'ഉപ്പാ ഇനിക്കൊരു സൈക്കിള്..', 'മോനേ ഇനിക്കൊരു മോട്ടോർ സൈക്കിള്'; ഇരുൾപാതയിലെ ഉതിർമുല്ലകൾ

#ഷാജി ഹനീഫ്
പ്രതീകാത്മക ചിത്രം | ചിത്രീകരണം: ദേവപ്രകാശ്
പ്രതീകാത്മക ചിത്രം | ചിത്രീകരണം: ദേവപ്രകാശ്

മിഴികൾ നനയുമെങ്കിലും ചില ഓർമകൾക്ക് ഉതിർമുല്ലയുടെ സുഗന്ധമുണ്ടാകും. എഴുപത് എൺപതുകളിലെ ബാല്യകൗതുകങ്ങളിൽ പ്രധാനം കിട്ടുന്ന തുട്ടിന് കുട്ടിസൈക്കിൾ വാടകക്കെടുക്കുക എന്നതായിരുന്നു.

തൊട്ടടുത്ത എ.വീ. ഹൈസ്‌കൂൾ മൈതാനമായിരുന്നു ഞങ്ങളുടെ യജ്ഞവേദി. മൈതാനനടുവിലന്ന് ബ്രദേഴ്‌സ് ക്ലബുകാരുടെ പന്തുകളി നടക്കുന്നുണ്ടായിരിക്കും കുമ്മായവരിക്കിപ്പുറം പരമേശ്വരൻ ഡോക്ടർ നടക്കുന്നുണ്ടായിരിക്കും. അദ്ദേഹത്തിന് മാത്രമായിരുന്നു അന്ന് ഞങ്ങളുടെ നാട്ടിൽ ആരോഗ്യ ബോധമുണ്ടായിരുന്നത്.

മൈതാനത്തിനിടവശം ഗോപാലേട്ടൻ നടത്തുന്ന അബുക്കാന്റെ എപികെ സൈക്കിൾമാർട്ട്. മുമ്പിൽ അദ്ദുക്കയുടെ സൈക്കിൾക്കട പടിഞ്ഞാട്ട് പോയാൽ ചന്തപ്പടിയിൽ നായരുടെ സൈക്കിൾഷോപ്പ് ശേഷം ബാവക്കാന്റെ സൈക്കിൾക്കട. അതിനുമപ്പുറമാണ് ഔക്കുക്കാന്റെ സൈക്കിൾ പിടിക. കിഴക്കോട്ട് ബാവക്കാന്റെ ചായക്കടക്കപ്പുറവും ഒരു സൈക്കിൾക്കട ഉണ്ടായിരുന്നു. തെക്ക് നായരങ്ങാടിയിൽ ഉണ്ണിയേട്ടന്റെ സൈക്കിൾ വാടകക്കട.

വടക്കേ പാത തുടങ്ങുന്നത് ചമ്രവട്ടം ജംഗ്ഷനിൽ നിന്നാണെന്നതിനാൽ അത്രേം ദൂരത്തെക്കുറിച്ചുള്ള യാത്രാചിന്ത ഞങ്ങൾ കുട്ടികൾക്കന്യമായിരുന്നു. കളിക്കൂട്ടുകാരന്ന് ഒരുമിച്ച് ഉള്ള നാണയത്തുട്ടുകൾ കൊടുത്ത് ഒരു സൈക്കിൾ വാടകക്കെടുക്കും.

ഊഴംവച്ച് ചവിട്ടും. വാച്ചില്ലാത്ത ഞങ്ങൾ ഇടക്ക് സൈക്കിൾ കടക്കാരനോട് സമയമായോ എന്ന് ചോദിക്കേണ്ടതുള്ളതിനാൽ കടപ്പരിസരത്തു തന്നെയായിരിക്കും കളരി. മിനിറ്റുകൾ അഞ്ചോ പത്തോ കൂടിയാലോ പരിശീലനത്തിൽ സൈക്കിളിന് പറ്റിയ പരിക്കുകളോ അവർ ഗണിക്കാറുണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ വിലപേശലുകളും അന്നുണ്ടായിരുന്നില്ല. അതും നാട്ട് നന്മകളിലൊന്നായിരുന്നു.

