ഡേറ്റിങ്ങില്‍ കമ്മിറ്റ്‌മെന്റുണ്ടായിട്ടില്ലെന്ന് ദീപ്‌വീര്‍; മനസിലാക്കാം ബന്ധങ്ങളുടെ പാറ്റേണ്‍

''രണ്‍വീറുമായി ഡേറ്റിങ്ങിലായിരുന്നുവെങ്കിലും അതൊരു കമ്മിറ്റഡ് ബന്ധമായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രൊപ്പോസ് ചെയ്യുന്നത് വരെ മറ്റുള്ളവരെ ഡേറ്റ് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല..' കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിൽ ദീപിക പദുകോണ്‍ പറഞ്ഞ ഈ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്കാണ് വഴിവെച്ചത്. ഇതൊരു ചതിയാണെന്നും, രണ്‍വീറിനെ ഉപയോഗിച്ചുവെന്നുമൊക്കെ വലിയ ആരോപണങ്ങളുയര്‍ന്നതിനോടൊപ്പം തന്നെ ഓപ്പണ്‍ റിലേഷന്‍ഷിപ്പുകളില്‍ ഇത് സാധാരണമാണെന്നും ഒരു വിഭാഗക്കാര്‍ പറഞ്ഞിരുന്നു. പക്ഷേ അതേ വീഡിയോയില്‍ തന്നെ രണ്‍വീറിന് ഈ കാര്യങ്ങളെല്ലാം അറിയാമെന്നും വ്യക്തമായി മനസ്സിലാക്കാം. രണ്ട് പേര്‍ തമ്മില്‍ പരസ്പരം മനസിലാക്കി ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെയാണ് ചതിയെന്ന വിഭാഗത്തില്‍ പെടുത്താന്‍ സാധിക്കുക.? ആദ്യം കാണുന്ന ആളോട് എല്ലാം മറന്നുള്ള ഇമോഷണല്‍ കമ്മിറ്റ്‌മെന്റ് ഒരു തരത്തില്‍ നല്ലതല്ല. അത് ആ വ്യക്തിയെ വളരെ തളര്‍ത്തുന്ന തരത്തിലുള്ള ടോക്‌സിക്ക് ബന്ധങ്ങളിലേക്ക് വഴിവെക്കും. പരസ്പരം അറിയാനായി സമയം ചെലവഴിച്ചു ഒരു ലോങ് ടേം ബന്ധത്തിലേക്ക് കാല്‍ വെക്കാന്‍ ശ്രമിക്കുമ്പോളാണ് ആരോഗ്യകരമായ ഒരു ബന്ധം ഉണ്ടാകുക. ദീപികയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അത് റിലേഷന്‍ഷിപ്പല്ല സിറ്റുവേഷന്‍ഷിപ്പാണ്. വ്യത്യസ്ത റിലേഷന്‍ഷിപ്പ് പാറ്റേണുകളിൽ ഒന്നു മാത്രമാണ് സിറ്റുവേഷന്‍ഷിപ്പ്..
സിറ്റുവേഷന്‍ഷിപ്പ്
റൊമാന്റിക്ക് റിലേഷന്‍ഷിപ്പിന്റെ വേറൊരു വേര്‍ഷനായി സിറ്റുവേഷന്‍ഷിപ്പിനെ പറയാം. പക്ഷേ, പങ്കാളിക്ക് പരസ്പരം അല്ലെങ്കില്‍ അതിലൊരാള്‍ക്ക് നിങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കാനാവില്ലെന്നതാണ് വാസ്തവം. ഇത്തരം ബന്ധത്തില്‍ സാധാരണയുള്ള പ്രണയബന്ധങ്ങളുടേതു പോലുള്ള അധിക കമ്മിറ്റ്മെന്റോ വൈകാരികതയോ കാണില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇവര്‍ കമിതാക്കളല്ല, സുഹൃത്ബന്ധത്തേക്കാള്‍ വലുതാണ് ഇവരുടെ ബന്ധം. ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്സാണോന്ന് ചോദിച്ചാല്‍ അതുമല്ല. കേള്‍ക്കുന്നവര്‍ക്കുള്ളതിനേക്കാള്‍ കണ്‍ഫ്യൂഷനിലാണ് ഈ ബന്ധവും മുന്നോട്ടുപോകുന്നത്. ചിലപ്പോഴൊക്കെ ശാരീരിക മാനസിക ഒറ്റപ്പെടലുകള്‍ അകറ്റാന്‍ രണ്ട് വ്യക്തികള്‍ അല്ലെങ്കില്‍ അവരില്‍ ഒരാള്‍ സ്ഥാപിക്കുന്ന ബന്ധമാണിത്.
