ഡോക്ടർ പുറത്തിറങ്ങിയതിന് പിന്നാലെ യുവതി പ്രസവിച്ചു; കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് ഭർത്താവ്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
റോസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം| Photo: Rosa Jeong/Instagram
റോസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം| Photo: Rosa Jeong/Instagram

ആശുപത്രിയിലെ സുരക്ഷിതമായ പ്രസവമുറി, ജീവനക്കാരുടെ പരിചരണം, അത്യാധുനിക സജ്ജീകരണങ്ങൾ... ഏതൊരു ഗർഭിണിയും പ്രസവസമയത്ത് ആഗ്രഹിക്കുന്നത് ഇതൊക്കെയാണ്. എന്നാൽ, പ്രതീക്ഷിക്കാത്ത നിമിഷത്തിൽ പ്രസവവേദന തീവ്രമാകുകയും, ജീവനക്കാർ മുറിയിൽ നിന്ന് അല്പനേരത്തേക്ക് മാറിയ നിമിഷത്തിൽ കുഞ്ഞ് പുറത്തേക്ക് വരികയും ചെയ്താൽ എന്തുചെയ്യും?അങ്ങനെയൊരു വികാരനിർഭരവുമായ അനുഭവത്തിലൂടെയാണ് അമേരിക്കയിലെ റോസ- ക്രിസ് ദമ്പതിമാർ കടന്നുപോയത്. പ്രസവമുറിയിൽ ഡോക്ടറോ നഴ്സോ ഇല്ലാത്ത നിമിഷത്തിൽ, സ്വന്തം ധൈര്യം മാത്രം കൈമുതലാക്കി കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത ക്രിസിനെക്കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

റോസ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയം വരെ കാര്യങ്ങളെല്ലാം സാധാരണ നിലയിലായിരുന്നു. പ്രസവത്തിനായുള്ള സമയം ഇനിയും ബാക്കിയുണ്ടെന്ന നിഗമനത്തിലായിരുന്നു മെഡിക്കൽ സംഘം. പ്രസവമുറിയിൽ ഗർഭിണിയായ ഭാര്യയ്ക്കൊപ്പം ഭർത്താവും ഉണ്ടായിരുന്നു. ഭാര്യയ്ക്ക് നേരിയ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും, കുഞ്ഞ് ഉടൻ തന്നെ പുറത്തുവരുമെന്ന യാതൊരു ലക്ഷണങ്ങളും ഡോക്ടർമാർ കണ്ടിരുന്നില്ല.

പരിശോധനകൾക്ക് ശേഷം ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ക്രമീകരിക്കാനായി നഴ്സുമാർ അല്പസമയത്തേക്ക് പ്രസവമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്ന സംഭവമാണ് പിന്നെ അവിടെ അരങ്ങേറിയത്. നഴ്സുമാർ വാതിൽ അടച്ച് പുറത്തുപോയി സെക്കൻഡുകൾക്കുള്ളിൽ അമ്മയ്ക്ക് കടുത്ത പ്രസവവേദന അനുഭവപ്പെടുകയും കുഞ്ഞിന്റെ തല പുറത്തേക്ക് വരുകയും ചെയ്തു. സഹായത്തിനായി ആർത്തുവിളിക്കാൻ പോലുമാകാത്തത്ര തീവ്രമായ വേദനയിലായിരുന്നു അമ്മ.

മുറിയിൽ മറ്റാരുമില്ലാത്ത ആ നിർണ്ണായക നിമിഷത്തിൽ ഭർത്താവ് ഭയന്ന് പിന്മാറിയില്ല. നിമിഷനേരം കൊണ്ട് സ്ഥിതിഗതികൾ മനസ്സിലാക്കിയ അദ്ദേഹം മനസാന്നിധ്യം വീണ്ടെടുത്തു. ഡോക്ടറോ നഴ്സോ വരുന്നതുവരെ കാത്തുനിൽക്കുന്നത് കുഞ്ഞിന്റെയും ഭാര്യയുടെയും ജീവന് അപകടമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മെഡിക്കൽ പരിചയമൊന്നുമില്ലാത്ത ആ യുവാവ് തൽക്ഷണം ഭാര്യയുടെ അടുത്തെത്തുകയും, പുറത്തേക്ക് വന്ന കുഞ്ഞിനെ ശ്രദ്ധയോടെ സ്വന്തം കൈകളിൽ പിടിച്ചെടുക്കുകയുമായിരുന്നു. കുഞ്ഞ് നിലത്തു വീഴാതെയും തലയ്ക്ക് പരിക്കേൽക്കാതെയും അതിവിദഗ്ദ്ധമായി അദ്ദേഹം കൈകളിൽ കോരിയെടുത്തു. കുഞ്ഞ് ജനിച്ചുവെന്നറിഞ്ഞ് തിരികെ പ്രസവമുറിയിലേക്ക് ഓടിയെത്തിയ നഴ്സുമാരും ഡോക്ടർമാരും കണ്ടത്, നവജാതശിശുവിനെ മാറത്തണച്ചു നിൽക്കുന്ന യുവാവിനെയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

പ്രസവത്തിന് 40 മിനിറ്റ് മുൻപ് പരിശോധിക്കുമ്പോൾ 5.5 സെന്റീമീറ്റർ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് കുഞ്ഞ് പുറത്തുവരാൻ ഇനിയും സമയമെടുക്കുമെന്ന് എല്ലാവരും കരുതി. കുഞ്ഞ് പിറക്കാൻ പോകുകയാണെന്ന് മനസ്സിലായപ്പോഴേക്കും ഡോക്ടർക്ക് മുറിയിലെത്താൻ കഴിയുന്നതിന് മുൻപായിത്തന്നെ മകൾ വന്നു. എന്റെ ഭർത്താവ് എനിക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹം ചാടിവീണ് കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു.' റോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'സത്യത്തിൽ എന്ത് സംഭവിക്കുന്നു എന്ന് ചിന്തിക്കാൻ പോലും എനിക്ക് സമയം കിട്ടിയില്ല. കുഞ്ഞ് പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ എന്റെ കൈകൾ സ്വാഭാവികമായി മുന്നോട്ട് നീളുകയായിരുന്നു. അവളെ താഴെ വീഴാതെ സുരക്ഷിതമായി പിടിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം,' കുഞ്ഞിനെ കൈകളിൽ കോരിയെടുത്തതിനെ കുറിച്ച് യുവാവ് പറയുന്നു.

ഡോക്ടർമാർ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില പരിശോധിക്കുകയും ഇരുവർക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ സമയനിഷ്ഠയിലെ പാളിച്ച മാറ്റിനിർത്തിയാൽ, കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. 

Content Highlights: In a dramatic turn, a father delivers his baby in a hospital room when medical staff were absent, showcasing remarkable courage and presence of mind.