'ഒന്നര കിലോ കപ്പമുതല്‍ പുഴുങ്ങിയ കോഴിമുട്ടയും ചൂട് ഉള്ളിവടയുംവരെ മുറ്റത്തുവന്ന് കോളിങ് ബെല്ലടിച്ചു'

#ഷബിത
പ്രതീകാത്മക ചിത്രം | Photo: canva
പ്രതീകാത്മക ചിത്രം | Photo: canva

ഒരു ശനിയാഴ്ചയാണ് സന്ദീപ് വിളിക്കുന്നത്. 
ഷബ്യേ...നീ ഫ്രീയാണോ?
ആണെടാ പറഞ്ഞോ. 
നാളെ ന്റെ മക്കള്‍ടെ ബര്‍ത്ത്‌ഡേയാണ്. നീ അവരെ ഒന്നു വിഷ് ചെയ്യണം. 
നാളെ ഞായറല്ലേ. എനിക്ക് ഓഫാണ്. ഞാന്‍ വീട്ടിലേക്ക് വരാമെടാ. ഉബൈദിനെ കിട്ടുമോന്ന് നോക്കട്ടെ. 
വേണ്ട, വേണ്ട, നീ വരണ്ട. വീഡിയോകോളില്‍ വന്നാല്‍ മതി. നെനക്ക് ഭയങ്കര തിരക്കാണെന്ന് ഞാന്‍ ഇവിടൊക്കെ പറഞ്ഞുപോയി.
എനിക്കൊരു തിരക്കുമില്ലെടാ. വൈകുന്നേരം ഞങ്ങളങ്ങോട്ടുവരാം.
നീ വരണ്ടാന്ന്. കൃത്യം ഏഴര എട്ടാവുമ്പോള്‍ കേക്ക് മുറിക്കുന്നത് വീഡിയോ കോളില്‍ കണ്ടാല്‍ മതി. 
സന്ദീപേ ഞാന്‍ വരും. എനിക്ക് ബിരിയാണി തിന്നണം.
വരണ്ടാന്ന്. പിന്നേ, നീ വിളിക്കുമ്പോള്‍ ആ പൂത്ത മാക്‌സി ഇട്ടുനില്‍ക്കരുത്. നല്ലോണം ഡ്രസ് ചെയ്ത് മുടിയൊക്കെ ഒതുക്കി നില്‍ക്കണം. വേണേല്‍ നീ അന്ന് ഡ്യൂട്ടിയുമെടുത്തോ. ഇടയ്ക്കിടെ ഞാന്‍ നിന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് എന്റെ ഭാര്യയോടും പറയണം.

ഞായറാഴ്ച ഓര്‍ത്തുവെച്ച് സന്ദീപിന്റെ മക്കളെ വിളിച്ചു. പിറന്നാളാശംസകള്‍ അറിയിച്ചു. അവന്‍ പഠിപ്പിച്ചു തന്നതെല്ലാം ഭാര്യയോടു പറഞ്ഞു. നീട്ടിനടന്നാല്‍ ഒന്നരകിലോമീറ്ററിനപ്പുറം പോയി പിറന്നാള്‍ ബിരിയാണി തിന്നുവരാനുള്ളതേയുള്ളൂ. പക്ഷേ അനുമതിയില്ല. അവനെന്റെ ചങ്ക് സുഹൃത്തായിപ്പോയി. 