എന്നിരുന്നാലും പലപ്പോഴുമിവിടെ ഒരാള്‍ റിലേഷന്‍ഷിപ്പിലും മറ്റൊരാള്‍ സിറ്റുവേഷന്‍ഷിപ്പിലുമായിരിക്കും. പലപ്പോഴും വൈകാരിക അടുപ്പത്തെ പൂര്‍ത്തികരിക്കുന്ന പല കാര്യങ്ങള്‍ക്കും ഇവിടെ സ്ഥാനമുണ്ടാകാറില്ല. ആഴത്തിലൂന്നിയ പോസിറ്റീവ് ബന്ധമല്ല സിറ്റുവേഷന്‍ഷിപ്പ്. പല ആളുകളും റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നത് ഒറ്റപ്പെടല്‍ എന്ന ചിന്തയെ മറിക്കടക്കാനാണ്. തങ്ങളുടേതായ കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരാള്‍. പക്ഷേ, ഇത്തരത്തില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് യൂസ് ആന്റ് ത്രോ തിയറിയില്‍ ആകരുതെന്ന് മാത്രം. അവരുടെ വൈകാരിക ശൂന്യതയിലേക്ക് നിങ്ങളെ കുത്തിനിറയ്ക്കുന്നില്ല. മറിച്ച് വേറാരുടെയെങ്കിലും സ്ഥാനത്തേക്ക് നിങ്ങളെ കണക്കാക്കുന്നുവെന്ന് മാത്രം.
ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് ഇവര്‍ തമ്മിലുള്ള ചെറിയ വൈകാരിക അടുപ്പമാണ്. പൊതുവേയുള്ള പ്രണയബന്ധങ്ങളില്‍ പങ്കാളിയെ കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ വളരെ എക്‌സൈറ്റ്‌മെന്റാണ് ആളുകള്‍ക്ക്. പ്രണയത്തില്‍ വീട്ടുകാര്‍ വില്ലന്‍മാരാണെന്ന യൂണിവേഴ്‌സല്‍ തിയറി നിലനില്‍ക്കുന്നത് കൊണ്ട് തന്നെ കുടുംബത്തിന് മുന്നില്‍ അവരെ പരിചയപ്പെടുത്താറില്ല. പക്ഷേ, സിറ്റുവേഷന്‍ഷിപ്പില്‍ ഇത് രണ്ടും നടക്കുന്നില്ല. ഇവരുടെ കൂട്ടുകാര്‍ക്കും കുടുംബത്തിനും ഇങ്ങനെ ഒരു വ്യക്തി അവരുടെ ജീവിതത്തിലുണ്ടെന്ന് പോലും അറിയാന്‍ വഴിയില്ല. ഫെയ്സ്ബുക്കില്‍ പരസ്യമായി സിംഗിളില്‍നിന്നും കമ്മിറ്റഡ് സ്റ്റാറ്റസാക്കുന്നതും കുറച്ചധികം പൈങ്കിളിയാണെങ്കിലും പങ്കാളിയെ മെന്‍ഷന്‍ ചെയ്ത് സ്റ്റോറി ഷെയര്‍ ചെയ്യുന്നതെല്ലാം സിറ്റുവേഷന്‍ഷിപ്പില്‍ ആപ്ലിക്കബിളല്ല. സത്യത്തില്‍ സീരിയസായി ബന്ധത്തിനെ പറ്റിയുള്ള ചിന്തകള്‍ക്കിവിടെ സ്ഥാനമില്ല.
