ഷനേൽ ബാഗുകൾ വെട്ടിനുറുക്കി റഷ്യയിലെ സമ്പന്ന വനിതകൾ

യുക്രൈനിൽ സൈനികാധിനിവേശം നടത്തിയതോടെ റഷ്യക്കുമേൽ കടുത്ത ഉപരോധങ്ങളാണ് പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഒട്ടേറെ ആഗോളകമ്പനികൾക്ക് റഷ്യയിലെ വിൽപന അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ഫ്രഞ്ച് ആഡംബര ഫാഷൻ കമ്പനിയായ ഷനേലിനും റഷ്യയിലെ കച്ചവടം നിർത്തേണ്ടിവന്നിരുന്നു.
എന്നാലിപ്പോൾ രാജ്യത്ത് ഉത്പന്നങ്ങൾ വിൽക്കേണ്ടെന്ന ഷനേലിന്റെ തീരുമാനത്തിനെതിരേ റഷ്യയിലെ സമ്പന്നരായ വനിതകൾ സാമൂഹികമാധ്യമങ്ങളിലൂടെ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ ഷനേലിന്റെ ബാഗുകൾ കത്രികകൊണ്ട് വെട്ടിനുറുക്കി അതിന്റെ വീഡിയോ പങ്കുവെക്കുകയാണിവർ ചെയ്യുന്നത്. മോഡലുകളും ടെലിവിഷൻ അവതാരകരും ഡിസ്കോ ജോക്കികളും പ്രതിഷേധിച്ചവരിൽ പെടും.
സ്വന്തം രാജ്യത്ത് ബാഗ് ഉപയോഗിക്കാൻ താത്പര്യപ്പെടുന്ന റഷ്യക്കാർക്ക് ഇനിമുതൽ ബാഗ് വിൽക്കേണ്ടതില്ലെന്നാണ് ഷനേലിന്റെ തീരുമാനം. 328 ഡോളറിനുമേലുള്ള (ഏകദേശം 24,913 രൂപ) ആഡംബര ഉത്പന്നങ്ങൾ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് യൂറോപ്യൻ യൂണിയൻ വിലക്കിയതോടെയാണ് ഷനേലിന് റഷ്യയിലെ കച്ചവടം അവസാനിപ്പിക്കേണ്ടിവന്നത്. റഷ്യയിലെ ഷനേൽ സ്റ്റോറുകൾ നേരത്തേ അടച്ചിരുന്നു.
ദുബായിൽ ബാഗ് വാങ്ങാനെത്തുന്ന റഷ്യക്കാരോട് ഈ ബാഗ് സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോവില്ലെന്ന് എഴുതി ഒപ്പിട്ടുനൽകാൻ ഷനേൽ അധികൃതർ ആവശ്യപ്പെടുന്നതായി ചിലർ ആരോപിക്കുന്നുണ്ട്.
ഒരു ബ്രാൻഡും ജന്മദേശത്തോടുള്ള തങ്ങളുടെ സ്നേഹത്തിനും ആത്മാഭിമാനത്തിനും മുകളിലല്ലെന്നും ഷനേലിനോട് വിട പറയുന്നതായും വനിതകൾ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം, യുക്രൈനിൽ വീടുനഷ്ടപ്പെട്ട ദശലക്ഷക്കണക്കിനാളുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിൽ ഇവർക്കെതിരേ വിമർശവും ഉയരുന്നുണ്ട്.
Content Highlights: russophobia, russian women cut up chanel bags, protest ban, russia-ukraine