ഡൽഹിയിലെ വാശിയേറിയ Paw-litical തിരഞ്ഞെടുപ്പ്; ഒടുവിൽ ഫാറ്റ് ഡോഗ് ഓഫ് ഡൽഹി കിരീടം സ്വന്തമാക്കി രാജ് പാൽ സിങ്

ഫാറ്റ് ഡോഗ്സ് ഓഫ് ഡല്‍ഹി പേജിലെ ഗോളയുടെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍
ഫാറ്റ് ഡോഗ്സ് ഓഫ് ഡല്‍ഹി പേജിലെ ഗോളയുടെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍

ന്യൂഡൽഹി Paw-litical തിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു. എന്തിനായിരുന്നു തിരഞ്ഞെടുപ്പ് എന്നുചോദിച്ചാൽ ഡൽഹിയിലെ തടിയൻ നായയെ കണ്ടെത്താനായി നടന്ന മത്സരം. ഒടുവിൽ എസ്.ഡി.എ മാർക്കറ്റിലെ ഏവരുടെയും പ്രിയപ്പെട്ട തെരുവ് നായയായ ഗോള എന്ന രാജ്പാൽ സിങ് വൻ ഭൂരിപക്ഷത്തോടെ മത്സരത്തിൽ ഒന്നാമതായി കിരീടം ചൂടി. ഈ മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കവെ, അപ്രതീക്ഷിതമായി ഗോള ലോകത്തോട് വിടപറഞ്ഞു. അകാല വിയോഗത്തിലും ഡൽഹിക്കാരുടെ ഹൃദയത്തിൽ ഗോളയോടുള്ള സ്‌നേഹം ഒട്ടും കുറഞ്ഞില്ല. മരണശേഷവും ഡൽഹിയുടെ തെരുവുകളിൽ ആ നായ നേടിയ ജനപ്രീതിയുടെ തെളിവായി ഈ വിജയം മാറി.

സോഷ്യൽ മീഡിയയെയും നഗരവീഥികളെയും ഇളക്കിമറിച്ച വോട്ടെടുപ്പിൽ മൊത്തം 94,000 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ 66,952 വോട്ടുകൾ (71.2 ശതമാനം) സ്വന്തമാക്കിയാണ് ഗോള വിജയിയായത്. സാകേതിൽ നിന്നുള്ള പ്രധാന എതിരാളിയും രണ്ടാം സ്ഥാനക്കാരനുമായ 'ഗൂഗൂ' എന്ന നായയേക്കാൾ 39,904 വോട്ടുകൾ കൂടുതലായിരുന്നു ഇത്. മത്സരം പുരോഗമിക്കുന്തോറും ഗോള, കബാബ്, രാജ്പാൽ സിങ് എന്നീ പേരുകളിൽ പ്രിയങ്കരനായ ഈ നായയ്ക്ക് പിന്തുണയുമായി ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്.

ഈ അസാധാരണ തിരഞ്ഞെടുപ്പിന് പിന്നിൽ ഡൽഹി സർവകലാശാലയിലെ ഒരു വിദ്യാർത്ഥിനിയാണ്. നഗരത്തിൽ താൻ കാണാറുള്ള അമിതവണ്ണമുള്ള നായ്ക്കളുടെ ചിത്രങ്ങൾ പങ്കുവെക്കാനായി വിദ്യാർത്ഥിനി ആരംഭിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് എല്ലാറ്റിന്റെയും തുടക്കം. വൈകാതെ പ്രദേശവാസികൾ തങ്ങളുടെ തെരുവുകളിലെ തടിയൻ നായ്ക്കളുടെ ഫോട്ടോകളും പേരുകളും അയച്ചുകൊടുക്കാൻ തുടങ്ങി. രണ്ടാഴ്ച മുൻപാണ് ഇൻസ്റ്റാഗ്രാം പേജിൽ ഏറ്റവും തടിയൻ നായയെ കണ്ടെത്താനുള്ള മത്സരം ആരംഭിച്ചത്. സംഗതി ഇന്റർനെറ്റ് സെൻസേഷനായി. ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷത്തോളമായി ഉയർന്നു. തെരുവുകളിൽ പ്രചാരണ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു, ഫാൻ ക്ലബ്ബുകൾ രൂപീകരിച്ചു. മഹാകുട്ടേശ്വർ, ചോങ്കി, ഗജേന്ദർ, കുട്ട സിങ് തുടങ്ങി 63-ഓളം തടിയൻ നായ്ക്കളാണ് ഈ കിരീടത്തിനായി ഗോദയിലിറങ്ങിയത്.