എന്തിനേറെ, അവരുമായുള്ള ഭാവിജീവിതവും ചര്‍ച്ച ചെയ്യില്ല. കല്ല്യാണം എപ്പോള്‍ കഴിക്കാം കുട്ടികളെത്ര വേണം തുടങ്ങിയ ചോദ്യങ്ങള്‍ അകലെയാണ്. സിറ്റുവേഷന്‍ഷിപ്പില്‍ നിന്നുകൊണ്ട് മറ്റു ലോങ് ടേം റിലേഷണ്‍ഷിപ്പ് അന്വേഷിക്കുന്നവരും വിരളമല്ല. പരസ്പരം കാണാനായി മീറ്റിങ്ങ് ക്രമീകരിക്കുമ്പോള്‍ സംസാരിക്കാനായി അധികമുണ്ടാകാറില്ല. പലപ്പോഴും ഒന്നു ചുറ്റിക്കറങ്ങാനും ചിലപ്പൊഴൊക്കെ ശാരീരിക ഇന്റിമസിയിലുമാണ് മീറ്റിങ്ങുകള്‍ അവസാനിക്കുന്നത്. പരസ്പരമുള്ള മനസ്സു തുറന്നുള്ള സംഭാഷണങ്ങളെ അവോയിഡ് ചെയ്യുന്ന തരത്തില്‍ ഫോണ്‍കോള്‍, വീഡിയോ കോള്‍ എന്നിവയ്ക്ക് പ്രധാന്യം കൊടുക്കുന്നതിനേക്കാള്‍ ടെക്സ്റ്റ് മേസ്സേജുകളിലുടെയാവും സന്ദേശങ്ങള്‍.
ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റ്സ്
സിമ്പിളായി പറഞ്ഞാല്‍ ഈ ബന്ധങ്ങളിലെ രണ്ട് പേരും സുഹൃത്തുക്കളാണ്. ഗേള്‍ഫ്രണ്ട്/ബോയ്ഫ്രണ്ട് എന്ന ടാഗ്ലൈന്‍ ഇവര്‍ക്കില്ല. പലപ്പോഴും സുഹൃത്തുകളായി തന്നെ കിടക്ക പങ്കിടുന്നു. ഇവര്‍ക്ക് തീയേറ്റേറില്‍ സിനിമ കാണുന്നത് പോലെ, ഔട്ട് ഡോര്‍ ഗെയിമുകള്‍ പോലെ, ഒരു വിനോദം മാത്രമാണ് പരസ്പര ബന്ധവും. സ്‌ട്രെസ്സ്ബസ്റ്ററായാണ് ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റ്‌സിലുള്ള ആളുകള്‍ ഈ ബന്ധത്തെ കണക്കാക്കുന്നത്. ഒരു സീരിയസ് റിലേഷന്‍ഷിപ്പില്‍ പോകാതെ തന്നെ തങ്ങളുടെ ലിബിഡോയെ തൃപ്തിപ്പെടുത്താനാണ് ഇത്തരം ബന്ധങ്ങളിലൂടെ ആളുകള്‍ ലക്ഷ്യമിടുന്നത്. ''നത്തിങ്ങ് സീരിയസ് ഒണ്‍ലി കാഷ്വല്‍'' ഇതാണ് ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റ്‌സ്.
