ദിഷ പഠാണിയുടെ ബ്ലൗസ്, കൃതി സനോന്റെ ബ്രാലറ്റ്; സദാചാരം പറഞ്ഞ് ട്രോളുകൾ പണം കൊയ്യുമ്പോൾ

ഗണപതി ചതുർഥിയാഘോഷത്തിൽ പങ്കെടുത്ത നടി ദിഷ പഠാണിയുടെ വസ്ത്രത്തെച്ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങളും വിവാദങ്ങളുമാണ് ഉയരുന്നത്. ചുവന്ന ലഹംഗയും ഡീപ്പ് കട്ട് ബ്ലൗസും ധരിച്ചെത്തിയ ദിഷയുടെ വീഡിയോകൾ വൈറലായതോടെ, 'ഗണപതി പൂജയ്ക്കല്ല, റാമ്പ് വാക്കിനാണ് നടി വന്നത്' എന്നും 'വസ്ത്രം സംസ്‌കാരത്തിന് ചേർന്നതാവണം എന്നും ആരോപിച്ച് എക്‌സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. രക്ഷാബന്ധൻ പരസ്യത്തിൽ കൃതി സനോൺ ധരിച്ച വസ്ത്രത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ദിഷയ്‌ക്കെതിരെയും ഈ സദാചാര ആക്രമണം ഉണ്ടായത്. എന്നാൽ, ഈ സംഭവത്തെ കേവലം 'സംസ്‌കാര സംരക്ഷണം' എന്ന രീതിയിൽ മാത്രം കാണാൻ കഴിയില്ല. മറിച്ച്, ഇതിനു പിന്നിൽ ആസൂത്രിതമായി പ്രവർത്തിക്കുന്ന 'അറ്റൻഷൻ ഇക്കോണമി' എന്ന വലിയൊരു ഡിജിറ്റൽ കച്ചവടമുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം, പൊതുവിടങ്ങളിലെ സാന്നിധ്യം, സൈബർ അധിക്ഷേപങ്ങൾ എന്നിവയെ കേവലം വസ്ത്രത്തിന്റെയോ ഇന്റർനെറ്റ് ട്രോളുകളുടെയോ മാത്രം വിഷയമായി കാണാൻ കഴിയില്ല. ഇത് അധികാരഘടന, സാമ്പത്തിക നേട്ടം, ലിംഗവിവേചനം എന്നിവ പരസ്പരം പിണഞ്ഞുകിടക്കുന്ന ഒരു വലിയ സാമൂഹിക പ്രശ്‌നമാണ്. ഇത് ദിഷ പഠാണിയ്ക്കുണ്ടായ മാത്രം അനുഭവമല്ല പൊതുവിടത്തിലെ വസ്ത്രധാരണത്തിന്റെ പേരിൽ ബുള്ളിയിങ്ങ് അനുഭവിച്ച നിരവധിയാളുകളുണ്ട്.
ശ്രദ്ധ കവരുന്ന അറ്റൻഷൻ ഇക്കോണമി
സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഉൽപ്പന്നം മനുഷ്യന്റെ 'ശ്രദ്ധ' ആണ്. സോഷ്യൽ മീഡിയ ആപ്പുകൾ പണമുണ്ടാക്കുന്നത് യൂസർമാരെ പരമാവധി സമയം ആപ്പിൽ തളച്ചിട്ടുകൊണ്ടാണ്. നല്ല ചിത്രങ്ങളേക്കാളും കാഴ്ചകളേക്കാളും പലപ്പോളും ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുന്നത് വിദ്വേഷവും, വിവാദങ്ങളും, സദാചാര ചർച്ചകളുമാണ്. ദിഷ പഠാണിയുടെ വസ്ത്രത്തെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ, അതിനെ അനുകൂലിച്ചും എതിർത്തും ആളുകൾ കമന്റ് ബോക്‌സിൽ തർക്കിക്കുന്നു. ഇത്തരത്തിൽ എൻഗേജ്മെന്റ് കൂടുമ്പോൾ അൽഗോരിതം ആ വീഡിയോകൾ ലക്ഷക്കണക്കിന് ആളുകളിലേക്ക് വീണ്ടും എത്തിക്കുകയും പ്ലാറ്റ്ഫോമുകൾക്ക് പരസ്യ വരുമാനം കൂട്ടിക്കൊടുക്കുകയും ചെയ്യും. സ്ത്രീകളുടെ വസ്ത്രധാരണത്തിലെ ചില ഭാഗങ്ങൾ മാത്രം