ആയിടക്കാണ് എന്റെ ഉപ്പയും മറ്റ് മൂന്ന് കൂട്ടുകാരും ചേർന്ന് ഫോർസ്റ്റാർ എന്ന പേരിലൊരു സൈക്കിളും സാമഗ്രികളും, ചില ചില്ലറ ഗൃഹോപകരണങ്ങളും ഇലക്ട്രിക്കൽ ഉത്പന്നങ്ങളുമുള്ള ഒരു ഷോപ്പ് പുത്തൻപീടിക എന്ന വിളിപ്പേരുള്ള തൃക്കാവ് ജംഗ്ഷനിൽ തുറക്കുന്നത്. അന്ന് ഞാൻ ആറാം ക്ലാസിൽ പഠിക്കുന്നു. ഉപ്പയും എളാപ്പയും കൂടാതെ സൈക്കിൾ റിപ്പയർ നടത്തുന്ന ഔക്കുക്കയുമായിരുന്നു അവിടെ. പാത്രങ്ങളും സൈക്കിളുകളും ലഭിക്കുന്ന ഒരു 'കുറി /ചിട്ടി' കൂടി സമാന്തരമായി നടത്തിയിരുന്നു. ആഴ്ച്ചാന്ത്യ വരിസംഖ്യ പിരിക്കാനായി ഒരു ഭാനുച്ചേച്ചിയും. (പൊന്നാനിയിലാദ്യമായി പൊതുവഴിയിലൂടെ സൈക്കിളോട്ടിയ ധീരവനിത നോർട്ടൺ സൈക്കിൾമാർട്ടുടമയുടെ ശ്രീമതി പത്മാവതിയമ്മയാണ്, ശേഷമാണ് ഭാനുച്ചേച്ചി എന്നാണ് എന്റെ ഓർമ. ഭാനുച്ചേച്ചിക്ക് അക്കാലത്ത് ഒരുപാട് കളിയാക്കൽ നേരിടേണ്ടി വന്നു. അവരെ ഇപ്പോളും 'സൈക്കിൾഭാനു' എന്നാണ് ചിലർ കളിയാക്കി വിളിക്കാറ്.)

അരികിൽ ഒരു പലചരക്ക് കടയുണ്ടായിരുന്നു. മൂസക്കയുടേത്. മകൻ ഹനീഫയായിരുന്നു നടത്തിപ്പുകാരൻ സെയ്തുട്ടിക്കയെന്ന ഒരു തമാശക്കാരനായിരുന്നു എടുത്ത് കൊടുപ്പുകാരൻ. ഉപ്പയുടെ കടയിൽ പലവർണ്ണങ്ങളിലും വലിപ്പത്തിലുമുള്ള നിരത്തി വച്ച സൈക്കിളുകൾ നോക്കി ഞാൻ നെടുവീർപ്പിടും. ഉപ്പാക്ക് ഒരു ഇംഗ്ലീഷ് റാലിയും ഇടക്ക് അവധിക്ക് വരുന്ന മസ്‌കറ്റ് മാമൻ ഹാഷിമിന് ഒരു ഹീറോ സൈക്കിളും ഉണ്ടായിരുന്നു. ഉപ്പാന്റെ സൈക്കിളിന് മുന്നിൽ ഒരു കുഞ്ഞുസീറ്റും താഴത്തെ ഫ്രെയിമിൽ മടക്കി വെക്കാവുന്ന ഒരു ഫുട്‌റെസ്റ്റും ഉണ്ടായിരുന്നു. ഞങ്ങൾ മക്കളെല്ലാരും അതിൽ യാത്ര ചെയ്തവരാണ്. അതിൽ പിൻകാരിയറിലേക്ക് സഞ്ചാരക്കയറ്റം ലഭിച്ചത് എനിക്ക് മാത്രവും.