പരസ്പരം വൈകാരിക അടുപ്പങ്ങളില്ലാതെ മുന്നോട്ടുപോകാമെന്ന കരാറില്‍ ഈ ബന്ധങ്ങള്‍ തുടങ്ങുമെങ്കിലും ഇതില്‍ പലരും പ്രണയത്തിലാകാറുണ്ട്. ഭൂരിഭാഗം പേര്‍ അപരിചിതരെ പോലെ ബൈ പറഞ്ഞ് പോകാറുമുണ്ട്. മാത്രമല്ല, വളരെ ചെറിയ സമയമാണ് ഈ ബന്ധങ്ങളുടെ ആയുസ്സ്. പലപ്പോഴും ഇത്തരം ബന്ധങ്ങള്‍ നേരത്തെ അവസാനിക്കുന്നത് ഇവരില്‍ ഒരാള്‍ക്ക് പ്രണയം തോന്നിത്തുടങ്ങുമ്പോഴാണ്. ഇമോഷന്‍ ഉടലെടുത്താല്‍ അപ്പോള്‍ തീരും ഈ ബന്ധത്തിന്റെ ആയുസ്സ്. ഇങ്ങനെയാണ് പലരും. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുന്ന ബന്ധമായതു കൊണ്ടുതന്നെ താനുമായി ഈ ബന്ധത്തിലുള്ള വ്യക്തി മറ്റു ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകരുതെന്നത് അലിഖിതനിയമമാണ്. പലപ്പോഴും ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റ്‌സില്‍ പോകുന്നവര്‍ വൈകാരിക ബന്ധങ്ങള്‍ നിലനിര്‍ത്തി അതില്‍ തകര്‍ന്നവരും അതുപോലെ, കമ്മിറ്റ്മെന്റ് ഫോബിയ ഉണ്ടാകുന്നവരുമാണ്. ഇതൊക്കെ പരസ്പരധാരണയില്‍ തുടങ്ങുന്നതാണെങ്കിലും മറ്റു ചില ബന്ധങ്ങളില്‍ ഒരാള്‍ക്ക് ഫ്രണ്ട്ഷിപ്പും മറ്റൊരാള്‍ക്ക് ബെനഫിറ്റ്‌സും മാത്രമായി മാറാറുണ്ട്. സുഹൃദ്ബന്ധങ്ങളുടെ പുറമേയുള്ള ഇമോഷണല്‍ മാനിപ്പുലേഷനില്‍ വീണ് പ്രണയമെന്ന് തെറ്റിദ്ധരിച്ച് നിന്നുകൊടുക്കുമ്പോള്‍ ഏയ് നമ്മള്‍ ഫ്രണ്ട്‌സല്ലെ അതിനപ്പുറമൊന്നുമില്ലെന്ന പറച്ചിലില്‍ പലരും തകര്‍ന്നു പോകാറുണ്ട്.
ഒരാളുടെ ആവശ്യത്തിനായി മറ്റൊരാളെ ഉപയോഗിക്കുന്ന ആ ഒരു അവസ്ഥയ്ക്ക് ഈ ടാഗ്ലൈന്‍ നല്‍കാനാവില്ല. തീര്‍ത്തും വിശ്വാസവഞ്ചനയുടെ കാറ്റഗറിയില്‍ അതിനെ കൂട്ടാം. കാരണം എത്ര തന്നെ സമൂഹത്തിന്റ കണ്ണില്‍ ഈ ബന്ധങ്ങള്‍ തെറ്റാകുന്നുണ്ടെങ്കിലും ആരെയും ചതിച്ചു കൊണ്ട് മുന്നോട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കൂടാതെ ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് വ്യക്തികള്‍ തീര്‍ത്തും വൈകാരികമായി വളരെയധികം ശക്തരായിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, പലരും ഇതൊന്നും കണക്കാക്കാതെ എടുത്തു ചാടുന്നതാണ് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നത്.
റീബൗണ്ട് റിലേഷണ്‍ഷിപ്പുകള്‍
വളരെക്കാലം തുടര്‍ന്നു പോയിക്കൊണ്ടിരുന്ന പ്രണയബന്ധം ബ്രേക്കപ്പില്‍ കാലാശിക്കുമ്പോള്‍ അതില്‍നിന്ന് കരകയറാനായി തിരഞ്ഞെടുക്കുന്ന ഒരു മാര്‍ഗം. അതാണ് റീബൗണ്ട്. പക്ഷേ, നിര്‍ഭാഗ്യകരമായ കാര്യമെന്താണെന്നാല്‍ പലപ്പോഴും ഇത്തരം റീബൗണ്ട് ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളില്‍ ഒരാള്‍ പൂര്‍ണമായും വഞ്ചിക്കപ്പെടുയായിരിക്കും. മറുഭാഗത്ത് പഴയ ബന്ധത്തില്‍ നിന്നിറങ്ങി പുതിയ ബന്ധത്തില്‍ ഉടന്‍ കാലെടുത്തു വെക്കുന്ന ആളാകട്ടെ താന്‍ ഇത്തരം ബന്ധത്തിലേക്കാണ് പോകുന്നതെന്ന് അറിയാതെ നിലനില്‍ക്കുന്നു.
പ്രണയേതര ബന്ധങ്ങളില്‍ ഏറ്റവും വേദനിപ്പിക്കുന്നത് റീബൗണ്ട് റിലേഷന്‍ഷിപ്പുകളാണ്. കാരണം, ഇതില്‍ നില്‍ക്കുന്ന രണ്ട് പേര്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മുറിവുകള്‍ ഉണ്ടാകുന്നുണ്ട്. ആദ്യം ഈ ബന്ധത്തില്‍ പ്രവേശിക്കുമ്പോള്‍ വളരെ എക്സൈറ്റ്മെന്റും അതിനോടൊപ്പം ഡോപ്പെമെയിന്റെ അളവും ഒരുപോലെ വര്‍ധിക്കുന്നു. തീര്‍ച്ചയായും ഇവരുടെ ആദ്യത്തെ കുറച്ചുകാലം വളരെ വൈകാരികവും മനോഹരവുമായിരിക്കും. പരസ്പരം വളരെ സമയം ചെലവഴിക്കും. ഒറ്റ നോട്ടത്തില്‍ സോള്‍മേറ്റ്‌സായി വരെ തോന്നിപ്പോകും. പരിചയപ്പെട്ട് കുറച്ചുകാലമേ ആയിട്ടുള്ളുവെങ്കിലും വളരെ കാലത്തെ അടുപ്പം ഇത്തരം ബന്ധങ്ങളില്‍ തോന്നിപ്പോകും. മറ്റു പ്രണയങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലുള്ള ചക്രമാണ് ഇവിടെ കറങ്ങുന്നത്. കോര്‍ട്ട്ഷിപ്പെന്ന ആശയത്തിന് ഇവിടെ വലിയ സ്ഥാനമില്ല. മാനസിക അടുപ്പത്തേക്കാളും ഇവരില്‍ ചിലരുടെയെങ്കിലും ഇടയില്‍ ശാരീരിക അടുപ്പമാണ് ഏറെയുണ്ടാകുക.
പങ്കാളിയെ എല്ലാവര്‍ക്കും മുന്നില്‍ കൊണ്ട് നടക്കുന്ന ഒരു തരത്തിലുള്ള ഷോ ഓഫുകളും ഇവിടെ കാണാം. പക്ഷേ, ചെറിയ ആയുസ്സ് മാത്രമേ ഈ സന്തോഷങ്ങള്‍ക്ക് കാണുകയുള്ളൂ. പ്രണയബന്ധങ്ങളില്‍ നിന്ന് റിബൗണ്ട് റിലേഷന്‍ഷിപ്പുകളെ തരംതിരിക്കാനുള്ള ചില കാര്യങ്ങളുണ്ട്. പഴയ പങ്കാളിയുമായി പിരിഞ്ഞ കാരണം കൃത്യമായി പറയാന്‍ ഇവര്‍ക്കാവില്ല കൂടാതെ അവരെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പാടെ അവഗണിക്കുകയും ചെയ്യുന്നു. ചിലത് കുറഞ്ഞാല്‍ തെറ്റ് എന്ന് പറയുന്നത് പോലെ ചിലത് കൂടിയാലും പ്രശ്‌നമാണ്. എക്‌സിനെ കുറിച്ച് വാ തോരാതെ പറയുന്നതും റീബൗണ്ടിന്റെ ഭാഗമാണ്.
