നാല് കുട്ടികളുടെ അമ്മ, വ്യായാമത്തിൽ വിട്ടുവീഴ്ചയില്ല; ജലീറ്റയുടെ ലക്ഷ്യം ഹെൽത്തിയായ ഒരുകോടി അമ്മമാർ

ജലീറ്റ ജോസ് മക്കൾക്കൊപ്പം | ചിത്രം: ജൈവിൻ ടി. സേവ്യർ/മാതൃഭൂമി ഓൺലൈൻ
ജലീറ്റ ജോസ് മക്കൾക്കൊപ്പം | ചിത്രം: ജൈവിൻ ടി. സേവ്യർ/മാതൃഭൂമി ഓൺലൈൻ

‘നാല് കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് പറയുമ്പോൾ പലരും അത്ഭുതത്തോടെ നോക്കുന്നത് കണ്ടിട്ടുണ്ട്. എന്നിട്ടും എങ്ങനെ ശരീരം ഇത്ര ഫിറ്റായി സൂക്ഷിക്കുന്നു എന്നാണ് അവർക്ക് അതിശയം, അവരോട് ഞാൻ പറയും ഇത് ഞാൻ നേടിയെടുത്തതാണെന്ന്..’ -പറയുകയാണ് ചാലക്കുടി സ്വദേശിനിയായ ജലീറ്റ ജോസ്. പ്രീ ആൻഡ് പോസ്റ്റ് നേറ്റൽ എക്‌സസൈസ് സ്‌പെഷ്യലിസ്റ്റായ ജലീറ്റയുടെ ഫിറ്റ്‌നസിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. എങ്കിലും നിശ്ചയദാർഢ്യവും സ്വന്തം ശരീരത്തെ സ്‌നേഹിക്കാനുള്ള മനസുമുണ്ടെങ്കിൽ ഏതൊരാൾക്കും ഫിറ്റ് ആയി ജീവിക്കാമെന്ന് പറയുന്നു ജലീറ്റ. ചാലക്കുടിയിൽ ഹാപ്പി ഫിറ്റ് മോം എന്ന പേരിൽ ഒരു ഫിറ്റ്‌നസ് സ്റ്റുഡിയോ നടത്തുന്ന വെബിനാർ കോഴ്‌സിനും ആൾക്കാരേറെ.

നാല് കുട്ടികളായിക്കഴിഞ്ഞും തന്റെ ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നതിൽ താൻ വിട്ടുവീഴ്ച്ച ചെയ്തില്ലെന്ന് പറയുന്നു ജലീറ്റ. പാല് കുറയുമെന്നും ഇപ്പോൾ കുഞ്ഞിന്റെ കാര്യം നോക്ക് ഫിറ്റ്‌നസ് പിന്നെയാകാമെന്ന് പറഞ്ഞ തന്റെ അമ്മയോടടക്കം വഴക്കിട്ടാണ് താൻ ഇന്ന് കാണുന്ന ഫിറ്റ് മോം ആയി മാറിയതെന്നും തന്നെപോലെയുള്ള അമ്മമാർക്ക് സഹായമായും തനിക്ക് സ്വന്തം കാലിൽ നിൽക്കാനും സാധിച്ചതെന്നും അഭിമാനത്തോടെ ജലീറ്റ പറയുന്നു.

ജലീറ്റയുടെ 'ട്രാൻസ്ഫോർമേഷൻ' ചിത്രങ്ങൾ

ബി.ടെകിൽ നിന്ന് ഫിറ്റ്‌നസ് ലോകത്തേക്ക്

യഥാർഥത്തിൽ ഒരു ടെക്‌നിക്കൽ ഫീൽഡിൽ നിന്നാണ് ജലീറ്റയുടെ വരവ്. ബി.ടെക് കഴിഞ്ഞ് ഒരു സർക്കാർ ജോലി സ്വപ്നം കണ്ടിരുന്ന ജലീറ്റ , വിവാഹശേഷം തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങളും അതിനെ മറികടക്കാൻ നടത്തിയ പോരാട്ടങ്ങളുമാണ് ഫിറ്റ്‌നസ് മേഖലയിലേക്ക് എത്തിച്ചത്. വിവാഹശേഷം പത്ത് കിലോയോളം ഭാരം കൂടുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടുകയും ചെയ്തപ്പോഴാണ് ജലീറ്റ ഫിറ്റ്‌നസ് ശ്രദ്ധിച്ചു തുടങ്ങിയത്. അതിന് തനിക്ക് ഏറെ പിന്തുണ നൽകിയത് ഫിറ്റ്‌നസ് ട്രെയ്‌നർ കൂടിയായ ഭർത്താവ് സിജോയാണെന്ന് പറയുന്നു ജലീറ്റ.

