ഇരുണ്ട ചർമമുള്ളവൾ സുന്ദരി അല്ലാതാകുന്നതെങ്ങനെ; നിറംകൊണ്ടും മുറിവേറ്റ് ഹെലൻ

ആയിരം കപ്പലുകളെ യുദ്ധത്തിലേയ്ക്ക് നയിച്ച സൗന്ദര്യം, സ്പാർട്ടയിലെ ഹെലൻ യുദ്ധകാഹളം മുഴക്കിയ പുരുഷന്മാർക്ക് ഒരു വിജയചിഹ്നമായിരുന്നു. ഇലിയഡിൽ ട്രോയ് യുദ്ധത്തിന് കാരണക്കാരിയായ, അതിസുന്ദരിയായ രാജകുമാരിയായാണ് ഹോമർ ഹെലനെ പരിചയപ്പെടുത്തിയത്. ക്ലാസിക്കൽ സാഹിത്യത്തിൽ നിന്നിറങ്ങി ക്രിസ്റ്റഫർ നോളന്റെ ദി ഒഡീസിയിലേയ്ക്ക് വരുമ്പോൾ സ്പാർട്ടയിലെ അതിസുന്ദരിയായ രാജകുമാരി ഹെലനായി വെള്ളിത്തിരയിലെത്തിയത് ലുപിത ന്യോംഗോയാണ്. നൂറ്റാണ്ടുകളായി പുരുഷന്മാരാൽ എഴുതപ്പെട്ട ഇതിഹാസങ്ങളിൽ കേവലമൊരു 'ഒബജക്ടായി മാത്രം ചിത്രീകരിക്കപ്പെട്ട ഹെലൻ, ഇന്ന് നോളന്റെ സിനിമയിലൂടെ തന്റെ മുറിവേറ്റ മുഖം ലോകത്തിന് നേരെ തിരിക്കുകയാണ്. കറുത്ത ചർമത്തിനൊപ്പം സൗന്ദര്യമെന്ന സങ്കൽപത്തെ ഉൾക്കൊള്ളാൻ പാർട്രിയാക്കൽ കാഴ്ചകൾക്ക് കഴിയുന്നില്ല.
ഹോളിവുഡ് സിനിമകളിൽ സാധാരണയായി വെളുത്തനിറത്തിലെത്തിയ കഥാപാത്രത്തിനെ നോളൻ ലുപിത് ന്യോംഗോയുടെ മാസ്മരികസൗന്ദര്യത്തോടൊപ്പം ചേർത്തുവെച്ചപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ച് ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഇലോൺ മസ്‌കും വലതുപക്ഷചിന്തകൻ മാറ്റ് വാൽഷും തുടങ്ങിയർ ഇതിനെ അക്കാദമി അവാർഡിനായുള്ള മാസ്റ്റർ പ്ലാനായി വിലയിരുത്തുമ്പോൾ ശരിയ്ക്കും ഇത് ചർച്ച ചെയ്യേണ്ടത് എന്തിനെക്കുറിച്ചാണ് ? യൂറോപ്യൻ വംശീയതയും ആഗോള മാധ്യമങ്ങളും ചേർന്ന് നിലനിർത്തുന്ന വിവേചനരീതിയെയാണ് ചോദ്യം ചെയ്യേണ്ടത്. 'ദി ഒഡീസി' എന്നത് ഒരു ചരിത്രരേഖയല്ല, മറിച്ച് പുരാണമാണ്. ഇത്തരം കഥാപാത്രങ്ങളെയും പുരാണങ്ങളെയും കാലഘട്ടങ്ങൾക്കനുസരിച്ച് വിവിധ രീതികളിൽ പുനരാവിഷ്‌കരിക്കാൻ സംവിധായകർക്ക് സ്വാതന്ത്ര്യമുണ്ട്. എന്നിരിക്കിലും ലുപിത ന്യോംഗോയെന്ന ഓസ്‌കാർ ജേതാവും അഭിനയപാടവമുള്ള സ്ത്രീ എങ്ങനെയാണ് സുന്ദരിയല്ലാതെയായി മാറുന്നത് ? ബ്യൂട്ടി സ്റ്റാൻഡേർഡുകൾ സെറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് നിറത്തെ അടിസ്ഥാനമാക്കിയാണെന്നാണ് മറ്റൊരു ദു:ഖകരമായി കാര്യം. അവിടെ വൻആഗോള കോസ്‌മെറ്റിക് കമ്പനികൾ കറുത്തതൊലിയുള്ള മനുഷ്യരുടെ അപകർഷതാബോധം ചൂഷണം ചെയ്ത് കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് നടത്തുന്നു. വെളുത്ത ചർമ്മവും സ്വർണ്ണമുടിയുമുള്ള ഒരു പാശ്ചാത്യ സ്ത്രീയായി ഹെലന്റെ രൂപം പരമ്പരാഗതമായി ചിത്രീകരിക്കപ്പെടുന്നതും അതേ ചിന്തയിൽ നിന്നാണ്. എന്നാൽ, പ്രാചീന ഗ്രീക്ക് സാഹിത്യം, സ്പാർട്ടൻ സാമൂഹിക യാഥാർത്ഥ്യങ്ങൾ, പുരാവസ്തു ശാസ്ത്രം, ജനിതക പഠനങ്ങൾ എന്നിവ പരിശോധിച്ചാൽ ഹെലന്റെ ചർമ്മനിറത്തെക്കുറിച്ചുള്ള ആധുനിക സങ്കൽപ്പങ്ങൾ എത്രമാത്രം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണെന്ന് വ്യക്തമാകും.