ഓൺലൈൻ വോട്ടെടുപ്പിന് പുറമെ ഡൽഹി നഗരത്തിലുടനീളം നാല് പോളിങ് ബൂത്തുകൾ സജ്ജമാക്കി ഓഫ്ലൈനായും വോട്ടെടുപ്പ് നടന്നു. ആയിരത്തിലധികം ആളുകളാണ് നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്. കേവലം ഒരു വിനോദ മത്സരത്തിനപ്പുറം മൃഗസ്‌നേഹത്തിന്റെ ഒത്തൊരുമ കൂടിയായി ഈ മത്സരം. മുൻനിര ബ്രാൻഡുകളും വ്യക്തികളും മത്സരാർത്ഥികളായ തെരുവ് നായ്ക്കൾക്കായി സമ്മാനങ്ങളുടെ പെരുമഴ തീർത്തു.

സൊമാറ്റോയുടെ ഡിസ്ട്രിക്റ്റ്, സിയന്ന മേഡ് ഇൻ ബംഗാളിന്റെ സഹകരണത്തോടെ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ നായ്ക്കൾക്കും പ്രത്യേക സെറാമിക് ഭക്ഷണ പാത്രങ്ങൾ നൽകി. മൃഗസംരക്ഷണ കേന്ദ്രങ്ങൾക്ക് നൽകാനായി 50,000 രൂപ, നായ്ക്കളുടെ ഒരു വർഷത്തെ ഭക്ഷണത്തിനായി 50,000 രൂപ, കിടക്കകൾക്കും കോളറുകൾക്കുമായി 30,000 രൂപ എന്നിവ സൊമാറ്റോ പ്രഖ്യാപിച്ചു. ബിയർഹഗ്‌സ് എന്ന കൂട്ടായ്മ തെരുവ് നായ്ക്കളുടെ ചികിത്സാ ചെലവുകൾക്കായി 50,000 രൂപയും, ജാക്കറ്റുകൾ, കളിപ്പാട്ടങ്ങൾ, വിശിഷ്ട ഭക്ഷണങ്ങൾ, വിരമരുന്നുകൾ, സപ്ലിമെന്റുകൾ എന്നിവയും നൽകി.

ഏറ്റവും ഹൃദയസ്പർശിയായ കാര്യം, ആദ്യ 3 സ്ഥാനങ്ങളിൽ എത്തിയ നായ്ക്കളിൽ രണ്ടും മരണപ്പെട്ടതിനാൽ, അവരുടെ സമ്മാനങ്ങൾ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളവർക്ക് കൈമാറി. ബാക്കി സമ്മാനങ്ങൾ മറ്റ് തെരുവ് നായ്ക്കൾക്കും അനാഥ മൃഗസംരക്ഷണ കേന്ദ്രങ്ങൾക്കും കൈമാറാൻ തീരുമാനിച്ചു. ഡൽഹി നഗരം കണ്ട ഏറ്റവും നന്മ നിറഞ്ഞ ഒരു സമാപനമായിരുന്നു ഇത്.

മത്സരം വൻ വിജയമായെങ്കിലും, നായ്ക്കളുടെ ആരോഗ്യത്തെച്ചൊല്ലിയുള്ള ചില ആശങ്കകളും വിമർശനങ്ങളും ഉയർന്നു വന്നു. വിനോദത്തിന് വേണ്ടി മാത്രം മൃഗങ്ങളുടെ പൊണ്ണത്തടിയെ പ്രോത്സാഹിപ്പിക്കുന്നത് ക്രൂരതയാണെന്നും, ഇത് അവയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ചില മൃഗസ്‌നേഹികൾ വാദിച്ചു. വിരോധാഭാസമെന്നു പറയട്ടെ, രണ്ടാം സ്ഥാനം നേടിയ ഗൂഗൂവും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു ആനിമൽ കെയർ സെന്ററിൽ ഭാരനിയന്ത്രണ ഡയറ്റിലാണ്.

ഈ മത്സരത്തിലൂടെ ജനങ്ങളുടെ ശ്രദ്ധ തെരുവ് നായ്ക്കളിലേക്ക് എത്തിയെന്നും, അവരെ അപരിചിതരായി കാണാതെ സ്വന്തം പ്രദേശത്തിന്റെ ഭാഗമായി സംരക്ഷിക്കാൻ ആളുകൾ മുന്നോട്ടുവരുമെന്നും മത്സരത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടി. പോളിങ് വഴി സമാഹരിച്ച തുകയും പേജിന്റെ ജനപ്രീതിയും തെരുവ് മൃഗങ്ങൾക്കായി പ്രവർത്തിക്കുന്ന എൻജിഒകൾക്ക് സാമ്പത്തിക സഹായമെത്തിക്കാനും ദത്തെടുക്കൽ പ്രചാരണങ്ങൾക്കും ഉപയോഗപ്പെടുത്തുകയാണ് പേജിന്റെ സംഘാടകയായ വിദ്യാർത്ഥിനി.

Content Highlights: Delhi's fat dog contest becomes a social media sensation, attracting thousands of votes and followers, highlighting street dogs' charm and community spirit.