പല അലങ്കാരങ്ങളുമുള്ള സൈക്കിളുകൾ കാണാം. ഹാന്റിലുകളിൽ കാസറ്റിന്റെ ഓല മുറിച്ച് മുടിപോലെ പറപ്പിക്കുക, മുന്നിലും പിന്നിലും കളർ ലൈറ്റുകൾ പിടിപ്പിക്കുക വീലുകളിൽ വർണ്ണവൃത്തങ്ങൾ, ഇരുവശങ്ങളിലും കണ്ണാടികൾ, മുന്നിൽ പ്ലാസ്റ്റിക് പൂക്കൾ... അങ്ങനെ പലതരം. കടയിലന്ന് ഹീറോ, റാലി എന്നിവകൂടാതെ ഹെർക്കുലിസ്, ബിഎസ്എ, എ വൺ, അറ്റ്‌ലസ്, ബജാജ് എന്നീ ബ്രാന്റുകളുമുണ്ടായിരുന്നു. ഒരു സൈക്കിളെങ്കിലുമില്ലാത്ത വീടുകൾ അന്ന് പൊന്നാനിയിൽ അപൂർവം.

കൂട്ടുകാർ അമീറും നൗഫലും മച്ചുനൻ ഷരീഫുമാണ് ഞങ്ങളുടെ കൂട്ടത്തിൽ ആദ്യമായി സൈക്കിൾ സ്വന്തമാക്കിയ 'ഹീറോ'കൾ. അമീറിന് ചോന്ന നിറത്തിലെ സ്പീഡക്‌സ് സ്‌പോർട്‌സും ഷരീഫിന് ഹീറോ ക്ലാസിക് ജൂനിയറും നൗഫലിന് ഹെർക്കുലിസ് ജൂനിയറുമായിരുന്നു. നാല്മണിക്ക് സ്‌കൂൾ കഴിഞ്ഞ് വന്നാൽ കടയിൽ പോകണം ശേഷം മഗ്രിബിന് പള്ളിദറസിനും. ദറസ് കഴിഞ്ഞാൽ കടയിൽ പോയി നിരപ്പലകകളിട്ട് കൈ വലിപ്പത്തിലുള്ള താക്കോല് കൊണ്ട് പൂട്ടണം. അതിന് ഔക്കുക്കയോ മകൻ മൊയ്തീൻ കോയയോ മുന്നിലെ കുഞ്ഞുണ്ണിയേട്ടന്റെ ചായക്കടയിലെ നായരോ സഹായിക്കും.

തൃക്കാവിൽ നിന്ന് ഒന്ന് രണ്ട് കിലോമീറ്റർ വീട് ദൂരത്തിലെ ഇരുൾയാത്രകൾ പന്ത്രണ്ടുകാരനായ എനിക്ക് ഭയമുള്ളതായിരുന്നു. ഉപ്പാക്ക് അന്ന് മഊനത്തിലെ (MIS) ജോലിയുണ്ടായിരുന്നതിനാൽ കടയിൽ ഇടക്കേ വരൂ. അന്നത്തെ ടിപ്പിക്കൽ പിതാധാർഷ്ട്യങ്ങൾ ഉപ്പാക്കുമുണ്ടായിരുന്നു. ഉപ്പാന്റെ സ്‌നേഹപരിലാളനയും പേര് വിളി (എന്നെ ഡാ... എന്നേ വിളിക്കാറുണ്ടായിരുന്നുള്ളൂ.) കേൾക്കാൻ ഞാനേറെ മുതിരേണ്ടി വന്നു. മോനേ എന്ന വിളിക്ക് ഞാനൊരു വാപ്പയാകാനും ഉപ്പയൊരു ഉപ്പുപ്പയാകാനുമുള്ള കാലദൈർഘ്യവുമുണ്ടായി. ആവശ്യങ്ങൾക്ക് ഉമ്മ മധ്യവർത്തിയാകണം.