ആ ബന്ധത്തില്‍ നിന്നിറങ്ങിയതില്‍ വളരെ സന്തോഷിക്കുന്നതായി അടിക്കടി പറയുന്നത് അവരുടെ ഉള്ളില്‍ എക്‌സിനെ കുറിച്ചുള്ള ചിന്തകള്‍ ഇപ്പോഴുമുണ്ടെന്നതിന് തെളിവാണ്. മാത്രമല്ല, പല കാര്യങ്ങളിലും പുതിയ പങ്കാളിയെ പഴയാളുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചിലപ്പോഴൊക്കെ പോസിറ്റീവും നെഗറ്റീവുമാകാറുണ്ട്. എക്‌സിന്റെ ചിന്തകളില്‍നിന്നു ശ്രദ്ധ തിരിക്കാനായി ഈ ബന്ധത്തില്‍ കുറെയെറെ ഇന്‍വെസ്റ്റ് ചെയ്യുന്നത് കൊണ്ട് തന്നെ വളരെ ആഴമേറിയ ബന്ധമാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും. പതിയെപ്പതിയെ ഈ ബന്ധത്തിന് മങ്ങലേല്‍ക്കാന്‍ തുടങ്ങുന്നു. എടുത്തുചാടിയെന്ന ചിന്ത ഒരാള്‍ക്കും തന്നെ ഉപയോഗിക്കുകയാണെന്ന ചിന്ത മറ്റൊരാളെയും പിടികൂടുന്നു. പഴയ ബന്ധത്തിന്റെ ഓര്‍മകളും പുതിയ ബന്ധത്തിലെ പോരായ്മകളും നീറുമ്പോള്‍, മറുഭാഗത്ത് ചതിക്കപ്പെട്ടുവെന്ന ചിന്ത പുതിയ പങ്കാളിക്ക് തോന്നുന്നു. വളരെ വേദനാജനകമാവും ഈ അവസ്ഥ. പച്ചവെള്ളത്തില്‍നിന്നു തിളച്ച വെള്ളത്തില്‍ ചാടിയ അവസ്ഥ. കുറ്റബോധം, ഒറ്റപ്പെടല്‍, മാനസിക പിരിമുറുക്കം അങ്ങനെ കുറെയെ പ്രശ്‌നങ്ങള്‍ ഉരുത്തിരിയുന്നതോടൊപ്പം ഈ ബന്ധവും അവസാനിക്കുന്നു.
പ്ലേറ്റോണിക് റിലേഷന്‍ഷിപ്പ്
ചില ആളുകളോട് നമുക്ക് ഒറ്റ വാക്കില്‍ നിര്‍വചിക്കാന്‍ പറ്റാത്ത ചില ബന്ധമുണ്ടാകും. പ്രണയമാണോയെന്ന് ആരാഞ്ഞാല്‍ അതല്ല, കാമമാണോയെന്ന് ചോദിച്ചാല്‍ അതുമല്ല. അവരെ അപേക്ഷിച്ച് ഈ ലോകത്ത് അവര്‍ തമ്മിലുള്ള ബന്ധത്തെ ടാഗ്ലൈനില്‍ ഒതുക്കാനാവില്ല. സ്വാര്‍ത്ഥമായ ലോകത്തിന്റെ കെട്ടുകള്‍ പൊട്ടിച്ച് നിസ്വാര്‍ത്ഥമായി ഒഴുകുന്ന ബന്ധം. പക്ഷേ ,നമ്മുടെ സമൂഹത്തില്‍ ടാഗ്ലൈനില്ലാതെ ഒരു ബന്ധങ്ങള്‍ക്കും വില നല്‍കാറില്ലല്ലോ. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളെ പ്ലേറ്റോണിക് റിലേഷണ്‍ഷിപ്പെന്ന് വിളിക്കാം. അവര്‍ക്കും ചുറ്റും നമ്മള്‍ നമ്മളായിരിക്കും. ഒരു തരത്തിലുള്ള മറകളും ഉണ്ടാകാറില്ല. സത്യസന്ധതയിലും വിശ്വാസത്തിലും ഊന്നിയ ബന്ധമായത് കൊണ്ട് തന്നെ, എല്ലാ കാര്യങ്ങളിലും അവര്‍ നമുക്കൊപ്പമുണ്ടായിരിക്കും.
