കണ്ടാൽ ലക്ഷ്മി, കുടുംബത്തിന് വേണ്ടി ദുർഗ; അഹാനയുടെ വിവാഹ സാരിയുടെ പിന്നിലെ കഥ

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ, അഹാനയുടെ ബ്രൈഡൽ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സോഷ്യൽ മീഡിയ കാത്തിരുന്ന വിവാഹമായിരുന്നു അഹാനയുടേത്. ചുവപ്പ് കാഞ്ചീപുരം പട്ടുസാരിയിൽ സ്വർണാഭരണങ്ങളണിഞ്ഞ് പരമ്പരാഗത വധുവായാണ് അഹാന വേദിയിലെത്തിയത്. ഷാംപെയ്ൻ ഗോൾഡ് ഷെയ്ഡിലുള്ള കണ്ടംപററി ഇൻഡോ-വെസ്റ്റേൺ ജാക്കറ്റിലായിരുന്നു വരൻ നിമിഷ് എത്തിയത്. വൈകാരികമായ കുറിപ്പോടെയാണ് അഹാന വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്.
ഏറെ നാളുകളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹപ്രകാരമുള്ള വിവാഹ സാരിയെക്കുറിച്ചും അതിന്റെ ഡിസൈനിംഗിന് പിന്നിലെ കഥകളെക്കുറിച്ചും അഹാന കുറിപ്പിൽ മനസ്സുതുറക്കുന്നുണ്ട്. പ്രത്യേക ചുവപ്പ് നിറത്തിലുള്ള സാരി വേണമെന്ന നിർബന്ധം അഹാനയ്ക്കുണ്ടായിരുന്നു. ഡിസൈനർ ജോയൽ ജേക്കബ് മാത്യുവാണ് അഹാനയുടെ സ്വപ്ന സാരി തയ്യാറാക്കിയത്. ട്രയലുകൾക്കും പലതരം നിർദ്ദേശങ്ങൾക്കും ഒടുവിലാണ് അഹാന ആഗ്രഹിച്ച ഡിസൈനിലേക്ക് എത്തിയത്. തലമുറകളോളം സൂക്ഷിച്ചുവെക്കാനും, പിന്നീട് വരുന്ന തലമുറകൾക്ക് കൈമാറാനും പാകത്തിലുള്ള രാജകീയമായ കാഞ്ചീപുരം പട്ടുസാരിയാണ് ഇത്.
അഹാന വിവാഹസാരി ചുവപ്പ് നിറത്തിൽ മതിയെന്ന് പറയുന്നതിലും മുൻപേ അഹാനയെ താൻ ചുവന്ന സാരിയിൽ തന്നെയാണ് കാണാനാഗ്രഹിച്ചിരുന്നതെന്ന് ഡിസൈനർ ജോയൽ ജേക്കബ് പറയുന്നു. ഒരു സഹോദരിയെപ്പോലുള്ള കരുതലും പെരുമാറ്റവുമാണ് അഹാനയുടേത്. ഒരു ആവശ്യം വന്നാൽ ദുർഗയായി കുടുംബത്തെയും സഹോദരങ്ങളെയും സംരക്ഷിക്കുന്ന വ്യക്തിയാണ് അഹാന. അതേസമയം ലക്ഷ്മിയും. അഹാനയുടെ ഈ രണ്ട് ഭാവത്തിനും ചേരുന്ന നിറം ചുവപ്പാണ്. അഹാനയുടെ ക്യാരക്ടറുമായി ചേരുന്ന മോട്ടിഫാണ് സാരിയിൽ നൽകിയിരിക്കുന്നതെന്നും ജോയൽ പറയുന്നു.
ദിയയുടെ ലുക്കുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ
അഹാനയുടെ വിവാഹചിത്രങ്ങൾ തരംഗമായതോടെ, സഹോദരി ദിയ കൃഷ്ണയുടെ വിവാഹ ലുക്കുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ചർച്ചകളും ഇന്റർനെറ്റിൽ സജീവമാണ്. റോസ് ഗോൾഡ്, കാഞ്ചീപുരം ട്രഡിഷണൽ ഷേഡുകളിൽ ലളിതമായ ആഭരണങ്ങളോടെയാണ് ദിയ അന്ന് എത്തിയത്. പൂർണ്ണമായും പരമ്പരാഗത തനിമയ്ക്ക് പ്രാധാന്യം നൽകുന്നതായിരുന്നു ദിയയുടെ ബ്രൈഡൽ ലുക്ക്. എന്നാൽ അഹാനയുടേത് റോയൽ റെഡ് സാരിയും, ഒപ്പം ക്രിസ്ത്യൻ ബ്രൈഡൽ ശൈലിയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഫ്‌ലവർ ബൊക്കെയും ചേർത്തുവെച്ചുള്ള ട്രഡിഷണൽ-കണ്ടംപററി ഫ്യൂഷൻ ലുക്കായിരുന്നു.
