'പാതിയൊരുങ്ങി വരനെ കാത്തിരിക്കുന്ന വധു'; വിവേചനത്തിനെതിരെ ശീതള്‍ ശ്യാമിന്റെ 'ആരവാണി' ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ | Photo: instagram/ diljin krishnan
ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ | Photo: instagram/ diljin krishnan

വ്യത്യസ്ത ആശയങ്ങള്‍ പങ്കുവെയ്ക്കുന്ന, സമൂഹത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരവധി ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഫാഷനും ഗ്ലാമറിനും അപ്പറും ഫോട്ടോഗ്രഫിയിലൂടെ സമൂഹത്തെ വരച്ചുകാട്ടുന്ന ഇത്തരം ചിത്രപരമ്പരകള്‍ ചര്‍ച്ചയാകാറുമുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ഔട്ട്ഫിറ്റുകളും തിളങ്ങുന്ന മേക്കപ്പും ഒത്തുചേരുന്ന ഫാഷന്‍ ഫോട്ടോഗ്രഫിയിലും ആളുകള്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഫാഷന്‍ എന്ന പൊതുസങ്കല്‍പത്തെ മാറ്റിമറിക്കുന്നതാകും ഇത്തരം ആശയങ്ങള്‍.

ഇത്തരത്തില്‍ ട്രാന്‍സ് കമ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങളും വിവേചനങ്ങളും ഫാഷന്‍ ഫോട്ടോഗ്രഫിയിലൂടെ തുറന്നുകാട്ടുകയാണ് സംവിധായകനും ഡിസൈനറും സ്റ്റൈലിസ്റ്റുമെല്ലാമായ ദില്‍ജിന്‍ കൃഷ്ണന്‍. ട്രാന്‍സ് ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമിനെ മോഡലാക്കി 'ആരവാണി' എന്ന പേരിലാണ് ദില്‍ജിന്റെ ഫോട്ടോഷൂട്ട്. ട്രാന്‍സ് ആയ വധു പാതി ഒരുങ്ങി അവരുടെ വരനുവേണ്ടി കാത്തുനില്‍ക്കുന്നതാണ് ഈ ഫോട്ടോഷൂട്ടിലുള്ളത്. വെള്ള നിറത്തിലുള്ള ബ്രായും അതേ നിറത്തിലുള്ള സ്‌കര്‍ട്ടുമാണ് ശീതളിന്റെ ഔട്ട്ഫിറ്റ്. 

തമിഴ്‌നാട്ടില്‍ നടക്കുന്ന കൂവഗം ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആരവന്‍ എന്ന ദൈവം ട്രാന്‍സ് വ്യക്തിയെ ഒരു ദിവസത്തേക്ക് വിവാഹം കഴിക്കും. തൊട്ടടുത്ത ദിവസം വിവാഹമോചനവും നേടും. വിവിധ ഇടങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ ആഘോഷത്തിന്റെ ഭാഗമാകാനെത്തും. വിവാഹം കഴിക്കണമെന്ന് ആഗ്രഹമുള്ളവരായിരിക്കും ഇവരില്‍ ഭൂരിഭാഗവും. ട്രാന്‍സ് വ്യക്തികളെ വിവാഹം കഴിക്കാന്‍ ആരും മുന്നോട്ടു വരാറില്ലായിരുന്നു. അത് പരിഹരിക്കാനും അവര്‍ക്ക് ആശ്വാസം നല്‍കാനുമാണ് ഇത്തരമൊരു ആചാരം നടത്തിയിരുന്നത്.

'ആരവാണി' ഫോട്ടോഷൂട്ട് ഈ ആചാരം ഇനി ആവശ്യമില്ല എന്ന കാഴ്ച്ചപ്പാടാണ് മുന്നോട്ടുവെയ്ക്കുന്നത്. ഒരു ആരവന് വേണ്ടിയും ഇനി ട്രാന്‍സ് വ്യക്തികള്‍ കാത്തിരിക്കേണ്ടെന്നും ആരേയും വിവാഹം കഴിക്കാനുള്ള അവകാശം ഏതൊരു സാധാരണ മനുഷ്യനേയുംപോലെ അവര്‍ക്കുമുണ്ടെന്ന സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ നല്‍കുന്നത്. ഫോട്ടോഷൂട്ടിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ദില്‍ജിന്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 

'അവള്‍ ഒരു ഈയാംപാറ്റയല്ല. ഓരോ ദിവസവും അവള്‍ ജീവിക്കും. ഉറക്കെ ചിരിക്കും. ഇഷ്ടമുള്ളവരെയെല്ലാം സ്‌നേഹിക്കും. ആരവാണി, ആ പേര് കാലങ്ങള്‍ക്ക് മുന്നേ അവള്‍ ഉപേക്ഷിച്ചു. ഒരു ആരവനേയും ഇനി കാത്തിരിക്കേണ്ട. ഒരു ആരവന്റേയും സ്വീകാര്യതയും വേണ്ട. അസ്തിത്വത്തെ കുറിച്ചോര്‍ത്ത് അവള്‍ ഇനി ദു:ഖിക്കേണ്ടതില്ല. അവള്‍ മറ്റൊരാളാല്‍ സ്‌നേഹിക്കപ്പെടും.അവളും മറ്റൊരാളെ സ്‌നേഹിക്കും. ആരെയെങ്കിലും വിവാഹം കഴിക്കും.' ദില്‍ജിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ബേസില്‍ പൗലോയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മേക്കപ്പ് ചെയ്തിരിക്കുന്നത് ലക്ഷ്യ പി. ലാലാണ്. നേര്‍ത്ത തുണിയിലുള്ള വെള്ള സ്‌കര്‍ട്ടാണ് ശീതള്‍ ധരിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ചെറിയ ട്രെയ്‌നുമുണ്ട്. ചുവപ്പ് ലിപ്‌സ്റ്റിക്കും ഐലൈനറും ഉപയോഗിച്ച് ലളിതമായ മേക്കപ്പാണ് ചെയ്തിരിക്കുന്നത്. മുകളിലേക്ക് കെട്ടിവെച്ച മുടിയില്‍ കല്ലുകള്‍ കൊണ്ടുള്ള ക്രൗണ്‍ അണിഞ്ഞിട്ടുണ്ട്. ഒപ്പം വെളുത്ത പൂക്കള്‍കൊണ്ടും മുടി അലങ്കരിച്ചിട്ടുണ്ട്.
 

Content Highlights: sheethal shyam new photoshoot aravani challenges transgender discrimination