പ്രാചീന ഗ്രീക്ക് സാഹിത്യത്തിൽ നിറങ്ങൾ വ്യക്തമാക്കാൻ ഉപയോഗിച്ചിരുന്ന പദങ്ങൾ ഇന്നത്തെ വംശീയ വർഗ്ഗീകരണങ്ങളുമായി നേരിട്ട് പൊരുത്തപ്പെടുന്നവയായിരുന്നില്ല. ഹോമറുടെ ഇതിഹാസങ്ങളിൽ ഹെലനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ഏറ്റവും പ്രശസ്തമായ പദം 'ലൂക്കോലെനോസ്'എന്നാണ്. ഇതിന്റെ അർത്ഥം 'വെളുത്ത കൈകളുള്ളവൾ' എന്നാണ്. എന്നാൽ പ്രാചീന ഗ്രീസിൽ ഇതൊരു വംശീയ അടയാളമായിരുന്നില്ല, മറിച്ച് ഒരു സാമൂഹിക-സാമ്പത്തിക പദവിയായിരുന്നു. പ്രാചീന ഗ്രീസിലെ കുലീന കുടുംബങ്ങളിലെ സ്ത്രീകൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർബന്ധിതരായിരുന്നു. വെയിൽ കൊള്ളാതെ വീടിനകത്ത് കഴിയുന്നതിനാൽ അവരുടെ ചർമ്മം വിളറിയതും വെളുത്തതുമായിരിക്കും. അതേസമയം, ദരിദ്രരും അടിമകളുമായ സ്ത്രീകളും പുരുഷന്മാരും പുറത്തു ജോലി ചെയ്തിരുന്നതിനാൽ അവരുടെ ശരീരം വെയിലേറ്റു കറുത്തിരിക്കുമായിരുന്നു. അതിനാൽ 'ലൂക്കോലെനോസ്' എന്നത് ഒരു സ്ത്രീ വീട്ടുജോലികൾ ചെയ്യേണ്ടതില്ലാത്ത അത്രയും വലിയ ധനിക കുടുംബത്തിലെ അംഗമാണെന്ന് കാണിക്കുന്നതിന്റെ പ്രതീകമായിരുന്നു.
ഹെലന്റെ മുടിയെ വിശേഷിപ്പിക്കാൻ സാപ്പോ തുടങ്ങിയ കവികൾ ഉപയോഗിച്ച 'സാന്തോസ്' എന്ന പദം സാധാരണയായി 'സ്വർണ്ണമുടി' അല്ലെങ്കിൽ 'ബ്ലോണ്ട് എന്ന് വിവർത്തനം ചെയ്യപ്പെടുന്നതാണ്. എന്നാൽ പ്രാചീന ഗ്രീക്കിൽ ഇതിന്റെ അർത്ഥം ചെമ്പ് നിറം, ഇളം തവിട്ടുനിറം, തിളങ്ങുന്ന സ്വർണ്ണനിറം എന്നിങ്ങനെ വിശാലമായ അർത്ഥത്തിലായിരുന്നു. ഇത് വടക്കൻ യൂറോപ്യൻ വംശജരുടെ പ്ലാറ്റിനം ബ്ലോണ്ട് മുടിയെ സൂചിപ്പിക്കുന്ന ഒന്നായി കാണാൻ കഴിയില്ല. പ്രാചീന ഗ്രീക്ക് ഭാഷയിൽ വടക്കൻ യൂറോപ്യൻ ബ്ലോണ്ട് മുടിയെ സൂചിപ്പിക്കാൻ കൃത്യമായ പദങ്ങൾ ഇല്ലായിരുന്നു.
