54 കോടി രൂപ വിലയുള്ള ഡയാനയുടെ റിവെഞ്ച് ഡ്രസ്; ലോകത്തിന്റെ ആഡംബരനിറമായി കറുപ്പ് മാറിയത് എങ്ങനെ ?

ലണ്ടനിലെ സെയ്ന്റ് പോൾ കത്തീഡ്രലിലേയ്ക്ക് വെള്ളഗൗണും ധരിച്ച് രാജകീയ വധുവായി നടന്നുകയറിയ ലേഡി ഡയാന സ്‌പെൻസർ പിന്നീട് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത് ശരീരത്തോട് ചേർന്നുകിടന്ന ഒരു കറുത്ത വസ്ത്രം ധരിച്ച് മറ്റൊരു വേദിയിൽ എത്തിയപ്പോഴാണ്. ഫാഷൻ ചരിത്രത്തിൽ 'റിവഞ്ച് ഡ്രസ്’ എന്ന പുതിയ വാക്കിന് ജന്മം നൽകിയ കറുത്ത വസ്ത്രം. വിവാഹജീവിതത്തിലെ വിള്ളലുകൾ ലോകം ചർച്ച ചെയ്യുന്നതിനിടയിലാണ് ലണ്ടനിൽ നടന്ന വാനിറ്റി ഫെയർ പാർട്ടിയിൽ കറുത്ത ക്രിസ്റ്റീന സ്റ്റാംബോളിയൻ ഓഫ്-ഷോൾഡർ ഗൗണിൽ അവളെത്തുന്നത്. അതൊരു സാധാരണ തിരഞ്ഞെടുപ്പായിരുന്നില്ല. ലോകം ആ വസ്ത്രത്തെ അവളുടെ പുതിയ പ്രഖ്യാപനമായാണ് വായിച്ചത്. വർഷങ്ങളോളം രാജകീയ മര്യാദകളെ പാലിച്ചുകൊണ്ട് ആ ചട്ടക്കൂടിനുള്ളിൽ ജീവിച്ചവൾ സ്വന്തം നിലപാട് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു. കിരീടഭാരമോ, രാജകീയ പദവിയോ അവൾക്കുണ്ടായിരുന്നില്ല. വിലാപങ്ങൾക്കും ദൂരുഹതകൾക്കുമൊപ്പം ചേർത്തുവെച്ച നിറത്തെ അവൾ തന്റെ സ്വത്വപ്രഖ്യാപനമാക്കി. അങ്ങനെ ആ കറുത്ത വസ്ത്രത്തിന് ആ പേര് വീണു, 'റിവഞ്ച് ഡ്രസ്'. പ്രതികാരത്തിനപ്പുറം തന്റെ ആത്മവിശ്വാസത്തിന്റെ വെളിച്ചത്തിൽ അവർ ക്യാമറകണ്ണുകളിൽ തിളങ്ങിനിന്നു.
'റിവഞ്ച് ഡ്രസ്' എന്ന പദം പിന്നീട് വേർപിരിയലിനോ ഹൃദയവേദനയ്‌ക്കോ ശേഷം ഒരാൾ തന്റെ ആത്മവിശ്വാസവും വ്യക്തിത്വവും ശക്തമായി പ്രകടിപ്പിക്കുന്ന ഫാഷൻ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടു. ഫാഷൻ ചരിത്രത്തിൽ ഇടംനേടിയ ഡയാന രാജകുമാരിയുടെ ഈ വസ്ത്രം 2023-ൽ 54.2 കോടി രൂപയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്.