സിലോൺ സ്റ്റേഷനിൽ നിന്ന് ഉയർന്നും പൊങ്ങിയും ഒഴുകുന്ന റഫിയും കിഷോറും കേട്ട് ചാരുകസേരയിൽ ഉപ്പ കിടക്കും അരികിൽ ഉമ്മയിരിക്കും. അന്നേരമാണുമ്മ മക്കളുടേയും അടുക്കളയുടേയും ആവശ്യങ്ങൾ പറയുക. ഇടം ചെവിയിൽ കിഷോറും വലം ചെവിയിൽ ഉമ്മയും പാട്ടും പറച്ചിലുമായി ഏറെ നേരമിരിക്കും. ഇരുൾതൊടിക്കപ്പുറമുള്ള പൗർണ്ണമി ടാക്കീസിൽ നിന്ന് നസീർജയൻമാരുടെ ഡയലോഗും പാട്ടും കേൾക്കാം. അത്തരമൊരു സംഗീതരാവിൽ ഉമ്മ എന്റെ ഇംഗീതം ഉപ്പയോട് വിക്കിവിക്കിപ്പറഞ്ഞു.

'മോനിപ്പൊ ആറിലെത്തി ഓന്റെ ചെങ്ങായിമാരൊക്കെ വാങ്ങി. ഞമ്മക്ക് ഒരു സെയിക്കിൾപീട്യ ഉള്ളതല്ലെ ഓനൊരു സൈക്കിള് കൊടുത്തൂടെ' എന്ന്. ഉപ്പ കട്ടഞെക്കി റേഡിയോ നിർത്തി ഉമ്മാനെ രൂക്ഷമായി നോക്കിപ്പറഞ്ഞു, 'മാണ്ട, ഓൻ അത് ചവുട്ടി റോട്ടുമ്മ പ്പോയാ വല്ല വണ്ടിയും തട്ടും'. നേരാകാം, മൂന്ന് പെൺമക്കൾക്ക് ശേഷം പിറന്ന ആൺതരിയല്ലേ എന്ന് ഉമ്മ നെടുവീർപ്പിടും.

സ്‌കൂളില്ലാത്ത ഒരു ശനി. നത്തോലിച്ചാകരയാൽ തൃക്കാവ് നിറഞ്ഞു. ഉപ്പയും വാങ്ങി നാല് കിലോ. സൈക്കിളിന്റെ ചെയിൻകവർ വരുന്ന കടലാസിന്റെ കാക്കിക്കവറിലത് ഇട്ടുതന്ന് എന്നെ വീട്ടിലേക്കയച്ചു. ഇടം വലം കൈകളിൽ മാറ്റിമാറ്റിപ്പിടിച്ച് വട്ടുങ്ങൽ പറമ്പിലൂടെ ഒറ്റക്ക് ഞാൻ നടന്നു. ഇടയിൽ മഴചാറി കടലാസ് കവർ നനഞ്ഞു.

ഇരുകൈകളാൽ താങ്ങി മഴനനഞ്ഞ് ഞാനും. ഫാർമസിസ്റ്റായ വല്യുപ്പാന്റെ കൂട്ടുകാരൻ സാലുക്കയുടെ വീടിനടുത്തെത്തിയപ്പോൾ കവറ് മൊത്തം പിഞ്ഞി നത്തോലി വഴിയിൽ ചിതറി. ട്രൗസറും കുപ്പായവും ഞാനും മീനും കുതിർന്നു. ഞാൻ സങ്കടപ്പെട്ട് തലയിലൂടെ ഒഴുകിവരുന്ന മഴവെള്ളം ഇടംകൈയാൽ വടിച്ച് വലംകൈയാൽ ചിതറിയമീനുകൾ ഒതുക്കിക്കൂട്ടി. ഇതെല്ലാം രാഘവേട്ടന്റെ ചായക്കടയിലിരുന്ന് മകൻ അനിലേട്ടൻ കാണുന്നുണ്ടായിരുന്നു. അയാൾ ഒരു പ്ലാസ്റ്റിക് കവറുമായി വന്ന് മീനുകൾ വാരിനിറക്കാൻ സഹായിച്ചു. മീനും മണ്ണും കൊണ്ട് കവറ് നിറഞ്ഞു. ബാക്കിവന്ന മീൻ വഴിയിലുപേക്ഷിച്ചു.