സ്പാർട്ടൻ സാമൂഹിക യാഥാർത്ഥ്യങ്ങൾ വിശകലനം ചെയ്തുനോക്കിയാലും ഹെലന് ഒരിക്കലും യൂറോപ്യൻ രീതിയിലുള്ള വിളറിയ വെളുത്ത ചർമ്മം ഉണ്ടാകാൻ വഴിയില്ലെന്നും അനുമാനിയ്‌ക്കേണ്ടിവരും.
അവർ ഒരു സ്പാർട്ടൻ രാജ്ഞിയായിരുന്നു. ഏതൻസിലെ സ്ത്രീകൾ വീടിനുള്ളിൽ ഒതുങ്ങിക്കൂടിയപ്പോൾ സ്പാർട്ടൻ സ്ത്രീകൾക്ക് വലിയ തോതിലുള്ള സ്വാതന്ത്ര്യവും കായിക പരിശീലനവും ലഭിച്ചിരുന്നു. കായികതാരങ്ങളായ സ്പാർട്ടൻ പെൺകുട്ടികൾ ചെറിയ വസ്ത്രങ്ങൾ ധരിച്ച് പുറത്തു വെയിലത്ത് ഓട്ടമത്സരങ്ങളിലും ഗുസ്തിയിലും ഏർപ്പെട്ടിരുന്നു. ഏതൻസുകാർ ഇവരെ പരിഹസിച്ചിരുന്നെങ്കിലും, വെയിലേറ്റു തവിട്ടുനിറമായ, കരുത്തുറ്റ ശരീരപ്രകൃതിയായിരുന്നു സ്പാർട്ടൻ സ്ത്രീകൾക്കുണ്ടായിരുന്നതെന്ന് കാണാം.
ജനിതകശാസ്ത്രവും മൈസീനിയൻ വംശപാരമ്പര്യവും
പ്രാചീന ഡി.എൻ.എ പഠനങ്ങൾ വഴി മൈസീനിയൻ കാലഘട്ടത്തിലെ ഗ്രീക്കുകാരുടെ ശാരീരിക രൂപം ശാസ്ത്രജ്ഞർ പുനർനിർമ്മിച്ചിട്ടുണ്ട്. ഹാർവാർഡ് മെഡിക്കൽ സ്‌കൂളും മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങൾ പ്രകാരം മൈസീനിയൻ ജനസംഖ്യയിലെ ഭൂരിഭാഗം പേർക്കും മെഡിറ്ററേനിയൻ ജനിതകഘടനയാണുള്ളത്.അവരുടെ ചർമ്മം ഒലിവ് അല്ലെങ്കിൽ ഇളം തവിട്ടുനിറം (olive-to-light-brown skin) കലർന്നതായിരുന്നു. കൂടാതെ ഇരുണ്ട തലമുടിയും തവിട്ടുനിറമുള്ള കണ്ണുകളുമായിരുന്നു അവർക്കുണ്ടായിരുന്നത്. ഈ പ്രദേശങ്ങളിൽ വടക്കൻ യൂറോപ്യന്മാരുടെ നീലക്കണ്ണുകളോ പൂർണ്ണമായ വെളുത്ത ചർമ്മമോ വളരെ വിരളമായിരുന്നു. അതോടൊപ്പം, സബ്-സഹാറൻ ആഫ്രിക്കൻ ജനിതകസാന്നിധ്യവും പ്രാചീന ഗ്രീസിൽ ഉണ്ടായിരുന്നില്ല. അതിനാൽ, ഹെലൻ പൂർണ്ണമായും കറുത്ത ചർമ്മമുള്ളവളോ വെളുത്ത ചർമ്മമുള്ളവളോ ആയിരുന്നില്ല, മറിച്ച് ഒരു സാധാരണ മെഡിറ്ററേനിയൻ തവിട്ടുനിറക്കാരിയായിരിക്കാമെന്നും അനുമാനിയ്ക്കാം. അതായത് വെളുത്ത നിറത്തിൽ ഹെലനെ പരമ്പരാഗതമായി അവതരപ്പിച്ചതാണ് തികഞ്ഞ വൈരുദ്ധ്യം.
