്ഞെടുപ്പ് പട്ടികയിൽ തന്റെ പേര് കണ്ട നിമിഷത്തെക്കുറിച്ച് അഭിമാനത്തോടെയാണ് ജ്യോതി സംസാരിക്കുക. ' ഈ യൂണിഫോം ലഭിച്ചപ്പോഴുള്ള എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതായിരുന്നില്ല. ഗ്രാമവാസികൾ അഞ്ചാറ് കിലോ മധുരമാണ് അന്ന് വിതരണം ചെയ്തത്.' ജ്യോതി പറയുന്നു.
Content Highlights: Jyoti works as a female lineman in the electricity department in Buldhana, Maharashtra., She has been serving her village for the past four years, handling electric poles and transformers., She breaks gender stereotypes and proves that women can safely handle traditionally male-dominated jobs., Villagers celebrated her appointment by distributing sweets, showing immense support and pride.