11 മാസം കൊണ്ട് കുറച്ചത് 32 കിലോ ഭാരം, ഒഴിവാക്കിയത് നാല് തരം ഭക്ഷണങ്ങൾ; ശ്രദ്ധേയമായി കണ്ടൻറ് ക്രിയേറ്ററുടെ വീഡിയോ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ദീപ്തി ഹർഷാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍നിന്ന്
ദീപ്തി ഹർഷാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍നിന്ന്

ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തിയ മാറ്റങ്ങളിലൂടെ യുവതി പതിനൊന്ന് മാസം കൊണ്ട് കുറച്ചത് 32 കിലോ ഭാരം. ഗുരുഗ്രാമിലെ കണ്ടന്റ് ക്രിയേറ്ററായ ദീപ്തി ഹർഷനയാണ് തന്റെ 'വെയിറ്റ് ലോസ് ജേർണി'യിലൂടെ ശ്രദ്ധ നേടുന്നത്. ശാരീരികവ്യായാമത്തിനും ഉറക്കത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ശരീരഭാരം കുറച്ച ദീപ്തി, ചില ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കിയാണ് തന്റെ ലക്ഷ്യത്തിലെത്തിയത്.
ഭാരം കുറക്കാനും വയറ് വീർക്കുന്നത് തടയാനും നിത്യജീവിതത്തിൽ നിന്നും താൻ പൂർണമായി ഒഴിവാക്കിയ ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് ഇൻസ്റ്റഗ്രാം വീഡിയോയുടെ അടിക്കുറിപ്പായി യുവതി ചേർത്തിരുന്നു.
പഞ്ചസാര ചേർത്ത പാനീയങ്ങൾ ദീപ്തി പാടെ ഒഴിവാക്കിയിരുന്നു. ശരീരത്തിൽ കൊഴുപ്പടിയാനും ഇതുവഴി മുഖം ഉൾപ്പടെയുള്ള ഭാഗങ്ങൾ വീർക്കാനും പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ കാരണമാകുമെന്ന് മനസ്സിലാക്കിയ ഇവർ കൂടുതലും നാരങ്ങാവെള്ളം, നാളികേരവെള്ളം, ഗ്രീൻ ടീ എന്നിവയാണ് ഉപയോഗിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 


വൈറ്റ് ബ്രഡ് ഉപയോഗം നിർത്തി ഓട്സ്, ഹോൾ വീറ്റ്, മൾട്ടിഗ്രെയിൻ ബ്രെഡ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചു. അമിതഭാരത്തിനിടയാക്കുന്ന പാക്കറ്റ്ഭക്ഷണങ്ങൾ, വറുത്തെടുത്ത സ്നാക്കുകൾ, മറ്റ് ഫാസ്റ്റ് ഫുഡുകൾ എന്നിവ പൂർണമായും ഉപേക്ഷിച്ച ദീപ്തി വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങളാണ് കൂടുതലായും തിര‍ഞ്ഞെടുത്തത്. രാത്രികാലങ്ങളിൽ ചെറുപലഹാരങ്ങൾ കഴിക്കുന്നത് നിർത്തിയ ഇവർ നട്സ്, മഖാന, എന്നിവയ്ക്കൊപ്പം പനീർ, ചിക്കൻ ടിക്ക പോലുള്ള പ്രോട്ടീൻ സമ്പന്നമായ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ഭക്ഷണം കുറയ്ക്കുന്നതിനൊപ്പം ദിവസവും നടക്കാനും ഏഴ് മണിക്കൂർ ഉറങ്ങാനും ശ്രദ്ധിക്കുന്ന ദീപ്തി രണ്ട് മുതൽ മൂന്ന് വരെ ലിറ്റർ വരെ വെള്ളം നിത്യവും കുടിക്കാറുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 


ഭക്ഷണം നിയന്ത്രിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും വ്യായാമം, കലോറി നിയന്ത്രണം, ഉറക്കം എന്നിവയിലുണ്ടാക്കുന്ന ആരോഗ്യകരവും സ്ഥിരവുമായ മാറ്റം കൂടിയുണ്ടെങ്കിൽ ശരീരഭാരം ഫലപ്രദമായി കുറയ്ക്കാമെന്നാണ് ദീപ്തി ഹർഷനയുടെ അനുഭവം. ഇവർ ഒരു 'വർക്ക് ഫ്രം ഹോം മമ്മി' കൂടിയാണ്.

(ശ്രദ്ധിക്കുക- ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ് ഒരു ആരോഗ്യവിദഗ്ധനെ കണ്ടതിനുശേഷം മാത്രമേ ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റങ്ങൾ വരുത്താവൂ)