പാർലമെന്റിനുള്ളിൽ കാമുകിയെ പ്രൊപ്പോസ് ചെയ്ത് ഓസ്ട്രേലിയൻ എംപി, വൈറലായി വീഡിയോ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ജോര്‍ദാന്‍ ലെയ്ന്‍, സന്ദര്‍ശക ഗാലറിയിലിരുന്ന കാമുകി നതാലിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ദൃശ്യങ്ങള്‍ | Photo:Screengrab/moneycontrol
ജോര്‍ദാന്‍ ലെയ്ന്‍, സന്ദര്‍ശക ഗാലറിയിലിരുന്ന കാമുകി നതാലിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ദൃശ്യങ്ങള്‍ | Photo:Screengrab/moneycontrol

പൊതുവെ ചൂടേറിയ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും നിയമനിർമ്മാണങ്ങൾക്കും വേദിയാകുന്ന പാർലമെന്റ് മന്ദിരം അപൂർവ്വമായൊരു പ്രണയനിമിഷത്തിന് സാക്ഷ്യം വഹിച്ചു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിൽ തന്റെ വിടവാങ്ങൽ പ്രസംഗത്തിനിടെയാണ് ലിബറൽ പാർട്ടി എംപിയായ ജോർദാൻ ലെയ്ൻ, സന്ദർശക ഗാലറിയിലിരുന്ന തന്റെ ദീർഘകാല കാമുകി നതാലിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. കരഘോഷങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭാംഗങ്ങൾ ഈ അപ്രതീക്ഷിത നിമിഷത്തെ വരവേറ്റത്.

Read More: 'കല്യാണം കഴിക്കുന്നില്ലേ, വയസ്സ് കൂടുവാണ്'; ബന്ധുക്കളുടെ ചോദ്യങ്ങൾ മടുത്തോ? മറുപടി നൽകാൻ വഴികളുണ്ട് 

സഭയെ അമ്പരപ്പിച്ച ആ 'അവസാന ചോദ്യം'

32-കാരനായ ജോർദാൻ ലെയ്ൻ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്ന വിവരം നവംബർ ആറിന് പ്രഖ്യാപിച്ചിരുന്നു. റൈഡിനെ പ്രതിനിധീകരിക്കുന്ന എംപി എന്ന നിലയിലുള്ള തന്റെ വിടവാങ്ങൽ പ്രസംഗത്തിനിടെയായിരുന്നു നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

പത്ത് വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന നതാലിയെ നോക്കി, സഭയുടെ നടുത്തളത്തിലെ മേശയ്ക്കരികിൽ നിന്നുകൊണ്ട് ജോർദാൻ ഇങ്ങനെ പറഞ്ഞു,'സ്പീക്കർ, റൈഡ് മണ്ഡലത്തിലെ അംഗമെന്ന നിലയിലുള്ള എന്റെ അവസാന ചോദ്യം എന്റെ പ്രിയതമ നതാലിയോടാണ്...'തുടർന്ന് പുഞ്ചിരിയോടെ പോക്കറ്റിൽ നിന്ന് വിവാഹമോതിരം പുറത്തെടുത്ത അദ്ദേഹം, സഭാംഗങ്ങളുടെ ആശ്ചര്യത്തിനിടയിൽ 'എന്നെ വിവാഹം കഴിക്കാമോ?' എന്ന് ചോദിച്ചു. സഭ ഒന്നടങ്കം ആഹ്ലാദാരവങ്ങളോടെ കയ്യടിച്ചപ്പോൾ, ജോർദാൻ നതാലിയുടെ അടുത്തേക്ക് നടന്നുചെന്നു. സന്തോഷാശ്രുക്കളോടെ നതാലി മോതിരം സ്വീകരിക്കുകയും ഇരുവരും പരസ്പരം ചുംബിക്കുകയും ചെയ്തു. 'അവൾ 'യെസ്' പറഞ്ഞുവെന്നത് സഭാരേഖകളിൽ രേഖപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,' എന്ന് ജോർദാൻ പിന്നീട് സഭയോട് പറഞ്ഞപ്പോൾ ചിരിയും കയ്യടിയും വീണ്ടും ഉയർന്നു.

'പ്രണയത്തിന്റെ പാർലമെന്റ്'

ഈ ഹൃദയസ്പർശിയായ നിമിഷത്തോട് ന്യൂ സൗത്ത് വെയിൽസ് ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ ഗ്രെഗ് പൈപ്പർ പ്രതികരിച്ചത് ഇങ്ങനെയാണ്: '58-ാമത് പാർലമെന്റ് ഇനി 'പ്രണയത്തിന്റെ പാർലമെന്റ്' എന്ന പേരിലായിരിക്കും ഓർമിക്കപ്പെടുക.'

Watch More: എക്സ്ട്രാ മാരിറ്റൽ ലൈഫ് പെയിൻ കില്ലേഴ്സ് ആണോ? 

പ്രസംഗത്തിനിടെ, തന്റെ വികാരങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കാനുള്ള പ്രയാസത്തെക്കുറിച്ചും ജോർദാൻ വാചാലനായി. 'ഒരു വലിയ ചുവടുവെപ്പ് നടത്തുകയെന്നതല്ല, മറിച്ച് അത് വിശദീകരിക്കുകയെന്നതാണ് ഏറ്റവും പ്രയാസമേറിയ കാര്യം. ഹൃദയം കൊണ്ട് മാത്രം അനുഭവിക്കാൻ കഴിയുന്ന ഒന്നിനെ എങ്ങനെയാണ് വാക്കുകളിലൂടെ വിവരിക്കുക? പക്ഷേ, എന്റെ ഈ തീരുമാനം ശരിയാണെന്ന് എന്റെ ഹൃദയം പറയുന്നു. കാരണം, വർഷങ്ങളായി ഞാൻ നെഞ്ചിലേറ്റുന്ന 'സ്‌നേഹം' എന്ന മൂല്യമാണ് ഇതിന് പിന്നിലുള്ളത്,' അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകൾ വ്യക്തിജീവിതത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ചിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ജോർദാൻ ലെയ്ൻ തീരുമാനിച്ചത്. പാർലമെന്റിനുള്ളിൽ നടന്ന ഈ അസാധാരണ പ്രൊപ്പോസലിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Content Highlights: Liberal MP Jordan Lane surprises parliament with a heartfelt proposal to longtime partner Natalia during his farewell speech, sparking applause and joy.