അഭയകേന്ദ്രത്തില്‍ വളര്‍ത്തുമൃഗങ്ങളെ അനുവദിക്കില്ല, ആറ് നായ്ക്കളുമായി മാലിന്യസഞ്ചിയിലാണ് ജീവിതം

മെക്‌സിക്കോയിലെ തെരുവില്‍ ജീവിക്കുന്ന ഒരു സ്ത്രീ, തണുപ്പിലും മഴയിലും നിന്നെല്ലാം രക്ഷപ്പെടാനായി അവര്‍ക്ക് ആശ്രയം മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന വലിയൊരു പ്ലാസ്റ്റിക്ക് സഞ്ചി മാത്രം. ഇതൊരു കൂടാരം പോലെയാക്കി അതിനുള്ളിലാണ് അവരുടെ ഉറക്കം. എന്നാല്‍ ലസ് മരിയ ഒല്‍മെഡോ ബെല്‍ട്രാന്‍ എന്ന ഷോലെ ഒറ്റയ്ക്കല്ല, ഒപ്പം വളര്‍ത്തുന്ന ആറ് തെരുവു നായ്ക്കളുമുണ്ട്. എട്ട് വര്‍ഷമായി ഷോലെയുടെ ജീവിതം തെരുവിലാണ്. അധികാരികള്‍ സംരക്ഷിതഭവനത്തിലേക്ക് മാറാന്‍ പറഞ്ഞിട്ടും ഷോലെ കൂട്ടാക്കിയില്ല. കാരണം ഈ നായ്ക്കള്‍ തന്നെ. നായ്ക്കളെ കൂടി സ്വീകരിക്കാന്‍ തയ്യാറാവുന്നിടത്തേ താമസിക്കൂ എന്ന് ഷോലെ തീരുമാനിച്ചിരുന്നു. ഈ എട്ട് വര്‍ഷമായി ഷോലെയുടെ സംരക്ഷകരും ബന്ധുക്കളുമെല്ലാം ഈ നായ്ക്കളാണ്.
ഒമര്‍ കമാരിലോ എന്ന ഫോട്ടോഗ്രാര്‍ ഷോലെയുടെയും നായ്ക്കളുടെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് ലോകം ഇവരുടെ കഥയറിഞ്ഞത്. അറുപത്തഞ്ചുകാരിയായ സ്ത്രീ അവരുടെ പ്രായത്തിന്റെ അവശതകളുമായി തെരുവില്‍ ജീവിക്കുന്നതുകണ്ട് കണ്ണുനിറയുന്നതോടൊപ്പം അവരുടെ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും കഥയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.
പോലീസെത്തി ഷോലെയെ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എതിര്‍ക്കുകയാണ് ചെയ്തത്. തന്റെ നായ്ക്കളെ ഉപേക്ഷിച്ച് വരാന്‍ താല്‍പര്യമില്ലെന്നും എനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല, എന്റെ ജീവിതം ഇവിടെ സുഖമായി പോകുന്നുണ്ടെന്നുമാണ് ഷോലെ അവര്‍ക്ക് നല്‍കിയ മറുപടി.
ഷോലെയുടെ കഥ വൈറലായതോടെ അലെജാന്‍ഡ്ര കോര്‍ഡോവ എന്ന യുവതി സഹായഹസ്തവുമായി രംഗത്തെത്തി. ഷോലെക്കും നായ്ക്കള്‍ക്കും ആവശ്യമായ ഭക്ഷണവും, വെള്ളവും, വസ്ത്രവും പുതപ്പുകളുമൊക്കെയായാണ് അലെജാന്‍ഡ്ര എത്തിയത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ഷോലെയുടെ ജീവിതം സുക്ഷിതമാക്കാനുള്ള സഹായവും യുവതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സംഭവം അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് ഫോട്ടോഗ്രാഫറുടെയും അലെജാന്‍ഡ്രയുടെയും വിശ്വാസം. അങ്ങനെയെങ്കില്‍ ഷോലെക്ക് സ്വന്തമായി ഒരു കിടപ്പാടം ലഭിക്കാതിരിക്കില്ല എന്നും അവര്‍ കരുതുന്നു.
Content Highlights: Homeless Woman Found In A Garbage Bag On The Street With 6 Dogs
Content Highlights: