ക്ഷേത്രത്തിൽ സൺഗ്ലാസ് ധരിച്ച് പൂജ; നടി ഭൂമി പഡ്നേക്കർക്കെതിരെ കടുത്ത വിമർശനം

ശ്രാവണ മാസാരംഭത്തിൽ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ജലാഭിഷേകം നടത്തുന്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ബോളിവുഡ് നടി ഭൂമി പഡ്നേക്കർക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം. പൂജ ചെയ്യുന്ന സമയത്ത് കറുത്ത സൺഗ്ലാസ് അണിഞ്ഞു എന്നതിനെച്ചൊല്ലിയാണ് താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവരുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഭൂമി പഡ്നേക്കർ ക്ഷേത്രത്തിലെ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി പങ്കുവെച്ചത്. കറുത്ത ടോപ്പും ബ്ലൂ ജീൻസും അണിഞ്ഞ്, കഴുത്തിൽ തുളസിമാലയും ധരിച്ചാണ് താരം ശിവലിംഗത്തിൽ വെള്ളം ഒഴിച്ച് പ്രാർത്ഥിക്കുന്നത്. 'ശ്രാവണ മാസം ആരംഭിക്കുമ്പോൾ, എല്ലാ പ്രതിസന്ധികളെയും ആത്മാഭിമാനത്തോടെ നേരിടാനുള്ള കരുത്തിന് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ഹര ഹര മഹാദേവ്...' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
എന്നാൽ, ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് എതിർപ്പുമായി രംഗത്തെത്തിയത്. പൂജ ചെയ്യുന്ന സമയത്ത് പോലും അണിഞ്ഞിരിക്കുന്ന സൺഗ്ലാസ് അഴിച്ചുവെക്കാൻ സാധിച്ചില്ലേ എന്നാണ് ഭൂരിഭാഗം ആളുകളും ചോദ്യമുയർത്തുന്നത്.'ഇത് ദൈവത്തോടുള്ള ഭക്തിയാണോ അതോ ഫോട്ടോഷൂട്ട് ആണോയെന്നും കുറഞ്ഞപക്ഷം പ്രാർത്ഥിക്കുമ്പോഴെങ്കിലും കണ്ണട അഴിച്ചുവെച്ചു കൂടെ സഹോദരീയെന്നുമെല്ലാം കമന്റുകളുണ്ട്. പലരും പൂജയിലെ ഇത്തരം ഫാഷൻ പ്രകടനങ്ങളെ കഷ്ടം എന്ന രീതിയലാണ് വിശേഷിപ്പിച്ചത്.
അതേസമയം, താരത്തിന് പിന്തുണയുമായി എത്തിയവരും കുറവല്ല. പ്രാർത്ഥന മനസ്സിലാണ് വേണ്ടതെന്നും വസ്ത്രധാരണത്തിന്റെ പേരിൽ ഒരാളുടെ ഭക്തിയെ അളക്കേണ്ടതില്ലെന്നും ചിലർ വാദിക്കുന്നു. റിഷഭ് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന, സന്ദീപ് സിംഗ് സംവിധാനം ചെയ്യുന്ന 'ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജ്' എന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രത്തിലാണ് ഭൂമി പഡ്നേക്കർ അടുത്തതായി അഭിനയിക്കുന്നത്. ഇതിൽ ധീരയോദ്ധാവായ 'ബെലവാഡി മല്ലമ്മ' എന്ന കഥാപാത്രത്തെയാണ് ഭൂമി അവതരിപ്പിക്കുന്നത്.
Content Highlights: Bhumi Pednekar criticized for wearing sunglasses during Shravan temple worship., Social media users call out the act as disrespectful to religious customs., Supporters argue that devotion is a personal matter regardless of attire., Actress is currently preparing for 'The Pride of Bharat: Chhatrapati Shivaji Maharaj'.