'മീനാക്ഷിക്കായി ചെയ്ത ലഹംഗ വൈറലായതിനെത്തുടര്‍ന്ന് 120 പീസാണ് അതേ മോഡലില്‍ വീണ്ടും ചെയ്തത്'

'അവാന'യുടെ ചില്ലുവാതില്‍ തുറന്ന് അകത്തുകടന്നാല്‍ ആരായാലും ഒന്നുനിന്നുപോകും. അത്രയും ട്രെന്‍ഡിങ് ആയ, ആരേയും മോഹിപ്പിക്കുന്ന ഡിസൈസുകളിലുള്ള വസ്ത്രങ്ങളണിഞ്ഞ് മാനിക്വിനുകള്‍! ചുമരില്‍ തൂക്കിയിട്ട ഫോട്ടോകളില്‍ അറിയപ്പെടുന്ന താരങ്ങള്‍. അവരണിഞ്ഞിരിക്കുന്നത് അശ്വതിയുടെ ഭാവന തുന്നിയ പലതരം വസ്ത്രങ്ങളുടെ ചന്തങ്ങള്‍.
ശ്വേതാ മേനോന്‍, വീണാ നന്ദകുമാര്‍, റിമി ടോമി, സിതാര കൃഷ്ണകുമാര്‍, മൃദുലാ വാരിയര്‍, മീനാക്ഷി തുടങ്ങിയവരാണ് ആ ഫോട്ടോകളിലുള്ളത്. മീനാക്ഷിക്കായി തയ്യാറാക്കിയ ലഹംഗ വൈറലായതിനെത്തുടര്‍ന്ന് 120 പീസാണ് അതേ മോഡലില്‍ വീണ്ടും ചെയ്തത്. സെലിബ്രിറ്റികളുള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം പേര്‍ ഇപ്പോള്‍ അവാനയുടെ ഫാഷന്‍ ഡിസൈനുകള്‍ ഓര്‍ഡര്‍ ചെയ്യുന്നു. ഇന്‍സ്റ്റയില്‍ വരുന്ന ഓര്‍ഡറുകളിലൂടെ വിദേശങ്ങളിലടക്കം ഇവ വിപണിയിലെത്തുന്നു.
എടപ്പാള്‍-പൊന്നാനി റോഡില്‍ അംശക്കച്ചേരിയില്‍നിന്ന് ഉദിനിക്കരയിലേക്കുള്ള വഴിയില്‍ ചക്കണാത്തുപടിയിലാണ് അവാനയുടെ ഓഫീസ്. സിവില്‍ എന്‍ജിനിയറായ ഭര്‍ത്താവ് സുദീപ് ആയിരപ്പറമ്പിലിന്റെ കൂടി പങ്കാളിത്തത്തോടെ അശ്വതി ഡിസൈന്‍ ചെയ്ത 'സ്‌റ്റൈലിഷ്' ആയ ഈ ഓഫീസും പിന്നിലും മുകള്‍നിലയിലുമായി ഒരുക്കിയ പണിപ്പുരയും കാണുമ്പോഴറിയാം ഈ സംരംഭത്തെ എത്ര 'സീരിയസ്' ആയാണ് അശ്വതി കാണുന്നതെന്ന്. ഈ സമര്‍പ്പണത്തിനുള്ള ഫലം അധികകാലമാവും മുമ്പേ നേടാനുമായി.
പലതരത്തില്‍ സമാഹരിച്ച ആറുലക്ഷം രൂപ മുതല്‍മുടക്കി, രണ്ട് സഹായികളുമായി അശ്വതി ബാലകൃഷ്ണന്‍ ആരംഭിച്ച അവാന ഡിസൈനിങ് ഇന്ന് വിപണിയില്‍ ഇടമുറപ്പിച്ച സ്ഥാപനമായി. 12 ജീവനക്കാരും അഞ്ചുരാജ്യങ്ങളില്‍ വിപണിയുമുള്ള, ലക്ഷങ്ങള്‍ വാര്‍ഷികവരുമാനമുള്ള സംരംഭം. തുന്നല്‍ എന്ന കലയോടും ഫാഷനോടുമുള്ള പാഷന്‍, അധ്വാനിക്കാനുള്ള മനസ്സ്, വീട്ടുകാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം സഹായം. ഇതൊക്കെയാണ് അവാനയുടെ വിജയത്തിനു പിന്നില്‍.
