ബാല്യകാലസഖിക്ക് നല്‍കിയത് 23 ലക്ഷത്തിന്റെ വീട്‌; വിലയിടാനാകില്ല ഈ സൗഹൃദത്തിനും സമ്മാനത്തിനും

#ഗോപന്‍ പുല്ലാട്
ഡയാനയും (ഇടത്ത്) രജനിയും പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ,രജനിയുടെ പഴയ വീട്, പുതിയ വീട്
ഡയാനയും (ഇടത്ത്) രജനിയും പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ,രജനിയുടെ പഴയ വീട്, പുതിയ വീട്

ജീവിതത്തിലെ നല്ല സമയത്തും മോശം സമയത്തും ഒരുപോലെ ഒപ്പം നില്‍ക്കാന്‍ അടുത്ത സുഹൃത്തുക്കളേ കാണൂ എന്ന് പറയാറുണ്ട്. ഇത് ശരിവെക്കുന്ന സംഭവം ഇങ്ങനെ- സാമ്പത്തികമായി ഭദ്രമായപ്പോള്‍, കൂട്ടുകാരി രജനിയെ മറക്കാതെ 23 ലക്ഷം രൂപ മുടക്കി വീട് വെച്ചുകൊടുത്ത അമേരിക്കയിലെ പ്രവാസി ഡയാന വരച്ചിട്ടത് സ്‌നേഹത്തിന്റെ നിറക്കൂട്ട്.

കുറുങ്ങഴ കാര്‍ത്തികവിലാസത്തില്‍ രജനി രവീന്ദ്രനും, അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡയാന സജിയും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. 

പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ എട്ടുമുതല്‍ പത്താംക്ലാസ് വരെ ഇവര്‍ ഒരുമിച്ച് പഠിച്ചു. സ്‌കൂള്‍ കാലത്തിന് ശേഷവും എന്നും വൈകുന്നേരം ഇവര്‍ കൂടിക്കാണുമായിരുന്നു. ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് ഡയാന അമേരിക്കയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോയി. അപ്പോഴും രജനിയുമായുള്ള സൗഹൃദം തുടര്‍ന്നു.

ഒരു വീട് തരട്ടേ

2022 ഓഗസ്റ്റില്‍ അമേരിക്കയിലെ ഷിക്കാഗോയില്‍നിന്ന് അവധിക്ക് കുടുംബസമേതം നാട്ടിലെത്തിയ ഡയാന, രജനിയെ കാണാന്‍ അവരുടെ വീട്ടിലെത്തിയതാണ് വഴിത്തിരിവായത്. രജനിയുടെ വീട് കാലപ്പഴക്കം കൊണ്ട് ചോര്‍ന്നൊലിക്കുന്നത് ആയിരുന്നു. തിരികെ വീട്ടില്‍ പോയ ഡയാന രാത്രിയില്‍ രജനിയെ ഫോണില്‍ വിളിച്ച് 'നമുക്കൊരു പുതിയ വീട് വെച്ചാലോ..?' എന്ന് ചോദിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന സമയത്ത് ഇങ്ങനൊരു ചോദ്യം രജനി പ്രതീക്ഷിച്ചിരുന്നില്ല. അടുത്തദിവസം രാവിലെ ഡയാന രജനിയുടെ വീട്ടിലെത്തി. 'പഴയ വീട് പൊളിച്ച് അതേ സ്ഥാനത്ത് പുതിയതുവെച്ച് തരാം' എന്നായി ഡയാന.

സമീപവാസിയായ ജിത്തുവിനെ വീടുപണി ഏല്‍പ്പിക്കുകയും ചെയ്തു. 23 ലക്ഷം രൂപ മുടക്കി 1850 ചതുരശ്ര അടിയുള്ള ഒറ്റനില വീട് 2023 സെപ്റ്റംബറില്‍ പൂര്‍ത്തിയായി. കാര്‍ത്തികവിലാസം എന്ന് പേരുമിട്ടു. ഗൃഹപ്രവേശനത്തിന് കുടുംബസമേതം ഡയാന എത്തി. രണ്ടുപേരും കൂടിയാണ് പാലുകാച്ചിയത്.

അച്ഛന്‍ രവീന്ദ്രന്‍ നായരുടെയും അമ്മ പൊന്നമ്മയുടെയും മകള്‍ വിസ്മയയുടെയും കൂടെയാണ് രജനി പുതിയവീട്ടില്‍ താമസിക്കുന്നത്.

ഡയാനയും ഭര്‍ത്താവ് സജിയും ഷിക്കാഗോയില്‍ വ്യാപാരസ്ഥാപനം നടത്തുകയാണ്. മാരാമണില്‍ സ്വകാര്യ നേത്രരോഗാശുപത്രിയില്‍ ജീവനക്കാരിയാണ് രജനി.

Content Highlights: dayana builds home for rajani extends childhood friendship- friendship day