'എടോ.. താൻ ഒ.കെ. അല്ലേ?'; പെട്ടെന്നുള്ള അയാളുടെ ആ ചോദ്യം കേട്ട് ഞാന്‍ നിശബ്ദനായി

ജനിതകമായി മനുഷ്യനെന്ന പദം പൂര്‍ണ്ണമാകുന്ന ഒരു നാളുണ്ടെങ്കില്‍ അതിലവന് ഒഴിച്ച് നിര്‍ത്താനാകാത്ത വിഭാഗമാണ് സുഹൃത്തുക്കള്‍. എല്ലാകാലത്തും പല രീതികളില്‍ സൗഹൃദമെന്ന ബന്ധത്തെ കലയിലും സാഹിത്യത്തിലും ചേര്‍ത്തുവെച്ചിട്ടുള്ളതും അതുകൊണ്ടാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചലച്ചിത്രം മലയാളക്കരയും കടന്ന് അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന കാലത്താണ് നാം ഇത്തരമൊരു സൗഹൃദദിനത്തിലൂടെ ഓര്‍മ്മകളെ ചികയുന്നത്. ഉറുമ്പുകളോടും മനുഷ്യനോടും ഒരുപോലെ സംസാരിക്കാന്‍ കഴിയുന്ന വൈക്കം മുഹമ്മദ് ബഷീറെന്ന എഴുത്തുകാരന്റെ പ്രപഞ്ചത്തിന്റെ കരുത്തും മറ്റൊന്നായിരുന്നില്ല.
വ്യക്തിപരമായി കാണുന്ന മനുഷ്യരോടൊക്കെ പുഞ്ചിരിക്കുകയും അതില്‍ പരമാവധി പേരോട് സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യാറുണ്ട്. അടുത്ത സുഹൃത്തുക്കളായി വിരലിലെണ്ണാവുന്നവരെ എന്നും കൊണ്ടുനടക്കാറുമുണ്ട്. എങ്കിലും ഓരോ സൗഹൃദദിനത്തിലും ഓര്‍മയിലേക്കെത്തുന്ന ഒരു മുഖമുണ്ട്. സമപ്രായക്കാരനല്ലെങ്കിലും കരുതലിന്റെ ഭാഷ പഠിപ്പിച്ചുതന്ന ഒരു മനുഷ്യൻ.
സാധാരണ കുടുംബ പശ്ചാത്തലമായിരുന്നു എന്റേത്. ഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ വിദ്യാഭ്യാസ കാലഘട്ടത്തിന് ഏറെക്കുറെ പരിസമാപ്തിയായെന്നു കരുതിയ നാളുകള്‍. ഉപ്പയില്ലാത്ത വിടവ് നികത്തി പഠിപ്പിച്ച ഉമ്മയെയും ഇക്കാക്കന്മാരെയും ഇനിയും ആശ്രയിക്കാന്‍ വയ്യ. സാധാരണ എല്ലാ മനുഷ്യരെയും പോലെ ഒരു തൊഴിലില്‍ അഭയം പ്രാപിക്കണം. പക്ഷേ, ഉള്ളിലാണെങ്കില്‍ അടിയുറച്ചുപോയ മാധ്യമപഠന മോഹവും. മികച്ച സാങ്കേതിക പഠനം നല്‍കുന്ന സ്ഥാപനങ്ങളിലോ ഹോസ്റ്റലില്‍ നിന്ന് പഠിക്കാനോ ഉള്ള സാഹചര്യമില്ല. ആലോചനകള്‍ പലവഴിക്കായി നീങ്ങി. ഒടുവില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ പി.ജി. ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷിച്ചു. പ്രവേശനപരീക്ഷയെഴുതി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഭേദപ്പെട്ടൊരു റാങ്കോടെ അഡ്മിഷനെടുക്കാനുള്ള ലെറ്ററെത്തി. പറയാന്‍ മറന്നു, അതൊരു വ്യാഴാഴ്ചയായിരുന്നു.