ഫാഷനിൽ ചില നിറങ്ങൾ വെറും നിറങ്ങളായി മാത്രം നിലനിൽക്കില്ല. അവ കാലത്തിന്റെയും സംസ്‌കാരത്തിന്റെയും അധികാരത്തിന്റെയും സമ്പത്തിന്റെയും അടയാളങ്ങളായി മാറും. അത്തരത്തിൽ നൂറ്റാണ്ടുകളായി മനുഷ്യരുടെ ഭാവനയെയും വസ്ത്രധാരണത്തെയും സ്വാധീനിച്ച നിറമാണ് കറുപ്പ്. കറുപ്പ് ഇന്ന് ആത്മവിശ്വാസത്തിന്റെയും കാലാതീതമായ സൗന്ദര്യത്തിന്റെയും പ്രതീകമാണ്. ഒരുകാലത്ത് ദുഃഖത്തോടും മരണത്തോടും നിഗൂഢതകളോടും ചേർത്തുവായിച്ച ഈ നിറം എങ്ങനെയാണ് ലോകത്തിലെ ഏറ്റവും ആഡംബരമേറിയ നിറമായി മാറിയത്? അതിന് പിന്നിൽ ഫാഷന്റെ ചരിത്രം മാത്രമല്ല, വസ്ത്രനിർമ്മാണരീതിയും സാമ്രാജ്യത്വ രാഷ്ട്രീയവും സാമൂഹിക നിയമങ്ങളും ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവകരമായ സ്ത്രീ മുന്നേറ്റങ്ങളും സമന്വയിച്ച അതിസങ്കീർണ്ണമായ ഒരു സാംസ്‌കാരിക പ്രയാണത്തിന്റെ കഥ കൂടിയുണ്ട്.
അത്യപൂർവവും വിലയേറിയതുമായ ചായം
കൃത്രിമ ചായങ്ങൾ (Synthetic dyes) കണ്ടുപിടിക്കുന്നതിന് മുൻപ് മധ്യകാല യൂറോപ്പിൽ തുണികൾക്ക് തിളക്കമുള്ള കറുപ്പ് നിറം നൽകുക എന്നത് വളരെ ചെലവേറിയതും പ്രയാസകരവുമായ പ്രക്രിയയായിരുന്നു. അക്കാലത്ത് ലഭ്യമായിരുന്ന ആൽഡർ, വാൽനട്ട്, ചെസ്റ്റ്‌നട്ട് തുടങ്ങിയ മരങ്ങളുടെ തൊലികൾ തിളപ്പിച്ചെടുത്തിരുന്ന സാധാരണ ചായങ്ങൾ സ്ഥിരതയുള്ളവയായിരുന്നില്ല. അവ പെട്ടെന്ന് തന്നെ വെളുത്തുപോകുകയോ മങ്ങിയ തവിട്ടുനിറമായോ ചാരനിറമായോ മാറുകയോ ചെയ്യും. അതുകൊണ്ടുതന്നെ, ആഡംബരങ്ങളില്ലാത്ത ആത്മീയ ജീവിതവും തപസ്സും നയിച്ചിരുന്ന ബെനഡിക്‌റ്റൈൻ സന്യാസിമാരാണ് അത്തരം മങ്ങിയ കറുത്ത വസ്ത്രങ്ങൾ പ്രധാനമായും ധരിച്ചിരുന്നത്.
പതിനാലാം നൂറ്റാണ്ടോടെ ഫ്‌ലാൻഡേഴ്സിലെയും വടക്കൻ ഇറ്റലിയിലെയും വസ്ത്രനിർമ്മാതാക്കൾ സങ്കീർണ്ണമായ ഒരു ചായം മുക്കൽ വിദ്യ വികസിപ്പിച്ചെടുത്തു. ഗെന്റ്, ബ്രൂഗ്‌സ്, ആന്റ്വെർപ്പ്, ജെനോവ എന്നീ നഗരങ്ങളിലെ തൊഴിലാളികൾ പല ഘട്ടങ്ങളായുള്ള 'മൾട്ടി-ബാത്ത്' രീതിയിലൂടെയാണ് കടുപ്പമേറിയ കറുപ്പ് ഉണ്ടാക്കിയെടുത്തത്. അതുകൊണ്ടുതന്നെ, യഥാർത്ഥ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ രാജകുടുംബങ്ങൾക്കും പ്രഭുക്കന്മാർക്കും സമ്പന്നരായ വ്യാപാരികൾക്കും മാത്രമേ സാധിച്ചിരുന്നുള്ളൂ. ചുരുക്കത്തിൽ, കറുപ്പ് വസ്ത്രം എന്നത് അക്കാലത്ത് പണക്കാരുടെ അടയാളമായിരുന്നു.
