കോലാപുരി ചെരിപ്പിന് പിന്നാലെ പ്രാദ വീണ്ടും കോപ്പിയടിച്ചോ?; പുതിയ ബാഗിന്റെ ഡിസൈന്‍ അടിച്ചുമാറ്റിയത് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നെന്ന് സോഷ്യല്‍ മീഡിയ, വില 2.73 ലക്ഷം

പ്രാഡയുടെ രണ്ടേ മുക്കാൽ ലക്ഷം വിലയുള്ള ബാഗ്, ഇന്ത്യയിലെ ട്രെയിൻ | Photos: instagram, Canva
പ്രാഡയുടെ രണ്ടേ മുക്കാൽ ലക്ഷം വിലയുള്ള ബാഗ്, ഇന്ത്യയിലെ ട്രെയിൻ | Photos: instagram, Canva

ഇന്ത്യയിലെ പരമ്പരാഗത പാദരക്ഷകളായ കോലാപുരി ചെരിപ്പിന്റെ ഡിസൈന്‍ കോപ്പിയടിച്ച് ഫാഷന്‍ ഷോയില്‍ അവതരിപ്പിച്ചുകൊണ്ടാണ് പ്രമുഖ ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ പ്രാദ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. ഭൗമസൂചികയുള്ള കോലാപുരി ചെരിപ്പ് അടിച്ചുമാറ്റിയത് ഇന്ത്യക്കാര്‍ കൈയോടെ പിടിച്ചതോടെ തെറ്റ് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്താണ് പ്രാദ തടിയൂരിയത്. ഇപ്പോഴിതാ വീണ്ടുമൊരു 'കോപ്പിയടി'യില്‍ പെട്ടിരിക്കുകയാണ് പ്രാദ.

പ്രാദയുടെ പുതിയ ആഡംബര ടോട് ബാഗാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. പ്രാദ ഈ ബാഗിനിട്ട വില 2.73 ലക്ഷം രൂപയാണ്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പരിചിതമായ ഒരു ഡിസൈനിലാണ് ഈ ബാഗ് നിര്‍മിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ ട്രെയിനുകളുടെ പ്ലാറ്റ്‌ഫോമിന്‌ നല്‍കിയിരിക്കുന്ന അതേ ഡിസൈനാണ് പ്രാദയുടെ ബാഗിനും.

സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രാദയുടെ ഈ 'കോപ്പിയടി' പുറത്തുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുകള്‍ എഴുതിയിരിക്കുന്നത്. ഇന്ത്യയോട് ഭ്രമമുള്ള, ഒരു മുന്‍ കാമുകനെ പോലെയാണ് പ്രാദ എന്നാണ് ഒരാള്‍ കമന്റിട്ടത്. 'ആദ്യം കോലാപുരി ചെരിപ്പ് ഇപ്പോള്‍ ലോക്കല്‍ ട്രെയിന്‍. അടുത്തത് എന്താണ്?' എന്ന് മറ്റൊരാള്‍ ചോദിച്ചു. പ്രാദയുടെ ഡിസൈനര്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട് എന്നായി വേറെ ഒരാള്‍.

Content Highlights: Prada’s Rs 2.73 Lakh Tote Bag Sparks Memes For Resembling ‘Indian Train Floors’