വഴിമാറിയ കവിത
തുണിത്തരങ്ങളില്‍ കണ്ണുംകൈയും സൂക്ഷ്മമായി ചലിപ്പിച്ച് ചന്തം തുന്നിയെടുക്കുന്ന വിദ്യ, ഒരുപക്ഷേ, അശ്വതിയിലെ വഴിമാറിയ കവിതയാവണം. കുട്ടിക്കാലത്ത് കവിതയെഴുതിയാണ് അശ്വതിയുടെ ഭാവന ആവിഷ്‌കരിക്കപ്പെട്ടത്. പഠനകാലത്ത് കലോത്സവത്തില്‍ കവിതാരചനയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനമുള്‍പ്പെടെ നേടി ആ ഭാവനയും രചനാവൈഭവവും അശ്വതിയിപ്പോള്‍ വസ്ത്രങ്ങളില്‍ തുന്നുകയാണ്.
തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയാണ് സ്വന്തം നാട്. ചെറുപ്പം മുതലേ ചിത്രരചനയില്‍ താത്പര്യമുണ്ടായിരുന്നു. 'ഇന്ററസ്റ്റ് എന്താണോ അതുചെയ്യുക എന്നതാണെന്റെ പോളിസി...' കുട്ടിക്കാലം മുതലേ ഇതാണു നിലപാട്. ബിരുദപഠനത്തിനായി ജന്തുശാസ്ത്രവും ബിരുദാനന്തരബിരുദത്തിനായി മലയാളവും തിരഞ്ഞെടുത്തത് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇരിങ്ങാലക്കുട ഡ്രീം സോണ്‍ എന്ന സ്ഥാപനത്തില്‍നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ നേടിയതും താത്പര്യത്തിന്റെ ഭാഗം. വിവാഹംകഴിഞ്ഞ് എടപ്പാളിലെത്തിയശേഷം മനസ്സ് പറഞ്ഞു: സ്വന്തമായി വരുമാനം ലഭിക്കുന്ന എന്തെങ്കിലുമൊന്ന് ആരംഭിക്കണം.
സംരംഭം തുടങ്ങാന്‍ ആദ്യം സമീപിച്ചത് താലൂക്ക് വ്യവസായകേന്ദ്രത്തെ. അവര്‍ മാര്‍ഗനിര്‍ദേശം നല്‍കി. കനറാ ബാങ്കില്‍നിന്ന് വായ്പ ശരിയാക്കി. ചുവപ്പുനാടയെക്കുറിച്ച് പലരും പറഞ്ഞു പേടിപ്പിച്ചു. അതൊന്നും ശരിയല്ലെന്ന് അനുഭവം തെളിയിച്ചു. വാടകയ്ക്ക് ഷോപ്പെടുത്തായിരുന്നു തുടക്കം. കുടുംബശ്രീയുടെ ഒരു ലക്ഷം രൂപ സഹായംകൂടി കിട്ടിയതോടെ ഉത്സാഹംകൂടി. സംരംഭം പെട്ടെന്ന് 'സെറ്റാ'യി. നടിമാരും ഗായികമാരും അവാനയുടെ ഡിസൈനിങ് തേടിയെത്തിയതോടെ 'ലെവല്‍' മാറി.
ഇന്ന് ഓസ്‌ട്രേലിയ, യുകെ, യുഎസ്എ, അയര്‍ലന്‍ഡ്, അബുദാബി എന്നിവിടങ്ങളില്‍നിന്നെല്ലാം ഓര്‍ഡറുണ്ട്. ഉത്തരേന്ത്യയില്‍നിന്നാണ് ഇതിനാവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത്. ലഹംഗ, ഗൗണ്‍, സാരി എന്നിവ ഡിസൈന്‍ ചെയ്തുനല്‍കുന്നു. പരമ്പരാഗത ക്രിസ്ത്യന്‍ വിവാഹവസ്ത്രങ്ങള്‍ക്ക് വിദേശത്തും ഡിമാന്‍ഡാണ്. ലഹംഗ, ഗൗണ്‍, അനാര്‍ക്കലി തുടങ്ങിയവയില്‍ പതിനായിരം രൂപയ്ക്കു മുകളിലുള്ള ഡിസൈനുകളാണുള്ളത്. സ്ഥിരം ഉപയോഗിക്കാനാവുന്ന തരത്തിലുള്ള കുര്‍ത്തയുടെ ഒരു ശാഖ കൂടി ആരംഭിക്കുമെന്ന് അശ്വതി പറഞ്ഞു
Content Highlights: Success story of Aswathi Balakrishnan, the founder of Avaanah Designer Studio