സ്വപ്നതുല്യമായ വേദി, മതാചാരങ്ങളില്ലാത്ത ലളിതമായ ചടങ്ങുകൾ
തിരുവനന്തപുരത്തെ 'താജ് ഗ്രീൻ കോവ്' റിസോർട്ടിൽ വെച്ച് ലളിതവും മനോഹരവുമായ അന്തരീക്ഷത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. പരമ്പരാഗത ചടങ്ങുകൾക്ക് പകരം വെസ്റ്റേൺ ശൈലിയിലുള്ള ഫ്‌ലവർ ബൊക്കെയുമായാണ് വേദിയിലേക്ക് അഹാന എത്തിയത്. താലികെട്ടോ സിന്ദൂരം ചാർത്തലോ മറ്റ് പരമ്പരാഗത ആചാരങ്ങളോ ഇല്ലാതെയാണ് വിവാഹം സംഘടിപ്പിച്ചത്. മോതിരം മാറലും വരണമാല്യം ചാർത്തലും മാത്രമായിരുന്നു പ്രധാന ചടങ്ങുകൾ. മക്കളുടെ ആഗ്രഹങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അഹാനയുടെ പിതാവും നടനുമായ കൃഷ്ണകുമാർ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ചടങ്ങിൽ വേദിയിലെ പ്രധാന ആകർഷണം സൂപ്പർ താരം ദുൽഖർ സൽമാന്റെ സജീവ സാന്നിധ്യമായിരുന്നു. നിമിഷ് രവിയുടെ കരിയറിലെ അടുത്ത സുഹൃത്തും മാർഗ്ഗദർശിയുമായ ദുൽഖർ ഒരു മുതിർന്ന സഹോദരന്റെ ഉത്തരവാദിത്തത്തോടെ ചടങ്ങുകളിലുടനീളം നിറഞ്ഞുനിന്നു.
വിവാഹത്തിന്റെ മുഴുവൻ ചെലവുകളും അഹാന സ്വന്തം സമ്പാദ്യത്തിൽനിന്നാണ് വഹിച്ചതെന്ന് കൃഷ്ണകുമാർ വെളിപ്പെടുത്തി. അഹാന ചെറുപ്പം മുതലേ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ പണം കൊണ്ടാണ് ഈ വിവാഹം ഇത്രയും മനോഹരമായി ആസൂത്രണം ചെയ്തു നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹത്തിന്റെ ഡെക്കറേഷൻ, വേദി, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും അഹാന തന്നെയാണ് സ്വന്തമായി തീരുമാനിച്ചതും കാര്യങ്ങൾ ഏകോപിപ്പിച്ചതും. തങ്ങളെല്ലാവരും മക്കളുടെ ആഗ്രഹങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും, കാര്യങ്ങൾ സ്വന്തമായി ചെയ്യാനും തീരുമാനങ്ങളെടുക്കാനുമുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം അധ്വാനത്തിൽ വിശ്വസിച്ച്, മാതാപിതാക്കൾക്ക് ഭാരമാകാതെ സ്വന്തം വിവാഹം സ്വയം നടത്തി മാതൃകയായ അഹാനയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. വിവാഹത്തിന് മുൻപ് ഒരു വീടും അഹാന സ്വന്തമായി വാങ്ങിയിരുന്നു.
Content Highlights: Actress Ahana Krishna got married to cinematographer Nimish Ravi at Taj Green Cove, Thiruvananthapuram., Ahana wore a royal red Kanjeevaram silk saree designed by Joel Jacob, reflecting her personality., The wedding featured no traditional rituals like Thalikettu, focusing instead on ring exchange and flower bouquets., Ahana funded her entire wedding independently from her own earnings.