കുത്തിനിറച്ചതിനാൽ പിടിക്കാൻ കവറിന് അറ്റമുണ്ടായിരുന്നില്ല. രണ്ട് കൈകളുംകൊണ്ട് താങ്ങി കുറേനടന്നു. കൈകൾ കഴച്ചപ്പോൾ തലയിൽ വച്ചു. വീടിനരികിലെത്തുമ്പോൾചാറ്റൽ കനത്ത് പെരുമഴ പെയ്തുതുടങ്ങിയിരുന്നു. കവറിനുള്ളിലൂടെ ഒഴുകിയ മഴവെള്ളം മീൻതഴുകി നെറ്റിയിലൂടെ മുഖത്തേക്കൊലിച്ചു, കൂടെ കണ്ണീരും. മീൻമണവും ഉപ്പുരസവും മേൽച്ചുണ്ടിൽ തടഞ്ഞു. ഞാനത് ചുണ്ടുകൊണ്ട് നക്കിയെടുത്തു. മീൻകവർ തലയിൽ വച്ച് ഇറവെള്ളത്തിൽ കരഞ്ഞു നിൽക്കുന്ന എന്നെക്കണ്ടപ്പോൾ ഉമ്മാക്കും പെങ്ങൻമാർക്കും സങ്കടമായി. അവർ തോർത്തും കുപ്പായവുമായി വന്ന് കിണറ്റുതളത്തിൽ നിർത്തി എന്നെ കുളിപ്പിച്ച് തോർത്തി. ഞാൻ ഉമ്മാനെ കെട്ടിപ്പിടിച്ച്, 'മ്മാ... നിക്കും ഒര് സൈക്കിള്...' എന്ന് വിതുമ്പി.

അന്ന് രാത്രി ഉപ്പാന്റെ വീശിയുള്ള ടോർച്ചടി കാത്ത് വഴിക്കണ്ണാലെ ഞങ്ങളിരുന്നു. റേഡിയോ നാടകോത്സവം തുടങ്ങും മുമ്പ് ഉപ്പയെത്തും എന്ന് ഞങ്ങൾക്കറിയാം. ഉപ്പയെത്തി.

'സാറൂ, മാറ്റ്ണ തുണി ഒടുത്തൂ?' എന്നാണ് എന്നുമുപ്പ ആദ്യം ചോദിക്കാറ്.

വെള്ളഷർട്ടും മുണ്ടും പച്ച ബെൽറ്റും ഹാങ്ങറിൽ തൂക്കി മുണ്ട്മാറ്റി ഉപ്പ ചാരുകസേരയിൽ കിടന്നു. അരികിലൊരു സ്റ്റൂളിൽ ഉമ്മയും തറയിൽ പുൽപ്പായവിരിച്ച് ഞങ്ങൾ മക്കളും.

റാന്തലിന് ചുറ്റും പാറ്റകൾ വട്ടമിട്ടു.

തൊടിയിൽ നിന്ന് തവളകളുടേയും വിവിധ ജീവികളുടേയും താളക്രമത്തിലുള്ള കരച്ചിലിനിടയിൽ റേഡിയോയിൽ നിന്ന്

ഖാൻകാവിലിന്റെ ഘനഗംഭീര ശബ്ദമുയർന്നു.

ഏവരും നിശ്ശബ്ദരായി നാടകമാസ്വദിച്ചു.

