14-ാം വയസ്സിൽ യോഗ തുടങ്ങി, 88-ാം വയസിലും സജീവം; യോഗയുടെ കളത്തിൽ ഈ അച്ഛനും മക്കളും

#സിറാജ് കാസിം
ഭാസ്‌കര മേനോനും മക്കളായ സുരേഷ് മേനോനും മുകുന്ദ കുമാറും യോഗയിലെ ത്രികോണാസനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു
ഭാസ്‌കര മേനോനും മക്കളായ സുരേഷ് മേനോനും മുകുന്ദ കുമാറും യോഗയിലെ ത്രികോണാസനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു

കൊച്ചി: പുലർകാലത്ത് എഴുന്നേറ്റ് ഭാസ്‌കര മേനോൻ വീടിന്റെ ജനാലകൾ മുഴുവൻ തുറന്നിടും. ആ നേരത്ത് വീടിനകത്തേക്ക് ഒഴുകിയെത്തുന്ന ശുദ്ധവായു തന്നെയും ഭാര്യയെയും മക്കളെയുമൊക്കെ തഴുകട്ടെയെന്ന ആഗ്രഹമാണതിന് പിന്നിൽ...ഭാസ്‌കര മേനോൻ ജനാലകൾ തുറക്കുമ്പോൾ ആ മക്കളുടെ സ്വപ്നങ്ങളുടെ വാതിലുകൾ കൂടിയാണ് തുറന്നത്. 14-ാം വയസ്സിൽ യോഗ അഭ്യസിച്ച് തുടങ്ങിയ ഭാസ്‌കര മേനോൻ 88-ാം വയസ്സിലും പുലർകാലത്ത് ജാലകങ്ങൾ തുറക്കുന്ന ശീലവും യോഗാഭ്യാസവും തുടരുന്നു.

ഒരു അച്ഛനും മക്കളും യോഗയുടെ കളത്തിലും ജീവിതത്തിന്റെ ചിട്ടകളിലും സ്നേഹപൂർവം ഒരുപോലെ മുന്നോട്ടുപോകുന്ന കാഴ്ചയാണിത്. ഇടപ്പള്ളി സ്വദേശി കെ.പി. ഭാസ്‌കര മേനോന്റെ പാത പിന്തുടർന്നാണ് മക്കളായ സുരേഷ് മേനോനും മുകുന്ദ കുമാറും യോഗയുടെ കളത്തിലെത്തുന്നത്. ഭാസ്‌കര മേനോൻ 1970-ൽ ഇടപ്പള്ളിയിൽ തുടങ്ങിയ ലൈഫ് യോഗ സെന്ററും ലൈഫ് ജിമ്മും അന്നത്തെ കാലത്ത് അദ്ഭുതകരമായ ചിന്തയായിരുന്നു.

ഭാസ്‌കര മേനോൻ 30,000-ത്തിലേറെപ്പേരെ യോഗ പരിശീലിപ്പിച്ചിട്ടുണ്ട്. സാധാരണക്കാർ മുതൽ ഡോക്ടർമാരും ജസ്റ്റിസുമാരുമൊക്കെയായി വലിയ ശിഷ്യസമ്പത്താണ് അദ്ദേഹത്തിനുള്ളത്. പുലർച്ചെ നാലര മണിക്ക് എഴുന്നേൽക്കുന്ന ശീലം മുടക്കാത്ത അദ്ദേഹം ഇപ്പോഴും യോഗ സെന്ററിലെത്തി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.

''രാവിലെ അഞ്ചര മുതൽ പത്തര വരെയും വൈകുന്നേരം നാല് മുതൽ എട്ട് വരെയുമാണ് യോഗ സെന്ററിന്റെ പ്രവർത്തനം. തന്റെ 32-ാം വയസ്സിൽ തുടങ്ങിയ യോഗ സെന്ററിൽ ഇപ്പോൾ 88-ാം വയസ്സിലും പരിശീലനം നൽകാനെത്തുന്ന അച്ഛന്റെ ചിട്ട അപാരമാണ്. കുട്ടിക്കാലം മുതൽ അത് കണ്ട് വളർന്ന ഞങ്ങളും യോഗയുടെ കളത്തിൽ എത്തിയില്ലങ്കിലല്ലേ അദ്ഭുതമുള്ളൂ-'' മുകുന്ദ കുമാർ ചോദിക്കുന്നു. മുകുന്ദ കുമാർ യോഗ ട്രെയിനറായും ജിം ട്രെയിനറായും അച്ഛനൊപ്പം നിൽക്കുമ്പോൾ യോഗ ട്രെയിനറും നീന്തൽ പരിശീലകനുമാണ് സുരേഷ് മേനോൻ. റിട്ട എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉദയ കുമാറും ക്രെഡിറ്റ് കാർഡ് കമ്പനി ഉദ്യോഗസ്ഥൻ മാധവ മേനോനുമാണ് മറ്റു മക്കൾ. എല്ലാവരുടെയും യോഗ ജീവിതത്തിന് പിന്തുണയുമായി അമ്മ രാജവും കൂടെയുണ്ട്. ''അച്ഛൻ എന്നും നല്ലൊരു രക്ഷിതാവായിരുന്നു. മക്കളെ കേൾക്കുന്ന നല്ലൊരു സുഹൃത്തായിട്ടാണ് അദ്ദേഹം ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നത്. മക്കളുടെ മനസ്സിലും ആരോഗ്യത്തിലും പോസിറ്റീവായ ചിന്തകൾ 88-ാം വയസ്സിലും സ്വജീവിതത്തിലൂടെ നിറച്ചുകൊണ്ടിരിക്കുന്ന അച്ഛനല്ലാതെ ആരാണ് ഞങ്ങളുടെ റോൾ മോഡലാകേണ്ടത്.'' സുരേഷ് ചോദിക്കുമ്പോൾ ഭാസ്‌കര മേനോൻ മക്കൾക്കൊപ്പം ത്രികോണാസനത്തിലേക്ക് കടക്കുകയായിരുന്നു.

Content Highlights: Bhaskara Menon has been practicing yoga since age 14 and continues at 88., Founded Life Yoga Centre in Edappally in 1970., Trained over 30,000 students including doctors and judicial officials., Promotes disciplined lifestyle, early rising, and family involvement in fitness., Demonstrates that consistent yoga practice supports longevity and mental well-being.