ഫോക്കസ് ചെയ്ത് സ്ലോ-മോഷനിൽ വീഡിയോകൾ നിർമിച്ച് പാപ്പരാസികളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. ഇതാണോ പൂജയ്ക്കുള്ള വസ്ത്രം?' എന്ന രീതിയിലുള്ള തലക്കെട്ടുകളിലൂടെ ആളുകളിൽ സദാചാര രോഷം ഉണർത്തുകയും, അതിലൂടെ തങ്ങളുടെ പേജുകളുടെ റീച്ചും വ്യൂസും കൂട്ടുകയും ചെയ്യുന്നു. നമ്മൾ ഒരു ഡിജിറ്റൽ സ്‌പേസ് ഉപയോഗിക്കുമ്പോൾ അവിടെ നമ്മൾ ഒന്നും നൽകുന്നില്ലെങ്കിൽ, 'നമ്മുടെ സമയം തന്നെയാണ് അവിടെ വിൽക്കപ്പെടുന്ന ഉൽപ്പന്നം' എന്നും മനസിലാക്കാം.'അറ്റൻഷൻ ഇക്കോണമി' ലളിതമായി പറഞ്ഞാൽ 'മനുഷ്യന്റെ ശ്രദ്ധ വിറ്റ് പണമുണ്ടാക്കുന്ന സാമ്പത്തിക രീതി'യാണ്.
കൃതി സനോന്റെ പരസ്യം
അടുത്തയിടെ പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നടിയും മോഡലുമായ കൃതി സനോൻ വലിയ രീതിയിലുള്ള ഓൺലൈൻ ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയായത് രക്ഷാബന്ധൻ ആഘോഷിക്കുന്ന പരസ്യത്തിൽ ബ്രാലറ്റ് സ്‌റ്റൈൽ ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്‌കർട്ടും അടങ്ങിയ വസ്ത്രമായിരുന്നു കൃതി ധരിച്ചിരുന്നത്. ഈ വസ്ത്രധാരണം ഒരു പരമ്പരാഗത ആഘോഷത്തിന് ചേർന്നതല്ലെന്നും സാംസ്‌കാരിക മൂല്യങ്ങളെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് ചില സോഷ്യൽ മീഡിയ യൂസർമാരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. എംപിയും നടിയുമായ കങ്കണ റണൗട്ട് ഈ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിക്കുകയും സഹോദരന് രാഖി കെട്ടുമ്പോൾ അടിവസ്ത്രത്തിന് സമാനമായ വസ്ത്രം ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്യുകയും ചെയ്തു.
പരമ്പരാഗത സാംസ്‌കാരിക പ്രതീക്ഷകളും ആധുനിക ഫാഷൻ സങ്കൽപ്പങ്ങളും തമ്മിലുള്ള സംഘർഷമാണ് ഈ വിവാദം വ്യക്തമാക്കുന്നത്. എന്നാൽ വസ്ത്രധാരണത്തെ സാംസ്‌കാരിക സ്‌നേഹവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് കൃതി സനോൻ മറുപടി നൽകി. വസ്ത്രത്തിലല്ല, വികാരങ്ങളിലാണ് ആഘോഷങ്ങളുടെ കാതലെന്നും ഒരു സ്ത്രീയുടെ സംസ്‌കാരം അവളുടെ ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത് അല്ലാതെ വസ്ത്രത്തിന്റെ കഴുത്തിന്റെ ആഴത്തിലല്ല എന്നും കൃതി വ്യക്തമാക്കി.ഈ സംഭവം പരമ്പരാഗത വിപണിയിൽ പ്രവർത്തിക്കുന്ന ബ്രാൻഡുകളുടെ ജാഗ്രതയെയും വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങളോടുള്ള ആദരവ് ചൂണ്ടിക്കാണിച്ച് ബ്രാൻഡ് ഈ പരസ്യം എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ബ്രാൻഡ് വ്യക്തമാക്കി. പരസ്യം പിൻവലിച്ചെങ്കിലും, കൈകളിൽ രാഖി കെട്ടിയ ചിത്രം മാത്രം പങ്കുവെച്ച് 'രാഖി ഫാഷൻ കമ്മിറ്റി ചർച്ചകൾ തുടരട്ടെ' എന്ന കുറിപ്പോടെ കൃതി സനോൺ തന്റെ നിലപാടിൽ ഉറച്ചുനിന്നു. സാമൂഹിക മനോഭാവവും തലമുറകൾ തമ്മിലുള്ള വീക്ഷണ വ്യത്യാസങ്ങളും ഈ വിവാദം ചലച്ചിത്ര മേഖലയിലും വലിയ ചർച്ചയായി. പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര പ്രതികരിച്ചത് 'എന്റെ ശരീരം എന്റെ തിരഞ്ഞെടുപ്പ്' എന്ന തത്വം ഒരു പരിധിവരെ നല്ലതാണെങ്കിലും അത് സാമൂഹിക അതിർവരമ്പുകൾക്കുള്ളിൽ നിൽക്കണമെന്നാണ്. വസ്ത്രസ്വാതന്ത്ര്യം ഓരോ വ്യക്തിയുടേതുമാണെന്നിരിക്കെ, പുരുഷന്മാർ പരമ്പരാഗതമോ ആധുനികമോ ആയ ഏത് വസ്ത്രമിട്ട് ഇത്തരം ചടങ്ങുകളിൽ പങ്കെടുത്താലും ആരും ചോദ്യം ചെയ്യാറില്ല. എന്നാൽ, സ്ത്രീകൾ എത്തുമ്പോൾ അവരുടെ ദൈവഭക്തിയെയും വസ്ത്രത്തെയും സംസ്‌കാരത്തിന്റെ പേരുപറഞ്ഞ് വിചാരണ ചെയ്യാൻ വൻ കൂട്ടം ആളുകൾ എത്തുന്നു.
സംസ്‌കാരവും സ്ത്രീകളുടെ വസ്ത്രധാരണവും
സംസ്‌കാരം, പാരമ്പര്യം എന്നിവയുടെ പേരിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പണ്ടുമുതലേ സമൂഹത്തിലുണ്ട്. എന്നാൽ 'സംസ്‌കാരം' എന്നത് നിശ്ചലമായ ഒന്നല്ലെന്നും, അത് കാലഘട്ടത്തിനനുസരിച്ച് മാറുന്നതാണെന്നുമുള്ള വസ്തുത പലപ്പോഴും മറന്നുപോകുന്നു. പവിത്രമെന്നും പരമ്പരാഗതമെന്നും കരുതുന്ന പല വസ്ത്രരീതികളും ചരിത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമായിട്ടുള്ളതാണ്. സ്ത്രീ എന്ത് ധരിക്കണം എന്നത് അവളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെങ്കിലും, അതിനെ 'കുടുംബ മഹിമ', 'നാടിന്റെ സംസ്‌കാരം' എന്നിവയുമായി കൂട്ടിക്കെട്ടി ചോദ്യം ചെയ്യുന്ന രീതി ഇന്നും നിലനിൽക്കുന്ന ഒന്നാണ്.പുരുഷന്മാർ കാലാനുസൃതമായ വെസ്റ്റേൺ വസ്ത്രങ്ങളോ മറ്റ് പുത്തൻ രീതികളോ സ്വീകരിക്കുമ്പോൾ സമൂഹം അതിനെ 'മോഡേൺ'ആയി കാണുന്നു. എന്നാൽ സ്ത്രീകൾ സമാനമായ തീരുമാനത്തിലേയ്ക്ക് എത്തുമ്പോൾ അതിനെ 'സംസ്‌കാര ശോഷണം' എന്ന് മുദ്രകുത്തുന്നു. വസ്ത്രമെന്നത് സെൽഫ് എക്‌സപ്രഷനും കംഫർട്ടും സ്വാതന്ത്ര്യവും കൂടിയാണെന്നത് സ്ത്രീയുടെ കാര്യത്തിൽ സമൂഹം മറന്നുപോകുന്നു. സംസ്‌കാരം വസ്ത്രത്തിലല്ല, മനുഷ്യത്വത്തിലും ചിന്തയിലുമാണെന്ന് ചിന്തിക്കാൻ പാട്രിയാക്കലായ സിസ്റ്റത്തിന് കഴിയുന്നില്ല. ഇതിനെല്ലാം അറ്റൻഷൻ ഇക്കോണമിയുടെ നിശബ്ദമായതും എന്നാൽ തീവ്രമായ ഇടപെടലും കാണാൻ കഴിയും.
