തൃശൂർ പൂരം നിരീക്ഷിച്ച് തുടക്കം, സേഫ് ജോലി വിട്ട് ആളുകളുടെ സേഫ്റ്റി ബിസിനസാക്കി വിജയം

തപാൽവകുപ്പിലെ ജോലി രാജിവെച്ചാണ് അഖില ഭർത്താവ് ജിജിത്ത് ഗോപിനാഥിന്റെ കമ്പനിയിലെത്തിയത്. അവിടെയെത്തിയ അഖിലയോട്
ജിജിത്ത് ആദ്യംപറഞ്ഞത് തൃശ്ശൂർപ്പൂരം കാണാൻപോകണമെന്നാണ്. എന്നാൽ, വെറുതേയങ്ങ് കണ്ടാൽപ്പോരാ, നിരീക്ഷിക്കണം.
പൂരത്തിന്റെ സർവൈലേഷൻ വർക്ക് കോഡിനേറ്റുചെയ്യണമെന്നതായിരുന്നു ആവശ്യം. കമ്പനിയിലേക്ക് കാലെടുത്തുവെക്കുമ്പോൾത്തന്നെയുള്ള ആവശ്യംകേട്ട് അഖില ഞെട്ടി. ഒഴിയാൻനോക്കി, നടക്കാത്തതോടെ രണ്ടുംകല്പിച്ച് ഇറങ്ങി. പൂരത്തിന്റെ ‘നിരീക്ഷണം’ കുറ്റമറ്റതാക്കി. പൂരത്തിന്റെ സർവൈലൻസ് സംവിധാനം ഒരു വനിതയുടെ നേതൃത്വത്തിൽ വിജയകരമായി നടന്നത് പത്രങ്ങളിലും ചാനലുകളിലും റേഡിയോയിലുമെല്ലാം വാർത്തയായി. ആദ്യ വർക്ക് ഹിറ്റായതിന്റെ ‘ഷോക്കി’ൽനിന്ന് അഖിലാ ജിജിത്ത് നടന്നുകയറിയത് വീടുകൾക്കും സ്ഥാപനങ്ങൾക്കും സിസിടിവി ഉൾപ്പെടെ വിവിധ സെക്യൂരിറ്റി സംവിധാനങ്ങളൊരുക്കുന്ന പ്രാഗോ അഡ്വാൻസ്ഡ് ടെക്നോളജീസിന്റെ സിഇഒ സ്ഥാനത്തേക്ക്.
മാതൃഭൂമി തൊഴിൽവാർത്തയിലൂടെ എയർഫോഴ്സിലേക്ക്
എടപ്പാളിലാണ് അഖിലയുടെ വീട്. എട്ടാംക്ലാസുമുതൽ വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ സ്കൂളിലായിരുന്നു പഠനം. അതേസ്കൂളിൽ പഠിച്ച ജിജിത്തും അഖിലയും പ്ലസ്ടു കാലംമുതൽ സുഹൃത്തുക്കളായിരുന്നു. തുടർന്ന് തിരുച്ചിറപ്പള്ളി അണ്ണാ യൂണിവേഴ്സിറ്റിയിൽനിന്ന് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് അവസാനവർഷം പഠിക്കുമ്പോഴാണ് മാതൃഭൂമി തൊഴിൽവാർത്തയിൽ എയർഫോഴ്സിലേക്ക് ഒരു കാറ്റ് പരീക്ഷ നടക്കുന്നതായി അറിയിപ്പുകണ്ടത്. അത് ജയിച്ചു. ബിടെക് കോഴ്സ് പൂർത്തിയായപ്പോഴേക്കും അഭിമുഖംകഴിഞ്ഞ് 2011-ൽ എയർഫോഴ്സിൽ ടെക്നിക്കൽ ഓഫീസറായി ജോലികിട്ടി. ഹൈദരാബാദിലും ബെംഗളൂരുവിലുമായിരുന്നു നിയമനം. എന്നാൽ, ആരോഗ്യപ്രശ്നങ്ങളാൽ ജോലി വിട്ടു.
ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽത്തന്നെ ബിടെക് കഴിഞ്ഞ് ഏതാനുംവർഷം ജോലിചെയ്തശേഷം 2013-ൽ ജിജിത്ത് കോഴിക്കോട്ട് പ്രാഗോ അഡ്വാൻസ്ഡ് ടെക്നോളജീസ് എന്ന കമ്പനിക്ക് തുടക്കമിട്ടു. എയർഫോഴ്സ് വിട്ട അഖില അധികംതാമസിയാതെ തപാൽവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. അതിനുശേഷമായിരുന്നു ജിജിത്തുമായുള്ള വിവാഹം.
ബിസിനസിലേക്ക്
മാസംതികയുംമുൻപാണ് ആദ്യത്തെ മകൾ ജനിച്ചത്. പിന്നെ കുറെക്കാലം അവൾക്ക് പ്രത്യേകശ്രദ്ധ നൽകേണ്ടതുണ്ടായിരുന്നു. അതിന്റെ തിരക്കുകളിലായി. കോവിഡ് കാലത്ത് രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയായിരുന്നു. പൂർണമായും ബെഡ് റെസ്റ്റ് വേണ്ടിവന്നതോടെ തിരക്കുള്ളജീവിതത്തിന് ഫുൾസ്റ്റോപ്പിട്ടപോലെയായി.
