വിവാഹബന്ധം അവസാനിച്ചു ഞാൻ ഏറെ ശാന്തയും സന്തോഷവതിയുമാണ്:വേർപിരിയൽ വാർത്ത ഉറപ്പിച്ച് അപർണ്ണ

#ലൈഫ്‌സ്റ്റൈല്‍ ഡെസ്‌ക്‌
ജീവ ജോസഫും അപര്‍ണ്ണ തോമസും|photo:instagram.com/iamjeevaa/
ജീവ ജോസഫും അപര്‍ണ്ണ തോമസും|photo:instagram.com/iamjeevaa/

യൂട്യൂബ്-ടെലിവിഷൻ ലോകത്തെ പ്രിയ ദമ്പതികളായ ജീവ ജോസഫും അപർണ്ണ തോമസും തമ്മിലുള്ള 11 വർഷത്തെ ദാമ്പത്യബന്ധം അവസാനിച്ചു എന്ന വാർത്തയിൽ കൂടുതൽ വ്യക്തത വരുത്തി അപർണ്ണ തോമസും രംഗത്ത്. തങ്ങളുടെ വേർപിരിയലിനെക്കുറിച്ച് ജീവ ജോസഫ് പങ്കുവെച്ച വൈകാരിക ഇൻസ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെയാണ് അപർണ്ണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരണം കുറിച്ചത്. തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാൽ തനിക്കിപ്പോൾ മനസ്സമാധാനവും സന്തോഷവും തോന്നുന്നുണ്ടെന്നും അപർണ്ണ കുറിപ്പിലൂടെ വ്യക്തമാക്കി.

അപർണ്ണ തോമസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

'എന്റെ പ്രതികരണത്തിനായി നിങ്ങളിൽ പലരും കാത്തിരിക്കുകയായിരുന്നു എന്നറിയാം, അതുകൊണ്ട് നേരിട്ട് തന്നെ കാര്യങ്ങൾ പറയുകയാണ്. അതെ, ഞങ്ങളുടെ ദാമ്പത്യം അവസാനിച്ചിരിക്കുന്നു. ഇത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല, സത്യസന്ധമായി പറഞ്ഞാൽ ഇനി തുടർന്നുപോകാൻ എനിക്ക് ആഗ്രഹവുമില്ലായിരുന്നു. ഞങ്ങൾ രണ്ടുപേർക്കും ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല, എങ്കിലും എനിക്കുവേണ്ടി എനിക്ക് ഈ തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു. ഇന്ന് പൂർണ്ണഹൃദയത്തോടെ എനിക്ക് പറയാൻ സാധിക്കും, ഞാൻ ഏറെ മനസ്സമാധാനത്തിലാണ്. ഞാൻ സന്തോഷവതിയാണ്, സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്, ഒപ്പം കഴിഞ്ഞ കുറെക്കാലമായി അനുഭവപ്പെടാത്തത്ര സമാധാനവും എനിക്കിപ്പോൾ തോന്നുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ചില കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്.

എനിക്ക് ഇനി സമാധാനത്തോടെ ജീവിക്കണം, മുന്നോട്ട് പോകണം. അതിനാൽ എന്റെ/ഞങ്ങളുടെ സ്വകാര്യതയെ ദയവായി മാനിക്കണമെന്നും അതിനുള്ള അന്തരീക്ഷം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

അത്രമാത്രമേ എനിക്ക് ചോദിക്കാനുള്ളൂ, നിങ്ങൾ മനസ്സിലാക്കുമെന്ന് കരുതുന്നു.

ജീവയുടെയും അപർണ്ണയുടെയും ഔദ്യോഗിക പ്രസ്താവനകൾ പുറത്തുവന്നതോടെ ദമ്പതികൾ തമ്മിലുള്ള വേർപിരിയലിലെ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമായിരിക്കുകയാണ്. 11 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുക എന്നത് വിഷമകരമാണെങ്കിലും, പരസ്പരം പൊരുത്തപ്പെട്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിൽ രണ്ടുപേരും എടുത്ത പക്വതയുള്ള തീരുമാനത്തെ ആരാധകർ പിന്തുണയ്ക്കുന്നു. വ്യക്തിപരമായ ഈ ഘട്ടത്തിൽ രണ്ടുപേരുടെയും സ്വകാര്യതയെ മാനിക്കണമെന്ന താരങ്ങളുടെ അഭ്യർത്ഥന സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.

Content Highlights: Aparna Thomas officially confirms her separation from Jeeva Joseph., The couple's 11-year marriage has officially ended., Aparna states she feels peaceful and happy with the decision., Both request privacy regarding their personal lives.