ഹൈദരാബാദില്‍നിന്ന് കോഴിക്കോടെത്തിയ രത്‌നങ്ങളുടെ കൂട്ടുകാരി, മോസ്‌കോയിലെ മേയറുടെ ഭാര്യവരെ കസ്റ്റമര്‍

ചിലകാര്യങ്ങള്‍ ഒരു നിയോഗമാണെന്ന് പറയാറുണ്ടല്ലോ. അത് അഫ്രീന്റെകാര്യത്തില്‍ വളരെ ശരിയാണെന്നുതോന്നും, ആ കഥകേട്ടാല്‍. ഹൈദരാബാദില്‍ ജനിച്ച പെണ്‍കുട്ടി. ആ വന്‍നഗരത്തിലെ വിജയനഗര്‍ കോളനിയിലും ബഞ്ചാര ഹില്‍സിലും വളര്‍ന്നവള്‍. പഠിച്ച് ഒരു ജോലിനേടുന്നതും സ്വന്തംകാലില്‍ നില്‍ക്കുന്നതും മാത്രമായിരുന്നു സ്വപ്നം. കേരളം കണ്ടിട്ടേയില്ലായിരുന്നു.
എന്നാല്‍, വിവാഹിതയായെത്തിയത് കോഴിക്കോട്ട്. ഭാഷമുതല്‍ എല്ലാം പുതിയത്. തീര്‍ത്തും അപരിചിതമായ സ്ഥലം, ചുറ്റുപാടുകള്‍. അതിനോടെല്ലാം കൂട്ടുകൂടി അവള്‍ സ്വന്തമായി ഒരു ബിസിനസ് കെട്ടിപ്പടുത്തു. രത്‌നങ്ങളുടെ നാട്ടുകാരി ഈനാട്ടില്‍ ബിസിനസ് തുടങ്ങിയപ്പോള്‍ രത്‌നത്തേക്കാള്‍ തിളങ്ങി. രത്‌നങ്ങളിലും മുത്തുകളിലുംതീര്‍ത്ത കസ്റ്റമൈസ്ഡ് ആഭരണങ്ങള്‍ ഡിസൈന്‍ചെയ്തുനല്‍കുന്ന 'അഫ്രീന്‍സ്' ജ്വല്ലറിയുടെ സ്ഥാപകയാണിന്ന് വഹീദാ അഫ്രീന്‍.
ആഭരണമേതായാലും അത് ഒരു നിധിപോലെ സൂക്ഷിക്കേണ്ടതും വരുംതലമുറയ്ക്ക് അത്ര സ്‌നേഹത്തോടെ കൈമാറേണ്ടതുമാണെന്നാണ് അഫ്രീന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ അഫ്രീനുണ്ടാക്കുന്ന ആഭരണങ്ങളും അങ്ങനെയാണ്, എന്നും സ്‌നേഹത്തിന്റെ കഥപറയും.
രത്‌നങ്ങളുടെ ലോകം
ഹൈദരാബാദ് സര്‍വകലാശാലയില്‍നിന്നാണ് ബിരുദമെടുത്തത്. മുംബൈയിലെ എസ്എന്‍ഡിടി കോളേജിന്റെ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് അവിടെയുണ്ടായിരുന്നു. അതിലായിരുന്നു ബിരുദം. തുടര്‍ന്ന് ഡയമണ്ട് ഗ്രേഡിങ് കോഴ്സ് പഠിച്ചു. ഹൈദരാബാദ് രത്‌നങ്ങളുടെയും മുത്തുകളുടെയും ലോകമാണ്. കുട്ടിക്കാലംമുതല്‍ അഫ്രീന്‍ അതൊക്കെക്കണ്ടാണ് വളര്‍ന്നത്.
