അത് സേനാനായകന്റെ കവചമല്ല; നിത അംബാനി ധരിച്ച 5 കോടിയുടെ റോയൽ നെക്‌ലേസിന് പിന്നിലെ കഥ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
അമ്രപാലി ഭരതം ധരിച്ച നിത അംബാനി | Photo:ANI
അമ്രപാലി ഭരതം ധരിച്ച നിത അംബാനി | Photo:ANI

പൂർവവും അമൂല്യവുമായ റോയൽ ജ്വല്ലറി കളക്ഷൻ ഇന്ത്യയിൽ ആരുടെ പക്കലാണെന്ന് ചോദിച്ചാൽ ഒരുപക്ഷെ, അതിനുത്തരം നിത അംബാനി എന്നായിരിക്കും. അംബാനി കുടുംബത്തിലെ ഓരോ ചടങ്ങിനും നിത അംബാനി ധരിച്ചെത്തുന്ന ആഭരണങ്ങൾ അത്രമേൽ ഫാഷൻ ലോകം ചർച്ച ചെയ്യാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് അംബാനി കുടുംബത്തിൽ നടന്ന ഗണപതി പൂജയ്ക്ക് നിത അംബാനി ധരിച്ചെത്തിയ ഒരു തോളിൽനിന്ന് മറ്റൊരു തോൾവരെ നിറഞ്ഞുകിടക്കുന്ന 5 കോടി രൂപയുടെ അമ്രപാലി ഭരതം എന്ന കൂറ്റൻ റോയൽ ജ്വല്ലറി. നിതയുടെ പേരുകേട്ട മാക്‌സിമലിസത്തെ ശരിവയ്ക്കുന്നതായിരുന്നു ഈ ആഭരണവും.

മരതകം, മാണിക്യം, വജ്രങ്ങൾ തുടങ്ങിയ രത്‌നങ്ങൾ കൊണ്ട് അലങ്കരിച്ച ആഭരണത്തെ യോദ്ധാവിന്റെ കവചത്തോടാണ് പലരും ഉപമിച്ചത്. പഴയകാലത്തെ മഹാരാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ആഭരണശേഖരങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഈ കൂറ്റൻ നെക്‌ലേസുകൾ നിർമ്മിക്കപ്പെടുന്നത്. ഒരു മാല കൊണ്ടുതന്നെ വസ്ത്രധാരണത്തിന് മുഴുവൻ രാജകീയ ഗാംഭീര്യം നൽകാൻ സാധിക്കുന്നു എന്നതാണ് ഈ ആഭരണത്തിന്റെ പ്രത്യേകത.

ഇന്ത്യയുടെ പരമ്പരാഗത ആഭരണ പാരമ്പര്യങ്ങളുടെ സവിശേഷമായ വൈവിധ്യത്തെ ഒന്നിപ്പിക്കുന്ന വ്യത്യസ്തമായ നെക്‌ലേസാണ് അമ്രപാലി ഭരതം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച പുരാതനവും വിന്റേജുമായ പലതരം ആഭരണങ്ങൾ കോർത്തിണക്കി നിർമിച്ച കൂറ്റൻ ആഭരണം. മുകളിലായി പരമ്പരാഗത കേരളീയ ആഭരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനോട് ചേർന്ന് നഥുകൾ, വലിയ കമ്മലുകൾ, ചന്ദ്ബാലികൾ, ജൂമറുകൾ എന്നിവ കൂട്ടിയിണക്കിയാണ് അമ്രപാലി നെക്ലേസ് നിർമിച്ചിരിക്കുന്നത്. ഇവയുടെ ശേഖരണത്തിനായി മൂന്നുവർഷം ചെലവിട്ടതായി ആഭരണം നിർമിച്ച അമ്രപാലി ജുവലിന്റെ സിഇഒ തരംഗ് അറോറ പറയുന്നു. 14 ആഭരണശില്പികൾ ചേർന്നാണ് മനോഹരമായ ഈ നെക്‌ലേസിന്റെ നിർമാണം നടത്തിയിരിക്കുന്നതെന്നും പറയുന്നു. ഗവേഷണമുൾപ്പെടെ ആഭരണം പണിതു പൂർത്തിയാക്കാൻ മാസങ്ങളെടുത്തുവെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ഇത്തരം സ്റ്റേറ്റ്‌മെന്റ് ലുക്കുകൾ ആദ്യമായി റെഡ് കാർപെറ്റിലേക്ക് എത്തിച്ചതിന്റെ ക്രെഡിറ്റ് ഫാഷൻ ലോകം നൽകുന്നത് സോനം കപൂറിനാണ്. ഫാഷൻ പരീക്ഷണങ്ങളുടെ കാര്യത്തിൽ എപ്പോഴും ഒരു പടി മുന്നിൽ നിൽക്കുന്ന സോനം കപൂർ, കാൻ ഫിലിം ഫെസ്റ്റിവലിലും പ്രമുഖ ഫാഷൻ ഷോകളിലും മുൻപും ഇത്തരം കൂറ്റൻ ആഭരണങ്ങൾ ധരിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ട്രഡീഷണൽ ലുക്കുകളിലും ഇന്തോ-വെസ്റ്റേൺ വസ്ത്രങ്ങൾക്കൊപ്പവും ഇത്തരം ഭാരമേറിയ ഹാരങ്ങൾ സ്‌റ്റൈൽ ചെയ്യാൻ സോനം കാണിച്ച ധൈര്യം പിന്നീട് വലിയ രീതിയിൽ അനുകരിക്കപ്പെട്ടിട്ടുണ്ട്.

