പെണ്‍കുട്ടിയാണ്, വീടിന് പുറത്തിറങ്ങാനാവില്ല, പക്ഷേ ആബിദ ഇന്റര്‍നാഷണല്‍ ചാമ്പ്യനാണ്

നോര്‍ത്ത് കാശ്മീരിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു ആബിദ അക്തറിന്റെ ജനനം. സ്‌പോര്‍ട്‌സിനോട് അവള്‍ക്കുള്ള ഇഷ്ടം അടക്കാനാവുന്നതായിരുന്നില്ല. പക്ഷേ അവിടെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ തന്നെ ശരിക്കു പോകാനായിരുന്നില്ല, പിന്നെയല്ലെ സ്‌പോര്‍ട്‌സ്. 'വീടിന് പുറത്ത് പോലും പോകാന്‍ പല പെണ്‍കുട്ടികള്‍ക്കും അനുവാദമുണ്ടായിരുന്നില്ല' ആബിദ പറയുന്നു.
പക്ഷേ ആബിദ ഭാഗ്യവതിയായിരുന്നു. അവളെ സ്‌കൂളില്‍ വിടാന്‍ മാതാപിതാക്കള്‍ മടി കാണിച്ചില്ല. സ്‌കൂളില്‍ അവള്‍ ചൈനീസ് മാര്‍ഷല്‍ ആര്‍ട്‌സായ വുഷൂ പഠിക്കാന്‍ തുടങ്ങി. പക്ഷേ 21-ാം വയസ്സില്‍ വിവാഹം കഴിഞ്ഞതോടെ എല്ലാം തലതിരിഞ്ഞു. സ്‌പോര്‍ട്‌സും പഠനവും ഇഷ്ടങ്ങളുമെല്ലാം അവള്‍ക്ക് വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീടുള്ള രണ്ട് വര്‍ഷങ്ങള്‍ എല്ലാ ആഗ്രഹങ്ങളും പൂട്ടിവച്ചുള്ള ജീവിതമായിരുന്നു. അത് വിവാഹ മോചനത്തിലാണ് എത്തിച്ചത്. അതോടെ ആബിദ വിഷാദരോഗത്തിന്റെ പിടിയിലായി. വീടിനുള്ളില്‍ ആരെയും കാണാതെ അടച്ചുപൂട്ടി ദിവസങ്ങളോളം ഇരുന്നു കരഞ്ഞു.
ഈ സമയത്ത് ആബിദയുടെ പഴയ കോച്ച് ഫസല്‍ അലി അവളെ വീണ്ടും വൂഷു പഠിക്കാന്‍ പ്രേരിപ്പിച്ചു തുടങ്ങി. തന്റെ ജീവിതം വീണ്ടും വെളിച്ചം കണ്ടുതുടങ്ങിയത് അപ്പോഴാണെന്ന് ആബിദ പറയുന്നു. ജീവിതത്തിലെ പ്രതീക്ഷ കൈവിടരുതെന്നും, ജീവിതം തിരിച്ചു പിടിക്കണമെന്നും കോച്ച് അവളോട് പറഞ്ഞു.
2017 ല്‍ മലേഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ വൂഷു ചാമ്പന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ആബിദ വെള്ളി മെഡല്‍ നേടി. ഇപ്പോള്‍ ആബിദ തന്നെപ്പോലെ സ്‌പോര്‍ട്‌സ് സ്വപ്‌നം കാണുന്ന പെണ്‍കുട്ടികളെ പരിശീലിപ്പിക്കുകയാണ്. ' ഇവിടെ പുരുഷന്‍മാത്രമാണ് പരിശീലകരായുള്ളത്. പെണ്‍കുട്ടികള്‍ സ്‌പോര്‍ട്‌സില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അതുമൊരു ഘടകമാണ്. പക്ഷേ ഇപ്പോള്‍ എല്ലാ പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും സന്തോഷിക്കുന്നുണ്ട്. ഞാന്‍ അവരുടെ പരിശീലകയായതിനാല്‍.' ആബിദ അവര്‍ക്ക് വഴികാട്ടിയാവുകയാണ്.
ബിബിസി ന്യൂസ് സംഘടിപ്പിക്കുന്ന ഇന്ത്യാസ് സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍ ക്യാംപയിനിന്റെ ഭാഗമായാണ് ആബിദയുടെ കഥ ലോകമറിഞ്ഞത്. വിജയങ്ങള്‍ നേടുന്ന നമ്മുടെ ഓരോ വനിതാ കായികതാരവും അവരുടെ ലക്ഷ്യത്തിലെത്താന്‍ എത്ര കഷ്ടപ്പാടുകളും പ്രതിബന്ധങ്ങളുമാണ് മറികടക്കേണ്ടി വരുന്നതെന്ന് ആബിദയുട കഥ ഓര്‍മ്മിപ്പിക്കുന്നു.
കടപ്പാട്: ബി.ബി.സി ന്യൂസ് ഇന്ത്യ
Content Highlight: From depression to international medalist
Content Highlights: