ക്രോമസോമോ അതോ ഗണിത സമവാക്യമോ; മസ്‌കിന്റെയും ഗ്രൈംസിന്റെയും മക്കളുടെ പേരുകളെ ചൊല്ലി ട്രോള്‍

ലോകത്തിലെ അതിസമ്പന്നായ വ്യക്തികളിലൊരാളാണ് സ്‌പേസ് എക്‌സ്, ടെസ്ല എന്നീ കമ്പനികളുടെ സ്ഥാപകനും ടെക് ലോകത്തെ അതികായനുമായ ഇലോണ്‍ മസ്‌ക്. അതിനാല്‍, മസ്‌കുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മിക്കപ്പോഴും വാര്‍ത്തകളാകാറുണ്ട്.
ഇക്കഴിഞ്ഞ ദിവസമാണ് മസ്‌കിനും മുന്‍കാമുകി ഗ്രൈംസിനും രണ്ടാമതൊരു കുഞ്ഞുകൂടി ഉണ്ടെന്ന വിവരം പുറംലോകം അറിഞ്ഞത്. തീര്‍ത്തും രഹസ്യമായി വെച്ചിരുന്ന ഈ വിവരം വാനിറ്റ് ഫെയര്‍ എന്ന മാഗസിനു നല്‍കിയ അഭിമുഖത്തിലൂടെയാണ് പുറത്തുവന്നത്. കഴിഞ്ഞ ഡിസംബറില്‍ വാടകഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞിനെ സ്വീകരിച്ചതെന്നും മകള്‍ക്ക് എക്‌സാ ഡാര്‍ക്ക് സിഡെറേല്‍ മസ്‌ക് എന്നാണ് പേരുനല്‍കിയിരിക്കുന്നതെന്നും അഭിമുഖത്തില്‍ ഗ്രൈംസ് വെളിപ്പെടുത്തിയിരുന്നു. എളുപ്പത്തിന് 'വൈ' എന്നാണ് മകളെ വിളിക്കുന്നതെന്നും ഗ്രൈംസ് പറഞ്ഞു.
22 മാസം പ്രായമുള്ള മകന്‍ X Æ A-12-നെ കൂടാതെ മറ്റൊരു കുഞ്ഞുകൂടി ഉണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു ഗ്രൈംസ്. എക്‌സ് എന്നാണ് മകനെ വിളിക്കുന്നത്. ഗ്രൈംസിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഇപ്പോഴിതാ മക്കളുടെ പേരുകളെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.
മസ്‌കും ഗ്രൈംസും എന്തുകൊണ്ടാണ് അപൂര്‍വമായ ഇത്തരം പേരുകള്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയ ചോദിച്ചു. രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇതെന്താ...ഗണിതസമവാക്യമാണോ ഇതെന്ന് ഒരു കൂട്ടര്‍ ചോദിച്ചു. ചിലരാകട്ടെ ക്രോമസോമിന്റെ പേരുകളാണോയെന്ന് സംശയം പ്രകടിപ്പിച്ചു. അതേസമയം, കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥപേരുകള്‍ ഉച്ചരിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു.
മൂത്ത മകന് എക്‌സ് എന്നും ഇളയ പെണ്‍കുട്ടിക്ക് വൈ എന്നും പേരുകള്‍ നല്‍കി. അങ്ങനെയെങ്കില്‍ മൂന്നാമതൊരു കുട്ടിയുണ്ടായുണ്ടായാല്‍ അതിന് സെഡ് എന്ന പേരുനല്‍കുമോ എന്ന് മറ്റൊരാള്‍ ചോദിച്ചു.