ലെജന്‍ഡറി ഗ്ലാമ: ഫാഷന്‍ലോകത്തെ സൂപ്പര്‍മുത്തശ്ശി, എൺപതിലും ഇന്‍സ്റ്റ ഭരിക്കുന്ന ലേഡിസൂപ്പര്‍സ്റ്റാർ

സ്വാതന്ത്ര്യ സമരകാലത്ത് കവിതകള്‍കൊണ്ട് പടവെട്ടിയ കാസര്‍കോട്ടെ കമ്യൂണിസ്റ്റുകാരന്‍ ടി.എസ് തിരുമുമ്പിന്റെ 'എന്റെ യുവത്വം' എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. 'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തലനരയ്ക്കാത്തതല്ലെന്‍ യുവത്വവും...' ഒരു തിരഞ്ഞെടുപ്പ് കാലത്ത് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യതാനന്ദന്റെ പ്രായത്തെ കളിയാക്കിയ രാഹുല്‍ഗാന്ധിക്ക് മറുപടി കൊടുക്കാന്‍ വി.എസും ഇതേ കവിതാശകലം ഉപയോഗിച്ചു.
ഇന്ന് ഫാഷന്‍ലോകത്തെ ന്യൂജന്‍ താരങ്ങളോട് സാംബിയയിലെ എണ്‍പതുകാരിയായ മാര്‍ഗരറ്റിനും ഇതേ പറയാനുള്ളൂ- 'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം'. കാരണം മാര്‍ഗരറ്റിന്റെ ഫാഷനെ ഇന്‍സ്റ്റഗ്രാമിലടക്കം ഇന്ന് പിന്തുടരുന്നത് ലക്ഷങ്ങളാണ്. ലെജന്‍ഡറി ഗ്ലാമ എന്ന അക്കൗണ്ടിനെ അസൂയയോടെ നോക്കുന്ന പുതിയകാലത്തിനും ഈ മുത്തശ്ശിയെ മാറ്റി നിര്‍ത്താനാവുന്നില്ല. എണ്‍പതിലും ഫാഷന്‍ താരമോ എന്നാണ് ചോദിക്കുന്നതെങ്കില്‍ മാര്‍ഗരറ്റിന്റെ കഥയൊന്നറിയാം.
മാര്‍ഗരറ്റ് ചോലയെന്നാണ് സാംബിയക്കാരിയായ ഈ എണ്‍പതുകാരിയുടെ മുഴുവന്‍ പേര്. എന്നാല്‍, 'ലെജന്‍ഡറി ഗ്ലാമ'യെന്നാണ് സോഷ്യല്‍മീഡിയയിലെ പേര്. ജനന സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ വയസ്സ് 80 കഴിഞ്ഞു എന്നല്ലാതെ കൃത്യം വയസ്സൊന്നും ചോലയ്ക്ക് അറിയുകയുമില്ല. ന്യൂയോര്‍ക്കില്‍നിന്നെത്തിയ ഫാഷനിസ്റ്റായ കൊച്ചുമകള്‍ ഡയാനാ കൗമ്പയാണ് മുത്തശ്ശിയെവെച്ച് 2023-ല്‍ ഗ്രാനി സീരീസ് തുടങ്ങിയത്. സില്‍വര്‍ പാന്റ്‌സ്യൂട്ട് ധരിച്ച ചോലയുടെ ആദ്യ ചിത്രം തന്നെ ഹിറ്റ്. ഇന്ന് രണ്ടുലക്ഷത്തിലധികം പേരാണ് 'ലെജന്‍ ഡറി ഗ്ലാമ'യെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.
പതിമൂന്നാം വയസ്സില്‍ തുടങ്ങിയ വിവാഹജീവിതത്തിലെ ദുരിതങ്ങളില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു ചോല. അതിന്റെ ആഘാതം വേട്ടയാടുമ്പോഴും ആഗോളപ്രശസ്തി ആസ്വദിക്കുന്നുണ്ട് ചോല മുത്തശ്ശി. തന്റെ ഫാഷന്‍ ഹിറ്റായതോടെ ബിബിസിയിലടക്കം ഇന്ന് വാര്‍ത്താതാരവുമാണ് ഈ എണ്‍പതുകാരി. ഈ ഫാഷന്‍ലോകം എനിക്ക് പുതിയ ജീവിതം തന്നു. അവസാനകാലത്ത് എല്ലാം ആസ്വദിക്കുകയാണ് ഞാന്‍. പുതിയ വസ്ത്രത്തില്‍, പുതിയ ഇടപെടലുകളില്‍ ഞാന്‍ എന്നെ തിരിച്ചറിയുന്നു. ഈ ലോകംതന്നെ കീഴടക്കാമെന്ന ആത്മവിശ്വാസമുണ്ട്, മാര്‍ഗരറ്റ് ബി.ബി.സിയോട് പറഞ്ഞു.
തന്റെ പിതാവിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ സാമ്പിയ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഡയാനാ കൗമ്പ മുത്തശ്ശിയോട് ഫാഷനെ പറ്റി ചര്‍ച്ച ചെയ്തത്. പക്ഷെ ഒരു തടസ്സവും പറയാതെ മാര്‍ഗരറ്റ് കൊച്ചുമകളുടെ പുതിയ ഐഡിയക്ക് കൈകൊടുക്കുകയായിരുന്നു. ഒന്നുമാവാതെ ഞാന്‍ മരിച്ചാല്‍ എല്ലാ ആളുകളെയും പോലെ ഞാനും ഓര്‍മയില്‍നിന്ന് മാഞ്ഞുപോകും. പക്ഷെ, ഇന്ന് ലോകത്തിന് എന്നെ ഓര്‍മിക്കാൻ ഈ ഫാഷന്‍ലോകമുണ്ട്, മാര്‍ഗരറ്റ് ചൂണ്ടിക്കാട്ടുന്നു.
മുത്തശ്ശിയേക്കുറിച്ചുള്ള ആദ്യ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ എന്റെ ശ്രമങ്ങള്‍ വെറുതെയാവുമോയെന്ന് പേടിയുണ്ടായിരുന്നു. ആദ്യ പത്ത് മിനുറ്റ് ഞാന്‍ ഫോണ്‍ നോക്കിയേ ഇല്ല. പക്ഷെ ആ പത്ത് മിനിറ്റിനുള്ളില്‍ ആയിരം ലൈക്കുകള്‍ വന്നു. കമന്റ് ബോക്‌സുകള്‍ നിറഞ്ഞൊഴുകി. കൂടുതല്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെ ആത്മവിശ്വാസമായി ഡയാനാ കൗമ്പ പറയുന്നു.
പ്രാദേശിക വസ്ത്രം മാത്രം ധരിച്ചിരുന്ന മാര്‍ഗരറ്റിന് ഇന്ന് ജീന്‍സും ഫ്‌ളോറല്‍ ടീഷര്‍ട്ടും വിഗ്ഗുമാണ് ഏറെയിഷ്ടം. വലിയ കണ്ണട കൂടിയുണ്ടെങ്കില്‍ പിന്നെ ലുക്കോട് ലുക്ക്. ജീവിതം മാറ്റിയ ഫാഷനോട് നന്ദി പറയുകായാണ് ഈ എണ്‍പതുകാരി.
Content Highlights: randma becomes unlikely fashion icon as legendary glamma