ഉമ്മയും ഉപ്പയും നാടകത്തെക്കുറിച്ചും നാട്ടുവിശേഷങ്ങളും പങ്കുവച്ചു.

ശേഷം ഉമ്മ സ്വരം താഴ്ത്തിപ്പറഞ്ഞു,

'ഏന്നു, ഓനൊരു സെയിക്കിള് കൊടുത്തൂടെ, ഇന്ന് ഓൻ മീനും കൊണ്ട് മഴനനഞ്ഞാ വന്നത്'.

'മാണ്ട' എന്ന ഉത്തരം ആവർത്തിച്ച് ഉപ്പ എണീറ്റു, കൂടെ ഞങ്ങളും.

തീൻമേശയിൽ പാത്രം നിരത്തി ഉമ്മ ചോറ് വിളമ്പി.

കറിയും പൊരിയുമായി നത്തോലി നിറഞ്ഞു.

ഞാൻ ചോറ് തിന്നില്ല,

ആ നത്തോലിക്ക് എന്റെ കണ്ണീരിന്റെ ഉപ്പായിരിക്കും.

കാലങ്ങൾ കഴിഞ്ഞു, ഞാൻ പ്രവാസിയായി. ആദ്യവരവിന് ഉപ്പ എന്നെ പേര് ചൊല്ലി വിളിച്ചു. വരവുകൾ ആവർത്തിച്ചു ഞാൻ മുതിരുകയും ഉപ്പ തളരുകയും ചെയ്തു കൊണ്ടിരുന്നു. പെങ്ങന്മാരൊക്കെ വിവാഹിതരായി. ഉപ്പയുടേയും ഉമ്മയുടേയും എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അവർ ചോദിക്കാതെത്തന്നെ നിറവേറ്റിക്കൊണ്ടിരുന്നു.

ഒരിക്കൽ ഫോൺ ചെയ്തപ്പോൾ ഉപ്പ സങ്കോചത്തോടെ ഒരാഗ്രഹം പറഞ്ഞു.

'മോനേ ഡാ, ചെങ്ങായിമാരൊക്കെ ചെറിയ മോട്ടോർ സൈക്കിൾ വാങ്ങീറ്റ്ണ്ട്.

ബാവയും മൂസയും വിൻസ്ന്റും രാമകൃഷ്ണനും പിന്നെ പലോരും ഇപ്പൊ അതുമ്മലാ.

ജി ഇനിക്കതൊന്ന് വാങ്ങിത്തരണം കൈനറ്റിക്കിന്റെ ഷോറൂമില് സെയ്ദുട്ടിന്റെ മോൻ അന്റെ ചെങ്ങായി നൗഷാദാണ്.

ഇജിയൊന്ന് വിളിച്ച് പറയ്...'

രണ്ടുവട്ടമൊന്നാലോചിക്കാതെ ഞാൻ പറഞ്ഞു,

'ന്റെ പൊന്നാരുപ്പാ മ്മക്കത് വേണ്ട.

ങ്ങള് റോട്ടുമ്മറങ്ങി വല്ല വണ്ടിയും വന്ന് മുട്ടിയാല് ഞങ്ങക്ക് പിന്നാരാ...?'

നിരാശയോടെ ഉപ്പ ഫോണ് വച്ചു.

പിറ്റെന്നാൾ നൗഷാദ് വിളിച്ചു.

'ഡാ ഷാജി, ഉപ്പ ഷോറൂമിൽ വന്നിരുന്നു.

അന്നോടൊന്ന് റക്കമന്റ് ചെയ്യാൻ പറഞ്ഞു.

ഇന്റെ ഉപ്പാക്കും ഈ പൂതി എളകീണ്ട്.