സമീപകാലത്തായി വിവാഹാഘോഷങ്ങളിലും റെഡ് കാർപെറ്റുകളിലും പഴയകാല രാജകീയ ഡിസൈനുകളിലേക്ക് ആളുകൾ തിരികെ പോകുന്നതിന്റെ ഉദാഹരണമാണ് ഈ മഹാറാണി ഹാരങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി. പ്രമുഖ ജ്വല്ലറി ബ്രാൻഡുകളും ഡിസൈനർമാരും പാരമ്പര്യ ശൈലിയും ആധുനിക ഫിനിഷിംഗും സമന്വയിപ്പിച്ചുകൊണ്ട് ഇത്തരം മാസ്റ്റർപീസുകൾ പുറത്തിറക്കാൻ മത്സരിക്കുകയാണ്. സോനം കപൂറിലൂടെയും നിത അംബാനിയിലൂടെയും വീണ്ടും ട്രെൻഡായി മാറിയ ഈ കൂറ്റൻ മഹാറാണി ഹാരങ്ങൾ, ഇന്ത്യൻ ആഭരണ നിർമ്മാണ കലയുടെ അപൂർവ്വ പാരമ്പര്യത്തെ അന്താരാഷ്ട്ര തലത്തിൽത്തന്നെ അടയാളപ്പെടുത്തുന്നു.

ചരിത്രമൂല്യമുള്ള നിതയുടെ ആഭരണങ്ങൾ

വലിയ നാച്വറൽ ഡയമണ്ടുകൾ ആഭരണങ്ങളായി അണിയുന്നതിൽ പേരുകേട്ട വ്യക്തിയാണ് നിത അംബാനി. ബോൾഡ് എമറാൾഡ്-ആൻഡ്-ഡയമണ്ട് ചോക്കറുകൾ, മൾട്ടി-സ്ട്രാൻഡ് പേൾ നെക്ലേസുകൾ, മുത്തുകളുടെയും വജ്രങ്ങളുടെയും ലെയർഡ് കോമ്പിനേഷനുകൾ എന്നിവയുടെ നിരവധി ശേഖരം അവരുടെ പക്കലുണ്ട്. പലപ്പോഴും മീനാകാരി, പോൽക്കി, കുന്ദൻ വർക്കുകളും അവർ അണിയാറുണ്ട്. ഇതിനുപുറമേ ഷാൻലിയർ കമ്മലുകളും ഇന്ത്യൻ പരമ്പരാഗത ഹെഡ് ഓർണമെന്റ് ആയ മാംഗ് ടീക്കയും ബ്രേസ്‌ലെറ്റുകളും അവളുടെ കളക്ഷനിലുണ്ട്. ആഭരണങ്ങളോടുള്ള ഇന്ത്യയുടെ പരമ്പരാഗതശൈലിയെ മുറുക്കെപ്പിടിക്കുന്ന വ്യക്തിയാണ് നിതയും. അതായത് പാശ്ചാത്യ രാജ്യങ്ങളിൽ പ്രമുഖർ ഹീറോ പീസിന് പ്രാധാന്യം നൽകുമ്പോൾ ശരീരത്തെ അലങ്കരിക്കുന്ന ലെയേഡ് ജൂവലറി സ്‌റ്റൈലിങ്ങിനാണ് അവരെന്നും പ്രാധാന്യം നൽകാറുള്ളത്.

