ഞങ്ങളിന്നും കാത്തിരിക്കുകയാണ് സൗഹൃദത്തിൻെറ ആ സുലൈമാനിയ്ക്കായി!

പാലൊഴിക്കാത്ത ചായ പനി പിടിച്ചു കിടക്കുമ്പോൾ മാത്രമാണു കുടിക്കേണ്ടതെന്നായിരുന്നു ധാരണ. സൗഹൃദത്തിൻെറ നാടായ കോഴിക്കോടാണ് ആ ചിന്ത മാറ്റി മറിച്ചത്.
ആദ്യമായി കിട്ടിയ ജോലി പാളയത്തെ ഒരു കുഞ്ഞ് ഓഫീസിലാണ്. കോട്ടപ്പറമ്പ് ആശുപത്രിയുടെ തൊട്ടടുത്ത് ഓടിട്ട കെട്ടിടത്തിൻെറ ഒന്നാം നിലയിൽ. ഒരുപാട് നല്ല കൂട്ടുകാരെ അവിടെ നിന്നു കിട്ടി. ഒറ്റ മുറി മാത്രമുള്ള ചെറിയ സ്ഥാപനമായതിനാൽ മുതലാളി അടക്കം എല്ലാവരും ഒരേ നിലയിൽ ഇരുന്നു ജോലി നോക്കും. അവിടെ അടുത്തു ചെറിയ ഹോട്ടലുകളുണ്ട്. എല്ലാ നേരവും പൊറോട്ടയും ചായയും കിട്ടും. വൈകീട്ട് ചായയും 'കടി'യും ഓഫീസിലേക്കു കൊണ്ടു തരും.
ജോലിക്കെത്തിയിട്ട് അധികനാളായില്ല. സഹപ്രവർത്തകരിൽ കുറച്ചുപേർ ഇടയ്ക്കിടെ സുലൈമാനി വരുത്തി കുടിക്കും. എനിക്കാണെങ്കിൽ ഈ സംഭവം കാണുമ്പോഴേ പുച്ഛം. ഒരിക്കൽ നിഖിൽ ആണ് പറഞ്ഞ്, 'യ്യ് ഇതൊന്ന് കുടിച്ചു നോക്ക്... ന്ന്ട്ട് പറ ദ് എങ്ങനണ്ടെന്ന്'... സുഹൃത്ത് പറഞ്ഞതല്ലേ, ഞാനും വാങ്ങിയൊരു സുലൈമാനി. ചെറുനാരങ്ങയുടെ പുളിയും ചായപ്പൊടിയുടെ ചെറിയ ചവർപ്പും പഞ്ചസാരയുടെ മധുരവും... അത്രയും കൊല്ലം രുചിക്കാത്തതിൽ എന്നോടുതന്നെ ദേഷ്യം തോന്നി.
പിന്നീടു തട്ടുകട മുതൽ മുന്തിയ ഹോട്ടൽ വരെ എവിടെ കയറിയാലും മാമുക്കോയയുടെ പരസ്യം പോലെ 'ബിരിയാണിക്കൊപ്പം സുലൈമാനി' എന്നു ശീലിച്ചു. സ്റ്റീൽ, കുപ്പി ഗ്ലാസുകളിലും കപ്പിലും കുടിച്ചു. കടുപ്പം കൂടിയും കുറഞ്ഞും ഇരുന്നു.
ഇഷ്ടമില്ലെന്നുറപ്പിച്ചു രുചിച്ചു നോക്കാത്ത ആ പാനീയത്തിന് കാണാമറയത്തെ ഒരു സൗഹൃദത്തിൻെറ കൂടി സ്വാദാണ്. മൊബൈലും വാട്സാപ്പും ഫേസ്ബുക്കും അടക്കം നിരവധി ആശയവിനിമയസംവിധാനമുണ്ടെങ്കിലും നിഖിൽ ആ ഓഫീസിൽ നിന്നു രാജിവെച്ചതിനുശേഷം യാതൊരു വിവരവുമില്ല. പലവഴിക്ക് എല്ലാവരും ശ്രമിച്ചു, ഫലമില്ല. ഇപ്പോഴും ഞാനടക്കമുള്ള അന്നത്തെ ചങ്ങാതിക്കൂട്ടം കാത്തിരിക്കുന്നു, അവൻെറയൊപ്പം ഒരു സുലൈമാനിയ്ക്കായി...
Content Highlights: friendship bought by sulaimani from kozhikode