പിതാവ് മുഹമ്മദ് ബഷീര്‍ ബിസിനസുകാരനായിരുന്നു. അമ്മ അംതുള്‍ അയീന്‍ വീട്ടമ്മയും. അച്ഛനും അമ്മയ്ക്കും അമൂല്യമായ രത്‌നങ്ങളെക്കുറിച്ചും മുത്തുകളെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. നല്ലരത്‌നങ്ങള്‍ വാങ്ങിവെക്കുകയും ആഭരണങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് അഫ്രീന് അതില്‍ താത്പര്യമുണ്ടാകുന്നത്. കുടുംബപരമായി ബിസിനസുകാരാണെങ്കിലും ബിസിനസ് ചെയ്യുന്നത് ഒരിക്കലും ആലോചിച്ചിരുന്നില്ല.
കോഴിക്കോട് നഗരത്തില്‍
പഠനംകഴിഞ്ഞ ഉടന്‍ 2000-ത്തിലായിരുന്നു വിവാഹം. ''എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിനും ഞങ്ങളുടെ കുടുംബത്തിനും ചെന്നൈയില്‍ ഒരു പൊതുസുഹൃത്തുണ്ട്. അവര്‍വഴിയാണ് കല്യാണാലോചന വന്നതും വിവാഹംനടന്നതും'' -അഫ്രീന്‍ പറയുന്നു. അങ്ങനെ 'ഫെറോ ഡോര്‍സ് ആന്‍ഡ് വിന്‍ഡോസ്' കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ. ബഷീറിന്റെ ഭാര്യയായി കോഴിക്കോട്ടെത്തി.
കേരളത്തിലേക്കുവന്ന ആദ്യകാലത്ത് ഏറെ ബുദ്ധിമുട്ടിയിരുന്നു. മലയാളം എനിക്ക് ഒട്ടും വശമില്ലായിരുന്നു. പതുക്കെപ്പതുക്കെ ഭാഷപഠിച്ചു. ഭര്‍ത്താവിനൊപ്പം പുറത്തുപോവുകയും പതുക്കെ സുഹൃത്തുക്കളെയുണ്ടാക്കുകയും ചെയ്തു.
വഴി തെളിയുന്നു
''കല്യാണംകഴിഞ്ഞ സമയത്ത് ഞാന്‍ ഭര്‍ത്താവിന്റെകൂടെ അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനത്തില്‍ പോകുമായിരുന്നെങ്കിലും വലിയ താത്പര്യംതോന്നിയില്ല. പിന്നീട് വിവാഹങ്ങളിലും സത്കാരങ്ങളിലും പങ്കെടുക്കാന്‍തുടങ്ങിയപ്പോള്‍ ഞാനണിയുന്ന ആഭരണങ്ങളെപ്പറ്റി ബന്ധുക്കളും സുഹൃത്തുക്കളും ഏറെ കൗതുകത്തോടും താത്പര്യത്തോടുംകൂടി സംസാരിക്കുമായിരുന്നു. എന്തൊരുഭംഗിയാണ്, ഇത് എവിടുന്നാണ്, ഇങ്ങനത്തെ ആഭരണങ്ങള്‍ ഇനിയും കിട്ടാന്‍ വഴിയുണ്ടോ എന്നുതുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ വരാറുണ്ടായിരുന്നു'' -അഫ്രീന്‍ ആഭരണക്കഥ പറഞ്ഞുതുടങ്ങി.
അവരുടെ ആവശ്യപ്രകാരമാണ് ആദ്യമായി ആഭരണങ്ങള്‍ ഡിസൈന്‍ചെയ്യുകയും നിര്‍മിക്കുകയുംചെയ്തത്. ഇതുകണ്ട് മറ്റുപലരും ആവശ്യക്കാരായിവന്നു. അതോടെ കുടുംബാംഗങ്ങള്‍ എന്തുകൊണ്ട് ഇതൊരു ബിസിനസായി നടത്തിക്കൂടാ എന്നുചോദിച്ചു. അങ്ങനെ ആദ്യമായി കോഴിക്കോട്ട് 2001-ല്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു. അത് വന്‍വിജയമായിരുന്നു. അതോടെ എന്റെ വഴി ഇതാണെന്ന് തീരുമാനിച്ചു.