കൊറോണയുമായി മല്ലയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് പ്രജി ഒന്നരകിലോ കപ്പയുമായി മുറ്റത്ത് നിന്നത്. പ്രജ്യേ പോയ്‌ക്കോ അവള് കൊറോണപിടിച്ച് കെടപ്പാണ്. അമ്മ കണ്ടപാടേ വിലക്കി. പ്രജി ഉമ്മറത്തേക്ക് വന്ന് കപ്പ കൊടുത്തു. അവള്‍ക്ക് പണ്ടേ പനിച്ചാല്‍ എന്തേലും തിന്നില്ലേല്‍ പ്രാന്താകൂല്ലേ, ഇതു പുഴുക്കുവെച്ചുകൊടുത്തോ. അവന്‍ വന്ന പാടേ പോയി. അങ്കണവാടി മുതല്‍ പത്തുവരെ ഒന്നിച്ചായിരുന്നു ഞങ്ങള്‍. പിന്നെ അവനും ഞാനും തലതിരിഞ്ഞു. കണ്ടാല്‍ അത്യാവശ്യത്തിനുമാത്രം മിണ്ടി. പനിച്ചുതുള്ളുന്ന നേരത്തും ഇടതടവില്ലാതെ ആപ്പിളും മുന്തിരിയും മുട്ട പുഴുങ്ങിയതും എന്തിന് ചൂടുള്ള ഉള്ളിവട വരെ എത്തി. പള്‍സ് ഓക്‌സി മീറ്ററും വിക്സും കോലായിലെ ഇരുത്തിയില്‍ വന്ന് കോളിങ് ബെല്ലടിച്ചു. മുറ്റംവരെ വന്നുപോയവരെല്ലാം എന്റെ സ്‌കൂള്‍ സമ്പാദ്യമായിരുന്നു. 

എടാ എനിക്ക് അലക്കാന്‍ കല്ലില്ല. മുറ്റത്തുവിരിക്കുന്ന പാറക്കല്ലില്‍ ഒരിടത്തരം ഒപ്പിക്കാന്‍ പറ്റുമോ?
എടാ ഞാനിവിടെ പോസ്റ്റായി. വണ്ടിയില്ല. നിനക്ക് വരാമ്പറ്റ്വോ?
എടാ അമ്മയ്ക്ക് വയ്യ. ഒന്ന് അവിടം വരെ പോയി നോക്കുമോ? ഞാന്‍ സ്ഥലത്തില്ല.
എടാ ബിരിയാണി തിന്നാന്‍ തോന്നുന്നു. ആരേലും ടൗണിലുണ്ടോ?

എണ്ണിയാലൊടുങ്ങാത്ത ആവശ്യങ്ങളെല്ലാം ഒരാളോടല്ല, പലരോടുമാണ്. എന്തെല്ലാമാണ് വിശേഷങ്ങള്‍ എന്നുചോദിക്കാന്‍ ആരെയെങ്കിലും വിളിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അതേപ്പറ്റി കുറ്റസമ്മതം നടത്തിയാല്‍ സ്‌കൂള്‍ ഗ്രൂപ്പുമുതലുള്ളവര്‍ എന്റെ സ്വഭാവം എണ്ണിയെണ്ണിപ്പറയും. അപ്രതീക്ഷിതമായി ഒരു സുഹൃത്തിനെ വിളിച്ചാല്‍ അവര്‍ ആദ്യം ചോദിക്കുക എന്താണ് ആവശ്യം എന്നാണ്. അത്രവരെ എത്തി കാര്യങ്ങള്‍. പക്ഷേ എന്തൊക്കെയോ ചില ഇളവുകള്‍ ഓര്‍മവെച്ചകാലം മുതലുള്ള സൗഹൃദങ്ങളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ ആനുകൂല്യത്തില്‍ ജീവിച്ചുപോകുന്ന ഒരാള്‍കൂടിയാണ് ഞാന്‍. അവരുടെ വീട്ടിലെ കല്യാണവും മരണവും ഇരുപത്തിയെട്ടും എന്നോടു മറന്നുപോയാല്‍ അവര്‍ പൊറുക്കാറുണ്ട്. കൂട്ടത്തിലൊരാള്‍ക്ക് വീടുവെച്ചുകൊടുക്കേണ്ട സാഹചര്യം വരുമ്പോള്‍ പിരിഞ്ഞുകിട്ടേണ്ടുന്ന തുകയില്‍ ഏറ്റവും ഒടുവില്‍ മാത്രമേ അവരെന്നോടു കൈനീട്ടാറുള്ളൂ. എന്നാലോ ഏറ്റവും മുന്നില്‍ നിന്ന് പാലു കാച്ചാന്‍ അവരെന്നോട് പറയുകയും ചെയ്യും. അതൊരു ശിക്ഷയായിരിക്കും.