രാജകൊട്ടാരങ്ങളിലെ പ്രൗഢിയുടെ പ്രതീകം
പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ സ്പാനിഷ് രാജകുടുംബമാണ് കറുപ്പ് നിറത്തെ അന്തസ്സിന്റെയും പ്രൗഢിയുടെയും പ്രതീകമാക്കി മാറ്റിയത്. സ്‌പെയിനിലെ ഫിലിപ്പ് രണ്ടാമൻ രാജാവ് കറുത്ത സിൽക്ക്, വെൽവെറ്റ് വസ്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ യൂറോപ്പിലുടനീളമുള്ള രാജകൊട്ടാരങ്ങളിൽ കറുപ്പ് ട്രെൻഡായി മാറി. തങ്ങളുടെ സമ്പത്ത് പ്രകടിപ്പിക്കുന്നതിനായി പ്രഭുക്കന്മാരും പ്രമാണിമാരും ഉയർന്ന ഗുണനിലവാരമുള്ള കറുത്ത വസ്ത്രങ്ങൾ മാത്രം ധരിക്കാൻ തുടങ്ങി. പതുക്കെ ഈ ട്രെൻഡ് ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങി മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്നു.
കോക്കോ ഷനേലിന്റെ 'ലിറ്റിൽ ബ്ലാക്ക് ഡ്രസ്സ്'
പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ ബോ ബ്രമ്മൽ (Beau Brummell) എന്ന ഡിസൈനറിലൂടെ പുരുഷന്മാരുടെ ഫോർമൽ സ്യൂട്ടുകളുടെ നിറമായി കറുപ്പ് മാറി. എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കറുപ്പ് വിക്ടോറിയൻ കാലഘട്ടത്തിലെ കർശനമായ ദുഃഖാചരണങ്ങളുടെ (mourning dress) ഭാഗമായിരുന്നു. 1861-ൽ ആൽബർട്ട് രാജകുമാരന്റെ മരണശേഷം വിക്ടോറിയ രാജ്ഞി ജീവിതകാലം മുഴുവൻ കറുത്ത വസ്ത്രം ധരിച്ചത് ഇതിന്റെ ആക്കം കൂട്ടി. എന്നാൽ 1926 ഒക്ടോബറിൽ അമേരിക്കൻ 'വോഗ്' മാഗസിനിൽ അച്ചടിച്ചുവന്ന ഒരു ചിത്രം ഫാഷൻ ചരിത്രത്തെ എന്നന്നേക്കുമായി മാറ്റിമറിച്ചു. ഫ്രഞ്ച് ഡിസൈനറായ ഗബ്രിയേൽ 'കോക്കോ' ഷനേൽ രൂപകൽപ്പന ചെയ്ത, മുട്ടിനു താഴെ വരെ നീളമുള്ള ലളിതമായ ഒരു കറുത്ത ഗൗണിന്റെ ചിത്രമായിരുന്നു അത്.