ഇവരെ ദമ്പതിമാരായി പ്രഖ്യാപിക്കുന്നു, ഇനി വധുവിനെ ചുംബിക്കാം; അഹാന-നിമിഷ് വിവാഹത്തിൽ വെഡ്ഡിങ് ഒഫീഷ്യന്റായി ദുൽഖർ

സ്വപ്നങ്ങളിൽ കണ്ടതുപോലെ പൂർണതയോടെ യാഥാർത്ഥ്യമായ ഒരു ദിവസം! വിവാഹദിനത്തെക്കുറിച്ച് നടി അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്. തന്റെയും പങ്കാളി നിമിഷിന്റെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചുകൊണ്ടാണ് താരം തങ്ങളുടെ സ്വപ്ന വിവാഹത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയം തൊട്ട നന്ദി അറിയിച്ചിരിക്കുന്നത്. വിവാഹ സങ്കൽപങ്ങൾക്കും വസ്ത്രധാരണത്തിനും ആതിഥേയത്വത്തിനുമെല്ലാം സ്വന്തമായ ശൈലിയും സർഗാത്മകതയും നൽകിയ അഹാനയുടെ വിവാഹ വീഡിയോ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് ഇന്റർനെറ്റിൽ തരംഗമായി മാറിയത്.
അഹാനയുടെ കരിയറിലും വ്യക്തിജീവിതത്തിലും ഏറെ പ്രത്യേകതകളുള്ള ഒരു സംഗീത ആൽബമായിരുന്നു അഞ്ചു വർഷം മുമ്പ് പുറത്തിറങ്ങിയ 'തോന്നൽ'. തങ്ങളുടെ ആദ്യത്തെ 'ബേബി' എന്ന് അഹാന വിശേഷിപ്പിച്ച 'തോന്നൽ' എന്ന ട്രാക്കിന്റെ വെഡ്ഡിംഗ് വേർഷനാണ് വിവാഹ വീഡിയോ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്.'എന്റെ പ്രിയപ്പെട്ട ഗോവിന്ദ് വസന്ത, 'തോന്നൽ' സംഗീതത്തിന്റെ വെഡ്ഡിംഗ് വേർഷൻ ഒരുക്കി നൽകിയതിന് നന്ദി. അഞ്ചു വർഷം മുമ്പ് നിങ്ങൾ എനിക്ക് ഇതിന്റെ റഫ് ട്രാക്ക് അയച്ചു തന്ന ആ നിമിഷം തന്നെ ഞാൻ ഉറപ്പിച്ചിരുന്നു, എന്റെ വിവാഹ വീഡിയോയുടെ പശ്ചാത്തല സംഗീതം ഇതായിരിക്കുമെന്ന്!' കുറിപ്പിൽ അഹാന പറയുന്നു. വിവാഹദിവസം ചുവന്ന നിറത്തിലുള്ള സാരിയിലാണ് അഹാന തിളങ്ങിയത്. സാരിയണിഞ്ഞ് ഒരു 'റെഡ് ബ്രൈഡ്' ആയി മാറിയത് താൻ ഏറെ ആസ്വദിച്ചുവെന്ന് അഹാന കുറിച്ചു.
മരച്ചുവട്ടിൽ വെച്ചുള്ള മാംഗല്യം
'വിവാഹം എന്നുപറയുമ്പോൾ ഒരു നല്ല സ്ഥലത്തുവച്ച് നല്ല വസ്ത്രങ്ങൾ ധരിച്ച് നടത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. പക്ഷെ അതിന്റെ കൂടെ അല്പം കൂടി എന്തെങ്കിലും വേണം എന്ന് തോന്നും. എന്തെങ്കിലും ഒരു കഥ അതിനോട് കൂട്ടിച്ചേർക്കാൻ തോന്നും. അങ്ങനെയാണ് 'ട്രീ ഓഫ് ലൈഫ്'ആശയത്തിലേക്ക് എത്തുന്നത്. നമ്മുടെ യാത്ര കാണിക്കുന്ന അക്ഷരാർഥത്തിലുള്ള ഒരു ചിത്രീകരണമായിരുന്നു അത്. മരമെന്ന് പറയുമ്പോൾ അതിന് വേരുകളുണ്ട്, ചില്ലകളുണ്ട്. വിവാഹവേദിയിലെ മരത്തെക്കുറിച്ചുള്ള ആശയത്തെക്കുറിച്ച് അഹാന പറയുന്നു. രണ്ടു വ്യത്യസ്ത വ്യക്തികളായ ഞങ്ങൾ എങ്ങനെയാണ് ഒന്നുചേർന്ന് ഒരു ടീമായത് എന്നത് കാണിക്കാൻ ഇതിലും മികച്ച മറ്റേത് ആശയമാണ് ഉള്ളതെന്ന് അഹാന ചോദിക്കുന്നു. തന്റെ മനസ്സിലുള്ള ആശയം തുറന്നു പറയുന്നതിന് മുമ്പ് തന്നെ, സ്റ്റേജിൽ ഒരു മരം നിർമ്മിക്കുന്നതിനെക്കുറിച്ച് ഡെക്കോർ ടീം അവതരിപ്പിച്ചത് അഹാനയെ അമ്പരപ്പിച്ചു. റെഡ് ഡോട്ട് ഇവന്റ്‌സ് ആണ് മനോഹരമായ ഈ ആശയം പൂർണതയിലെത്തിച്ചത്. മരത്തിന്റെ സൂക്ഷ്മമായ രൂപകൽപ്പനയും അതിനുചുറ്റുമുള്ള അലങ്കാരങ്ങളും അഹാന ആഗ്രഹിച്ചതിനേക്കാൾ മനോഹരമായി അവർ സാക്ഷാത്കരിച്ചു.
ദുൽഖറാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. രണ്ടുപേരേയും ദമ്പതിമാരായി ദുൽഖർ പ്രഖ്യാപിക്കുന്നതും വധുവിനെ ഇനി ചുംബിക്കാം എന്നുപറയുന്നതുമെല്ലാം വീഡിയോയിൽ കാണാം.