മാതാപിതാക്കൾ സുഹൃത്തിനെ പോലെ പെരുമാറണോ? പേരന്റിങ്ങിൽ ശ്രദ്ധിക്കേണ്ടത്

Representative image|PHOTO:canva
Representative image|PHOTO:canva

കുട്ടി വളരുമ്പോൾ ആരായിത്തീരുമെന്ന് മിക്ക മാതാപിതാക്കളും ആശങ്കപ്പെടാറുണ്ട്. എന്നാൽ അവർ എങ്ങനെയുള്ള വ്യക്തിയായി മാറുന്നുവെന്നതിൽ ആരും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. എന്നാൽ

നമ്മുടെ കുട്ടികൾ വളർന്ന് വലുതാകുമ്പോൾ എങ്ങനെയുള്ള വ്യക്തികളായി മാറും എന്നത് മാതാപിതാക്കൾ അവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കുട്ടികളുടെ സന്തോഷം, ആത്മവിശ്വാസം, പഠനത്തിലെ മിടുക്ക്, കാര്യങ്ങൾ സ്വയം നിയന്ത്രിക്കാനുള്ള കഴിവ് എന്നിവയിലെല്ലാം അച്ഛനമ്മമാരുടെ ഇടപെടലുകൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മനഃശാസ്ത്രജ്ഞയായ ഡയാന ബോംരിൻഡാണ് 100-ലധികം പ്രീ-സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളിൽ ഒരു പഠനം നടത്തി കുട്ടികളെ വളർത്തുന്ന വ്യത്യസ്ത രീതികളെ തരംതിരിച്ചത്.

കർശനമായ ശിക്ഷണരീതിയാണ് (Authoritarian Parenting) ഇതിൽ ആദ്യത്തേത്. ഈ ശൈലി പിന്തുടരുന്ന മാതാപിതാക്കൾ വീടുകളിൽ വളരെ കടുപ്പമേറിയ നിയമങ്ങളാണ് കുട്ടികൾക്കായി ഉണ്ടാക്കുന്നത്. കുട്ടികൾ ഇത് നിർബന്ധമായും അനുസരിക്കണമെന്ന് ഇവർ വാശിപിടിക്കുന്നു. നിയമം തെറ്റിച്ചാൽ കഠിനമായി ശിക്ഷിക്കുകയും ചെയ്യും. എന്തിനാണ് ഈ നിയമം ഉണ്ടാക്കിയതെന്ന് ഇവർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറില്ല. 'ഞാൻ പറഞ്ഞതുകൊണ്ട് നീ ഇത് ചെയ്‌തേ പറ്റൂ' എന്ന മനോഭാവമാണ് ഇവർക്കുള്ളത്. കുട്ടികളിൽ നിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിക്കുമെങ്കിലും അത് എങ്ങനെ ചെയ്യണം എന്ന് സ്‌നേഹത്തോടെ പഠിപ്പിച്ചു കൊടുക്കാൻ ഇവർ മടിക്കുന്നു. ഇത്തരം വീടുകളിൽ വളരുന്ന കുട്ടികൾ കാര്യങ്ങൾ കൃത്യമായി അനുസരിക്കുമെങ്കിലും ഉള്ളിൽ വലിയ പേടിയും ആത്മവിശ്വാസക്കുറവും ഉള്ളവരായി മാറും. ശിക്ഷ കിട്ടാതിരിക്കാൻ ഇവർ കള്ളം പറയാനുള്ള സാധ്യതയും കൂടുതലാണ്.

