ഹണി ട്രാപ്പും ഡ്രാഗൺ ലേഡി സങ്കൽപ്പവും; എൻവിഡിയ സിഇഒയ്ക്കൊപ്പം ഏഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള മുൻവിധികൾ ചർച്ചയാകുമ്പോൾ

വ്യക്തിജീവിതത്തിലെ പെരുമാറ്റദൂഷ്യങ്ങളെത്തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിന് പിന്നാലെ എൻവിഡിയ സി.ഇ.ഒ സ്ഥാനത്ത് നിന്ന് ജെൻസൻ ഹുവാങ് രാജിവെച്ച സംഭവം ആഗോള ടെക് ലോകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. മെഗാസ്പീഡ് ഇന്റർനാഷണൽ എക്സിക്യൂട്ടീവായ ആലിസ് ഹുവാങ്ങുമായുള്ള ബന്ധവും, അതിന് പിന്നിൽ ചാരവൃത്തിയുണ്ടെന്ന തരത്തിലുള്ള അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സംശയങ്ങളുമാണ് വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ ഈ വിവാദം സമൂഹമാധ്യമങ്ങളിൽ മറ്റൊരു തലത്തിലേക്ക് മാറുകയും, ഏഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള കാലഹരണപ്പെട്ടതും വംശീയപരവുമായ മുൻവിധികൾ വീണ്ടും ചർച്ചയാവുകയുമാണ്.
Read More: അറബിക്കടലിന്റെ തീരത്ത്, വെറും എട്ട് അതിഥികളെ സാക്ഷിയാക്കി ഒരു വിവാഹം!
വിവാദവുമായി ബന്ധപ്പെട്ട വാർത്തകളിലും സോഷ്യൽ മീഡിയ ചർച്ചകളിലും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട പദങ്ങളിലൊന്ന് 'ഹണി ട്രാപ്പ്' എന്നതാണ്. പ്രണയമോ സൗന്ദര്യമോ ഉപയോഗിച്ച് ഉന്നതരെ വശീകരിച്ച് രഹസ്യവിവരങ്ങൾ ചോർത്തുന്ന രീതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ, ശക്തരായ പുരുഷന്മാരുടെ സ്വന്തം തീരുമാനങ്ങളെയും തെറ്റുകളെയും മറച്ചുവെച്ചുകൊണ്ട്, സ്ത്രീകളെമാത്രം കുറ്റക്കാരും വശീകരിക്കുന്നവരുമായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
പാശ്ചാത്യ പോപ്പുലർ കൾച്ചറിൽ കാലങ്ങളായി നിലനിൽക്കുന്ന 'ഡ്രാഗൺ ലേഡി' എന്ന സങ്കൽപ്പത്തെയാണ് ഇത് ഓർമിപ്പിക്കുന്നത്. അതായത്, നിഗൂഢതയുള്ളവളും, അതിസുന്ദരിയും, പുരുഷന്മാരെ തങ്ങളുടെ താത്പര്യങ്ങൾക്കായി ചതിയിൽ വീഴ്ത്തുന്നവളുമായ ഏഷ്യൻ സ്ത്രീ. ചാരവൃത്തി ആരോപണങ്ങൾ അന്വേഷിക്കപ്പെടേണ്ടത് തന്നെയാണെങ്കിലും, ഒരു വ്യക്തിക്കെതിരെയുള്ള ആരോപണത്തിന്റെ പേരിൽ ഒരു ജനവിഭാഗത്തിലെ മുഴുവൻ സ്ത്രീകളെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ശരിയല്ലെന്നാണ് നിരീക്ഷകരുടെ പക്ഷം.
ജെൻസൻ ഹുവാങ്ങിന് സ്വന്തം കമ്പനിയിലെ മറ്റ് ചില സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായും, അവർ ഏഷ്യൻ വംശജരായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, റൂപർട്ട് മർഡോക്ക്, മാർക്ക് സക്കർബർഗ്, ലാറി എലിസൺ തുടങ്ങിയ ടെക്-വ്യവസായ പ്രമുഖരുടെ ജീവിതപങ്കാളികളെക്കൂടി വലിച്ചിഴച്ചുകൊണ്ട്, 'പാശ്ചാത്യ ടെക് ഭീമന്മാർക്ക് ഏഷ്യൻ സ്ത്രീകളോട് പ്രത്യേക താൽപ്പര്യമുണ്ട്' എന്ന തരത്തിലുള്ള പരിഹാസങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
ഇതിനിടെ ടെലഗ്രാം സ്ഥാപകൻ പാവെൽ ദുറോവ് എക്സിൽ പങ്കുവെച്ച ഒരു തമാശയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ഏഷ്യൻ സ്ത്രീകളോട് ആകർഷണം തോന്നാത്ത സി.ഇ.ഒമാർക്ക് ചാരസംഘടനകളിൽ നിന്നുള്ള ഡേറ്റിങ് അവസരങ്ങൾ കുറവായിരിക്കുമെന്നും തനിക്ക് ഇതുവരെ ഫ്രഞ്ച്, റഷ്യൻ, ഇറാനിയൻ സ്പൈ ഗേൾസിനെ അയച്ചുതന്നിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. വിവിധ രാജ്യങ്ങളിലെ സ്ത്രീകളെ കേവലം ചാരസംഘടനകളുടെ ഉപകരണങ്ങളായി ചിത്രീകരിച്ച ദുറോവിന്റെ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.
പതിറ്റാണ്ടുകളായി പാശ്ചാത്യ സമൂഹം ഏഷ്യൻ സ്ത്രീകളെ രണ്ട് വിരുദ്ധ ചേരികളിലായാണ് നോക്കിക്കാണുന്നത്; ഒന്ന്, എല്ലാം സഹിക്കുന്ന, വിധേയത്വമുള്ള സ്ത്രീ. രണ്ട്, പുരുഷന്മാരെ വശീകരിച്ച് അപകടത്തിലാക്കുന്ന സ്ത്രീ. 2023-ൽ 'ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്തിൽ' പ്രസിദ്ധീകരിച്ച പഠനപ്രകാരം, ഏഷ്യൻ സ്ത്രീകളെ ഇത്തരത്തിൽ അമിതമായി ലൈംഗികവത്കരിക്കുകയും നിഗൂഢവൽക്കരിക്കുകയും ചെയ്യുന്നത് തൊഴിലിടങ്ങളിലും വ്യക്തിബന്ധങ്ങളിലും അവർ നേരിടുന്ന വിവേചനങ്ങൾക്ക് കാരണമാകുന്നുണ്ട്.
സ്വന്തം വ്യക്തിത്വവും ലക്ഷ്യങ്ങളുമുള്ള മനുഷ്യരായി കാണുന്നതിന് പകരം, ഏഷ്യൻ സ്ത്രീകളെ വീണ്ടും പഴയ വംശീയ മുൻവിധികളുടെ ചട്ടക്കൂടിലേക്ക് തള്ളിവിടുകയാണ് പുതിയ വിവാദങ്ങളെന്ന് സാമൂഹിക നിരീക്ഷകർ വിലയിരുത്തുന്നു.
Content Highlights: Espionage allegations against Jensen Huang raise concerns about the portrayal of Asian women, highlighting racial biases and societal stereotypes in Western culture.