രണ്ടു പേര്‍ തമ്മിലുള്ള കാര്യങ്ങള്‍ താറുമാറാക്കുന്ന മൂന്നാമതൊരു വ്യക്തിയുടെ ആവശ്യം ഈ ബന്ധങ്ങളിലില്ല. പക്ഷേ, ഒരു സ്ത്രീയും പുരുഷനും പ്രണയിതാക്കള്‍ മാത്രമായേ ഇരിക്കാന്‍ പാടുള്ളൂവെന്ന സമൂഹത്തിന്റെ സോ കോള്‍ഡ് കണ്‍സപ്റ്റ് നിലനില്‍ക്കുന്നത് കൊണ്ടുതന്നെ, ഇവരുടെ പ്ലേറ്റോണിക് റിലേഷന്‍ കണ്ടുനില്‍ക്കുന്ന പലര്‍ക്കും ഒട്ടും താങ്ങാന്‍ പറ്റാത്ത അസ്വാരസ്യങ്ങള്‍ ഉളവാക്കുന്നു. ഇങ്ങനെ ഒന്നിച്ചിരുന്നാല്‍ അവര്‍ തമ്മില്‍ പ്രണയത്തിലായാലോ എന്ന ചോദ്യങ്ങള്‍ നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്നു. അതിരു വിടുമ്പോഴാണ് പല ബന്ധങ്ങളും മറ്റു പല പ്രശന്ങ്ങളിലേക്കും വഴിവെക്കുന്നത്. പ്ലേറ്റോണിക്ക് ബന്ധങ്ങളില്‍ അതിര്‍വരമ്പുകളുണ്ട്. ഇതില്‍നിന്ന് വ്യതിചലിച്ചാല്‍ ആ ബന്ധം മറ്റൊരു ബന്ധത്തിലേക്ക് വഴിത്തിരിയുന്നു. അത് കൊണ്ടാവാം രണ്ടാം പാദത്തില്‍ എബിക്ക് സോനയോട് പ്രേമം തോന്നി തുടങ്ങിയത്. പ്രതീക്ഷകള്‍ക്ക് വലിയ പ്രധാന്യം നല്‍കി മുന്നോട്ട് പോയാല്‍ ചില ബന്ധങ്ങള്‍ പ്രണയത്തിലേക്ക് വഴിമാറുന്നത് പോലുള്ള പ്രതിഭാസം സംഭവിക്കുന്നില്ല. പരസ്പരം അംഗീകരിച്ചുകൊണ്ട് ഒരു ഭാരങ്ങളും അടിച്ചേല്‍പ്പിക്കാതെ സഞ്ചരിച്ച് നല്ല രീതിയല്‍ ഒഴുകുന്ന ഇത്തരം ബന്ധങ്ങള്‍ വളരെ മനോഹരമാണ്. എന്നിരുന്നാലും എല്ലാം ബാലന്‍സ് ചെയ്ത് പോകുമ്പോഴാണല്ലോ തികഞ്ഞ മനുഷ്യരാകുന്നത്. അതുകൊണ്ട് തന്നെ പ്ലേറ്റോണിക് ബന്ധങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടെങ്കില്‍ സന്തുലിതപ്പെടുത്തി, ചതിയെന്ന വാക്കിന് ഇടം നല്‍കാതെ മുന്നോട്ട് പോയാല്‍ തന്നെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പരിധി വരെ തടയാം.