മോസ്‌കോയിലെ മേയര്‍
2001-ല്‍ അഫ്രീന്‍സ് തുടങ്ങുമ്പോള്‍ വാക്കാല്‍ പ്രചരിച്ച വിശ്വാസ്യതയായിരുന്നു മുതല്‍ക്കൂട്ട്. ഞങ്ങളുടെ െകൈയില്‍നിന്ന് ആഭരണംവാങ്ങി ഉപയോഗിച്ചവര്‍ മറ്റുള്ളവരോടുപറഞ്ഞു. തുടക്കത്തില്‍ വീട്ടില്‍നിന്നാണ് ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കിയത്. ഓര്‍ഡറുകള്‍ കൂടിയതോടെ ആഭരണപ്പണിശാലകളിലേക്ക് മാറ്റി. ഇന്ന് രാജ്യത്തിന്റെ പലഭാഗത്തായി ഒട്ടേറെ പണിശാലകളില്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നുണ്ട്. 80-ല്‍പ്പരം തൊഴിലാളികളുമുണ്ട്.
കേരളത്തിനകത്തും പുറത്തും ഇന്ത്യക്കുപുറത്തും ഒട്ടേറെ പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാന്‍തുടങ്ങി. 16 കൊല്ലത്തോളം കോഴിക്കോട് ഫോക്കസ് മാളില്‍ ഒരു സ്റ്റോറുണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് ഇത് നിര്‍ത്തി. 2007 മുതല്‍ ഓണ്‍ലൈനിലും വിപണനംതുടങ്ങി. 2019-ല്‍ ഇത് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കി. ബാക്കിയുള്ള ബിസിനസ് മുഴുവന്‍ പ്രദര്‍ശനങ്ങള്‍ വഴിയാണ് നടക്കുന്നത്.
ഈ സംരംഭംതുടങ്ങി മനസ്സിലെ ഏറ്റവും മനോഹരമായ ഓര്‍മയെന്തെന്നാല്‍ വിനോദസഞ്ചാരത്തിനായി കോഴിക്കോട്ടെത്തിയ ഒരു റഷ്യന്‍ വനിത ഫോക്കസ് മാളിലുണ്ടായിരുന്ന സ്റ്റോറിലെത്തുകയും ആഭരണംകണ്ട് ഇഷ്ടപ്പെട്ട് അതുപോലൊരെണ്ണം ആവശ്യപ്പെടുകയുംചെയ്തു. അതുണ്ടാക്കുന്നതിനായി പലതവണ റഷ്യയില്‍പ്പോവുകയും അവര്‍ക്ക് നല്‍കുകയുംചെയ്തു. മോസ്‌കോയിലെ മേയറുടെ ഭാര്യയായിരുന്നു അവരെന്ന് പിന്നീടാണ് അറിഞ്ഞത്.
ഉണ്ടാക്കുന്ന രീതി
ഉപഭോക്താവിന്റെ ബജറ്റിനനുസരിച്ച് അവര്‍ക്ക് ഇഷ്ടമുള്ള രത്‌നങ്ങളുപയോഗിച്ച് ഡിസൈന്‍ചെയ്‌തെടുക്കുകയാണ് പതിവ്. 2500 രൂപമുതല്‍ മുത്തുകളും പവിഴങ്ങളും ഉപയോഗിച്ച് ആഭരണങ്ങള്‍ ഉണ്ടാക്കിനല്‍കുന്നുണ്ട്.
ഭര്‍ത്താവിന്റെ അച്ഛന്‍ എം.എ. മുഹമ്മദ് പേരുകേട്ട ബിസിനസുകാരനാണ്. അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി സിമ്രന്‍, ബിരുദവിദ്യാര്‍ഥി സമീര്‍, പത്താംക്ലാസ് വിദ്യാര്‍ഥി റയാന്‍ എന്നിമരാണ് മക്കള്‍.
Content Highlights: diamond jewellery business success story of women entrepreneur