പൊട്ട് പഴയ പൊട്ടല്ല റോയൽ ലുക്ക് മുതൽ ഗോഥിക് ലുക്ക് വരെ;തരംഗമായി മാക്‌സിമലിസ്റ്റ് ബിന്ദി ട്രെൻഡ്

ഇന്ത്യൻ സ്ത്രീയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ പൊട്ടിനുള്ള സ്ഥാനം കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഒന്നാണ്. പരമ്പരാഗത വസ്ത്രധാരണത്തിന് മാറ്റുകൂട്ടുന്ന വെറുമൊരു അലങ്കാര വസ്തു എന്നതിനപ്പുറം, മുഖത്തിന് പൂർണ്ണത നൽകുന്ന അടയാളമായിട്ടാണ് കുങ്കുമപ്പൊട്ടിനെയും ചാന്ത് പൊട്ടിനെയും ഒക്കെ ഒരു കാലത്ത് നാം കണ്ടിരുന്നത്. എന്നാൽ, ഫെസ്റ്റീവ് സീസണെ വരവേൽക്കാൻ പുതിയൊരു മേക്കോവറോടെ എത്തുകയാണ് നമ്മുടെ 'കുഞ്ഞൻ പൊട്ടുകൾ'. എന്നാൽ നെറ്റിയുടെ നടുവിലത്തെ ആ കൊച്ചു കറുത്ത ബിന്ദുവിൽ നിന്ന് മാറി, നെറ്റിത്തടത്തിലും പുരികത്തിലും മൂക്കിന്റെ പാലത്തിലും വരെ പടർന്നുപന്തലിക്കുന്ന 'മാക്‌സിമലിസ്റ്റ് ബിന്ദി' ട്രെൻഡാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ഏറ്റവും പുതിയ തരംഗം. പേളുകളും കല്ലുകളും ലോഹങ്ങളും അർദ്ധ വിലയേറിയ രത്‌നങ്ങളും സമന്വയിക്കുന്ന ഈ പുതിയ ബിന്ദി ട്രെൻഡ്, വെറുമൊരു സ്റ്റിക്കർ പൊട്ടെന്ന സങ്കൽപ്പത്തെ തിരുത്തിക്കുറിച്ച് മുഖത്ത് അണിയുന്ന 'ഫേഷ്യൽ ജ്വല്ലറി' എന്ന തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്.
നെറ്റിയും കാൻവാസ്
മിനിമലിസത്തിന് വിടപറഞ്ഞ്, ഡിസൈൻ തിളക്കത്തിൽ നിറഞ്ഞുനിൽക്കുന്ന 'മാക്‌സിമലിസ്റ്റ്' ശൈലിയിലേക്ക് ഫാഷൻ ലോകം ചുവടുവെക്കുമ്പോൾ ബിന്ദിയും ആ മാറ്റം ഉൾക്കൊള്ളുകയാണ്. നെറ്റിയുടെ മധ്യത്തിൽ വെയ്ക്കുന്ന ചെറിയൊരു പൊട്ടിന് പകരം, പുരികങ്ങൾക്ക് മുകളിലായി പൂത്തുനിൽക്കുന്ന മെറ്റാലിക് പുഷ്പങ്ങൾ, നെറ്റിത്തടത്തിന്റെ വശങ്ങളിലേക്ക് പടരുന്ന ക്രിസ്റ്റലുകൾ, മൂക്കിന്റെ പാലത്തിലേക്ക് ചുരുളുകളായി ഇറങ്ങിനിൽക്കുന്ന സർപ്പിളാകൃതിയിലുള്ള ഡിസൈനുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വലിയൊരു അലങ്കാരമായി ബിന്ദി മാറിയിരിക്കുന്നു. ഇന്ത്യൻ സാംസ്‌കാരിക തനിമയെയും തദ്ദേശീയ രൂപങ്ങളെയും പുതിയ തലമുറ കൂടുതൽ ആത്മവിശ്വാസത്തോടെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ മാറ്റമെന്നാണ് ഡിസൈനർമാരുടെ അഭിപ്രായം. പാരമ്പര്യത്തെ അതേപടി പകർത്തിവെക്കാതെ, പുതിയകാലത്തിന്റെ ആഘോഷങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അതിനെ കൂടുതൽ മനോഹരമായി പുനരവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
