ഏഴ് തലമുറകളിൽ ആദ്യമായി പുറത്തിറങ്ങി ജോലി ചെയ്ത സ്ത്രീ താനാണെന്ന് അനന്യ ബിർള

കുടുംബത്തിലെ ഏഴ് തലമുറകളിൽ ആദ്യമായി വീടിന് പുറത്തിറങ്ങി ജോലി ചെയ്യുകയും സ്വന്തമായി കരിയർ കെട്ടിപ്പടുക്കുകയും ചെയ്ത സ്ത്രീയാണ് താനെന്ന വെളിപ്പെടുത്തലുമായി ഗായികയും സംരംഭകയുമായ അനന്യ ബിർള. സംവിധായിക ഫറ ഖാന്റെ യൂട്യൂബ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് 32-കാരിയായ അനന്യ ഇക്കാര്യം തുറന്നുപറഞ്ഞത്. 'ഞങ്ങളുടെ കുടുംബത്തിൽ ഇതുവരെ ഒരു സ്ത്രീയും ജോലി ചെയ്തിട്ടില്ല. ഏഴ് തലമുറകൾക്കിപ്പുറം ജോലിക്ക് ഇറങ്ങുന്ന ആദ്യത്തെ സ്ത്രീ ഞാനാണ്. എനിക്ക് ആ അതിർവരമ്പ് മറികടക്കേണ്ടതുണ്ടായിരുന്നു. സംഗീതലോകത്തേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ഞാൻ എന്റെ ആദ്യത്തെ കമ്പനി ആരംഭിച്ചിരുന്നു,' അനന്യ വ്യക്തമാക്കി.
അനന്യയുടെ ഈ തുറന്നുപറച്ചിൽ, തലമുറകളായി തുടർന്നുവരുന്ന കീഴ്വഴക്കങ്ങൾ മറികടന്ന് സ്വന്തം വഴി തിരഞ്ഞെടുക്കുന്ന സ്ത്രീകൾ നേരിടുന്ന വൈകാരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
മികച്ച വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയും അവസരങ്ങളും ഉണ്ടെങ്കിൽ പോലും, കുടുംബത്തിലെ പരമ്പരാഗത രീതികളിൽ നിന്ന് മാറി നടക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് വൈകാരികമായി ഏറെ പ്രയാസകരമാണെന്ന് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തോടൊപ്പം തന്നെ സ്ത്രീകൾക്ക് 'വൈകാരിക സ്വാതന്ത്ര്യവും' അനിവാര്യമാണ്. കുടുംബത്തിന്റെ എതിർപ്പിനേക്കാളുപരി, കുട്ടിക്കാലം മുതൽ മനസ്സിൽ ഉറച്ചുപോയ ചില അദൃശ്യ നിയമങ്ങളാണ് പലപ്പോഴും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതെന്ന് ഡെൽന വിശദീകരിക്കുന്നു. പ്രിയപ്പെട്ടവരെ നിരാശപ്പെടുത്താതിരുന്നാൽ മാത്രമേ എനിക്ക് സ്നേഹവും അംഗീകാരവും ലഭിക്കൂ എന്ന ചിന്ത കുട്ടിക്കാലം മുതൽ പെൺകുട്ടികളിൽ വളർന്നുവരുന്നു. മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ വിട്ടുവീഴ്ചകൾ ചെയ്യുന്നവളാണ് നല്ല മകൾ എന്ന പ്രശംസ കേട്ടുവളരുന്നവർ, മുതിരുമ്പോൾ സ്വന്തം ആഗ്രഹങ്ങളെ അടിച്ചമർത്തുന്ന സ്വഭാവത്തിലേക്ക് മാറുന്നു,' അവർ പറയുന്നു.
കുടുംബത്തിൽ ആദ്യമായി ഒരു പുതിയ മേഖലയിലേക്ക് കടന്നുവരുന്ന സ്ത്രീകൾ നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളി, തങ്ങളുടെ തീരുമാനം നൂറ് ശതമാനം വിജയകരമാണെന്ന് തെളിയിക്കേണ്ടതുണ്ട് എന്ന സമ്മർദ്ദമാണ്. ഒരു തീരുമാനം പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ലെങ്കിൽ കരിയർ മാറ്റാനോ, ഇടവേള എടുക്കാനോ ഉള്ള സ്വാതന്ത്ര്യം സ്ത്രീകൾക്കുണ്ടാകണം. ആദ്യമായി ഇറങ്ങിത്തിരിക്കുന്നവർ എപ്പോഴും കുറ്റമറ്റവരായിരിക്കണം എന്ന സമ്മർദ്ദം ഒഴിവാക്കേണ്ടതുണ്ട്. വാക്കുകളിലൂടെയുള്ള പ്രോത്സാഹനത്തിനപ്പുറം, വീട്ടിലെ ഉത്തരവാദിത്തങ്ങൾ പങ്കുവെച്ചുകൊണ്ടും പഴയ രീതികളിൽ മാറ്റം വരുത്തിക്കൊണ്ടും കുടുംബങ്ങൾ സ്ത്രീകൾക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.
Content Highlights: Ananya Birla shares her journey as the first woman in seven generations to step out for work and build her own career.