കണ്ണുകൾ വീണ്ടും വീണ്ടും മടങ്ങിയെത്തുന്ന രീതിയിൽ ഒരു ആങ്കർ പീസ് നിത എന്നും അണിഞ്ഞിരിക്കും. മറ്റുള്ള ആഭരങ്ങൾ അതിനെ പൂർണതയിലെത്തിക്കുന്നത് മാത്രമായിരിക്കുമത്രേ. ഒരു ലക്ഷ്വറി ആഭരണം എന്നതിനേക്കാൾ ഒരു കൾച്ചറൽ സ്‌റ്റോറിയോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് നിത വജ്രങ്ങൾ ധരിക്കാറുള്ളതെന്നാണ് ആന്റിക് ആഭരണ ചരിത്രകാരിയായ സുലെയ്ഖ ഗെറിഷ് ചൂണ്ടിക്കാട്ടുന്നു. ആഭരണം നിർമിച്ച ബ്രാൻഡ്, അപൂർവത തുടങ്ങിയവയ്ക്ക് പ്രമുഖർ മുൻഗണന നൽകുമ്പോൾ ചരിത്രം, കരകൗശല വൈദഗ്ദ്ധ്യം, ഐഡന്റിറ്റി എന്നിവയിൽ വേരൂന്നിയാണ് നിത ആഭരണങ്ങൾ തിരഞ്ഞെടുക്കുക. അതായത് ഇന്ത്യൻ പൈതൃകത്തെ ലോകത്തിന് മുന്നിൽ ആഭരണങ്ങളിലൂടെ അവർ അവതരിപ്പിക്കുന്നു.

ക്രോർ എമറാൾഡ് ആൻഡ് ഡയമണ്ട് നെക്‌ലേസ്

പ്രീ വെഡ്ഡിഘ് ആഘോത്തിലെ ഹസ്താക്ഷർ ചടങ്ങിനിടെ നിത അംബാനിയും മുകേഷ് അംബാനിയും | Photo: PTI

മുഗൾ കാലഘട്ടത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിക്കപ്പെട്ട ഈ മരതക നെക്‌ലേസിന് 60 മില്യൺ ഡോളർ വരെ വിലമതിക്കും. 560, 303 കാരറ്റ് ഭാരമുള്ള രണ്ട് കൊളംബിയൻ മരതകങ്ങൾ ഉപയോഗിച്ചാണ് ഈ ആഭരണം നിർമിച്ചിരിക്കുന്നത്. 2024-ൽ ജാംനഗറിൽ നടന്ന മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് തൊട്ടുമുമ്പുള്ള വിവാഹാഘോഷങ്ങളിൽ നിത ഈ ആഭരണം ധരിച്ചിരുന്നു. നെക്‌ലേസ് നിർമ്മിക്കാൻ മൂന്ന് വർഷത്തിലധികം എടുത്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

എമറാൾഡ്-ആൻഡ്-ഡയമണ്ട് സേവ്ട്വർ

2025-ൽ, ബ്രിട്ടീഷ് മ്യൂസിയത്തിലെ പിങ്ക് ബോളിൽ

സ്വന്തം ശേഖരത്തിലെ മരതകവും വജ്രവും ഉപയോഗിച്ച് ാന്തിലാൽ ഛോട്ടാലാൽ നിർമ്മിച്ച എമറാൾഡ്-ആൻഡ്-ഡയമണ്ട് സേവ്ട്വർ അണിഞ്ഞെത്തിയത് വലിയ വാർത്തയായിരുന്നു.