മൂന്ന് നാളുകള്‍ക്കപ്പുറം തിങ്കളാഴ്ച രാവിലെ മാങ്ങാട്ടുപറമ്പിലെ ഓഫീസിലെത്തി അഡ്മിഷനെടുക്കണം. ആ സമയത്ത് 11, 000 രൂപയോളം വേണം അഡ്മിഷനെടുക്കാന്‍. പിന്നീട് ഗ്രാന്റ് വഴി തുക തിരിച്ചു കിട്ടുമെങ്കിലും ചേരുമ്പോള്‍ ആ തുക വേണം. വീട്ടില്‍ ഇതേക്കുറിച്ച് പറയുകയോ പറയാതിരിക്കുകയോ ചെയ്തില്ല എന്ന മട്ടിലായിരുന്നു. വീട്ടുകാര്‍ക്കാണെങ്കിൽ താല്പര്യക്കൂടുതലോ താല്പര്യക്കുറവോ ഇല്ല. നിന്റെ ഇഷ്ടം എന്ന ലൈനായിരുന്നു അവര്‍ക്ക്.
ചെറുതെങ്കിലും അഭിമാനത്തിന്റെ വിഷയം കൂടിയുണ്ടിതില്‍. ഇരുപതുകാരനാണ്. വീട്ടുകാരെ ആശ്രയിക്കാതെ തുക കണ്ടെത്തണം. നുള്ളിപ്പെറുക്കി കൂട്ടിയപ്പോള്‍ ചില്ലറയുണ്ട്. എങ്കിലും ബാക്കിയാര് തരും ? അതും മൂന്നു ദിവസത്തിനുള്ളില്‍. ഒരെത്തുംപിടിയുമുണ്ടായില്ല.
പിറ്റേന്ന് വെറുതേയിരിക്കുമ്പോഴാണ് വഴിതെറ്റി ആ ഫോണ്‍ വരുന്നത്. ആരെക്കുറിച്ചോ അറിയാന്‍ വേണ്ടിയായാണ് ആ സുഹൃത്ത് വിളിച്ചത്. പരിചയപ്പെട്ടിട്ട് അധികകാലമൊന്നുമായിട്ടില്ലെങ്കിലും എന്തും പറയാനുള്ള 'ഇടം' അദ്ദേഹവുമായിട്ട് ഉണ്ടായിരുന്നു. കുറച്ചു നേരം തുടർന്ന സംസാരം അവസാനിപ്പിക്കുന്ന നിമിഷത്തിൽ അദ്ദേഹം ചോദിച്ചു, എന്താടോ നീ ഒ.കെ. അല്ലേ..? പെട്ടെന്നുള്ള ചോദ്യമാണെങ്കിലും ഞാനൊന്ന് നിശബ്ദനായി. മറ്റൊരു മറയില്ലാത്തവണ്ണം കാര്യങ്ങൾ തുറന്നു പറഞ്ഞു.
നാട്ടില്‍ സാധാരണ ജോലി ചെയ്യുന്ന സുഹൃത്ത് ഒരു നിമിഷത്തെ മൗനത്തിനുശേഷം പറഞ്ഞു, ഇതാണോ നിന്റെ പ്രയാസം.. നമുക്ക് പരിഹാരമുണ്ടാക്കാമെന്ന്. കേവലം ഒരു ആശ്വാസവാക്കായി മാത്രമാണ് ഞാൻ അതിനെ കണ്ടത്. എന്നാല്‍ അതങ്ങനെ ആയിരുന്നില്ല. പിറ്റേന്ന് വൈകുന്നേരം ആകുമ്പോഴേക്കും എനിക്കാവശ്യമുള്ള ബാക്കി തുക അദ്ദേഹം എന്നെ ഏല്‍പ്പിച്ചു. പലർക്കും നിസ്സാരമായിരിക്കാം. പക്ഷെ, എന്നെപ്പോലൊരാൾക്ക് അതൊക്കെയും വലിയ കാര്യമായിരുന്നു. നമ്മളെ പരിഗണിക്കാനും ആളുണ്ടെന്ന തോന്നൽ. നമ്മുടെ പൂർണ്ണതയിൽ നമ്മുടെ സുഹൃത്തുക്കൾക്ക് വലിയ സ്വാധീനമുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം. ചെല സൗഹൃദങ്ങൾ താങ്ങി നിർത്തുന്നത് എങ്ങനെയെന്ന് അറിയുന്നത് പ്രതിസന്ധികളിൽ കാലിടറുമ്പോഴാണ്. . ഓരോ മനുഷ്യനും ഇങ്ങനെ ഒരാളെങ്കിലുമുണ്ടാകും. ഏത് പ്രതിസന്ധിയിലും നമ്മളെ കൊണ്ടുപോകുന്ന ആ ഒരു സുഹൃത്ത്.
Content Highlights: friendship day