മാറാത്ത മനോഭാവം
നടി നീന ഗുപ്ത പറഞ്ഞത് സ്ത്രീകളുടെ വസ്ത്രധാരണത്തെ അടിസ്ഥാനമാക്കി വിധി എഴുതുന്ന സാമൂഹിക മനോഭാവം മാറാൻ തലമുറകൾ എടുക്കുമെന്നാണ്. ശരീര നിരീക്ഷണവും ധാർമ്മിക ആശങ്കകളുംപൊതു വ്യക്തികളുടെ ശരീരഭാഗങ്ങൾ വെളിവാകുന്ന വസ്ത്രധാരണത്തെ കേന്ദ്രീകരിച്ച് നടക്കുന്ന കടന്നുകയറ്റങ്ങൾ പലപ്പോഴും സൈബർ ആക്രമണങ്ങളായും സദാചാര പൊലീസിംഗായും മാറാറുണ്ട്. ഹൈ ഫാഷൻ, ശരീര സ്വാതന്ത്ര്യം, പുരുഷ നോട്ടങ്ങൾ 2022 ജൂലൈയിൽ റോമിൽ നടന്ന വാലന്റീനൊ ഫാഷൻ ഷോയിൽ നടി ഫ്‌ലോറൻസ് പ്യൂ സുതാര്യമായ പിങ്ക് ഗൗൺ ധരിച്ച് എത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കി. പുരുഷന്മാർ അവരുടെ ശരീര വടിവുകളെക്കുറിച്ച് നടത്തിയ അശ്ലീല കമന്റുകൾക്കെതിരെ ഫ്‌ലോറൻസ് ശക്തമായി പ്രതികരിച്ചു. സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാൻ പുരുഷന്മാർക്ക് എവിടുന്ന് ധൈര്യം ലഭിക്കുന്നുവെന്നും സ്വന്തം ശരീരത്തിൽ താൻ സംതൃപ്തയാണെന്നും അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. റെഗെ-ജീൻ പേജ്, ആബ്രി പ്ലാസ തുടങ്ങിയ പ്രമുഖ താരങ്ങൾ ഫ്‌ലോറൻസിന് പിന്തുണയുമായി രംഗത്തെത്തി.2025 ലെ ഗ്രാമി അവാർഡ്‌സ് ചടങ്ങിൽ ബിയാങ്ക സെൻസോറി സുതാര്യമായ വസ്ത്രം ധരിച്ച് എത്തിയത് വൻ വിവാദത്തിന് വഴിവെച്ചു. പൊതു സ്ഥലങ്ങളിൽ അശ്ലീലത പ്രദർശിപ്പിച്ചതിന് ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ഗ്രാമി സ്വകാര്യ ചടങ്ങായതിനാൽ ലോസ് ആഞ്ജിലിസ് പോലീസ് അന്വേഷണം നടത്തിയില്ല.
ദീപികയ്ക്ക് നേരെ 'വ്യാജ ഗർഭധാരണ' ആരോപണങ്ങൾ
സ്്ത്രീകളുടെ ശരീര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഗർഭകാലത്തും വരെ ഉയരാറുണ്ട്. പ്രശസ്ത നടിമാരുടെ ഗർഭകാല ശരീരമാറ്റങ്ങളെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും അനാവശ്യ ട്രോളുകൾ ഉണ്ടായിട്ടുണ്ട്. 2024 -ൽ ഗർഭിണിയായിരുന്ന നടി ദീപിക പദുകോൺ 'വ്യാജ ഗർഭധാരണ' ആരോപണങ്ങൾക്ക് ഇരയായി. ദീപിക ധരിച്ച വസ്ത്രങ്ങളും ഹൈ ഹീൽസ് ചെരുപ്പുകളും ചൂണ്ടിക്കാട്ടി ട്രോളുകൾ ഉയർന്നെങ്കിലും, സെപ്റ്റംബറിൽ അവരുടെ മകൾ ദുഅ ജനിച്ചതോടെ അത് അവസാനിച്ചു .വാക്കുകളില്ലാത്ത പ്രതികരണവും ഡിജിറ്റൽ മീഡിയ തന്ത്രങ്ങളും2026 സെപ്റ്റംബറിൽ രണ്ടാമത്തെ ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ചപ്പോഴും ഇത്തരം ട്രോളുകൾ ഉയർന്നപ്പോൾ, ഗർഭിണികളുടെ ശരീരത്തെ നിരീക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സോഷ്യൽ മീഡിയ വീഡിയോ ദീപിക 'ലൈക്' ചെയ്ത് തന്ത്രപരമായി മറുപടി നൽകി. നേരിട്ട് തർക്കിക്കാതെതന്നെ ഇത്തരം പ്രവണതകളെ എതിർക്കുകയാണ് ദീപിക ചെയ്തത്.പാപ്പരാസികൾ സെലിബ്രിറ്റികളെ പകർത്തുമ്പോൾ വ്യക്തിപരമായ സ്വകാര്യതയും ബോഡി പോസിറ്റിവിറ്റിയും തമ്മിൽ പലപ്പോഴും സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്
ബോഡി വിചാരണയും 'സംസ്‌കാര പ്രേമികളും'
ഗ്ലാമറസ് വസ്ത്രങ്ങളോ, സ്വിംവെയറുകളോ ധരിച്ച് സെലിബ്രിറ്റികളായ സ്ത്രീകൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ, കമന്റ് ബോക്‌സുകളിൽ വൻതോതിലുള്ള സദാചാര ആക്രമണങ്ങളാണ് നടക്കുന്നത്.സംസ്‌കാരം' ആയുധമാക്കിയുള്ള ആക്രമവും ഇതിന്റെ ഭാഗമാണ്. 'ഇതാണോ നിങ്ങളുടെ സംസ്‌കാരം?', 'കുറച്ചുകൂടി വസ്ത്രം ധരിച്ചൂടെ?' തുടങ്ങിയ കമന്റുകൾ വഴി ഒരു സ്ത്രീയുടെ സ്വകാര്യ വസ്ത്രധാരണ സ്വാതന്ത്ര്യത്തെയും അവളുടെ തൊഴിലിനെയും സംസ്‌കാരത്തിന്റെ പേരുപറഞ്ഞ് വിചാരണ ചെയ്യുന്നു. എന്നാൽ സമാനമായ രീതിയിൽ ബോഡി ബിൽഡിംഗ് നടത്തുന്ന അല്ലെങ്കിൽ ഷർട്ട് ധരിക്കാതെ ചിത്രങ്ങൾ പങ്കുവെക്കുന്ന പുരുഷതാരങ്ങൾക്ക് ലഭിക്കുന്നു. എന്നാൽ സ്ത്രീകൾക്ക് ലഭിക്കുന്നത് കടുത്ത ലൈഗിംകാധിക്ഷേപങ്ങളാണ്. വസ്ത്രസ്വാതന്ത്ര്യം ഓരോ വ്യക്തിയുടേതുമാണെന്നിരിക്കെ, പുരുഷന്മാർ പരമ്പരാഗതമോ ആധുനികമോ ആയ ഏത് വസ്ത്രമിട്ട് ഇത്തരം ചടങ്ങുകളിൽ പങ്കെടുത്താലും ആരും ചോദ്യം ചെയ്യാറില്ല. എന്നാൽ, സ്ത്രീകൾ എത്തുമ്പോൾ അവരുടെ ദൈവഭക്തിയെയും വസ്ത്രത്തെയും സംസ്‌കാരത്തിന്റെ പേരുപറഞ്ഞ് വിചാരണ ചെയ്യാൻ വൻ കൂട്ടം ആളുകൾ എത്തുന്നു.
ബോഡി ഷെയ്മിങ്ങ്
ബോളിവുഡ് നടിയും മോഡലുമായ അഞ്ജലി ആനന്ദ് നേരിട്ട ബോഡി ഷെയ്മിങ് അനുഭവവും അതിനോട് അവർ നടത്തിയ ശക്തമായ പ്രതികരണവും അടുത്തിയിടെ വലിയ ചർച്ചയായിരുന്നു.