1930-കളിൽ ഇൻഡോറിലെ മഹാറാണിക്ക് വേണ്ടി നിർമ്മിച്ച പ്രശസ്തമായ ഷോമേ നെക്‌ലേസിനുള്ള ആദരവായാണ് ഈ നെക്‌ലേസിനെ ചരിത്രകാരന്മാർ കാണുന്നത്. തങ്ങൾ കമ്മീഷൻ ചെയ്യുകയും ധരിക്കുകയും ചെയ്ത ആഭരണങ്ങളിലൂടെ അന്താരാഷ്ട്ര അഭിരുചിയെ രൂപപ്പെടുത്താൻ സഹായിച്ച ഒരു തലമുറയിലെ സ്ത്രീകളിൽ പെട്ടയാളാണ് ഇൻഡോറിലെ മഹാറാണി. ഒരു നൂറ്റാണ്ടിനുശേഷം ആ ഐക്കോണിക് ഡിസൈൻ വീണ്ടും അണിഞ്ഞ് ഇന്ത്യയുടെ രാജകീയ ഭൂതകാലം ലോകത്തോട് വിളിച്ചുപറയുകയായിരുന്നു നിത.

ചക്രവർത്തി ഷാജഹാന്റെ ഡയമണ്ട് ആൻഡ് റൂബി ബാജുബാൻഡ്

2024-ൽ മുംബൈയിൽ നടന്ന 71-ാമത് മിസ് വേൾഡ് ഫൈനലിൽ ബ്യൂട്ടി വിത്ത് എ പർപ്പസ് ഹ്യൂമാനിറ്റേറിയൻ അവാർഡ് നീത അമ്പാനി സ്വീകരിച്ചപ്പോൾ | Photo:ANI

2024-ൽ മുംബൈയിൽ നടന്ന 71-ാമത് മിസ് വേൾഡ് ഫൈനലിൽ ബ്യൂട്ടി വിത്ത് എ പർപ്പസ് ഹ്യൂമാനിറ്റേറിയൻ അവാർഡ് നീത അംബാനി സ്വീകരിച്ചപ്പോൾ, ചക്രവർത്തി ഷാജഹാനുമായി ബന്ധപ്പെട്ട മുഗൾ കാലഘട്ടത്തിലെ ഒരു ആഭരണത്തിൽനിന്ന് നിർമ്മിച്ച പച്ചിക്കം ശൈലിയിലുള്ള കയ്യിൽ ധരിക്കുന്ന ഒരു ബാൻഡ് ധരിച്ചിരുന്നു. ചുവന്ന രത്‌നങ്ങൾ, വജ്രങ്ങൾ, സ്പിനലുകൾ എന്നിവ ഫീച്ചർ ചെയ്യുന്നതായിരുന്നു ആ ഓർണമെന്റ്. അൺകട്ട് റൂബി, 30-ലധികം വജ്രങ്ങൾ എന്നിവ പതിച്ച ആഭരണമാണ് ഇത്.

യെല്ലോ ഡയമണ്ട് നെക്ലേസ്

മുകേഷ് അംബാനി ഭാര്യ നിത അംബാനിക്കൊപ്പം | Photo: ANI

മകന്റെ വിവാഹച്ചടങ്ങിൽ നിത ധരിച്ച യെല്ലോ ഡയമണ്ട് നെക്‌ലേസിനെ ഷോ സ്‌റ്റോപ്പർ എന്നാണ് ആഭരണപ്രേമികൾ വിശേഷിപ്പിക്കുന്നത്. 1,000 മണിക്കൂറിലധികം സമയമെടുത്ത് നിർമിച്ചതാണ് ഈ നെക്ലേസ്.

Content Highlights: Nita Ambani wore a massive Amrapali Bharatham royal necklace during the family Ganesha puja., The necklace incorporates vintage and antique Indian ornaments collected over three years by 14 artisans., The revival of Maharani haars reflects a growing global appreciation for traditional Indian jewellery craftsmanship.