വേണ്ടമോനേ, എന്തെങ്കിലും പറ്റിയാൽ ഈ ചെക്കന്മാർക്കിത് എന്തിന്റെ കേടാ, പ്രായമായ വാപ്പാരെക്കൊണ്ട് വണ്ടിയോടിച്ച് പൊളപ്പ് കാണിക്കാൻ എന്ന് നാട്ടാര് മ്മളെ പൊങ്കാലയിടും.

അതോണ്ട് ഞാനന്നെ വിളിച്ചിരുന്നു എന്ന് ഉപ്പാനോട് പറയൂട്ടാ' എന്ന് പറഞ്ഞ് ഫോണ് വച്ചു. നാട്ടിൽ നിന്ന് വന്ന ഒരു കൂട്ടുകാരൻ വശം ഉപ്പ ഒരു കത്ത് കൊടുത്തയച്ചു. അതിലും ഇതേ ആവശ്യം രണ്ട് വട്ടം ഉന്നയിച്ചിരുന്നു. ഞാൻ ഉപ്പാനെ വിളിച്ചു പഴയ മറുപടി വീണ്ടും ആവർത്തിച്ചു.

കാറും ഓടിക്കാൻ 'ബാജു'വുമുണ്ടല്ലോ ഉപ്പാ പിന്നെന്തിനാ ഈ സാഹസം എന്ന് സമാധാനിപ്പിച്ചു. ലീവിനെത്തിയപ്പോൾ ഇക്കഥ പെങ്ങൻന്മാരോടും ഉമ്മയോടും പറഞ്ഞപ്പോൾ അവർ അതിന്റെ ഗൗരവം മനസ്സിലാക്കാതെ ഒരുമിച്ച് ചിരിച്ചു, 'മധുരപ്രതികാരം' എന്ന് അവരുടെ കണ്ണുകൾ പറഞ്ഞു. ഇനി എന്റെ ഉള്ളിൽ അതായിരിക്കുമോ? ശ്ശെ, ഒരിക്കലുമല്ല.

എന്റെ പ്രിയപ്പെട്ട ഉപ്പയിപ്പോൾ ഞങ്ങളോടൊപ്പമില്ല. പലവിധ വാഹനങ്ങളുടെ ശബ്ദവും ഇളം കാറ്റുമുള്ള നിളാതീരത്തെ കർമ്മാ റോഡിനോരം ചേർന്ന ഖബർസ്ഥാനിൽ ഉതിർമുല്ലകൾ നെഞ്ചിലേറ്റി അന്ത്യവിശ്രമം കൊള്ളുന്നു. നാട്ടിലെത്തുമ്പോൾ എല്ലാ വെള്ളിയാഴ്ചകളിലും ഞാൻ ഉപ്പാന്റെ ഖബറിടത്തിലെത്തും മിഴിയടച്ച് അല്പനേരം നിൽക്കും.

'ഉപ്പാ ഇനിക്കൊരു സൈക്കിള്..'
'മോനേ ഇനിക്കൊരു മോട്ടോർ സൈക്കിള്'
ഞാനും ഉപ്പയും ഇപ്പോളും സംവദിച്ച് ചിരിച്ച് പിരിയുമ്പോൾ ഞാൻ കണ്ണീര് തുടക്കും. ഉപ്പ തിരിച്ച് വിളിക്കും, 'ന്നാ ഇത് സാറാക്ക് കൊടുത്തോ' എന്ന് പറഞ്ഞ് നെഞ്ചിൽ നിന്ന് ഒരു ഉതിർമുല്ല പറിച്ച് തരും. എല്ലാ ജുമുഅക്കും ഉമ്മ അതിനായി കാത്തിരിപ്പുണ്ടാകും. പ്രാർത്ഥനാകൈകളിലെ ഇരുവിരലുകളിൽ വരും ആഴ്ചവരെ അത് കരുതും.

Content Highlights: Reflections on 1980s childhood and the simple joys of renting bicycles., The emotional transition of the father-son relationship over time., A poignant look at unfulfilled desires and the cycle of care., Cultural significance of local landmarks and communal life in Ponnani.