സ്റ്റിക്കർ പൊട്ടുകളിൽ നിന്ന് വീണ്ടും അണിയാവുന്ന ആഭരണങ്ങളിലേക്ക്
പ്രമുഖ ജ്വല്ലറി ബ്രാൻഡായ 'അമാമ'യുടെ സ്ഥാപക നികിത ഗുപ്തയുടെ അഭിപ്രായത്തിൽ, ബിന്ദി എപ്പോഴും ഒരു അലങ്കാര വസ്തുവായിരുന്നുവെങ്കിലും ഇന്നത് മുഖത്തെ പ്രധാന ആഭരണമായി തന്നെ മാറിക്കഴിഞ്ഞു. അവരുടെ 'മൊഗ്രാ ബഗീച്ച' (Mogra Bageecha) ബിന്ദി പരമ്പരാഗത ജ്വല്ലറി ഡിസൈനുകളിലെ പൂക്കളുടെ ഡിസൈനുകളും അപൂർവ്വ കല്ലുകളും കോർത്തിണക്കി തയ്യാറാക്കിയിട്ടുള്ളവയാണ്.' ഒരിക്കൽ ഒട്ടിച്ച് ഉപയോഗ ശേഷം വലിച്ചെറിയുന്ന സാധാരണ സ്റ്റിക്കർ പൊട്ടുകളിൽ നിന്ന് വ്യത്യസ്തമായി, വീണ്ടും വീണ്ടും ഉപയോഗിക്കാനും (Reusable) സൂക്ഷിച്ചുവെക്കാനും സാധിക്കുന്ന ബിന്ദികളാണ് ഇന്ന് ഇറങ്ങുന്നത്. ഇത് നെറ്റിയിൽ അണിയുമ്പോൾ വെറുമൊരു പൊട്ടെന്നതിലുപരി ജ്വല്ലറിയുടെ പ്രതീതി നൽകുന്നു. പലപ്പോഴും നിങ്ങളുടെ മൊത്തത്തിലുള്ള ലുക്കിന്റെ സ്റ്റേറ്റ്‌മെന്റ് പീസ് ഇത്തരം ബിന്ദികളായിരിക്കും- നികിത ഗുപ്ത പറയുന്നു. കൈകളിൽ അണിയുന്ന 'ഹാൻഡ് ബിന്ദി'കളും (Hand bindis) മെഹന്തിക്ക് പകരമായി ഇവർ അവതരിപ്പിക്കുന്നുണ്ട്.
പാരമ്പര്യത്തിന്റെ തിരിച്ചുവരവ്
മുൻകാലങ്ങളിൽ മെഴുകും സ്വർണ്ണവും ഉപയോഗിച്ച് നിർമ്മിച്ച് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ബിന്ദികളുടെ ഓർമ്മ പുതുക്കുകയാണ് 'ദി ബിന്ദി പ്രൊജക്റ്റ്' എന്ന ബ്രാൻഡിന്റെ സ്ഥാപക മേഘ്‌ന ഖന്ന. കൈത്തറി തുണിത്തരങ്ങളുടെ ബാക്കി കഷണങ്ങൾ, ലെതർ, സ്വർണ്ണവും വെള്ളിയും പൂശിയ ലോഹങ്ങൾ, അർദ്ധ വിലയേറിയ രത്‌നങ്ങൾ എന്നിവ ഉപയോഗിച്ച് കൈകൊണ്ടാണ് സ്റ്റേറ്റ്മെന്റ് ബിന്ദികൾ ഒരുക്കുന്നത്. നമ്മുടെ നെറ്റിത്തടത്തിൽ അവിടെ എന്തിന് വെറുമൊരു കറുത്ത പൊട്ടിൽ ഒതുങ്ങണം? നമ്മുടെ പാരമ്പര്യത്തെ കൂടുതൽ മനോഹരമായി ഉപയോഗിക്കണമെന്നും മേഘ്‌ന ഖന്ന പറയുന്നു. അവരുടെ 'കുണ്ഡലിനി' ശ്രേണിയിലെ ഡിസൈൻ ബിന്ദികൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രായമായവർ മാത്രമല്ല, ജീൻസിനും ദൈനംദിന വസ്ത്രങ്ങൾക്കുമൊപ്പം ഇത്തരം റോയൽ ബിന്ദികൾ അണിയാൻ ഇന്നത്തെ പെൺകുട്ടികളും വലിയ താല്പര്യം കാണിക്കുന്നുണ്ട്.