ട്രോമ ബോണ്ടിങ്ങ്
താന്‍ കടന്നുപോകുന്നത് ഒരു തരത്തിലും മാനസികശാന്തി നല്‍കാത്ത ബന്ധത്തിലാണെങ്കിലും അത് തുടര്‍ന്നു കൊണ്ടു പോകുന്നത് കാണുന്നവര്‍ക്ക് ഒരു തരം അമര്‍ഷം ഉളവാക്കുന്നതാണ്. ടോക്‌സിക്ക് അബ്യൂസിവ് എന്ന കുടക്കീഴില്‍ തന്നെയാണ് ഇത്തരം ബന്ധങ്ങളെ വിലയിരുത്തേണ്ടത്. പക്ഷേ, അതില്‍ കൂട്ടിച്ചേര്‍ക്കേണ്ട ഒരു പോയിന്റ്, ടോക്‌സിസിറ്റിയാണെന്ന് അറിഞ്ഞിട്ടും അവരെ വിട്ടുപോകാന്‍ പറ്റാത്തതാണ്. ഇതാണ് ട്രോമ ബോണ്ടിങ്ങ്. തങ്ങളെ ചൂഷണം ചെയ്യുന്നവരോട് തോന്നുന്ന ഒരു തരത്തിലുള്ള ഡീപ്പ് ഇമോഷണല്‍ അറ്റാച്ച്‌മെന്റാണിത്. ആത്മാര്‍ത്ഥമായ പ്രണയമായും കമ്മിറ്റ്മെന്റായും ഇത് തെറ്റിദ്ധരിക്കെപ്പടാറുണ്ട്. അബ്യൂസിവാണെന്ന് മന:പൂര്‍വം മനസ്സിലാക്കി കൊണ്ടല്ല ഇത്തരം ബന്ധങ്ങളിലേക്ക് കാലെടുത്തു വെക്കുന്നത്. തുടക്കത്തില്‍ വളരെ കെയറും അഫക്ഷനും സ്‌നേഹവുമെല്ലാം കാണിച്ച് വശത്താക്കി തന്റേതായി കഴിഞ്ഞെന്നു ഉറപ്പായാല്‍ ഒരു തരം ആധിപത്യം സ്ഥാപിച്ച് തുടങ്ങും.
നീ ഒരു പങ്കാളിയെന്ന നിലയില്‍ ഒട്ടും ശരിയല്ല, എനിക്ക് മാച്ചല്ല എന്ന് പറഞ്ഞു കുറ്റപ്പെടുത്തുമ്പോള്‍ ഞാന്‍ മാറിക്കോളാം ശരിയാകാം എന്ന മറുപടിയില്‍ സ്വയം ചതിച്ച് മുന്നോട്ട് പോകേണ്ടി വരുന്നു. പലരോടുള്ള വിദേഷ്വം തീര്‍ക്കാന്‍ ഒരു പാവയായി ഇവിടെ ഒരാള്‍ മാറികൊടുക്കേണ്ടി വരുന്നു. നീയെന്റെയാണ് ആരോടും സംസാരിക്കരുത്.. മറ്റു ആള്‍ക്കാരുമായി ഇടപ്പഴകരുതെന്നൊക്കെ പറയുമ്പോള്‍, എന്റെ പങ്കാളിക്ക് എന്നോട് എന്ത് സ്‌നേഹമാണ്. അമിതമായ സ്‌നേഹം കൊണ്ടാണ് പൊസ്സസീവ്‌നെസ്സ് ഉണ്ടാകുന്നതെന്ന ചിന്ത ഒരാളില്‍ വന്നു തുടങ്ങുന്നു.
സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍നിന്ന് പുറംലോകവുമായുള്ള ബന്ധത്തില്‍, പങ്കാളിയെ കേന്ദ്രീകരിച്ച് മാറ്റിനിര്‍ത്തുന്നതില്‍ നിന്നുള്ള ദൂരം മനസ്സിലാക്കുന്നതില്‍ പലരും പരാജയപ്പെടുന്നു. മാത്രമല്ല പങ്കാളിയെന്ത് ചെയ്താലും ന്യായികരിക്കുകയും തങ്ങളുടെ തെറ്റ് മൂലമാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്യുന്നത് ചിലപ്പോള്‍ മുറിഞ്ഞ നെറ്റിയും അടികൊണ്ട് ചുവന്ന മുഖവുമായെന്നൊക്കെ കാണുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. അതൊന്നും അത്ര കാര്യമല്ല, സ്‌നേഹമുള്ളിടത്തെ വഴക്കുള്ളൂ എന്ന ക്ലിഷേ ഡയലോഗില്‍ ഇത് ഒതുക്കിത്തീര്‍ക്കുന്നത് ഒട്ടും നല്ലതല്ല. സ്വന്തം വ്യക്തിത്വത്തെ പണയംവെച്ച് വികാരങ്ങളെയൊക്കെ താഴിട്ടു പൂട്ടുന്ന അവസ്ഥ ഇത്തരം ബന്ധങ്ങള്‍ പതിപ്പിക്കുന്ന മുഖമുദ്രയാണ്.
Content Highlights: deepika padukone and ranveer singh were in situationship-types of relationships