ജലീറ്റയും കുടുംബവും

വെല്ലുവിളികൾ നിറഞ്ഞ ആദ്യ പ്രസവം

ആദ്യ പ്രസവത്തിന് മുൻപ് ജിമ്മിൽ പോയപ്പോൾ 'ഹൈറ്റ് കുറവായതിനാൽ നോർമൽ ഡെലിവറി നടക്കില്ല' എന്നൊക്കെയുള്ള കമന്റുകൾ ജലീറ്റ കേട്ടിരുന്നു. എന്നാൽ കൃത്യമായ വ്യായാമത്തിലൂടെ ആ ധാരണ തിരുത്തി നോർമൽ ഡെലിവറിയിലൂടെ കുഞ്ഞിന് ജന്മം നൽകാൻ ജലീറ്റയ്ക്ക് സാധിച്ചു. എങ്കിലും പ്രസവശേഷം 150 സെന്റീമീറ്റർ മാത്രം ഉയരമുള്ള ജലീറ്റയുടെ ഭാരം 58 കിലോയിലേക്ക് ഉയർന്നു. അമിതവണ്ണത്തോടൊപ്പം മലബന്ധം, ബെല്ലി ഫാറ്റ്, സ്‌ട്രെച്ച് മാർക്കുകൾ തുടങ്ങിയ പ്രശ്‌നങ്ങളും ജലീറ്റയെ അലട്ടിയിരുന്നു.

വഴക്കിട്ട് ഫിറ്റ്‌നസിന്റെ വഴിയിലേക്ക്

പ്രസവശേഷം വ്യായാമം തുടങ്ങാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരുടെ ഭാഗത്തുനിന്ന് കടുത്ത എതിർപ്പുകളാണ് നേരിടേണ്ടി വന്നത്. വ്യായാമം ചെയ്താൽ മുലപ്പാൽ കുറഞ്ഞുപോകും, ഗർഭപാത്രം ഇറങ്ങിവരും, ഇപ്പോൾ കുഞ്ഞിന്റെ കാര്യങ്ങളാണ് അമ്മ നോക്കേണ്ടത്, സ്വന്തം കാര്യമല്ല എന്നിങ്ങനെയുള്ള ഉപദേശങ്ങളാണ് ജലീറ്റയ്ക്ക് ലഭിച്ചത്. സ്വന്തം അമ്മ പോലും വ്യായാമം ചെയ്യുന്നതിനെ അന്ന് എതിർത്തിരുന്നു.

അന്ന് വഴക്കിട്ട് ഭർത്താവിനൊപ്പം ഭർത്താവിന്റെ വീട്ടിൽ പോയി താമസിച്ച് ഫിറ്റ്‌നസിൽ ശ്രദ്ധ കൊടുത്തു. ശാസ്ത്രീയമായ രീതിയിൽ വ്യായാമം ആരംഭിച്ചു. വെറും രണ്ടര മാസം കൊണ്ട് 14 കിലോ ഭാരവും ഏഴര ഇഞ്ച് വയറും കുറയ്ക്കാൻ ജലീറ്റയ്ക്ക് സാധിച്ചു. വീട്ടിൽ വയ്ക്കുന്ന സാധാരണ ചോറും കറികളും അളവ് നിയന്ത്രിച്ച് (Balanced Diet) കഴിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