നെറ്റിയിൽ നിന്ന് കഴുത്തിലേക്കും മൂക്കിലേക്കും
ഇൻഡോർ ആസ്ഥാനമായുള്ള 'കോമറ്റ് ബസ്റ്റേഴ്‌സ്' സ്ഥാപകൻ വിജൽ ഹരിയയും ഈ ട്രെൻഡിനെ ശക്തിപ്പെടുത്തുന്നു. വെൽവറ്റ്, പിച്ചള, മുത്തുകൾ എന്നിവയിൽ തീർത്ത ഇവരുടെ സ്റ്റിക്കർ ബിന്ദികൾ നെറ്റിയിൽ മാത്രമല്ല, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അണിയാൻ ഉപയോഗിക്കുന്നുണ്ട്.
കോളർബോണുകൾക്ക് മുകളിലോ, ചെവിയിലോ, മൂക്കിന് മുകളിലോ ഒക്കെ ഇത്തരം സ്റ്റിക്കർ ഓർണമെന്റുകൾ ഇന്ന് പെൺകുട്ടികൾ അണിയാറുണ്ട്. ഒന്നിലധികം മാലകൾ അല്ലെങ്കിൽ വളകൾ അണിയുന്നതുപോലെ നെറ്റിയിലും പുരികത്തിന് മുകളിലും വ്യത്യസ്ത വലുപ്പത്തിലുള്ള പൊട്ടുകൾ അടുക്കുകളായി വെക്കുന്ന രീതിയും ഇപ്പോൾ ട്രെൻഡാണ്. ഫോർഹെഡ് ഓർണമെന്റുകൾക്ക് പുറമെ, വയർ ഉപയോഗിച്ച് മൂക്കിൽ നിന്ന് നെറ്റിത്തടത്തിലേക്ക് പടരുന്ന ഫാന്റസി ഡിസൈനുകൾക്കും ഇന്ന് ഡിമാന്റുണ്ട്. മുഖത്തെ ഒരു കാൻവാസ് പോലെ കണ്ട് ഏത് രീതിയിലും അലങ്കരിക്കാം എന്ന ആശയമാണ് ഇത്തരം ഫേഷ്യൽ ആഭരണങ്ങൾക്ക് പിന്നിലുള്ളത്.
തരംഗമാകുന്ന ഫേഷ്യൽ ജ്വല്ലറി
ബിന്ദിയുടെ ഈ മാക്‌സിമലിസ്റ്റ് ട്രെൻഡ് ഇന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ആഗോളതലത്തിലും ആഭരണങ്ങൾ കാതിലും കഴുത്തിലും മാത്രം അണിയേണ്ട ഒന്നല്ലെന്ന ചിന്ത ശക്തമാകുന്നുണ്ട്. പാരിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'അൺഫോർച്യുണേറ്റ്‌ലി അൺഫോർഗെറ്റബിൾ' എന്ന ബ്രാൻഡിന്റെ ഡിസൈനറായ മെലിസ്സ ലെ ഗ്വെൻ-ഹെക്ടർ സ്റ്റെർലിംഗ് സിൽവറിൽ തീർത്ത മൂക്ക്-നെറ്റി ആഭരണങ്ങൾ 3D മോഡലിംഗ് വഴി നിർമ്മിച്ച് തരംഗമാകുകയാണ്. ചുരുക്കത്തിൽ, വരാനിരിക്കുന്ന ദീപാവലി, നവരാത്രി ആഘോഷങ്ങളിൽ ട്രെൻഡിനൊപ്പം തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കണ്ണടച്ച് തിരഞ്ഞെടുക്കാവുന്ന ഒന്നായി മാറിയിരിക്കുകയാണ് ഈ 'ജുവൽ ബിന്ദി'കൾ. വസ്ത്രങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ നെറ്റിത്തടത്തിനും തിളക്കമേകി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മാക്‌സിമലിസ്റ്റ് ബിന്ദികൾ ഇനി അണിയാം.
Content Highlights: Transition from minimal sticker dots to intricate maximalist facial jewelry., Use of pearls, stones, metals, and semi-precious gems in bindi designs., Reusable and statement bindi collections by brands like Amama and The Bindi Project., Styling bindis beyond the forehead onto collarbones, nose, and ears.