പെൺശരീരങ്ങളെ അളന്നുകൊണ്ട് നടക്കുന്ന സദാചാര വിചാരണകൾക്കും പാപ്പരാസി സംസ്‌കാരത്തിനും എതിരെയുള്ള വ്യക്തമായ താക്കീതായിരുന്നു അത്. റിയാലിറ്റി ഷോ താരം ശിവ് താക്കറെയ്‌ക്കൊപ്പം ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ, കാറിന്റെ പിൻസീറ്റിലേക്ക് കയറുന്നതിനിടെ അഞ്ജലിയുടെ ശരീരപ്രകൃതിയെ പരിഹസിച്ചുകൊണ്ട് 'മാഡം, ശിവ് താക്കറെയെ ചതയ്ക്കരുത്' എന്ന് അവിടെയുണ്ടായിരുന്ന ഒരു പാപ്പരാസി പറയുകയുണ്ടായി. ഈ ബോഡി ഷെയ്മിങ്ങിനോട് ഒട്ടും മടിക്കാതെ, കടുത്ത മറുപടിയാണ് അഞ്ജലി നൽകിയത്. ഈ സംഭവം കേവലം ഒരു തമാശയല്ല, ക്യാമറാമാന്റെ വ്യക്തിപരമായ മര്യാദകേടോ മാത്രമല്ല; മറിച്ച്, വൻകിട ഡിജിറ്റൽ കച്ചവടമായ 'അറ്റൻഷൻ ഇക്കോണമി'യുടെ ഭാഗം കൂടിയാണ്. സ്ത്രീകളുടെ ശരീരത്തെ പരിഹസിക്കുന്ന വീഡിയോകളും സ്ലോ-മോഷൻ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ, ആളുകൾ കൂടുതൽ കമന്റുകളും ലൈക്കുകളും ഇടുകയും തർക്കിക്കുകയും ചെയ്യുന്നു. ഈ ഉയർന്ന എംഗേജ്മെന്റും റീച്ചും തങ്ങൾക്ക് വൻ പരസ്യവരുമാനം നേടിക്കൊടുക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് ട്രോൾ പേജുകളും ബോധപൂർവ്വം ഇത്തരം അധിക്ഷേപങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്.
സദാചാര പൊലീസിങ്ങിനെതിരേ മലയാളി നടിമാരും
വസ്ത്രധാരണത്തിന്റെ പേരിലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിലും മലയാളി നടിമാരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഷോർട്സ് ധരിച്ച ചിത്രം പങ്കുവെച്ച അനശ്വര രാജനെതിരേ 'സംസ്‌കാരത്തിന് ചേർന്നതല്ല' എന്ന് പറഞ്ഞ് അധിക്ഷേപങ്ങൾ ഉയർന്നപ്പോൾ, 'ഞാൻ എന്ത് ചെയ്യുന്നു എന്ന് ഓർത്ത് നിങ്ങൾ വ്യാകുലപ്പെടേണ്ട, അതിനെക്കുറിച്ച് നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് എന്ന് ഓർത്ത് ഉത്കണ്ഠപ്പെടൂ' എന്ന കുറിപ്പോടെ വീണ്ടും ചിത്രങ്ങൾ അവർ പങ്കുവെച്ചു. തുടർന്ന് പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, നസ്രിയ തുടങ്ങിയ നിരവധി താരങ്ങൾ സ്വന്തം കാലുകൾ കാണിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് ##WomenHaveLegs എന്ന പേരിൽ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട വസ്ത്രധാരണ സ്വാതന്ത്ര്യ ക്യാംപയിന് തുടക്കമിട്ടു.
സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത വീഡിയോയിൽ ഷോർട്സ് ധരിച്ചതിന് നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിലും അധിക്ഷേപിച്ചവർക്ക് സയനോര ഫിലിപ്പ് നൽകിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. കാലുകൾ വ്യക്തമാകുന്ന മറ്റൊരു ചിത്രം പങ്കുവെച്ച് ''My life, My body, My way'' (എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി) എന്ന ശക്തമായ അടിക്കുറിപ്പോടെയാണ് സയനോര സദാചാരവാദികളുടെ വായടപ്പിച്ചത്.ചലച്ചിത്ര മേളയിലെ വേദിയിൽ മിനി സ്‌കർട്ട് ധരിച്ചെത്തിയതിന്റെ പേരിൽ നടന്ന സൈബർ വിചാരണയ്ക്ക്, അതേ വസ്ത്രത്തിലുള്ള കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് 'ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള പൂർണ്ണ അവകാശമുണ്ട്' എന്ന് പ്രഖ്യാപിച്ചാണ് റിമ കല്ലിങ്കൽ പ്രതികരിച്ചത്.
ശരീരത്തിലേയ്ക്ക് സൂം ചെയ്യുന്ന ക്യാമറകൾ
വെസ്റ്റേൺ, ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ചെത്തിയതിന്റെ പേരിൽ മുൻപും പല തവണ കടുത്ത സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും ഇരയായ വ്യക്തിയാണ് നടി ഐശ്വര്യ ലക്ഷ്മി.
അവർ ധരിച്ച ഒരു പ്രത്യേക വസ്ത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകളുണ്ടായിരുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ആ ലുക്ക് തിരഞ്ഞെടുത്തതെന്ന് ഐശ്വര്യ തുറന്നുപറഞ്ഞു. എന്നാൽ ഇതൊന്നും വിശദീകരണമല്ലെന്നും ഞാൻ എന്ത് ധരിക്കുന്നു എന്നാർക്കും വിശദീകരണം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ നിലപാടും വ്യക്തമാക്കി.
വിവാദമായ വസ്ത്രമിട്ട് പരിപാടിയിൽ പങ്കെടുക്കവേ അവിടെയുള്ള ക്യാമറകൾ അവരുടെ മുഖത്തിന് പകരം ശരീരഭാഗങ്ങളിലേയ്ക്ക് ഫോക്കസ് ചെയ്തു, അത് അവർക്ക് അസ്വസ്ഥതയുണ്ടാക്കി. നമ്മൾ അസ്വസ്ഥരാകുമ്പോൾ നമ്മുടെ ശരീരഭാഷയും മാറും. അപ്പോളാണ് താൻ കൈകൾ നെഞ്ചോട് ചേർത്തുപിടിച്ചതെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ശരീരം മറയ്ക്കാൻ ശ്രമിക്കുകയാണെന്നൊക്കെ കമന്റുകൾ വന്നു. ആ ഡ്രസിൽ എനിക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷെ നിങ്ങളുടെ കണ്ണുകൾ തിരയുന്നതെന്താണെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടാണ് അസ്വസ്ഥപ്പെട്ടതെന്നും ഐശ്വര്യ പറഞ്ഞു. ഒരു വ്യക്തിയുടെ സംസ്‌കാരമോ വ്യക്തിത്വമോ അളക്കേണ്ടത് അവർ ധരിക്കുന്ന വസ്ത്രത്തെ നോക്കിയല്ല എന്നും ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ് സംസ്‌കാരമെന്നും അവർ പറഞ്ഞു.
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വിദ്വേഷം എന്നത് വിൽക്കപ്പെടാവുന്ന ഒരു ഉൽപ്പന്നമാണ് (Hate as a Commodity). സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ പ്രവർത്തിക്കുന്നത് കൂടുതൽ ക്ലിക്കുകളും കമന്റുകളും വരുന്ന കണ്ടന്റുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾക്ക് പെട്ടെന്ന് വലിയ രീതിയിൽ പ്രതികരണങ്ങൾ ലഭിക്കുന്നു. സൈബർ മുതലാളിത്തവും 'അറ്റൻഷൻ ഇക്കോണമിയും' എങ്ങനെ പ്രവർത്തക്കുന്നുവെന്നും ഇതിൽ നിന്നും മനസിലാക്കാം.
Content Highlights: Examines how social media algorithms monetize hate and controversy through the attention economy., Analyzes recent outfit controversies involving Disha Patani and Kriti Sanon., Highlights the double standards of moral policing and body shaming directed at women in the public eye., Showcases how female celebrities and Malayalam actresses have powerfully resisted cyberbullying.