അഭിഷേക് ബച്ചന്റെയും കരിഷ്മയുടെയും വിവാഹം മുടക്കിയത് ബബിത, കോടികൾ ആവശ്യപ്പെട്ടു; വെളിപ്പെടുത്തൽ

അഭിഷേക് ബച്ചന്റെയും കരിഷ്മ കപൂറിന്റെയും പ്രണയത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അന്തരിച്ച നടൻ മുക്രിയുടെ മകളും തിരക്കഥാകൃത്തുമായ നസീം മുക്രി. ഒരു അഭിമുഖത്തിലാണ് ഇതിനെക്കുറിച്ച് നസിം സംസാരിച്ചത്. 2002-ൽ പുറത്തിറങ്ങിയ 'ഹാം മേനെ പ്യാർ കിയ' എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് അഭിഷേകും കരിഷ്മയും പ്രണയത്തിലാകുന്നത്. എന്നാൽ ഈ ബന്ധത്തോട് കരിഷ്മയുടെ അമ്മ ബബിത കപൂറിന് തുടക്കം മുതലേ താല്പര്യമില്ലായിരുന്നുവെന്ന് നസീം വ്യക്തമാക്കുന്നു.
അക്കാലത്ത് അഭിഷേക് കരിയറിന്റെ തുടക്കത്തിലായിരുന്നു, എന്നാൽ കരിഷ്മ ബോളിവുഡിലെ മുൻനിര സൂപ്പർതാരവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയുമായിരുന്നു. ഈ പദവി വ്യത്യാസമാണ് ബബിതയെ ചൊടിപ്പിച്ചത്. വിവാഹം നടക്കണമെങ്കിൽ കരിഷ്മയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കണമെന്നാണ് ബബിത വാശിപിടിച്ചത്. വിവാഹനിശ്ചയം മുടങ്ങാനുള്ള കാരണം കരിഷ്മയുടെ അമ്മ ബബിതയാണെന്നാണ് നസിം പറയുന്നത്.
വിവാഹത്തിന് മുമ്പ് തന്നെ നിശ്ചിത കോടികൾ അഭിഷേക് കരിഷ്മയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന് ബബിത ആവശ്യപ്പെട്ടു. വിവാഹമോചന നഷ്ടപരിഹാരവും നേരെത്തെ ആവശ്യപ്പെട്ടു. ഭാവിയിൽ ഏതെങ്കിലും കാരണവശാൽ വിവാഹമോചനം സംഭവിക്കുകയാണെങ്കിൽ കരിഷ്മയ്ക്ക് ലഭിക്കേണ്ട തുക മുൻകൂട്ടി നിശ്ചയിക്കുന്ന കരാറിലും ബബിത ഉറച്ചുനിന്നു.
എന്നാൽ ബബിത മുന്നോട്ടുവെച്ച ഈ കടുത്ത സാമ്പത്തിക നിബന്ധനകളും പ്രീ-നപ്ഷ്യൽ കരാറും അംഗീകരിക്കാൻ ബച്ചൻ കുടുംബം തയ്യാറായില്ല. ഇതിനെത്തുടർന്നാണ് 2003-ൽ ഇവരുടെ വിവാഹനിശ്ചയം ഔദ്യോഗികമായി റദ്ദാക്കപ്പെടുന്നത്.
കരിഷ്മയുടെ അമ്മ വളരെ കർക്കശക്കാരിയായ വ്യക്തിയായിരുന്നു. അതുകൊണ്ടാണ് കരിഷ്മ അവരുടെ വാക്കുകൾ പൂർണ്ണമായും അനുസരിച്ചത്. എന്നാൽ സഹോദരി കരീന കപൂർ അമ്മയുടെ ഇത്തരം സ്വഭാവത്തെ ചെറുക്കുകയും സ്വന്തം വഴി കണ്ടെത്തുകയും ചെയ്തുവെന്നും നസീം മുക്രി പറഞ്ഞു.
വിവാഹനിശ്ചയം മുടങ്ങിയതിനുശേഷം 2003-ൽ കരിഷ്മ വ്യവസായിയായ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചു. വർഷങ്ങൾക്ക് ശേഷം ഇവർ വേർപിരിയുകയും ചെയ്തു. അതേസമയം 2007-ൽ അഭിഷേക് ബച്ചൻ നടി ഐശ്വര്യ റായിയെ വിവാഹം കഴിച്ചു. നസീം മുക്രി നടത്തിയ ഈ വെളിപ്പെടുത്തലുകളോട് കരിഷ്മ കപൂറോ, അഭിഷേക് ബച്ചനോ, അവരുടെ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights: Naseem Mukri reveals Babita Kapoor's involvement in the 2003 engagement fallout., Financial demands and pre-nuptial agreements were key conflict points., The Bachchan family refused to meet the strict monetary conditions set by Babita., Contrast between Karisma's compliance and Kareena Kapoor's independent choices mentioned.