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ലക്ഷക്കണക്കിന് ആളുകൾ മരണപ്പെടുകയും സ്ത്രീകൾ തൊഴിൽ രംഗത്തേക്ക് വൻതോതിൽ കടന്നുവരികയും ചെയ്ത കാലഘട്ടമായിരുന്നു അത്. തന്റെ കുട്ടിക്കാലത്ത് അനാഥാലയത്തിലെ കന്യാസ്ത്രീകൾ ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷനേൽ ഈ വസ്ത്രം നിർമ്മിച്ചത്. അനാവശ്യ അലങ്കാരങ്ങളോ ഞെരുക്കുന്ന കോർസെറ്റുകളോ ഇല്ലാതെ, കൈകൾക്കും ശരീരത്തിനും സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന ലളിതമായ കട്ടിങ്ങാണ് അതിനുണ്ടായിരുന്നത്. ഏതൊരു സാധാരണക്കാരിക്കും അണിയാൻ കഴിയുന്ന, എന്നാൽ ആഭിജാത്യമുള്ള ഒരു ആഗോള യൂണിഫോമായി മാറും ഇതെന്ന് വോഗ് പ്രവചിച്ചു. ഈ ഡിസൈൻ പരമ്പരാഗത ഡിസൈനർമാർക്കിടയിൽ വലിയ അമർഷമുണ്ടാക്കി. അന്നത്തെ പ്രശസ്ത ഡിസൈനറായ പോൾ പോയ്‌റെ ഇതിനെ 'ആഡംബരത്തിന്റെ ദാരിദ്ര്യം' എന്ന് കളിയാക്കുകയും, ഷനേലിന്റെ ഉപഭോക്താക്കളെ 'പോഷകാഹാരം ലഭിക്കാത്ത ടെലഗ്രാഫ് ജീവനക്കാർ' എന്ന് ആക്ഷേപിക്കുകയും ചെയ്തു. എന്നാൽ ഷനേൽ ഇതിനെതിരേ ശക്തമായ മറുപടി നൽകി. ഒരു മുത്തുമാലയോ ജാക്കറ്റോ പെയർ ചെയ്ത് രാവിലത്തെ ജോലികൾക്കും രാത്രിയിലെ പാർട്ടികൾക്കും ഒരേപോലെ ഉപയോഗിക്കാവുന്ന ഈ 'ലിറ്റിൽ ബ്ലാക്ക് ഡ്രസ്സ്' കറുപ്പിനെ ദുഃഖത്തിന്റെ തണലിൽ നിന്ന് മോചിപ്പിച്ച് സ്വതന്ത്ര സ്ത്രീത്വത്തിന്റെ ചിഹ്നമാക്കി മാറ്റി. നടിയായ ഓഡ്രി ഹെപ്‌ബേൺ 'ലിറ്റിൽ ബ്ലാക്ക് ഡ്രസ്സിനും ധരിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. കറുപ്പ് സാധാരണക്കാരിൽ നിന്ന് ആഡംബര ഫാഷനിലേക്കും, ദുഃഖത്തിന്റെ പ്രതീകത്തിൽ നിന്ന് വ്യക്തിത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായിട്ടും ഉയർന്നുവന്നു.
സ്പാനിഷ് പാരമ്പര്യവും ക്രിസ്റ്റോബൽ ബാലൻസിയാഗ
ഷനേൽ കറുപ്പിന് ലാളിത്യം നൽകിയപ്പോൾ, സ്പാനിഷ് ഡിസൈനറായ ക്രിസ്റ്റോബൽ ബാലൻസിയാഗ അതിനെ ഒരു ആർക്കിടെക്ചറൽ ആർട്ട് ഫോമാക്കി മാറ്റി. തന്റെ ജന്മനാടായ സ്‌പെയിനിലെ ക്ലാസിക് ചിത്രകാരന്മാരായ ഡിയേഗോ വെലാസ്‌ക്വസ്, ഫ്രാൻസിസ്‌കോ ഡി സുർബറാൻ, ഫ്രാൻസിസ്‌കോ ഡി ഗോയ എന്നിവരുടെ ചിത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ബാലൻസിയാഗ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. 