ഒരിക്കല്‍ മാത്രമേ എനിക്ക് തെറ്റിപ്പോയിട്ടുള്ളൂ. ഇരുപത് കൊല്ലം മുമ്പത്തെ കലാലയ ജീവിതത്തില്‍ വളരെ തെളിഞ്ഞ മനസ്സുള്ള ഒരു സുഹൃത്തായി ഒപ്പം നിന്നവന്‍ വളര്‍ന്നു പീറ്റയായത് ഞാന്‍ അറിയാതെ പോയി. നീണ്ട കാലങ്ങള്‍ക്കുശേഷം കണ്ടമാത്രയില്‍ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയെങ്കിലും ഒന്നിച്ചൊരു ചായ കുടിച്ചപ്പോള്‍ അകമേ കയ്ച്ചു. ചില മനുഷ്യര്‍ക്കങ്ങനെയാണ് വെറും ആണും പെണ്ണും മാത്രമേ ആകാന്‍ കഴിയുകയുള്ളൂ. 

പ്രായം കൂടുംതോറും വിശാലമായ സൗഹൃദങ്ങള്‍ ബോണസ്സായി വന്നുനിറയുന്നുണ്ട്. മനുഷ്യരോട് ഇടപെടുമ്പോള്‍ മാത്രമേ എന്തെന്നില്ലാത്ത സന്തോഷമുണ്ടായിട്ടുള്ളൂ. നാല്‍പതിന്റെ ഓലത്തുഞ്ചത്തേക്ക് നീട്ടിയൊരു ചാട്ടം ചാടാനുള്ള ദൂരമേയുള്ളൂ. ലോകം കൂടുതല്‍ സുതാര്യമാവുന്നതും അവനവന്റെയുള്ളിലെ ഒതുങ്ങിക്കൂടലിന്റെ പുറംതോടുപൊട്ടിച്ച് ലോകത്തെയങ്ങനെ വിരിഞ്ഞുനോക്കുന്നതായും ഞാന്‍ സങ്കല്പിക്കാറുണ്ട്. ഒട്ടുമേ പരിഗണിക്കേണ്ട ആവശ്യമില്ലാതിരുന്നിട്ടുകൂടി ഒരു നാഴി അരി അധികം വെക്കുമ്പോള്‍ ''ഇന്ന് വലിയ കലത്തിലാണ് ചോറുവെക്കുന്നത് ഉച്ചയ്ക്ക് നീയുണ്ടാവണേ'' എന്നു പറയുന്ന സ്‌നേഹങ്ങള്‍ അഹംഭാവത്തില്‍ മുട്ടുമടക്കിത്തൊഴിച്ചിട്ടുണ്ട്. സ്വന്തക്കാരെന്ന് അമ്മ പറഞ്ഞുതന്ന് വിശ്വസിച്ച, ഞാന്‍ മാറ്റിനിര്‍ത്തപ്പെട്ട ഒരു വിവാഹച്ചടങ്ങില്‍ എന്നെ ക്ഷണിക്കാത്തത് ഒരു വിഷയമായി അവതരിപ്പിക്കപ്പെട്ടു എന്ന് വേണ്ടപ്പെട്ടവര്‍ സദ്യകഴിഞ്ഞ് വിളിച്ചു സങ്കടപ്പെട്ടപ്പോള്‍ വലിയ കലത്തില്‍ ചോറുവെച്ച് കാത്തിരുന്ന വീടുകളോട് നീതി പുലര്‍ത്താന്‍ കഴിയാതെ വിങ്ങുകയായിരുന്നു ഞാന്‍. നമ്മളെ സ്‌നേഹിക്കുന്നവരെയൊക്കെ ഇത്തരത്തിലാണല്ലോ കാലം ഓര്‍മിപ്പിക്കുക.

Content Highlights: how friendships change in forties