മദ്യമല്ല ഇവിടെ വിളമ്പുന്നത് പെപ്റ്റൈഡ് മോക്ടെയിലുകൾ; വിവാദമായി ബെംഗളുരുവിലെ പാർട്ടി

ലഹരിയും സംഗീതവും നൃത്തവുമായി ആഘോഷിക്കുന്ന പാർട്ടി സംസ്കാരത്തിന് വിടപറയാനൊരുങ്ങുകയാണ് ബെംഗളുരു. ആൽക്കഹോൾ നുരയാത്ത സോബർ റേവുകൾക്കും കാപ്പി പ്രേമികളുടെ പാർട്ടികൾക്കും ശേഷം ബെംഗളുരു അവതരിപ്പിക്കുന്ന പുതിയ സംഗമമാണ് പെപ്റ്റൈഡ് പാർട്ടി. ഇന്ത്യയിലാദ്യമായി സംഘടിപ്പിക്കുന്ന പെപ്റ്റൈഡ് പാർട്ടിക്ക് ഓഗസ്റ്റ് 29-ന് വേദിയാകാനൊരുങ്ങുകയാണ് ബെംഗളുരു. പക്ഷെ പാർട്ടിയെ ചുറ്റിപറ്റി വൻ സുരക്ഷാ-മെഡിക്കൽ ആശങ്കകളും നിയമവിവാദങ്ങളും പുകയുകയാണ്. 'പെപ്റ്റൈഡുകളെ'ക്കുറിച്ചുള്ള ചർച്ചകളും അവയുടെ ആസ്വാദനവുമാണ് ഇവന്റിലെ പ്രധാന ആകർഷണമെന്നാണ് സംഘാടകരുടെ അവകാശവാദം. എന്നാൽ, കൃത്യമായ ശാസ്ത്രീയ പഠനങ്ങളോ മെഡിക്കൽ അനുമതിയോ ഇല്ലാത്ത ഉൽപ്പന്നങ്ങൾ പാർട്ടിയുടെ മറവിൽ വിതരണം ചെയ്യുന്നതിനെതിരെ രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ദ്ധരും ഡോക്ടർമാരും രംഗത്തെത്തിക്കഴിഞ്ഞു.
എന്താണ് പെപ്റ്റൈഡ്?
ശരീരത്തിൽ പ്രോട്ടീനുകൾ നിർമ്മിക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകളുടെ ചെറിയ ശൃംഖലകളെയാണ് പെപ്റ്റൈഡുകൾ എന്ന് വിളിക്കുന്നത്. ചർമ്മത്തിലെ കൊളാജൻ, ഇലാസ്റ്റിൻ എന്നിവയുടെ ഉത്പാദനത്തെ ഉദ്ദീപിപ്പിക്കാൻ ഇവയ്ക്ക് കഴിയും. ഇൻസുലിൻ, കുടലിന്റെ പ്രവർത്തനം സുഗമമാക്കുന്ന ഹോർമോണുകൾ എന്നിവയൊക്കെ പെപ്റ്റൈഡുകൾക്ക് ഉദാഹരണമാണ്. ശരീരത്തിലെ കോശങ്ങൾക്ക് സന്ദേശങ്ങൾ കൈമാറുന്ന ദൂതന്മാരെന്ന് ഇവയെ വിളിക്കാം. ചർമം പ്രായമാകുന്നത് തടയുക, ഭാരം കുറയ്ക്കുക, പേശികളുടെ വീണ്ടടുപ്പ്, ശരീരസൗന്ദര്യം വർധിപ്പിക്കുക തുടങ്ങിയവയ്ക്കായി പെപ്റ്റൈഡുകളെ വ്യാപകമായി ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഒന്നിലധികം പെപ്റ്റൈഡുകൾ ഒരുമിച്ച് ഉപയോഗിക്കുന്ന 'പെപ്റ്റൈഡ് സ്റ്റാക്കിംഗ്'എന്ന രീതിയും അടുത്തകാലത്തായി വർധിച്ചിരുന്നു.
പെപ്റ്റൈഡുകളുടെ ഈ ട്രെൻഡിനെതിരെ രൂക്ഷ വിമർശനമായാണ് മെഡിക്കൽ ലോകം എത്തിയിരിക്കുന്നത്. 'ദി ലിവർ ഡോക്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ ഡോ. സിറിയക് ആബി ഫിലിപ്പ് ഉൾപ്പെടെ നിരവധി ആരോഗ്യ വിദഗ്ധരാണ് പാർട്ടിയെ വിമർശിച്ച് രംഗത്തെത്തിയത്. 'ഹെൽത്ത് ഇൻഫ്ലുവൻസർമാർ നയിക്കുന്ന പെപ്റ്റൈഡ് വിപണിയും പ്രചാരണങ്ങളും വ്യാജശാസ്ത്രത്തിന്റെയും അപകടകരമായ ശാസ്ത്ര ശാഖകളുടെയും പുതിയ രൂപങ്ങളാണ്,' സിറിയക് പറയുന്നു.