രണ്ടാമത്തേത് കുട്ടികളുടെ വളർച്ചയ്ക്ക് ഏറ്റവും നല്ലതായി കണക്കാക്കുന്ന ജനാധിപത്യപരമായ രീതി (Authoritative Parenting) ആണ്. ഇവിടെയും മാതാപിതാക്കൾ കുട്ടികൾക്കായി ചില നല്ല നിയമങ്ങളും അതിരുകളും നിശ്ചയിക്കാറുണ്ട്. എന്നാൽ ഇവർ കുട്ടികളോട് കാര്യങ്ങൾ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും സംസാരിക്കുന്നു. കുട്ടികളുടെ ആഗ്രഹങ്ങളും സംശയങ്ങളും കേൾക്കാൻ ഇവർ എപ്പോഴും തയ്യാറാണ്. കുട്ടികൾക്ക് എന്തെങ്കിലും അബദ്ധം പറ്റുമ്പോൾ കോപിക്കുന്നതിന് പകരം, അതിൽ നിന്ന് പാഠം ഉൾക്കൊള്ളാനും തെറ്റുകൾ തിരുത്താനും ഇവർ സഹായിക്കുന്നു. ഈ രീതിയിൽ വളരുന്ന കുട്ടികൾ വലിയ ആത്മവിശ്വാസമുള്ളവരും, എല്ലാവരോടും നന്നായി പെരുമാറുന്നവരും, പഠനത്തിലും ജീവിതത്തിലും മികച്ച വിജയം നേടുന്നവരുമായി മാറുന്നു.

മറ്റൊരു ശൈലിയാണ് അമിത സ്വാതന്ത്ര്യം നൽകുന്ന രീതി (Permissive Parenting) ഇവിടെ മാതാപിതാക്കൾ കുട്ടികൾക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്താറില്ല. കുട്ടികളുടെ ഒരു രക്ഷിതാവ് എന്നതിനേക്കാൾ അവരുടെ ഒരു കൂട്ടുകാരനായിരിക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. കുട്ടികളെ അളവറ്റ രീതിയിൽ സ്‌നേഹിക്കുമെങ്കിലും വീട്ടിൽ നിയമങ്ങളോ അച്ചടക്കമോ നടപ്പിലാക്കാൻ ഇവർക്ക് മടിയാണ്. കുട്ടികൾക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ ഇവർ പൂർണ സ്വാതന്ത്ര്യം നൽകുന്നു. ഇത് കുട്ടികൾക്ക് തുടക്കത്തിൽ സന്തോഷം നൽകുമെങ്കിലും, വളർന്നു വരുമ്പോൾ സ്വന്തം പെരുമാറ്റത്തെ നിയന്ത്രിക്കാൻ ഇവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇത് കാരണം പഠനത്തിലും മറ്റും ഇവർ പിന്നാക്കം പോകാനും ഇടയുണ്ട്.

ഏറ്റവും ദോഷകരവുമായ പേരന്റ് രീതിയാണ് ശ്രദ്ധകൊടുത്താത്ത രീതി (Uninvolved Parenting). കുട്ടികൾക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും വീടും നൽകുമെങ്കിലും അവരുടെ മറ്റ് ആവശ്യങ്ങളിലോ വൈകാരികമായ വളർച്ചയിലോ ഇവർ യാതൊരു ശ്രദ്ധയും നൽകില്ല. കുട്ടികളോട് സംസാരിക്കാനോ അവരെ സ്‌നേഹത്തോടെ ചേർത്തുപിടിക്കാനോ ഇവർ സമയം കണ്ടെത്താറില്ല. പൂർണമായും അവഗണിക്കപ്പെട്ട അവസ്ഥയിലാണ് ഇത്തരം കുട്ടികൾ വളരുന്നത്. ഇത് കുട്ടികളിൽ വലിയ സങ്കടവും ഭയവും ഉണ്ടാക്കുന്നു. മറ്റുള്ളവരുമായി നല്ല സൗഹൃദം സ്ഥാപിക്കാനും സ്വയം നിയന്ത്രിക്കാനും ഇത്തരം കുട്ടികൾക്ക് ഭാവിയിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. അതിനാൽ കുട്ടികളുടെ കുറവുകളിൽ അവരെ പഴിചാരുന്നതിന് പകരം നമ്മുടെ പെരുമാറ്റ രീതിയിൽ മാറ്റം വരുത്തുകയാണ് വേണ്ടത്.

Content Highlights: Explores four main parenting styles: Authoritarian, Authoritative, Permissive, and Uninvolved., Highlights how Authoritative parenting fosters confidence and better academic success., Emphasizes the impact of parental behavior on a child's future development and emotional health.