തന്റെ തീരുമാനത്തിലെ ആത്മാർഥയും നിശ്ചയദാർഢ്യവും തിരിച്ചറിഞ്ഞ വീട്ടുകാർ പിന്നീട് തനിക്കൊപ്പം നിന്നുവെന്നും ഇന്ന് അച്ഛനും അമ്മയും സഹോദരിയും മക്കളും തന്റെ ഫിറ്റ്‌നസ് യാത്രയിലെ പങ്കാളികളാണെന്ന് അഭിമാനത്തോടെ പറയുന്നു ജലീറ്റ. കൃത്യമായ വ്യായാമത്തിലൂടെ തന്റെ പ്രായത്തെ റിവേഴ്‌സ് ചെയ്യിക്കാൻ സാധിച്ചുവെന്നും ഭർത്താവുമായി പുറത്ത് പോവുമ്പോൾ സഹോദരിയാണോ എന്നും ഭർത്താവിനോട് തന്നെയും ഉൾപ്പെടുത്തി അഞ്ച് മക്കളാണല്ലേ എന്ന് ചോദിക്കാറുണ്ടെന്നും ജലീറ്റ പറയുന്നു

ലക്ഷ്യം ഒരുകോടി ഹെൽത്തി അമ്മമാർ

പ്രത്യേക ഉപകരണങ്ങൾ ഒന്നുമില്ലാതെ തന്നെ ഒരു ദിവസം 45 മിനിറ്റ് മാറ്റിവെക്കാൻ തയ്യാറാണെങ്കിൽ ഏതൊരു അമ്മയ്ക്കും ഫിറ്റ്‌നസ് തിരിച്ചുപിടിക്കാമെന്ന് ജലീറ്റ ഉറപ്പു നൽകുന്നു. 'ഹാപ്പി ഫിറ്റ് മോം' (Happy Fit Mom) എന്ന സംരംഭത്തിലൂടെ 10 മില്യൺ (ഒരുകോടി) അമ്മമാരെ ആരോഗ്യവതികളാക്കി മാറ്റുക എന്നതാണ് ജലിറ്റയുടെയും ഭർത്താവിന്റെയും ലക്ഷ്യം. ജെസിക്ക, ജിസ്, ജസിയ, ജെസ് എന്നീ നാല് മക്കളുടെ അമ്മയായ ജിലിറ്റ ഇന്ന് ഒരു ബിസിനസ് സംരംഭക എന്ന നിലയിൽ നിരവധി സ്ത്രീകൾക്ക് തൊഴിലും നൽകുന്നുണ്ട്.

അമ്മമാരോട് ജലിറ്റയ്ക്ക് പറയാനുള്ളത്

പല അമ്മമാരും കുഞ്ഞുങ്ങളെ നോക്കണം എന്ന് പറഞ്ഞ് സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതിരിക്കുന്നത് ഒരു തെറ്റാണെന്ന് ജലീറ്റ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ പേര് പറഞ്ഞ് ഫിറ്റ്‌നസ് മാറ്റിവെക്കുന്നത് പിൽക്കാലത്ത് കുറ്റബോധമുണ്ടാക്കാനേ ഉപകരിക്കൂ. തന്റെ വിജയത്തിനായി ജലീറ്റ പിന്തുടരുന്ന മൂന്ന് പ്രധാന സൂത്രവാക്യങ്ങൾ ഇവയാണ്:

ഒന്ന്: ടൈം മാനേജ്മെന്റ് - പ്രൊഡക്റ്റീവ് അല്ലാത്ത കാര്യങ്ങളിൽ സമയം കളയാതെ കൃത്യമായ പ്ലാനിങ്ങിലൂടെ വ്യായാമത്തിനായി സമയം കണ്ടെത്തുക.

രണ്ട്: സെൽഫ് ലവ് - സ്വയം സ്‌നേഹിക്കുക, നമ്മൾ നമ്മളെത്തന്നെ സ്‌നേഹിച്ചു തുടങ്ങിയാൽ മാത്രമേ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. മൂന്നാമത്തേത് ഉത്തരവാദിത്തം ഏറ്റെടുക്കുക, പരാജയങ്ങൾക്ക് സാഹചര്യങ്ങളെയോ മറ്റുള്ളവരെയോ കുറ്റപ്പെടുത്താതെ സ്വന്തം ഉത്തരവാദിത്തം മനസ്സിലാക്കി മുന്നോട്ട് പോവുക.

(ചിത്രങ്ങൾ: ജൈവിൻ ടി. സേവ്യർ/മാതൃഭൂമി ഓൺലൈൻ)

Content Highlights: Jelitta Jose, a B-Tech graduate from Chalakudy and mother of four, overcame severe family resistance and post-pregnancy weight issues to transform into a pre- and post-natal fitness specialist running her own studio, 'Happy Fit Mom'.