പാർട്ടിയിൽ പ്രവേശനം 50 പേർക്ക് മാത്രം
ഓഫ്ലൈൻ ലൈഫ് വഴി സംഘടിപ്പിക്കുന്ന പാർട്ടിയിലേക്ക് ക്ഷണിക്കപ്പെട്ട 50 പേർക്കാണ് പ്രവേശനം. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പാർട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ഇരുന്നൂറിലധികം ആളുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. ഇതൊരു ബോറടിപ്പിക്കുന്ന സയൻസ് ക്ലാസല്ലെന്നും, മറിച്ച് മികച്ച ഭക്ഷണം, സംഗീതം, ഗെയിമുകൾ, അതിലുപരി 'പെപ്റ്റൈഡ് മോക്ടെയിലുകൾ' എന്നിവ ഉൾപ്പെടുത്തിയുള്ള വേറിട്ടൊരു രാത്രിയാണെന്നും സംഘാടകർ അവകാശപ്പെടുന്നു. പെപ്റ്റൈഡുകൾ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങൾ പങ്കുവെക്കാനും അവയുടെ സാധ്യതകൾ പരിചയപ്പെടാനുമുള്ള വേദിയാണിതെന്നാണ് ഇവരുടെ പക്ഷം.ഇന്ത്യയിൽ ഇത് ആദ്യ സംഭവമാണെങ്കിലും, മുൻപ് കാലിഫോർണിയയിലെ 'പെപ്റ്റൈഡ് ക്ലബ്ബ്' നൂറിലധികം ആളുകളെ പങ്കെടിപ്പിച്ച് സമാനമായ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. നിലവിൽ ബാങ്കോക്കിലേക്കും ഇത്തരം ട്രെൻഡുകൾ വ്യാപിക്കുകയാണ്.
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പല 'ബയോഹാക്കിംഗ്' പെപ്റ്റൈഡുകളും ഇന്ത്യയിൽ ഉപയോഗാനുമതിയുള്ള മരുന്നുകളോ അംഗീകൃത ഭക്ഷ്യവസ്തുക്കളോ അല്ലെന്ന് മുംബൈ അപ്പോളോ ആശുപത്രിയിലെ ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റായ ഡോ. വൈശാലി ലോകണ്ഡെ ചൂണ്ടിക്കാണിക്കുന്നുണ്ട്. 'ഒന്നിലധികം പെപ്റ്റൈഡുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഇവ മനുഷ്യരിൽ ദീർഘകാല അടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചോ, കാൻസർ, ഹൃദ്രോഗ സാധ്യതകളെക്കുറിച്ചോ കൃത്യമായ ശാസ്ത്രീയ ഡേറ്റ ലഭ്യമല്ല. ഒന്നിലധികം പെപ്റ്റൈഡുകൾ ഒരുമിച്ച് കഴിക്കുന്നത് പാർശ്വഫലങ്ങൾക്ക് കാരണമാകാം,' ഡോ. വൈശാലി മുന്നറിയിപ്പ് നൽകുന്നു.
പാർട്ടിയിലെ പെപ്റ്റൈഡ് ടേസ്റ്റിംഗ് എന്താണെന്ന് വ്യക്തതയില്ല. നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ സാധ്യതയുണ്ടെന്ന് കാട്ടി ചിലർ ബെംഗളൂരു പൊലീസിനെ എക്സിലൂടെ ടാഗ് ചെയ്ത് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ജെന്നിഫർ ആനിസ്റ്റൺ, ഹെയ്ലി ബീബർ തുടങ്ങിയ പ്രശസ്ത ഹോളിവുഡ് താരങ്ങൾ പെപ്റ്റൈഡുകൾ ഉപയോഗിക്കുന്നുണ്ടെന്നും, നിലവിൽ വിപണിയിലുള്ള പല പെപ്റ്റൈഡുകൾക്കും എഫ്.ഡി.എ അംഗീകാരം ലഭിക്കാനിരിക്കുന്നതേയുള്ളൂ എന്നും സംഘാടകർ വാദിക്കുന്നു.
Content Highlights: Bengaluru is hosting India's first peptide party on August 29, featuring peptide mocktails., Medical experts, including Dr. Cyriac Abby Philips, have raised serious health and safety concerns., Unapproved peptides and lack of scientific data pose severe long-term health risks like cancer and heart disease., The exclusive event is limited to 50 invitees but has drawn massive criticism and police scrutiny on social media.