1939-ൽ വെലാസ്‌ക്വസിന്റെ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 'ഇൻഫാന്റാ' ഗൗൺ അക്കാലത്തെ വസ്ത്രസങ്കൽപ്പങ്ങളെ ഞെട്ടിച്ചു. സുർബറാൻ ശൈലിയിൽ സന്യാസിമാരുടെ കുപ്പായങ്ങളുടെ ഭാരമുള്ള മടക്കുകൾ അദ്ദേഹം വസ്ത്രങ്ങളിലേക്ക് കൊണ്ടുവന്നു. ഗോയ ശൈലി ഉൾക്കൊണ്ട് കറുത്ത ലേസുകളും തിളങ്ങുന്ന മണികൾ തുന്നിച്ചേർത്ത ബൊലേറോ ജാക്കറ്റുകളും അദ്ദേഹം അവതരിപ്പിച്ചു. ബാലൻസിയാഗയ്ക്ക് കറുപ്പ് എന്നത് ഒരു നിറമായിരുന്നില്ല, പരീക്ഷണങ്ങൾക്കുള്ള ഉപാധിയായിരുന്നു. 1950-കളിൽ ഡിയോറിന്റെ 'ന്യൂ ലുക്ക്' വസ്ത്രങ്ങൾ സ്ത്രീകളുടെ അരക്കെട്ടിനെ ഞെരുക്കിയപ്പോൾ, ബാലൻസിയാഗ ബാരൽ ലൈൻ, സാക്ക് ഡ്രസ്സ്, ബേബി ഡോൾ 1955-ൽ വിപ്ലവകരമായ 'എൻവലപ്പ് ഡ്രസ്സ്' എന്നിവ അവതരിപ്പിച്ച് ശരീരത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി.
ലിംഗസമത്വവും അധികാര പ്രഖ്യാപനവും
1966-ൽ ഈവ് സൻ ലോറെൻ അവതരിപ്പിച്ച 'ലെ സ്‌മോക്കിംഗ്' എന്ന കറുത്ത ടക്‌സീഡോ സ്യൂട്ട് സ്ത്രീ ഫാഷനിലെ മറ്റൊരു വലിയ വഴിത്തിരിവായിരുന്നു. പുരുഷന്മാർ മാത്രം ധരിച്ചിരുന്ന സ്യൂട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്ത്രീ ശരീരത്തിന് അനുയോജ്യമായ രീതിയിലാണ് അദ്ദേഹമിത് ഡിസൈൻ ചെയ്തത്. അക്കാലത്ത് പാന്റ് ധരിച്ചെത്തുന്ന സ്ത്രീകളെ പല പ്രമുഖ ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. പുരുഷമേൽകോയ്മയുടെയും ആഭിജാത്യത്തിന്റെയും ചിഹ്നമായിരുന്ന കറുത്ത ടക്‌സീഡോയെ സ്ത്രീകളുടെ വസ്ത്രമാക്കി മാറ്റിയതിലൂടെ, അദ്ദേഹം നിലവിലിരുന്ന ലിംഗവിവേചന നിയമങ്ങളെ നേരിട്ട് വെല്ലുവിളിക്കുകയാണ് ചെയ്തത്. ഈ ഡിസൈനുകൾ ആത്മവിശ്വാസത്തിന്റെയും ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമായും പിന്നീട് മാറി.