ബോറടിച്ചപ്പോൾ, ജിജിത്ത് ഇലക്‌ട്രോണിക്സുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങൾ വായിക്കാനായി കൊണ്ടുവന്നു. ഓൺലൈനായി ചില കോഴ്സുകളും ചെയ്തു. അങ്ങനെ ജിജിത്തിനായി ബിസിനസിൽ പല പ്രോജക്ടുകളുടെയും റിസർച്ച് ജോലികൾ ചെയ്തുകൊടുക്കാൻ തുടങ്ങി. ഇതിനിടെ രണ്ടാമത്തെ മകൾപിറന്നു. കുഞ്ഞിന് ചില ചികിത്സാ ആവശ്യങ്ങൾക്കായി കോഴിക്കോട്ടേക്ക് താമസംമാറി. ജോലിയിൽ കുറച്ചുകാലം അവധിയിലായിരുന്നു. കോവിഡ് കാലമായതിനാൽ കമ്പനിയിലെ ജോലികൾ വീട്ടിൽനിന്നായിരുന്നു ജിജിത്ത് ചെയ്തിരുന്നത്. ഒഴിവുള്ളപ്പോൾ അഖിലയും അതിന്റെ ഭാഗമായി. പല പ്രോജക്ടുകൾക്കും പ്രപ്പോസൽ തയ്യാറാക്കിക്കൊടുക്കുകയും ചെയ്തു.
സേഫ് സോൺ വിട്ടു, ആളുകളെ സേഫാക്കാൻ
ആയിടെയാണ് സെറിബ്രൽ പാൾസി ബാധിച്ച ഒരു കുട്ടിയുടെ കുടുംബത്തിനുള്ള വീടിനായി ഒരു പ്രപ്പോസൽ ചെയ്തത്. ‘പ്രോജക്ട് കേട്ടുകഴിഞ്ഞ് കുട്ടിയുടെ അമ്മ അവർ അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകൾ പറഞ്ഞു. ആ പ്രപ്പോസൽ അവരെ വളരെ സഹായിക്കുമെന്നുപറഞ്ഞ് ഒരുപാട് നന്ദിയറിയിച്ചു. എനിക്ക് എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. സേഫ് സോൺ വിട്ട് പുറത്തുവരാൻതന്നെ തീരുമാനമെടുത്തു’ -അഖില പറയുന്നു. ജോലി രാജിവെക്കുന്നകാര്യം അറിഞ്ഞപ്പോൾ എല്ലാവരും എതിർത്തെങ്കിലും ഒരുവിധം സമ്മതിപ്പിച്ചു.
തുടക്കം പ്രയാസങ്ങൾനിറഞ്ഞതായിരുന്നു. ‘ഈ ബിസിനസിൽ എപ്പോഴും പഠിച്ചുകൊണ്ടിരിക്കണം. പുതിയ പലകോഴ്സുകളും ചെയ്തു. പലപ്പോഴും യാത്രകളുമുണ്ടാകും. തുടക്കത്തിൽ രണ്ടരവയസ്സുള്ള മകളെ നാട്ടിൽ അമ്മയുടെ അടുത്ത് നിർത്തേണ്ടിവന്നു. എല്ലാശനിയാഴ്ചയും കുഞ്ഞിനെ കാണാൻ അങ്ങോട്ടോടും. തിങ്കളാഴ്ച രാവിലെ മടങ്ങും’ -അഖില അക്കാലം ഓർത്തു.
വീടിനെ വീടുതന്നെ നോക്കിക്കോളും
സ്മാർട്ട് ഹോമുകളാണ് കമ്പനി പ്രധാനമായും ചെയ്യുന്നതിലൊന്ന്. ഒരുവീട്ടിലെ ഇലക്‌ട്രോണിക്സിൽ നിയന്ത്രിക്കാൻകഴിയുന്ന എല്ലാ ഉപകരണങ്ങളും സ്വയം പ്രവർത്തിക്കുന്നരീതിയിൽ സെറ്റുചെയ്യുന്നതാണിത്.
ഉദാഹരണത്തിന് സ്വയം ചെടിനനയ്ക്കുന്ന സംവിധാനം. എന്നാൽ, മഴയുള്ള ദിവസങ്ങളിൽ നനയ്ക്കുകയുമില്ല. ലൈറ്റ്, ഗ്യാസ്, കർട്ടനുകൾ എല്ലാം ഇങ്ങനെ സെറ്റുചെയ്യും. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ വീടിനെ വീടുതന്നെ നോക്കിക്കോളും. സ്ഥാപനത്തിന് ഇപ്പോൾ തൃശ്ശൂരിലും എടപ്പാളിലും ബ്രാഞ്ചുകളായി. വയനാട്ടിലും ബെംഗളൂരുവിലും ഉടനെ തുടങ്ങുന്നുമുണ്ട്.
സ്ഥിരമായി 18 പേരാണ് ജോലിക്കുള്ളത്. നീണ്ടകാലത്തേക്കുള്ള പലപദ്ധതികളും വന്നതോടെ ഇരുവരുടെയും കൂടെപ്പഠിച്ച ഏഴ് സുഹൃത്തുക്കളെ പുതിയ പാർട്ണർമാരാക്കി.
കുതിരവട്ടം ശ്രീറോഷ് വെൽവീഡിയറിലാണ് താമസം. എടപ്പാൾ സ്വദേശികളായ പി.ഇ. മോഹനന്റെയും ജയശ്രീയുടെയും മകളാണ് അഖില. വിദ്യാർഥികളായ മാളവികയും വേദയുമാണ് മക്കൾ.
Content Highlights: Discover Akila`s inspiring journey from Air Force officer to CEO of Praggo Advanced Technologies.