ഭാഗ്യവതിയായ കുഞ്ഞനിയത്തി; അർഹാന്റെയും സിപാരയുടെയും സ്നേഹബന്ധത്തെക്കുറിച്ച് വാചാലയായി ഷൂറ ഖാൻ

കുടുംബ ബന്ധങ്ങളിൽ പ്രായവ്യത്യാസങ്ങൾക്കപ്പുറം സ്നേഹത്തിന് വലിയ സ്ഥാനമുണ്ട്. പ്രത്യേകിച്ച് ഒരു കുഞ്ഞനിയത്തിക്ക് ചേട്ടനിൽ നിന്ന് ലഭിക്കുന്ന കരുതലും സംരക്ഷണവും എത്രത്തോളം മനോഹരമായിരിക്കും! അത്തരമൊരു സ്നേഹബന്ധത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബോളിവുഡ് താരം അർബാസ് ഖാന്റെ മകൻ അർഹാൻ ഖാനും കുഞ്ഞനിയത്തി സിപാരയും ഒരുമിച്ചുള്ള നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അർബാസിന്റെ രണ്ടാം ഭാര്യ ഷൂറ ഖാൻ.
അർഹാന്റെ 24-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഷൂറയുടെ ഹൃദയസ്പർശിയായ കുറിപ്പ്. സിപാരയ്ക്കൊപ്പം കളിക്കുന്ന അർഹാന്റെ ചിത്രങ്ങളും ഷൂറയ്ക്കും അർബാസിനുമൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങളും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കളിപ്പാട്ടങ്ങൾ ചിതറിക്കിടക്കുന്ന മുറിയിൽ കുഞ്ഞനിയത്തിക്കൊപ്പം കളിക്കുന്ന അർഹാന്റെ ചിത്രങ്ങൾ ആരാധകരുടെയും ശ്രദ്ധ നേടി.
അർഹാനെക്കുറിച്ച് ഷൂറ കുറിച്ച വാക്കുകളാണ് പോസ്റ്റിലെ ഏറ്റവും മനോഹരമായ ഭാഗം. തനിക്ക് അർഹാനെ അറിയാവുന്ന കാലം മുതൽ നല്ലൊരു മകനായും സുഹൃത്തായും അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും എന്നാൽ ഒരു ചേട്ടനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്നേഹം കാണുന്നത് തനിക്ക് പുതിയൊരു അനുഭവമായിരുന്നുവെന്നും ഷൂറ കുറിച്ചു.
സിപാരയ്ക്ക് ഒരു ചേട്ടനെന്ന നിലയിൽ അർഹാൻ പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും നിലവാരം വളരെ വലുതാണെന്നും ഭാവിയിൽ അതിൽ കുറഞ്ഞൊന്നും അവൾ പ്രതീക്ഷിക്കില്ലെന്നും ഷൂറ പറയുന്നു. 'അവൾ ഭാഗ്യവതിയായ ഒരു കുഞ്ഞനിയത്തിയാണ്, നീ ഒരുലക്ഷത്തിൽ ഒരാളും' എന്നായിരുന്നു അർഹാനെക്കുറിച്ചുള്ള ഷൂറയുടെ വാക്കുകൾ.
ഷൂറയുടെ കുറിപ്പിന് രസകരമായ മറുപടിയുമായി അർഹാനും എത്തി. നെറ്റ്ഫ്ലിക്സ് സീരീസിലെ സംഭാഷണം ഓർമിപ്പിച്ചുകൊണ്ട് 'അക്കാ ഫാമിലി ഏക് തർഫ്, സിപാര ഏക് തർഫ്' എന്നായിരുന്നു അർഹാന്റെ കമന്റ്. അതായത് കുടുംബം മുഴുവൻ ഒരു വശത്തും സിപാര മറുവശത്തുമെന്നായിരുന്നു തമാശരൂപത്തിലുള്ള പ്രതികരണം.
അർഹാനും ഷൂറയും തമ്മിലുള്ള അടുപ്പം പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം അർഹാന്റെ ജന്മദിനത്തിലും ഷൂറ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. അന്ന് 'bestesthuman' എന്ന വിശേഷണത്തോടെയായിരുന്നു അർഹാനെക്കുറിച്ച് അവർ എഴുതിയത്.കഴിഞ്ഞ വർഷം നടന്ന ഷൂറയുടെ ബേബി ഷവറിന്റെ ചിത്രങ്ങളും അർഹാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ബന്ധുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം 'Big Brother Bootcamp' എന്നായിരുന്നു അർഹാൻ കുറിച്ചത്. കുഞ്ഞനിയത്തിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അന്ന് അർഹാൻ. അർബാസ് ഖാന്റെയും മലൈക അറോറയുടെയും മകനാണ് അർഹാൻ. അർബാസ് ഖാനും മലൈക അറോറയ്ക്കും 2002-ലാണ് അർഹാൻ ജനിച്ചത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ബന്ധത്തിനൊടുവിൽ 2017-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2023-ൽ അർബാസ് ഷൂറ ഖാനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ 2025-ൽ ഇരുവർക്കും സിപാര എന്ന പെൺകുഞ്ഞ് ജനിച്ചു.