'ഇനി ചുവപ്പാണ് പുതിയ കറുപ്പ്'
1981 ഏപ്രിലിൽ പാരിസ് ഫാഷൻ വീക്കിൽ ജാപ്പനീസ് ഡിസൈനർമാരായ യോജി യമമോട്ടോയും റെയ് കവാകുബോയും നടത്തിയ അരങ്ങേറ്റം പാശ്ചാത്യ ലോകത്തെ നടുക്കി. നിറപ്പകിട്ടാർന്ന നിറങ്ങളും ശരീരത്തെ എടുത്തുകാണിക്കുന്ന തുന്നലുകളും നിറഞ്ഞ പാശ്ചാത്യ ശൈലിക്കെതിരെ, അസമെട്രിക്കലും കീറിയതും അയഞ്ഞതുമായ കറുത്ത വസ്ത്രങ്ങളുമായാണ് അവർ എത്തിയത്.പാശ്ചാത്യ മാധ്യമങ്ങൾ ഇതിനെ 'പോസ്റ്റ്-ന്യൂക്ലിയർ ഫാഷൻ' എന്നൊക്കെ പരിഹസിച്ചെങ്കിലും, വൈകാതെ ലോകം അതിനു പിന്നിലെ ആശയപരമായ കരുത്ത് തിരിച്ചറിഞ്ഞു. സ്ത്രീകൾ മറ്റുള്ളവരെ ആകർഷിക്കാൻ മാത്രം വസ്ത്രം ധരിക്കണമെന്ന സങ്കൽപ്പത്തെ അവർ കാറ്റിൽപ്പറത്തി. യാമമോട്ടോയെ സംബന്ധിച്ചിടത്തോളം കറുപ്പ് എന്നത് ഒരു സുരക്ഷാകവചമായിരുന്നു . പുരുഷന്മാരുടെ തുറിച്ചുനോട്ടങ്ങളിൽ നിന്നും ലോകത്തിന്റെ വിധികൽപിക്കലുകളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന കവചം.
റെയ് കവാകുബോ 'ഞാൻ കറുപ്പിന്റെ വ്യത്യസ്ത ഷേഡുകളിലാണ് പ്രവർത്തിക്കുന്നത്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു നിറത്തിൽ തന്നെ തുണിയുടെ കനം, വെളിച്ചം കടക്കുന്ന രീതി തുടങ്ങിയവയിലൂടെ എത്രത്തോളം മാറ്റങ്ങൾ സൃഷ്ടിക്കാം എന്ന് കാണിച്ചുതന്നു. 1990-കളോടെ ലോകത്തിലെ ചിത്രകാരന്മാരുടെയും ആർക്കിടെക്ടുകളുടെയും ചിന്തകരുടെയും യൂണിഫോമായി കറുപ്പ് മാറി. കറുപ്പ് ഫാഷൻ ലോകത്തെ കീഴടക്കിയതോടെ, 1998-ൽ കവാകുബോ തമാശയായി പറഞ്ഞു: 'ഇനി ചുവപ്പാണ് പുതിയ കറുപ്പ്'.
ഇന്ന് കടുംനിറങ്ങളോ വലിയ ബ്രാൻഡ് ലോഗോകളോ കാണിച്ച് ആഡംബരം വ്യക്തമാക്കുന്നതിന് പകരം, ലാളിത്യവും നിലവാരവും കൊണ്ട് ശ്രദ്ധനേടുന്ന 'ക്വയറ്റ് ലക്ഷ്വറി' (Quiet Luxury) ട്രെൻഡിന്റെ പ്രധാന ഭാഗമാണ് കറുപ്പ്. കാലത്തിനനുസരിച്ച് മാറുന്ന ഫാഷൻ ട്രെൻഡുകൾക്കിടയിൽ ഏത് വസ്ത്ര ശൈലിക്കും യോജിക്കുന്ന എവർഗ്രീൻ നിറമായി കറുപ്പ് നിലനിൽക്കുന്നു. ഫാഷൻ ലോകത്ത് കറുപ്പ് ഏറ്റവും ലക്ഷ്വറി നിറമായി മാറിയത് യാദൃച്ഛികമല്ല, മറിച്ച് നൂറ്റാണ്ടുകളുടെ ചരിത്രമതിന് പിന്നിലുണ്ട്. കേവലം ഒരു നിറം മാത്രമല്ല കറുപ്പ്, ആത്മവിശ്വാസത്തിന്റെ കാലാതീത ഭാഷ കൂടിയാണ്.
Content Highlights: Evolution of black from a symbol of mourning to a statement of power and independence., The origin and cultural impact of Princess Diana's 'Revenge Dress'., Coco Chanel's role in democratizing black fashion with the Little Black Dress in 1926., The architectural influence of Cristóbal Balenciaga on black garments., The intersection of black fashion with gender equality and the 'Quiet Luxury' movement.