നോളന്റെ ചിത്രത്തിലെ സിനിമാറ്റിക് സിമ്പോളിസം
ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി' ഒരു ചരിത്ര ഡോക്യുമെന്ററിയല്ല, മറിച്ച് പുരാണത്തിന്റെ പുത്തൻ ആവിഷ്‌കാരമാണ്. ലുപിത ന്യോംഗോയെ ഇതിനായി തിരഞ്ഞെടുത്തതിന് പിന്നിൽ കൃത്യമായ കലാപരമായ കാരണങ്ങളുണ്ട്. ജോർദാൻ പീലിന്റെ 'അസ്' പോലുള്ള ചിത്രങ്ങളിൽ ഇരട്ട വേഷങ്ങൾ അതിഗംഭീരമായി കൈകാര്യം ചെയ്ത നടിയാണ് ലുപിത. ഈ ചിത്രത്തിൽ ഹെലന്റെയും അവളുടെ സഹോദരി ക്ലൈറ്റെംനെസ്ട്രയുടെയും ഇരട്ട ഭാവങ്ങൾ അവതരിപ്പിക്കാൻ ലുപിതയുടെ അഭിനയശേഷിക്ക് സാധിച്ചിട്ടുണ്ട്. സ്വന്തം മുഖത്തും മനസ്സിലും ആഴമേറിയ മുറിപ്പാടുകളേറ്റ്, ചരിത്രത്തിന്റെ ക്രൂരതകൾക്ക് നിശബ്ദ സാക്ഷിയാകേണ്ടി വന്ന ഒരു സ്ത്രീയുടെ നോവ് നോളൻ പകർത്തിയെടുത്തിട്ടുണ്ട്.
പുരുഷന്റെ യുദ്ധക്കൊതിയുടെ വെറുമൊരു 'ട്രോഫി എന്നതിനപ്പുറം, യുദ്ധം വരുത്തുന്ന വിനാശങ്ങളുടെ ജീവിക്കുന്ന പ്രതീകമായാണ് ഹെലൻ ഇതിലെത്തുന്നത്. ചരിത്രപരവും ജനിതകപരവുമായ തെളിവുകൾ പരിശോധിക്കുമ്പോൾ ഹെലൻ ഓഫ് സ്പാർട്ട ഒരു മെഡിറ്ററേനിയൻ തവിട്ടുനിറക്കാരിയായിരുന്നു. ഹെലന്റെ രൂപം കാലാകാലങ്ങളായി ഓരോ സംസ്‌കാരങ്ങളും തങ്ങളുടെ സങ്കൽപ്പങ്ങൾക്കനുസരിച്ച് മാറ്റിയെഴുതുകയായിരുന്നു . അതുകൊണ്ടുതന്നെ ക്രിസ്റ്റഫർ നോളന്റെ ചിത്രത്തിൽ ലുപിത ന്യോംഗോയെ അവതരിപ്പിച്ചതിനെ ചരിത്രപരമായ വികലമാക്കലായി കാണാൻ കഴിയില്ല, മറിച്ച് അത് പുരാണങ്ങളുടെയും ചരിത്രത്തിന്റെയും തികച്ചും ആധുനികവും പ്രതീകാത്മകവുമായ ഒരു സിനിമാറ്റിക് വ്യാഖ്യാനമായി വായിച്ചാൽ മതിയാകും.
