21 കോടിയുടെ വാച്ച്, ഇന്ദ്രനീലവും വജ്രവും പതിപ്പിച്ച ഊന്നുവടി; മെറ്റ് ഗാലയുടെ മാറ്റ്കൂട്ടി ഷാരൂഖ്

മെറ്റ് ഗാലയില്‍ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി ഷാരൂഖ് ഖാന്‍. സബ്യാസാചി ഡിസൈന്‍ ചെയ്ത നിലംമുട്ടുന്ന കറുപ്പ് നിറത്തിലുള്ള കോട്ടിനൊപ്പം സില്‍ക്ക് ഷര്‍ട്ടും ട്രൗസേഴ്‌സും അണിഞ്ഞ് ഷാരൂഖ് എത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. എന്നാല്‍ ഈ ഔട്ട്ഫിറ്റിനേക്കാളേറെ ചര്‍ച്ചയായത് കിങ് ഖാന്റെ വാച്ചും കൈയിലുണ്ടായിരുന്ന ഊന്നുവടിയും ആഭരണങ്ങളുമായിരുന്നു.
2.5 മില്യണ്‍ ഡോളര്‍ (ഏകദേശം 21 കോടി രൂപ) വിലമതിക്കുന്ന സ്വിസ് ആഡംബര വാച്ചായ പാതെക് ഫിലിപ്പ് ഗ്രാന്‍ഡ് കോംപ്ലിക്കേഷന്‍ വാച്ചാണ് ഷാരൂഖ് ധരിച്ചത്. ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായ റിസ്റ്റ് വാച്ചുകളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.
ബംഗാള്‍ ടൈഗര്‍ ഹെഡ് വരുന്ന ഊന്നുവടിയാണ് ഇതിനൊപ്പം സബ്യാസാചി ഷാരൂഖിനായി ഡിസൈന്‍ ചെയ്തത്. 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച്, ഇന്ദ്രനീലക്കല്ലുകള്‍, വജ്രങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ച ഈ ഊന്നുവടി ഇന്ത്യന്‍ കരകൗശല വൈദഗ്ധ്യത്തിനുള്ള ആദരവായാണ് ഡിസൈന്‍ ചെയ്തത്. രാജകീയതയുടെയും ശക്തിയുടെയും പര്യായമായ കടുവയുടെ രൂപം റെഡ് കാര്‍പെറ്റിലെ കിങ് ഖാന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നത് കൂടിയായിരുന്നു.
ഏറെ സൂക്ഷ്മതയോടെ ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റാണ് താരം ധരിച്ചത്. ടാസ്മാനിയന്‍ സൂപ്പര്‍ഫൈന്‍ വൂളില്‍ തീര്‍ത്ത നിലം മുട്ടുന്ന കറുപ്പ് കോട്ടും അതിനൊപ്പം ഷീന്‍ സില്‍ക്ക് ഷര്‍ട്ടും വൂള്‍ ട്രൗസേഴ്‌സുമാണ് ഷാരൂഖ് ധരിച്ചത്. ഇതിനൊപ്പം ഷാരൂഖ് കഴുത്തും വിരലുകളും ആഭരണങ്ങള്‍കൊണ്ട് നിറച്ചു. കഴുത്തില്‍ ഗോള്‍ഡന്‍, പേള്‍, സില്‍വര്‍ പാറ്റേണുകളിലുള്ള പലതരം മാലകള്‍, ചോക്കര്‍ മുതല്‍ നീളന്‍ മാലകള്‍ വരെ അണിഞ്ഞു. ഖാന്റെ പേരിനെ സൂചിപ്പിക്കുന്ന കെ എന്ന അക്ഷരത്തിലുള്ള പെന്റന്റുള്ള ഡയമണ്ട് മാല ഏറെ ശ്രദ്ധിക്കപ്പെട്ടു. കൈനിറയെ മോതിരങ്ങളും അണിഞ്ഞു.
Content Highlights: shah rukh khan at met gala 2025