ഹെലന്റെ നിഗൂഢമായ സൗന്ദര്യവും ആധുനിക സിനിമയിലെ മാറ്റങ്ങളും
പുരാണങ്ങൾ പ്രകാരം ഹെലന്റെ ജനനം തന്നെ അതീവ നിഗൂഢമായിരുന്നു. സീയൂസ് ദേവൻ ഒരു ഹംസത്തിന്റെ രൂപത്തിൽ വന്ന് ലെഡയെ പ്രാപിച്ചതിനെത്തുടർന്ന് ഒരു മുട്ടയിൽ നിന്നാണ് ഹെലൻ വിരിഞ്ഞത് എന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു ഐതിഹ്യമനുസരിച്ച് സീയൂസും നെമെസിസ് ദേവിയും പക്ഷികളുടെ രൂപത്തിൽ ഒന്നിച്ചപ്പോൾ ഉണ്ടായ മുട്ടയിൽ നിന്നാണ് അവൾ ജനിച്ചതെന്നും പറയുന്നു. ഈ 'മുട്ടയിൽ നിന്നുള്ള ജനനം' അവളുടെ സൗന്ദര്യം കേവലം മാനുഷികമല്ലെന്നും, അത് ഒരു ദിവ്യമായതാണെന്നുമുള്ള വിശ്വാസത്തെയാണ് ഊന്നൽ കൊടുക്കുന്നത്.ഹെലന്റെ സൗന്ദര്യത്തെക്കുറിച്ച് ഏറ്റവും പ്രശസ്തമായ വിശേഷണം ക്രിസ്റ്റഫർ മാർലോയുടേതാണ്; അദ്ദേഹം അവളെ 'ആയിരം കപ്പലുകളെ കടലിലിറക്കിയ മുഖം' എന്ന് വിളിച്ചു. ഹോമറിന്റെ കൃതികളിൽ ഹെലൻ ഒരു നിഗൂഢ രൂപമായിരുന്നു. അവളുടെ കണ്ണുകളുടെ നിറമോ ചർമ്മത്തിന്റെ നിറമോ അദ്ദേഹം കൃത്യമായി വിവരിച്ചിട്ടില്ല. പകരം, അവളുടെ സൗന്ദര്യം മനുഷ്യരിലും ദേവന്മാരിലും ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്
മാറുന്ന സൗന്ദര്യ സങ്കൽപ്പങ്ങളുടെ പ്രതിഫലനം
ഹെലന്റെ വേഷം ചെയ്ത നടിമാരിലൂടെ കഥാപാത്രത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ഓരോ കാലഘട്ടത്തിലും മാറിക്കൊണ്ടിരുന്നു:എലിസബത്ത് ടെയ്ലർ (1967) ഹോളിവുഡിന്റെ ക്ലാസിക് ഗ്ലാമർ പ്രതീകമായി ഹെലനെ അവതരിപ്പിച്ചു
ഡയാനെ ക്രൂഗർ (2004): 'ട്രോയ്' എന്ന സിനിമയിൽ സ്വർണ്ണമുടിയുള്ള, വെളുത്ത സ്ത്രീയായി ഹെലനെ ചിത്രീകരിച്ചു.2026-ൽ ലുപിത ന്യോംഗോ നോളന്റെ സിനിമയിലൂടെ ഹെലന് പുതിയ സൗന്ദര്യമാനം നൽകി. ലുപിതയുടെ വേഷം, ഹെലന്റെ സൗന്ദര്യം ഒരു പ്രത്യേക നിറത്തിലോ വംശത്തിലോ കെട്ടിയിടേണ്ടതില്ലെന്നും, അത് ലോകത്തെ ആകമാനം സ്വാധീനിച്ച ഒന്നാണെന്നുമുള്ള ആശയത്തെയാണ് ബലപ്പെടുത്തുന്നത്. സൗന്ദര്യത്തിന്റെ പേരിൽ ഒരു മഹാ യുദ്ധത്തിന് കാരണക്കാരിയായ ഹെലൻ, ഇന്നും ലോകത്തിന്റെ ചർച്ചാവിഷയമാണ്. അവളുടെ രൂപം ഓരോ കാലഘട്ടത്തിലെയും സാമൂഹികവും സാംസ്‌കാരികവുമായ കാഴ്ചപ്പാടുകൾക്കനുസരിച്ച് പുനർനിർമ്മിക്കപ്പെടുന്നു. നിലവിലെ വിവാദങ്ങൾ സൂചിപ്പിക്കുന്നത്, ഹെലൻ ഓഫ് സ്പാർട്ട എന്നത് വെറുമൊരു ചരിത്രരൂപമല്ല, മറിച്ച് മനുഷ്യരാശിയുടെ മാറിക്കൊണ്ടിരിക്കുന്ന സൗന്ദര്യ സങ്കൽപ്പങ്ങളുടെ പ്രതിഫലനമാണെന്നാണ്.
Content Highlights: Analysis of Lupita Nyong'o's casting in Nolan's 2026 Odyssey., Deconstructing historical misconceptions regarding Helen's skin tone., Examining the socio-economic meaning of 'leukolenos' in ancient Greece., Scientific evidence from Mycenian genetic studies regarding Mediterranean heritage., Critique of modern beauty standards in global media.